2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

2019 സെപ്റ്റംബർ 2

ഇന്ന് 2019 സെപ്റ്റംബർ 2 തിങ്കളാഴ്ച്ച.
സമയം ഏകദേശം മൂന്നു മണി.
ചെങ്ങന്നൂരിലെ ശാന്തി പാലസ് ഹോട്ടലിലെ ഒരു മുറിയിൽ.

രാവിലെ അമ്പലത്തിൽ പോയി തൊഴുതു. വഴിപാടുകൾ കഴിച്ചു.
ഇനി വൈകുന്നേരം പോകണം.
നാളെ രാവിലെയും ദർശനം നടത്തണം, വഴിപാടുകൾ നടത്തണം.
നാളെ വൈകീട്ട് മണ്ണടിക്കു പോകണംഗിരിജ (എൻറെ ഭാര്യ ജയശ്രിയുടെ മൂത്ത സഹോദരി)യുടെ അടുത്ത്.
മറ്റന്നാൾ പ്രസാദിൻറെ (ജയശ്രിയുടെ ഇളയ സഹോദരി കലയുടെ പുത്രൻറെ) അയനിയൂണ്, പട്ടാഴിയിൽ.
അതിൻറെ പിറ്റേന്ന് വേളി, തിരുവനന്തപുരത്ത്.

നാളെ വൈകീട്ട് കടമ്പഴിപ്പുറത്തു നിന്ന് ഏട്ടനും ഏടത്തിയും (ജയശ്രിയുടെ ചേച്ചിയും ഭർത്താവും) വരും.
ഒരുമിച്ച് മണ്ണടിക്കു പോകും.
അങ്ങനെയൊക്കെയാണ് തീരുമാനിച്ചിരുന്നത്.

രാവിലെ ഏടത്തിയുടെ വിളി വന്നു.
മഴയാണല്ലോ, വരുന്ന കാര്യം സംശയം."
“ഏട്ടൻ കാരണവരാണ്, വന്നില്ലെങ്കിൽ എല്ലാവർക്കും വിഷമമാകും.”
അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല.
"നാളെ രാവിലെ തീരുമാനിക്കാം."
എന്തു ചെയ്യും?

പുറത്തു ശക്തിയായ മഴ. ഊണു കഴിഞ്ഞു ജയശ്രി മയങ്ങുന്നു.
പെട്ടെന്നൊരു ആശയം.
ഒരു ശ്ലോകം കാച്ചി ഏട്ടന് അയച്ചാലോ?
മഴയുടെ കുളിരിൽ മൂടിപ്പുതച്ചിരിക്കുമ്പോൾ
ചൂടൻ ശ്ലോകം കടിച്ചു പൊട്ടിച്ചു തിന്നാൻ
ഒരു രസമൊക്കെ ഉണ്ടാവില്ലേ?
ഒന്നു ശ്രമിക്കുക തന്നെ.

മനസ്സാകുന്ന ചീനച്ചട്ടിയിൽ
(ഏട്ടനും ഏടത്തിയും വരണമെന്ന) മോഹമാകുന്ന എണ്ണ ഒഴിച്ച്
(എഴുതാൻ പറ്റുമെന്ന) വിശ്വാസമാകുന്ന അടുപ്പിൽ വച്ചു
ചിന്തയാകുന്ന തീ കൊളുത്തി.

ഒന്നല്ല, രണ്ടല്ല, മൂന്നു ശ്ലോകങ്ങൾ കാച്ചി.
ചൂടാറാതെ ഏട്ടന് അയച്ചു കൊടുത്തു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഏട്ടൻറെ സന്ദേശം,
"ശ്ലോകം നന്നായിരിക്കുന്നു, നല്ല സ്വാദുണ്ട്."
ഞാൻ തിരിച്ചു സന്ദേശിച്ചു,
"ശ്ലോകം തിന്നിട്ടു മിണ്ടാതിരിക്കല്ലേ, നാളെ വരണം."

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഏട്ടൻറെ സന്ദേശം,
"ഏതായാലും വരാൻ തീരുമാനിച്ചു."

എൻറെ ശ്ലോകത്തിൻറെ ചൂടു മാത്രമല്ല,
മറ്റു പലയിടത്തും നിന്നു കിട്ടിയ
അപേക്ഷകളുടെയും പരിഭങ്ങളുടെയും പരാതികളുടെയും
എരിവും പുളിയും ചൂടും
ഏട്ടനും ഏടത്തിയും അനുഭവിച്ചിട്ടുണ്ടാകണം.

ഞാൻ കാച്ചി ഏട്ടന് ചൂടോടെ അയച്ചുകൊടുത്ത ശ്ലോകങ്ങൾ ഇവയാണ്:

മഴയെയിതുവിധത്തിൽ പേടിയാണെന്നു വന്നാൽ
കുഴയുകയതുതന്നെ ചെയ്തിടും കാരിയങ്ങൾ
മഴയുടെ വദനത്തിൽ രൂക്ഷമായൊന്നു നോക്കി
പഴയ കുട നിവർത്താൽ ധൈര്യമിങ്ങോടിയെത്തും

പടപടപടയെന്നാ വർഷപാതം ശ്രവിക്കെ
ചടുലതയൊടു തന്നെ നാം നടന്നീട വേണം
കുടയിലഥ പതിക്കും വാരി തൻ ഗർജ്ജനങ്ങൾ
നടയിലഥ നടക്കും വാദ്യഘോഷങ്ങളല്ലോ

വരിക വരിക വേഗം ചെങ്ങനാമൂരിലേക്ക്
കരയുകയതു തന്നെ ചെയ്തിടുന്നർദ്ധഭാഗം
കരിയിലയതുപോലെ വാടിവാടിത്തളർന്നൂ
പരമൊരു നവജീവൻ നൽകുവാൻ ചേച്ചി വേണം


                               ********


8 അഭിപ്രായങ്ങൾ:

  1. മുഖപുസ്തകത്തിൽ നിന്നു കിട്ടിയത്:

    പാട്ടു പാടി മഴ പെയ്യിക്കുമ്പോലെ ശ്ലോകം എഴുതി അമ്മാവനെ വരുത്തിച്ചൂല്ലേ.

    വേണി വിവേക്

    മറുപടിഇല്ലാതാക്കൂ
  2. മുഖപുസ്തകത്തിൽ നിന്നു കിട്ടിയത്:

    അമ്മാവാ, അടി പൊളി!

    പാർവ്വതി വിനീത്

    മറുപടിഇല്ലാതാക്കൂ
  3. ടിപ്പണിയിതിന്നോതുവാനെന്നുടെ കൈപ്പിടിയിലൊതുങ്ങുന്നതില്ലൊന്നും
    നിന്റെ വൈഭവം നിന്റേതു മാത്രമേ
    ആമോദിച്ചിടാം പ്രിയരാം ഞങ്ങളും
    Malliyooromy

    മറുപടിഇല്ലാതാക്കൂ
  4. ഓമിയെന്നുടെ പോസ്റ്റുകളൊക്കവേ
    വിട്ടുപോകാതെ വായിപ്പതുണ്ടല്ലോ
    എന്തു ചൊല്ലേണമെങ്ങനെ ചൊല്ലണം
    നന്ദിയെന്നതുമൊട്ടുമറിയില്ല

    എങ്കിലും ചൊല്ലിടുന്നു ഞാനെന്നുടെ
    ഉത്തമനാം സഹോദരാ നന്ദികൾ
    ഇന്നി ഭാവിയിൽക്കൂടി നീയെന്നുടെ
    പോസ്റ്റുകൾക്കഭിപ്രായം കുറിക്കണം

    മറുപടിഇല്ലാതാക്കൂ