2019, ഡിസംബർ 2, തിങ്കളാഴ്‌ച

ഒരു കുമ്പസാര രഹസ്യം

ബഹുമാനപ്പെട്ട ശ്രീ ബാബു നമ്പൂതിരി,

അങ്ങക്ക് തമാശയായി തോന്നാവുന്ന (എനിക്കും ഇപ്പോൾ അങ്ങനെ തോന്നുന്ന) ഒരു കുമ്പസാരമാണിത്.

എൻറെ കുട്ടിക്കാലത്ത് ഞാൻ അങ്ങയുടെ കാറിൽ (ജീപ്പിലും) തൊട്ടിട്ടുണ്ട്!

എൻറെ (അന്തരിച്ച) ചിറ്റ (അമ്മയുടെ അനുജത്തി) സുഭദ്രയെ വേളി കഴിച്ചത് കാഞ്ഞിരക്കാട്ടെ (അന്തരിച്ച) പരമേശ്വരൻ അഫനാണ്, അന്തരിച്ച അജിതൻറെയും, ജയൻ, വിജയൻ, നാരായണൻ എന്നിവരുടേയും അച്ഛൻ. അവർ മണ്ണക്കനാട്ടു താമസിച്ചിരുന്നപ്പോൾ, അതായത് എൻറെ കുട്ടിക്കാലത്ത്, വല്ലപ്പോഴും അവിടെ വരാറുണ്ട്.

ഒരിക്കൽ അഫൻറെ കൂടെ അങ്ങയുടെ തറവാട്ടിലും വന്നതായും അവിടെ നിന്ന് ഇഡ്ഡലി കഴിച്ചതായും ഓർക്കുന്നു. അങ്ങയുടെ മുഖത്തു വിരിയുന്ന മന്ദഹാസം ഞാൻ കാണുന്നു. പതിവായി പ്രഭാത ഭക്ഷണത്തിനു പച്ചക്കപ്പ മാത്രം കഴിക്കാറുണ്ടായിരുന്ന എനിക്ക് ഇഡ്ഡലി കഴിക്കുക എന്നത് അപൂർവ്വമായി ലഭ്യമാകുന്ന ഒരു സ്വർഗ്ഗീയ അനുഭവം തന്നെയായിരുന്നു അക്കാലത്ത്. അഞ്ചര പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും അതോർത്തിരിക്കണമെങ്കിൽ അതിന് അത്രക്കും പ്രാധാന്യം ഉണ്ടായിരുന്നിരിക്കണമല്ലോ.

പറഞ്ഞു വന്നത് കാറിൽ തൊട്ട കാര്യമാണല്ലോ.

റോഡിൽ നിന്ന് ഇല്ലത്തേക്കു പോകുന്ന ചെറിയ വഴിയിൽ നാലു തൂണുകളിൽ മുകൾ ഭാഗം ഓല കൊണ്ടു മേഞ്ഞ ഒരു ചെറിയ കാർ ഷെഡ് ഉണ്ടായിരുന്നു. അവിടെ മിക്കവാറും ഒരു അംബാസഡർ കാറും കാണാറുണ്ട്. (പിന്നീട് എപ്പോഴോ കാറിനു പകരം ജീപ്പ് ആയി.) "ബാബു അഫൻറെ കാർ  ആണെ"ന്ന് ചിറ്റയുടെ  കുട്ടികൾ പറയാറുണ്ടായിരുന്നു. കുട്ടികൾക്ക് ബാബു അഫനെപ്പറ്റി പറയാൻ ആയിരം നാവായിരുന്നു.

അങ്ങയുടെ ഇല്ലത്തു വരെ കാർ പോകാൻ പറ്റിയ റോഡ് ഇല്ലെന്നും അതുകൊണ്ടാണ് ഇവിടെ ഇട്ടിരിക്കുന്നത് എന്നുമാണു പറഞ്ഞത്. അങ്ങ് സിനിമാ നടനാണെന്ന് കുട്ടികൾ അന്നു പറഞ്ഞിരുന്നോ എന്നോർമ്മയില്ല. കോളേജിലെ "വല്യ" സാറാണെന്നു പറഞ്ഞിരുന്നു. ഇന്നത്തെപ്പോലെ അല്ല, അന്നു സ്കൂളിലെ അധ്യാപകരെ പോലും പേടിയുണ്ടായിരുന്നു കാലമാണ്. അപ്പോൾ കോളേജിലെ "വല്യ" സാറിനെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നു ഊഹിക്കാമല്ലോ. ഞാൻ അവിടെയുള്ളപ്പോൾ അങ്ങ് അതിലെയെങ്ങും വരല്ലേ എന്നായിരുന്നു പ്രാർത്ഥന!

അന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം കാർ എന്നത് ഒരു അത്ഭുത വസ്തുവായിരുന്നു. എത്ര അത്ഭുതത്തോടും അമ്പരപ്പോടും കൂടിയാണ് അങ്ങയുടെ കാർ ഞാൻ നോക്കിയിരുന്നത്! അടുത്തുകൂടി പോകുമ്പോൾ അറിയാതെ എങ്ങാൻ തൊട്ടു പോയെങ്കിലോ എന്നു പേടിച്ചു മാറി നടക്കുമായിരുന്നു.

എന്നാൽ ഒരുനാൾ എൻറെ ആഗ്രഹം പിടിച്ചു നിർത്താനായില്ല. ആരും കാണുന്നില്ലെന്ന് (പ്രത്യേകിച്ചും കുട്ടികൾ. അല്ലെങ്കിൽ ബാബു അഫനോടു പറഞ്ഞാലോ?) ഉറപ്പു വരുത്തിയിട്ട് പതുങ്ങി പതുങ്ങി ചെന്ന് മടിച്ചു മടിച്ചു ചൂണ്ടു വിരൽ കൊണ്ട് കാറിലൊന്നു തൊട്ടു. എന്നിട്ട് എന്തോ മഹാ അപരാധം ചെയ്ത മാതിരി "വാണം വിട്ടപോലെ" ഓടി മുറിയിൽ കയറി. കാറിൽ തൊട്ടപ്പോഴുണ്ടായ വിറയൽ പിന്നെ കുറെ നേരം കഴിഞ്ഞാണു മാറിയത്. ആരും അറിഞ്ഞില്ലെന്നും കാറിൽ തൊട്ടിട്ട് എനിക്ക് (കാറിനും) ഒന്നും സംഭവിച്ചില്ലെന്നും ഉള്ള തിരിച്ചറിവ് എനിക്ക് ഒരു ചക്രവർത്തിയുടെ അഹങ്കാരം സമ്മാനിച്ചു.

പിന്നീട് അങ്ങയുടെ പേരു കേൾക്കുമ്പോഴോ പടം കാണുമ്പോഴോ അങ്ങഭിനയിച്ച സിനിമ കാണുമ്പോഴോ ഒക്കെ സംഭവം എൻറെ മനസ്സിൽ മിന്നി മറയാറുണ്ട്. നമ്പൂതിരി മുഖപുസ്തക സംഘത്തിലെ ഗ്രീഷ്മാസനത്തിൽ അങ്ങുപവിഷ്ടനാകുന്നു എന്നു കേട്ടപ്പോഴും   കാറും എൻറെ സാഹസവും ആണ് ആദ്യം മനസ്സിൽ വന്നത്. അപ്പോൾ ഇക്കാര്യം അങ്ങയോട് പറയണമെന്നു തോന്നി.

അങ്ങയുടെ അഭിനയത്തെപ്പറ്റി എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. പക്ഷെ നിറക്കൂട്ടിലെ വില്ലനും സമയത്തിലെ അച്ഛൻ നമ്പൂതിരിയും പറയി പെട്ട പന്തിരുകുലത്തിലെ വരരുചിയും എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത കഥപാത്രങ്ങളാണ്.

ഒരു കാര്യം കൂടി പറയട്ടെ. പല സിനിമകളിലും സീരിയലുകളിലും അമ്പലങ്ങളിലും വീടുകളിലും പൂജ കഴിക്കുന്ന രംഗങ്ങൾ കാണിക്കാറുണ്ട്. പലരും പൂജ ചെയ്യുന്നത് കാണുമ്പോൾ, "അയ്യേ, ഇതെന്താണീ ചെയ്യുന്നത്? പൂജ അറിയാവുന്ന ആരോടെങ്കിലും ഒന്നു ചോദിക്കുകയെങ്കിലും ചെയ്തിട്ട് അഭിനയിച്ചു കൂടായിരുന്നോ" എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അങ്ങ് അങ്ങനെയുള്ള രംഗങ്ങൾ ചെയ്യുമ്പോൾ  അഭിനയിക്കുകയല്ല, മറിച്ച് ശരിക്കും ദേവൻറെ, അല്ലെങ്കിൽ ദേവിയുടെ, മുമ്പിൽ അകമഴിഞ്ഞ ഭക്തിയോടെ പൂജ ചെയ്യുന്ന അനുഭവമാണ് ഉണ്ടാകാറ്.

അങ്ങേക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു.