ഇന്ന് 2019 സെപ്റ്റംബർ 2 തിങ്കളാഴ്ച്ച.
സമയം ഏകദേശം മൂന്നു മണി.
ചെങ്ങന്നൂരിലെ ശാന്തി പാലസ് ഹോട്ടലിലെ ഒരു മുറിയിൽ.
രാവിലെ അമ്പലത്തിൽ പോയി തൊഴുതു. വഴിപാടുകൾ കഴിച്ചു.
ഇനി വൈകുന്നേരം പോകണം.
നാളെ രാവിലെയും ദർശനം നടത്തണം, വഴിപാടുകൾ നടത്തണം.
നാളെ വൈകീട്ട് മണ്ണടിക്കു പോകണം, ഗിരിജ (എൻറെ ഭാര്യ ജയശ്രിയുടെ മൂത്ത സഹോദരി)യുടെ അടുത്ത്.
മറ്റന്നാൾ പ്രസാദിൻറെ (ജയശ്രിയുടെ ഇളയ സഹോദരി കലയുടെ പുത്രൻറെ) അയനിയൂണ്, പട്ടാഴിയിൽ.
അതിൻറെ പിറ്റേന്ന് വേളി, തിരുവനന്തപുരത്ത്.
നാളെ വൈകീട്ട് കടമ്പഴിപ്പുറത്തു നിന്ന് ഏട്ടനും ഏടത്തിയും (ജയശ്രിയുടെ ചേച്ചിയും ഭർത്താവും) വരും.
ഒരുമിച്ച് മണ്ണടിക്കു പോകും.
അങ്ങനെയൊക്കെയാണ് തീരുമാനിച്ചിരുന്നത്.
രാവിലെ ഏടത്തിയുടെ വിളി വന്നു.
“മഴയാണല്ലോ, വരുന്ന കാര്യം സംശയം."
“ഏട്ടൻ കാരണവരാണ്, വന്നില്ലെങ്കിൽ എല്ലാവർക്കും വിഷമമാകും.”
അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല.
"നാളെ രാവിലെ തീരുമാനിക്കാം."
എന്തു ചെയ്യും?
പുറത്തു ശക്തിയായ മഴ. ഊണു കഴിഞ്ഞു ജയശ്രി മയങ്ങുന്നു.
പെട്ടെന്നൊരു ആശയം.
ഒരു ശ്ലോകം കാച്ചി ഏട്ടന് അയച്ചാലോ?
മഴയുടെ കുളിരിൽ മൂടിപ്പുതച്ചിരിക്കുമ്പോൾ
ചൂടൻ ശ്ലോകം കടിച്ചു പൊട്ടിച്ചു തിന്നാൻ
ഒരു രസമൊക്കെ ഉണ്ടാവില്ലേ?
ഒന്നു ശ്രമിക്കുക തന്നെ.
മനസ്സാകുന്ന ചീനച്ചട്ടിയിൽ
(ഏട്ടനും ഏടത്തിയും വരണമെന്ന) മോഹമാകുന്ന എണ്ണ ഒഴിച്ച്
(എഴുതാൻ പറ്റുമെന്ന) വിശ്വാസമാകുന്ന അടുപ്പിൽ വച്ചു
ചിന്തയാകുന്ന തീ കൊളുത്തി.
ഒന്നല്ല, രണ്ടല്ല, മൂന്നു ശ്ലോകങ്ങൾ കാച്ചി.
ചൂടാറാതെ ഏട്ടന് അയച്ചു കൊടുത്തു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഏട്ടൻറെ സന്ദേശം,
"ശ്ലോകം നന്നായിരിക്കുന്നു, നല്ല സ്വാദുണ്ട്."
ഞാൻ തിരിച്ചു സന്ദേശിച്ചു,
"ശ്ലോകം തിന്നിട്ടു മിണ്ടാതിരിക്കല്ലേ, നാളെ വരണം."
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഏട്ടൻറെ സന്ദേശം,
"ഏതായാലും വരാൻ തീരുമാനിച്ചു."
എൻറെ ശ്ലോകത്തിൻറെ ചൂടു മാത്രമല്ല,
മറ്റു പലയിടത്തും നിന്നു കിട്ടിയ
അപേക്ഷകളുടെയും പരിഭങ്ങളുടെയും പരാതികളുടെയും
എരിവും പുളിയും ചൂടും
ഏട്ടനും ഏടത്തിയും അനുഭവിച്ചിട്ടുണ്ടാകണം.
ഞാൻ കാച്ചി ഏട്ടന് ചൂടോടെ അയച്ചുകൊടുത്ത ശ്ലോകങ്ങൾ ഇവയാണ്:
മഴയെയിതുവിധത്തിൽ പേടിയാണെന്നു വന്നാൽ
കുഴയുകയതുതന്നെ ചെയ്തിടും കാരിയങ്ങൾ
മഴയുടെ വദനത്തിൽ രൂക്ഷമായൊന്നു നോക്കി
പഴയ കുട നിവർത്താൽ ധൈര്യമിങ്ങോടിയെത്തും
പടപടപടയെന്നാ വർഷപാതം ശ്രവിക്കെ
ചടുലതയൊടു തന്നെ നാം നടന്നീട വേണം
കുടയിലഥ പതിക്കും വാരി തൻ ഗർജ്ജനങ്ങൾ
നടയിലഥ നടക്കും വാദ്യഘോഷങ്ങളല്ലോ
വരിക വരിക വേഗം ചെങ്ങനാമൂരിലേക്ക്
കരയുകയതു തന്നെ ചെയ്തിടുന്നർദ്ധഭാഗം
കരിയിലയതുപോലെ വാടിവാടിത്തളർന്നൂ
പരമൊരു നവജീവൻ നൽകുവാൻ ചേച്ചി വേണം
********
അമ്മാവാ എഴുത്തു തുടരൂ !
ശരിയാണു നീ പറഞ്ഞത്. കെട്ടിപ്പടുക്കുന്നതിനേക്കാൾ 'പ്രായോഗികം' തച്ചുടക്കുന്നതാണ്. അതാണല്ലോ ഇവിടെ നടക്കുന്നതും.
I don't know why you were unable to record your name. I tried. The blog does not allow me to modify any comment.
പരമ സത്യം. എങ്കിലും എവിടെയൊക്കെയോ ചില മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന സത്യവും മറച്ചു വയ്ക്കാനാവില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി ആണെങ്കിലും ചിലരൊക്കെ നല്ല പ്രവൃത്തികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.
വേണി
ശരിയാണു വേണി പറഞ്ഞത്. നല്ല കാര്യങ്ങൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വരുന്നതു കൊണ്ടു കുഴപ്പമില്ല, നല്ലതു തന്നെ. പക്ഷെ സോഷ്യൽ മീഡിയയിൽ വരാൻ വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോഴാണു കാര്യങ്ങൾ വഷളാകാൻ സാദ്ധ്യതയുള്ളത്.