(2013 നവംബർ 2-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)
നാല്പതു വര്‍ഷത്തിനു ശേഷമാണ് ഈ വര്‍ഷം ഓണത്തിനു നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചത്. അമ്മാവന്റെ മകന്റെ വിവാഹമായിരുന്നു. പൂരാടത്തിന് അയനിയൂണ്, ഉത്രാടത്തിന്റെ അന്ന് വിവാഹം. പക്ഷേ വിവാഹാനന്തരം ഓണവും ആഘോഷിച്ചു തിരിച്ചു പോന്നപ്പോള്‍ മനസ്സില്‍ സംതൃപ്തിയേക്കാള്‍ കൂടുതല്‍ നിരാശാബോധമായിരുന്നെന്നു പറയാതെ വയ്യ. ഓണത്തിനു നാട്ടില്‍ പോകേണ്ടിയിരുന്നില്ലെന്നു പോലും തോന്നിപ്പോയി. ഓണമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഉണ്ടാകാറുള്ള സന്തോഷം, ഉല്‍സാഹം, ആവേശം - അതൊക്കെ എവിടെപ്പോയി? ആവോ, അറിയില്ല.
പാറ്റ, ഉറുമ്പ്, എലികള്‍ തുടങ്ങിയവയുടെ സ്നേഹപൂര്‍വമുള്ള ആതിഥ്യവും സ്വീകരിച്ചു കേരള എക്സ്പ്രെസ്സില്‍ ഡല്‍ഹിക്കു തിരിച്ചു പോരുമ്പോള്‍ അര നൂറ്റാണ്ടു മുമ്പു കൊണ്ടാടാറുള്ള ഓണത്തിന്റെ ഓ ര്‍മ്മകള്‍ മനസ്സില്‍ അലയടിച്ചു.
അന്ന് അച്ഛനും അമ്മയുമുണ്ടായിരുന്നു ഞങ്ങളുടെ കൂടെ ഓണമാഘോഷിക്കാന്‍. ഇന്ന് അവര്‍ രണ്ടു പേരും ഇല്ല. എന്തൊരുല്‍സാഹമായിരുന്നു അന്നൊക്കെ ഓണക്കാലമടുക്കുമ്പോള്‍! എത്രയോ ദിവസം മുമ്പേ മനസ്സു തുള്ളിച്ചാടാന്‍ തുടങ്ങും! ആഴ്ചകളും ദിവസങ്ങളുമല്ല, മണിക്കൂറുകള്‍ പോലും എണ്ണി കണക്കാക്കി കാത്തിരിക്കാറുണ്ട്, അത്തം വന്നണയാന്‍ .
അത്തം വന്നു പിറന്നാല്‍ പിന്നെ ഇരിക്കപ്പൊറുതിയില്ല. ആവേശം മൂലം എന്തു ചെയ്യണമെന്നു തന്നെ അറിയാത്ത ഒരവസ്ഥ! അത്തത്തിനു തലേ ദിവസം രാവിലെ മുതലെ അമ്മയുടെ പിറകെ നടക്കും, പൂക്കളം ഒരുക്കേണ്ടിടത്തു ചാണകം മെഴുകാന്‍ . മുന്വശത്തെ മുറ്റത്തു ചെത്തി മിനുക്കി നിരപ്പാക്കിയ മെഴുകിയ സ്ഥലത്താണ് പൂവിടുക. അമ്മയാണ് വൃത്തിയായി മെഴുകിത്തരിക. ഇപ്പോല്‍ മെഴുകാന്‍ ചാണകമെവിടെ? ചാണകമിടാന്‍ പശുക്കളും കാളകളും എവിടെ? പശുക്കളെ മേയ്ക്കാന്‍ പുല്‍മേടുകളെവിടെ? അവയെ മേയ്ക്കാനും പോറ്റാനും സമയമെവിടെ?
അത്തം നാളില്‍ രാവിലെ കുളിച്ചു തയ്യാറായി അമ്മ പുതുതായി മെഴുകിയുണ്ടാക്കിയ ചെറിയ വൃത്തത്തിന്റെ ഒത്ത നടുവില്‍ ഒരു തുളതിയില വയ്ക്കും. പിന്നീട് അതു മൂടി ഒരു കൈക്കുടന്ന തുമ്പപ്പൂ കൂന കൂട്ടി വയ്ക്കും. അന്ന് അത്ര മാത്രം. പിറ്റേന്നാകട്ടെ തലേ ദിവസം ചെയ്തതൊക്കെ ആവര്‍ത്തിക്കും. തലേന്നിട്ട പൂക്കള്‍ വാരിക്കളഞ്ഞ് വീണ്ടും മെഴുകി പൂക്കളമൊരുക്കും. തുമ്പപ്പൂവിന്റെ ചുറ്റും വൃത്തത്തില്‍ ഒരു വരി കൂടി പൂവിടും. പൂരാടം വരെ ഓരോ ദിവസവും ഇത് ആവര്‍ത്തിക്കും ഓരോ ദിവസവും പൂക്കളം ഓരോ വരി കൂടുതല്‍ വലുതായിക്കൊണ്ടിരിക്കും. അതനുസരിച്ച് പൂക്കളുടെ തരവും നിറവും ആകൃതിയും അളവും കൂടിക്കൊണ്ടിരിക്കും. പൂക്കള്‍ ധാരാളമുണ്ടെങ്കില്‍ ചിലപ്പോള്‍ ഒന്നിനു പകരം രണ്ടോ മൂന്നോ വരികള്‍ കൂട്ടിയിട്ടെന്നു വരും. എത്ര വലിയ പൂക്കളമാണെങ്കിലും പിറ്റേന്ന് അതിനേക്കാള്‍ വലിയ പൂക്കളമായിരിക്കണം എന്നാണ് എഴുതപ്പെടാത്ത നിയമം. ഒടുവില്‍ ഉത്രാടത്തിന്‍ നാള്‍ സകല കഴിവുകളും സംഭരിച്ച് ഏറ്റവും വലിയ പൂക്കളം തയ്യാറാക്കും. രണ്ടു മീറ്ററോ അതിലധികമോ ഡയമീറ്ററുള്ള പൂക്കളങ്ങള്‍ അന്നു ധാരാളമായി കാണുവാന്‍ സാധിക്കുമായിരുന്നു.
ഊണു കഴിഞ്ഞാല്‍ പുറപ്പെടുകയായി പൂക്കൂടയുമെടുത്ത്, പിറ്റേ ദിവസത്തേയ്ക്കു പൂക്കളിറുക്കുവാന്‍. കവുങ്ങിന്റെ പാള പാകത്തിനു മുറിച്ച് വളച്ച് അതിന്റെ വശങ്ങള്‍ രണ്ടും തുന്നിച്ചേര്‍ത്ത് ഒരു വള്ളിയും കെട്ടിയാല്‍ പൂക്കൂടയായി. അച്ഛനാണു പൂക്കൂടയുണ്ടാക്കിത്തരിക. പിന്നീട് ഏട്ടനും പഠിച്ചു, പൂക്കൂടയുണ്ടാക്കാന്‍. ഏട്ടന്‍ അങ്ങനെയാണ്, എല്ലാക്കാര്യങ്ങളും വേഗം പഠിക്കും. എന്നിട്ട് അത് ഉല്‍സാഹത്തൊടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഏട്ടന്‍ എന്നെപ്പോലെ മടിയനല്ല, അന്നും ഇന്നും.
അന്നത്തെ രീതിയിലുള്ള 'സാധാരണ' പൂക്കളങ്ങള്‍ ഇന്നു കാണാന്‍ തന്നെ പറ്റുമോയെന്നറിയില്ല. ഇപ്പോളെല്ലാം 'ഡിസൈനര്‍' പൂക്കളങ്ങളാണ്. സന്ദേശം കൊടുക്കുന്നവയും രാഷ്ട്രീയ പ്രേരിതമായവയും മറ്റും. വീടുകളേക്കാള്‍ കൂടുതല്‍ ക്ലബ്ബുകളിലും പത്രമാഫീസുകളിലും ടിവി ചാനലുകളുടെ ഓഫീസുകളിലും മറ്റുമാണ് ഇന്നു പൂക്കളങ്ങള്‍ കാണാന്‍ കഴിയുക. അവയാണെങ്കിലോ, എല്ലാം മല്‍സരങ്ങളാണു താനും. വിപണീകരണത്തിന്റെ മറ്റൊരു വശം.
കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു എന്റെ ചെറിയ ഇല്ലം (ബ്രാഹ്മണരുടെ വീടിന് ഇല്ലം, മന, മഠം എന്നൊക്കെയാണു പറയുക) അന്നുണ്ടായിരുന്ന ആ ഇല്ലം ഇപ്പോഴുമുണ്ട്. പക്ഷേ ഇന്ന് അതിന്റെ ഉടമസ്ഥര്‍ ഞങ്ങളല്ല. കുളത്തിന്റെ കരയില്‍ നിന്നു നോക്കിയാല്‍ ഇപ്പോഴും ആ ഇല്ലം കാണാം. നാട്ടില്‍ ചെല്ലുമ്പോളൊക്കെ ആ കുളത്തില്‍ കുളിക്കുന്നതു പതിവാണ്. എത്രയോ തവണ കുളത്തിന്‍ കരയില്‍ നിന്ന് അന്നത്തെ ആ ഇല്ലം നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്നു!
അന്നു ഇല്ലത്തിനു ചുറ്റുപാടും ധാരാളം ചെടികളും മരങ്ങളുമുള്ള കൊച്ചു കൊച്ചു കുറ്റിക്കാടുകള്‍ ഉണ്ടായിരുന്നു. അവിടെയാണു ഞങ്ങള്‍ പൂക്കള്‍ പറിക്കാന്‍ പോകുക- ഏട്ടനും ഒപ്പോളും (ചേച്ചി) അനുജത്തിയും ഞാനും. ദൂരെയെവിടെയെങ്കിലും പോകുകയാണെങ്കില്‍ അനുജത്തിയെ കൊണ്ടു പോകാറില്ല. അന്നവള്‍ കൊച്ചു കുട്ടിയായിരുന്നു. (ഇന്നവള്‍ രണ്ട് ഓമന കുരുന്നുകളുടെ മുത്തശ്ശിയാണ്.)
എത്ര തരം പൂക്കളാണ് അന്നു ശേഖരിച്ചിരിന്നത്! ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കൊങ്ങിണിപ്പൂവ്, തുളസിപ്പൂവ്, മല്ലിപ്പൂവ്, മന്ദാരപ്പൂവ്, ശംഖുപുഷ്പം, വീണ്ടപ്പൂവ്, പിന്നേയും എത്ര എത്ര തരം പൂക്കള്‍! കൊച്ചു കൊച്ചു മരങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന വള്ളിപ്പടര്‍പ്പുകളില്‍ വലിഞ്ഞു കേറി പൂക്കള്‍ പറിക്കാന്‍ എത്ര ആവേശമായിരുന്നു! അന്നന്നു പറിക്കേണ്ട പൂക്കളാണധികവും. രാവിലെ നാലു മണിക്കെണീറ്റിട്ടാണ് അവ ശേഖരിക്കുക. വെളിച്ചത്തിനു വേണ്ടി ചൂട്ടു കത്തിച്ചു പിടിക്കും. അന്നു ഞങ്ങള്‍ക്കു ടോര്‍ച്ച് ആഡംബരമായിരുന്നു. ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍ വൈദ്യുതി വരാന്‍ പിന്നേയും എത്രയോ വര്‍ഷങ്ങള്‍ ഞങ്ങള്‍ കാത്തിരുന്നു!
അന്നു പൂക്കള്‍ പറിച്ചിരുന്ന ചെടികളോ മരങ്ങളോ ഇന്നില്ല. ചെടികളെല്ലാം വെട്ടിത്തെളിച്ചു - കൃഷി ചെയ്യാന്‍, വീടുകള്‍ വയ്ക്കാന്‍, അല്ലെങ്കില്‍ റോഡുകള്‍ പണിയാന്‍. അന്നത്തെ ശാന്തസുന്ദരമായ ഗ്രാമത്തിന്റെ ഒരു വെറും നിഴലായി മാറിയിരിക്കുന്നു ഇന്നത്തെ ഗ്രാമം. ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.
അന്ന് ഏറ്റവും അടുത്തുള്ള ഗതാഗതയോഗ്യമായ നിരത്തിലേക്ക് ഇല്ലത്തു നിന്ന് അര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. ഇന്നാകട്ടെ മിക്കവാറും എല്ലാ വീടുകളിലും ഒരു കാറെങ്കിലുമുണ്ട്. അത് വീടിന്റെ അങ്കണത്തില്‍ തന്നെ പാര്‍ക്കു ചെയ്യുകയും ചെയ്യുന്നു. ഗ്രാമം പുരോഗമിച്ചെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, അന്നത്തെ ശാന്തത, ശാലീനത, കുലീനത, ഇവയെല്ലാം നഷ്ടമായെന്നു പറയാതെ തരമില്ല. ങ്ഹാ, സമയം മുന്നോട്ടല്ലാതെ പിന്നോട്ടു സഞ്ചരിക്കുകയില്ലല്ലോ. ഒന്നു നഷ്ടപ്പെടാതെ മറ്റൊന്നു നേടാനും ആവില്ലല്ലോ. അന്നു ഞങ്ങള്‍ കുട്ടികളിലുണ്ടായിരുന്ന ആവേശവും ഉല്‍സാഹവും ഇന്നത്തെ കുട്ടികളില്‍ ഇല്ല തന്നെ. ഇന്നു നഗരങ്ങളെ വിഴുങ്ങിക്കഴിഞ്ഞ കൃത്രിമത്വം, പൊള്ളയായ പ്രകടനം തുടങ്ങിയവ കൊച്ചു കൊച്ചു ഗ്രാമങ്ങളേയും ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!
അന്നു പതിനഞ്ചോ ഇരുപതോ തരം പൂക്കള്‍ ഭംഗിയായി വിരിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം കാണാന്‍ കഴിഞ്ഞത് രണ്ടോ മൂന്നോ തരം പൂക്കള്‍ മാത്രം! അതും തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണത്രേ! ഓണപ്പൂക്കളമൊരുക്കാന്‍ പൂക്കള്‍ പണം കൊടുത്തു വാങ്ങേണ്ടി വരുന്ന കാലം സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല അന്നൊക്കെ. ഇന്ന് അങ്ങനെയല്ലാതെയും ചിന്തിക്കാന്‍ കഴിയുന്നില്ല.
കാലം പോയ പോക്കേ!
അന്ന് ഓണം തികച്ചും കുടുംബപരമായ ആഘോഷമായിരുന്നു. എല്ലാ വീടുകളിലും ആഘോഷിച്ചിരുന്നതുകൊണ്ട് കേരളത്തില്‍ ആകമാനം നിറഞ്ഞിരുന്നെന്നു മാത്രം. ഓണസ്സദ്യ ഓണാഘോഷത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ഇന്നും അത് അങ്ങനെ തന്നെ. ഓരോ ആഘോഷങ്ങളോടു ബന്ധപ്പെട്ട് സദ്യകള്‍ പതിവുണ്ടെങ്കിലും ഓണസ്സദ്യയുടെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. പക്ഷെ അതിനുമുണ്ട് ഒരു വ്യത്യാസം. അന്നു സ്വന്തം കുടുംബങ്ങളിലായിരുന്നു സദ്യയെങ്കില്‍ ഇന്നതിന്റെ സ്ഥാനം ഹോട്ടലുകളിലേക്കും ക്ലബ്ബുകളിലേക്കും മാറി. ഓണസ്സദ്യ പകര്‍ച്ചയായി വീടുകളിലെത്തിക്കുന്നതും അപൂര്‍വമല്ലാതായിരിക്കുന്നു.
ഓണം തികച്ചും ഒരു കുടുംബ ആഘോഷം എന്നതില്‍ നിന്നു വ്യതിചലിച്ച് (പുരോഗമിച്ച് എന്നു പറയാന്‍, എന്തോ മനസ്സു വരുന്നില്ല) ഒരു സാമൂഹ്യാഘോഷവും വിപണനോപാധിയുമായി മാറിയിരിക്കുന്നു. മലയാള മണ്ണില്‍ നിന്ന് ആയിരക്കണക്കിനു മൈലുകള്‍ക്കകലെ, പൊങ്ങച്ചവും അഭിനയവും കൊടി കുത്തി വാഴുന്ന; ആത്മാര്‍ഥത, സ്നേഹം, സഹകരണം, ദയ, തുടങ്ങിയ മൃദുലവികാരങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാത്ത, അല്ലെങ്കില്‍ അതിനൊന്നും സമയം കണ്ടെത്താന്‍ കഴിയാത്ത; നഗരങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഓണത്തിന് ഒത്തു കൂടുന്നതും ആ ഒത്തുകൂടല്‍ ആഘോഷമാക്കി മാറ്റുന്നതും മനസ്സിലാക്കാം. എന്നാല്‍ കേരളത്തില്‍ കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍ പോലും ക്ലബ്ബുകളും അവ നടത്തുന്ന ഓണാഘോഷ പ്രഹസങ്ങളും കണ്ടപ്പോള്‍ ദു:ഖം തോന്നിയെന്നു പറയാതിരിക്കാന്‍ വയ്യ. ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ പല തരത്തിലുള്ള മല്‍സരങ്ങളും മറ്റും നടത്താറുണ്ട്. ഇവക്കെല്ലാം വ്യക്തികളില്‍ നിന്നും സ്ഥാപങ്ങളില്‍ നിന്നും പിരിവും നടത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഓണവും മറ്റെല്ലാത്തിനേയും പോലെ ഒരു വിപണനോപാധിയായി മാറിക്കഴിഞ്ഞു. എവിടെ നിന്നോ ഒരു തേങ്ങല്‍ ഉയര്‍ന്നോ?
അച്ഛനേയും അമ്മയേയും പോലും വിപണനോപാധിയാക്കുകയും അവര്‍ക്കു വേണ്ടി വര്‍ഷത്തില്‍ ഓരോ ദിവസം മാറ്റി വയ്ക്കുകയും ചെയ്യുന്ന നാം ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
I rellilly like yor blog , vayichappol sangadam thonni , and pazaya onathinte aa rasam eppolathe generation nu anubhavikkanulla bhagyam undakunnilla llo enna vishamaam . ellam instant aayi maveli koodi instant aanu , kadayil poyal maveliye koodi ( thrikkakkarappane koodi vangan kittum ,). And pookalm malsarathil matram othingi , onakkodi malasarathode aayi vilkkalum vangalum , sadhya instant aanu ellam dibbayil veettil ethum , 24 hours TV yude munpil . pinne enthu oonam , avasanam kore panbukale kanam rottil ( kudichu poozayi ezanju nadakkunna pambukal )
Siju K Sreekumar
9811905204
അറുപതിനു മുകളില്‍ പ്രായമുള്ള എല്ലാ മലയാളികളുടെയും കുട്ടിക്കാലം ഇതില്‍നിന്നും ഒട്ടും വ്യതസ്തമല്ല. പഴയ മലയാളികളുടെ ബാല്യകാല അനുഭവങ്ങള്‍ ഓര്‍മ്മിക്കാന്‍ അവസരം തന്നതിന് ഒരുപാടു നന്ദി.
സീ.കെ. പരമേശ്വരന്‍
ആനന്ദൻ
ആനന്ദൻ
ഡൽഹിയിൽ വന്നതിനു ശേഷം ഞാനും ഒരു തവണ മാത്രമേ ഓണത്തിന് നാട്ടിൽ പോയിട്ടുള്ളൂ. അന്ന് ഇതുപോലെ ഒരു നിരാശ ബോധം ഞാനും അനുഭവിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ആഹ്ലാദിച്ചു തിമിര്ത്തു നടന്നിരുന്ന ആ ബാല്യം. തിരികെ വരില്ലായെന്നറിയാം, എങ്കിലും ഒരിക്കല് കൂടി അതുപോലൊക്കെ ഒന്ന് ആകാന് കഴിഞ്ഞിരുന്നുവെങ്കില്....
ഓർമ്മകൾ പലപ്പോഴും ഒരു സുഖമുള്ള വേദന തന്നെയാണെന്ന് തോന്നാറുണ്ട്. പഴയ കാര്യങ്ങൾ ഓര്ക്കുന്നത് പലപ്പോഴും ഒരു രസം തന്നെയാണ്.
ഇപ്പോൾ ഓരോ സംഘടനകളും മത്സരിച്ച് മത്സരിച്ച് മാസങ്ങള്ക്കു മുമ്പെ അല്ലെങ്കില് അതിനു ശേഷം ഓണം അഘോഷിക്കുന്നതാണ് നാടുവിട്ടതിനു ശേഷമുള്ള കുറച്ചു വര്ഷങ്ങളായി കണ്ടുവരുന്നത്. പലപ്പോഴും നമ്മൾ അതിന്റെ ഒരു ഭാഗമാകുന്നു എന്നുള്ളതും ഒരു വസ്തുതയാണ്.
എന്നാലും നമ്മൾ ഇൻസ്റ്റന്റ് ഓണ സദ്യ കഴിക്കാൻ തുടങ്ങിയിട്ടില്ല എന്ന കാര്യത്തിൽ സന്തോഷിക്കാം, സമാധാനിക്കാം. നമ്മുടെ കാലത്തെങ്കിലും അങ്ങനെ ഒരു അധപതനം ഉണ്ടാവാതിരിക്കട്ടെ?
എന്തായാലും ഓണക്കാലത്തെപ്പറ്റി ഒരു ബ്ലോഗ് എഴുതിയതിനു പ്രത്യേക നന്ദി .
ലേഖനം വളരെ നന്നായി. തകർക്കൂ.
അഭിപ്രായങ്ങള്‍ക്കു നന്ദി. ഇനിയും എന്റെ വികൃതികള്‍ വിമര്‍ശന ബുദ്ധിയോടെ വായിക്കണമെന്നും തെറ്റുകള്‍ ചൂണ്ടിക്കണിക്കണമെന്നും അപേക്ഷിക്കുന്നു.
"കവുങ്ങിന്റെ പാള പാകത്തിനു മുറിച്ച് വളച്ച് അതിന്റെ വശങ്ങള്‍ രണ്ടും തുന്നിച്ചേര്‍ത്ത് ഒരു വള്ളിയും കെട്ടിയാല്‍ പൂക്കൂടയായി"
വളരെ നന്നായിട്ടുണ്ട്, ഒരു പൂക്കൂട കയ്യിൽ കിട്ടിയതുപോലെ.....മലയാളത്തിലെഴുത്തിന് എല്ലാ ആശംസകളും.....
*
I really liked the way you elaborated Onam Celebration in our Nadu. Atleast with your lovely blog I can feel it - ONAM - somehow I have been deprived from celebrating onam in my childhood in our God's own country. Awaiting more and more from you. Thanks & With Best Regards, Subu