2023 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

ക്ഷേത്രപ്രവേശനശുദ്ധി

08 08 23

'ഞാൻ പാൽ കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? ഞാൻ അച്ഛനോളം വലുതാകണം', എന്നു പഠിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ.

എന്നാൽ 'കാലിൽ ചെരുപ്പിടാഞ്ഞാൽ അമ്മ തല്ലും. എന്തിനാണ് അമ്മ തല്ലുന്നത്? കാലിൽ മുള്ളു കൊള്ളരുത്' എന്ന് ഒരു ക്ലാസ്സിലും പഠിച്ചിട്ടില്ല. ചെരുപ്പ് അന്നൊക്കെ ഒരു ആവശ്യമേ ആയിരുന്നില്ല. ഇന്നോ? ശരീരത്തിൻറെ ഒരു അവയവം പോലെ ആയിക്കഴിഞ്ഞു.

ഈയുള്ളവൻ ആദ്യമായി ചെരുപ്പു ധരിച്ചത് പത്തൊമ്പതാമത്തെ വയസ്സിലാണ്; അതും ഡൽഹിയിൽ പോയതുകൊണ്ടു മാത്രം. പേരയുടെ മകൻ നാരായണനേട്ടൻറെ കൂടെയായിരുന്നു യാത്ര, ആദ്യത്തെ തീവണ്ടിയാത്ര. ചെന്നൈയിൽ (അന്ന് മദ്രാസ്സ്) ആറു മണിക്കൂർ താമസമുണ്ടായിരുന്നു. അവിടെ ഇറങ്ങിയപ്പോഴാണ് ഞാൻ ചെരുപ്പ് ധരിച്ചിട്ടില്ലെന്ന കാര്യം ഏട്ടൻ ശ്രദ്ധിച്ചത്. ഏട്ടനാണ് ആദ്യമായി ചെരുപ്പു വാങ്ങിത്തന്നത്. ഇന്നിപ്പോൾ മഷിയിട്ടു നോക്കിയാൽപ്പോലും ചെരുപ്പിടാത്ത ഒരാളെ കാണാൻ സാധിക്കില്ല.

ചെരുപ്പ് ധരിച്ചിട്ടുണ്ടെങ്കിൽ കാലിൽ അഴുക്ക് പറ്റില്ല, മുള്ളോ കുപ്പിച്ചില്ലുകളോ കൊള്ളില്ല. എങ്കിലും ചിലപ്പോൾ വെള്ളത്തിലോ ചെളിയിലോ കൂടി നടക്കുമ്പോൾ അഴുക്ക് തെറിച്ചേക്കാം. ചെരുപ്പിലെ അഴുക്ക് കാൽപ്പാദങ്ങളിൽ പറ്റിയെന്നും വരാം.

ആദ്യം ചെരുപ്പു വാങ്ങിച്ചതിനെപ്പറ്റി ഇംഗ്ളീഷിലും (https://jayanthanpk.blogspot.com/2013/08/reinforcing-my-first-pair-of-sandals.html) ഒരു ചെരുപ്പ് പുരാണം മലയാളത്തിലും (https://pothoppuramkurippukal.blogspot.com/2019/10/blog-post_23.html) എഴുതിയിട്ടുണ്ട്. താൽപ്പര്യമുള്ളവരെ ആ പോസ്റ്റുകൾ വായിക്കാൻ ക്ഷണിക്കുന്നു.

ഇനി കാര്യത്തിലേക്കു വരാം.

ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചെരുപ്പ് പുറത്ത് അഴിച്ചു വച്ചു നേരെ അകത്തേക്ക് കടക്കുക, അതല്ലേ നമ്മളൊക്കെ ചെയ്യുന്നത്? കാൽപ്പാദങ്ങളിൽ പറ്റിയിരിക്കുന്ന, അല്ലെങ്കിൽ തെറിച്ചിരിക്കുന്ന, അഴുക്കിനെപ്പറ്റി ചിന്തിക്കാറുണ്ടോ? അത് ചെളിയോ കോഴിയുടെയോ പട്ടിയുടെയോ കാഷ്‌ഠമോ മറ്റെന്തെങ്കിലുമോ ആകാം. ചെരുപ്പ് അഴിച്ചിട്ടാൽ പാദം ശുദ്ധമായി എന്നല്ലേ നമ്മുടെ ധാരണ? ഇതു ശരിയാണോ?

കാലുകൾ ശുദ്ധവെള്ളത്തിൽ കഴുകി വൃത്തിയാക്കിയിട്ടു വേണ്ടേ ക്ഷേത്രത്തിൽ കയറാൻ?

ഉത്തരഭാരതത്തിൽ (ഡൽഹിയിലെ കാര്യമാണ് കൂടുതൽ പരിചയം) ചെറുതും വലുതുമായ മിക്കവാറും അമ്പലങ്ങളിൽ കയറുന്നതിനു മുമ്പ്, പ്രധാന കവാടത്തിനു പുറത്ത്, കാൽ കഴുകാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതു കാണാം. തൊഴാൻ വരുന്നവർ എല്ലാവരും കാലും മുഖവും (ചുരുങ്ങിയത് കാലെങ്കിലും) കഴുകിയിട്ടാണ് അകത്തേക്കു കടക്കുക. അതീവ ശൈത്യമുള്ള സമയങ്ങളിൽ ചിലരൊക്കെ സോക്സ്‌ ഊരാൻ മടിക്കും. കാലുകൾ കഴുകിയില്ലെങ്കിൽപ്പോലും അല്പം വെള്ളം കാലിൽ തളിക്കാൻ ആരും മറക്കാറില്ല.

മുമ്പൊരിക്കൽ സർദാർമാരുടെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പ്രധാനകവാടത്തോടു ചേർന്നു വെള്ളം സദാ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചെറിയ മനുഷ്യനിർമ്മിത അരുവി കണ്ടു. ഇതിൽ കാൽ കഴുകിയിട്ടേ അകത്തു കടക്കാൻ പറ്റൂ. ഈ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുകയാണത്രെ ചെയ്യുക. എത്ര മനോഹരമായ ചിന്തയും ആചാരവും!

മഹാരാഷ്ട്രയിൽ പുണെയിലും കാലുകൾ കഴുകുന്ന രീതി കണ്ടില്ല. ഒരിക്കൽ കൊൽക്കൊത്തയിൽ പോയപ്പോൾ രണ്ട് ക്ഷേത്രങ്ങളിൽ പോയിരുന്നു. ബംഗാളികളുടെ പ്രസിദ്ധമായ കാളി ബാരിയിലും മലയാളികൾ നടത്തുന്ന ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലും. രണ്ടിടത്തും കാലുകൾ കഴുകിയതായി ഓർമ്മിക്കുന്നില്ല.

കേരളത്തിലും ഒരിടത്തും, മഹാക്ഷേത്രങ്ങളിൽപ്പോലും, പ്രവേശിക്കുന്നതിനു മുമ്പ് കാൽ കഴുകുക എന്നൊരു രീതി കാണാൻ സാധിക്കുന്നില്ല. ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും അതു വേണ്ടതല്ലേ? കാലും മുഖവും കഴുകിയിട്ടു വേണ്ടേ പ്രവേശിക്കാൻ? അതിനുള്ള സൗകര്യം ഒരുക്കേണ്ടതല്ലേ? അകത്തു കയറുന്നതിനു മുമ്പ് കാലുകളും മുഖവും കഴുകണം എന്നൊരു ആചാരം പ്രചുരപ്രചാരമാക്കേണ്ടതല്ലേ?

2023 ഓഗസ്റ്റ് 5, ശനിയാഴ്‌ച

നാലമ്പലദർശനം പുണ്യദർശനം

01 08 2023

കർക്കടകമാസം.

രാമായണമാസം.

നാലമ്പലദർശനമാസം.

കേരളത്തിൽ ആറു ജില്ലകളിൽ നാലമ്പലങ്ങൾ: കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം.

ഒരു ദിവസം മോഹനൻ, അഫൻറെ മകൻ, പറഞ്ഞു, 'വനിതകളെല്ലാവരും കൂടി നാലമ്പലദർശനത്തിനു പോകാൻ പരിപാടിയിടുന്നുണ്ട്.'

'ഞാനും പോകണമെന്നു വിചാരിക്കുന്നു' എന്നായി ഞാൻ.

'സ്‌ത്രീകളാണു സാധാരണ പോകാറുള്ളത്,' എന്നനിയൻ.

ങേ, അതെന്തേ അങ്ങനെ? ആവോ അറിയില്ല.

എന്തായാലും മോഹനൻ പറഞ്ഞതു ശരിയായിരുന്നു.

ഭക്തകൾ ഭക്തന്മാരേക്കാൾ ഏറെ കൂടുതലായിരുന്നു.

ഇവിടെ നിന്നു പോയവരോ? എട്ടു വനിതകളും കൂടെ ആണൊരുത്തനായി ഈയുള്ളവനും! രണ്ടു ചെറിയമ്മമാർ, ഒരേടത്തി, ഒരു(!) ഭാര്യ, നാല് അനുജത്തിമാർ, പിന്നെ ഈയുള്ളവനും. അങ്ങനെ ഒമ്പതു പേർ രണ്ടു ഓട്ടോറിക്ഷകളിൽ. കോട്ടയം ജില്ലയിലെ രാമപുരത്ത് ശ്രീരാമൻ, കൂടപ്പുലത്ത് ലക്ഷ്മണൻ, അമനകരയിൽ ഭരതൻ, മേതിരിയിൽ ശത്രുഘ്‌നൻ.

ഏകദേശം ആറു ദശാബ്ധങ്ങൾക്കു മുമ്പ് രാമപുരത്തെ രാമക്ഷേത്രത്തിൽ പോയിട്ടുണ്ട്. തൊഴാനല്ല, ഉത്സവം കൂടാൻ. ചെല്ലപ്പൻ-ഭവാനിയുടെ ബാലെയായിരുന്നു അന്നത്തെ പരിപാടി. ബാലെ കണ്ട് വാ പൊളിച്ചിരുന്നു പോയി. ഏതോ മായാലോകത്തിൽ അകപ്പെട്ടതുപോലെ തോന്നി. രാമായണമായിരുന്നു കഥ. ചെല്ലപ്പൻറെ രാവണനും ഭവാനിയുടെ സീതയും. ജടായുവിൻറെ വേഷം കണ്ട് അത്ഭുതപ്പെട്ടത് ഇപ്പോഴും ഓർമ്മയുണ്ട്.

കൂടപ്പുലത്തെ ലക്ഷ്മണക്ഷേത്രത്തിൽ അച്ഛനും അപ്ഫനും ഏറെക്കാലം ശാന്തി ചെയ്തിട്ടുണ്ട്. പക്ഷെ അന്നൊന്നും അവിടെ പോയിട്ടില്ല. ആ അമ്പലത്തിൽ ശാന്തി ചെയ്യുമ്പോഴാണ് ധാരാളമായി കവിതകൾ എഴുതാൻ തുടങ്ങിയതെന്ന് അപ്ഫൻ പറയുമായിരുന്നു.

അമനകരയിലെ ഭരതക്ഷേത്രത്തിലും അച്ഛൻ ഏറെ നാൾ ശാന്തി കഴിച്ചിട്ടുണ്ട്. ഏട്ടൻ ഇടക്കിടക്ക് അവിടെ മുട്ടുശാന്തിക്കായി പോകാറുണ്ട്. അപ്പോൾ ഞാനും കൂടെ കൂടും. തൊഴാനുള്ള ഉത്സാഹം കൊണ്ടോ ഭക്തി കൊണ്ടോ ഒന്നുമല്ല. രാവിലെ അമ്പലം അടച്ചാൽ അടുത്തുള്ള ഇല്ലങ്ങളിലെ കുട്ടികൾ എല്ലാവരും വരും. കുറെ നേരം അമ്പലമുറ്റത്ത് പന്തു കളിക്കും. അതിൽ കൂടാനാണ് പോകുന്നത്. ഏട്ടനായിരുന്നു ഏറ്റവും നല്ല കളിക്കാരൻ. ആ ഏട്ടൻറെ അനിയൻ എന്ന അഹങ്കാരം അസാരം ഉണ്ടായിരുന്നു താനും.

മേതിരിയിലെ ശത്രുഘ്ന ക്ഷേത്രത്തിൽ ആദ്യമായാണ് പോകുന്നത്.

ഈയുള്ളവൻറെ കുട്ടിക്കാലത്തൊന്നും നാലമ്പലദർശനം എന്നു കേട്ടിട്ടുപോലുമില്ല. അക്കാലത്ത് അതൊന്നും ഇല്ലായിരുന്നു.  ഇന്നത്തെപ്പോലെ വാഹന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതുമൂലമായിരിക്കാം. അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ എങ്ങനെ നാലമ്പലദർശനത്തെപ്പറ്റി ആലോചിക്കാൻ? അന്ന് ഭക്തിയും അമ്പലങ്ങളും ഇന്നത്തെപ്പോലെ വാണിജ്യവൽക്കരിക്കപ്പെട്ടിരുന്നില്ല എന്നുള്ളതും ഒരു കാരണമാകാം. ചികിത്സയും വിദ്യാഭ്യാസവും എല്ലാം വാണിജ്യവൽക്കരിക്കപ്പെട്ടില്ലേ, അപ്പോൾ ഭക്തി മാത്രം എന്തിനു മാറി നിൽക്കുന്നു, ല്ലേ?

എന്തായാലും ആദ്യമായി നാലമ്പലദർശനം നടത്തി. ഇനി എല്ലാ വർഷവും പോകണം.

2023 ജൂലൈ 14, വെള്ളിയാഴ്‌ച

നാം 23 - നമ്പൂതിരി മഹാസംഗമം




[ഈ കുറിപ്പിൻറെ എഡിറ്റ് ചെയ്ത പതിപ്പ് യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാസഭ പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ 2023 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.]

10 06 2023

നമ്പൂതിരി ഫേസ്‌ബുക്ക് ഗ്രൂപ്പ് – 20,000ലേറെ അംഗങ്ങൾ ഉള്ള ഗ്രൂപ്പ്.

ഒരു സുപ്രഭാതത്തിൽ ശ്രീജിത്ത് കൃഷ്ണൻ കാപ്ര ഗ്രൂപ്പിൽ ഒരു ചെറിയ തീപ്പൊരിയിട്ടു, ‘നമുക്കൊന്നു കൂടണ്ടേ’?

ആറേഴു വർഷമായി വർഷത്തിൽ ഒരിക്കൽ ഒരു കൂടിച്ചേരൽ പതിവുള്ളതാണ്. കൊറോണ മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. പരസ്പരം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവർ, ഗ്രൂപ്പിൽ ഇടുന്ന സന്ദേശങ്ങളിൽ കൂടി, കമന്റുകളിൽ കൂടി, സ്മൈലികളിൽ കൂടി, സർവ്വോപരി ഫോട്ടോകളിൽ കൂടി, മാത്രം കണ്ടിട്ടുള്ളവർ, കേട്ടിട്ടുള്ളവർ, വായിച്ചിട്ടുള്ളവർ. അങ്ങനെയുള്ളവർ ഒരുമിച്ചു കൂടുക, പരസ്പരം പരിചയപ്പെടുക, വിശേഷങ്ങൾ കൈമാറുക, കൂട്ടത്തിൽ ചെറിയ പരിപാടികൾ, പാട്ടോ നൃത്തമോ, കൈകൊട്ടിക്കളിയോ, ഒക്കെ അവതരിപ്പിക്കുക, രണ്ടു ദിവസത്തിനു ശേഷം, ഇനി അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു പോകുക, അതായിരുന്നു പതിവ്. ഏകദേശം 150–200 പേർ ഒത്തുകൂടിയാൽ ഗംഭീരമായി എന്നു കരുതും. അത്രയുമേ പതിവുള്ളൂ താനും.

കാപ്ര ഊതിവിട്ട തീപ്പൊരി പടർന്നു പിടിക്കാൻ ഒട്ടും താമസമുണ്ടായില്ല. എല്ലാവർക്കും അത്യുത്സാഹം. “വേണം, വേണം." കോവിഡ് മൂലം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇത്തരത്തിലുള്ള കൂടിച്ചേരൽ മുടങ്ങിക്കിടക്കുകയായിരുന്നു. അതിനാൽ അംഗങ്ങളുടെ ഉത്സാഹത്തിന് അതിരുണ്ടായിരുന്നില്ല.

വേദി എവിടെ എന്ന തകൃതിയായ ചർച്ചകൾ നടക്കുന്നതിനിടയ്ക്ക് ശ്രീധരീയത്തിലെ ഹരി നമ്പൂതിരി ഒരു പടക്കം പൊട്ടിച്ചു, 'ശ്രീധരീയത്തിൽ നടത്താം കൂടിച്ചേരൽ, എല്ലാ സൗകര്യങ്ങളും ഒരുക്കാം.'

കാപ്രയുടെ തീപ്പൊരി പോലെ തന്നെ ഈ പ്രസ്താവനയും മാലപ്പടക്കം പോലെ പൊട്ടി. ഹരിയുടെ നിർദ്ദേശത്തെ എല്ലാവരും സഹർഷം സ്വീകരിച്ചു, പിന്തുണച്ചു. പിന്നെ കാര്യങ്ങൾ അതിവേഗത്തിലായിരുന്നു.

ശ്രമദാനത്തിനു സന്നദ്ധരായി മുമ്പോട്ടു വന്നവരെ ഉൾപ്പെടുത്തി മഹാസംഗമത്തിൻറെ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യുവാൻ വേണ്ടി ഉചിതമായ കമ്മറ്റികൾ രൂപീകരിച്ചു. ഹരി എൻ നമ്പൂതിരി (ചെയർമാൻ), സന്തോഷ് താന്നിക്കാട് (ജനറൽ കൺവീനർ), നിധിൻ കൃഷ്ണ (മഹാസംഗമം കോ ഓർഡിനേറ്റർ), രാജൻ നമ്പൂതിരി (ഇവന്റ് കോ ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന ഒരു ഓർഗനൈസിങ് കമ്മിറ്റിയോടൊപ്പം, പ്രോഗ്രാം (ചെയർ-ജ്യോതിഷ് സി കൃഷ്ണ); ഫിനാൻസ് (ചെയർ-ബ്രിജേഷ് നീലകണ്ഠൻ); റിസപ്‌ഷൻ (ചെയർ-നിഷാന്ത് വാസുദേവൻ); അക്കോമഡേഷൻ (ചെയർ-സോമൻ പുനം); പ്രൊമോഷൻ (ചെയർ-രേഷ്മ നകുൽ); ഫുഡ് (ചെയർ-കൃഷ്ണൻ ഈ കെ); ബിസിനസ്സ് പ്രൊമോഷൻ (ചെയർ-നിമൽ നമ്പൂതിരിപ്പാട്); വൈവാഹികമേള (ചെയർ-പ്രശാന്ത് പെരിയമന) തുടങ്ങിയ വിവിധ കമ്മറ്റികൾ നാം 23 ൻറെ വിജയത്തിനു പിന്നിൽ അഹോരാത്രം പ്രയത്നിച്ചു.

ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പ് പരോക്ഷമായി മാത്രം അസ്തിത്വം ഉള്ള ഒന്നായതുകൊണ്ട് ഇത്തരത്തിലൊരു മഹാസംഗമം നടത്തുമ്പോൾ വരുന്ന ഭീമമായ പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനു  നിയമപരമായ പരിമിതികളുണ്ടായിരുന്നു. ഇതിനു മുമ്പു നടത്തിയ കൂടിച്ചേരലുകളുടെ ചിലവുകൾ ഏതെങ്കിലും ഒരു അംഗത്തിൻറെ ചുമതലയിൽ, അദ്ദേഹത്തിൻറെ അക്കൗണ്ട് വഴി നടത്തുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ അത് സാദ്ധ്യമാകില്ലായിരുന്നു. ആയിരങ്ങളിലല്ല, ലക്ഷങ്ങളിലാണ് ഇത്തവണത്തെ കണക്കുകൾ. അങ്ങനെയാണ് മുമ്പു പലപ്പോഴായി ഗ്രൂപ്പിൽ പൊന്തിവന്നിരുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളെ സഹായിക്കാൻ ഒരു സ്ഥിരസംവിധാനം വേണം എന്ന, ഒരാശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്. അതിൻറെ ഫലമായി നമ്പൂതിരി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ജന്മമെടുത്തു. മഹാസംഗമത്തെ സംബന്ധിച്ച  പണമിടപാടുകളെല്ലാം ഈ ട്രസ്‌റ്റിൻറെ പേരിലാണു നടത്തിയത്.

യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് ശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരി സംഗമം ഉദ്ഘാടനം ചെയ്തു. ഉൽഘാടനച്ചടങ്ങിൽ ചലച്ചിത്ര നടൻ ശ്രീ ബാബു നമ്പൂതിരി, ശ്രീ മനയത്താറ്റ് ബ്രിജേഷ് നമ്പൂതിരി, നമ്പൂതിരി ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പ്രധാന അഡ്മിൻ ശ്രീ സന്തോഷ് താന്നിക്കാട്, തുടങ്ങിയവർ സംസാരിച്ചു. ശ്രീ ഹരി എൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീ നിധിൻ കൃഷ്ണ നമ്പൂതിരി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിനെപ്പറ്റിയും ഉദ്ദേശിക്കുന്ന ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സമുദായത്തിനു വേണ്ടി ഒന്നിക്കേണ്ടതിൻറെ ആവശ്യകത ഓരോ പ്രാസംഗികനും ഊന്നിപ്പറഞ്ഞു. നാം 23 അതിൻറെ ഒരു തുടക്കമാകട്ടെ എന്ന് എല്ലാവരും ആശംസിച്ചു, അങ്ങനെയാകണമെന്ന് ആഗ്രഹിച്ചു. താൻ ഇതുവരെ നമ്പൂതിരി ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ചേരാൻ മടിച്ചിരിക്കുകയായിരുന്നെന്നും ഇനി എന്തായാലും ചേരുമെന്നും ശ്രീ ബാബു നമ്പൂതിരി പ്രഖ്യാപിച്ചു. ഇന്നത്തെ നമ്പൂതിരി യുവതലമുറയെ നമ്മുടെ വൈദിക സംസ്കാരത്തിലേക്കു ആകർഷിക്കേണ്ടതിന്റേയും ആ സംസ്കാരം നിലനിർത്തേണ്ടതിന്റേയും ആവശ്യകത എല്ലാവരും അടിവരയിട്ടു പറഞ്ഞു.

നാലു മാസം മുമ്പേ തുടങ്ങിയ ഓൺലൈൻ മത്സരങ്ങളുടെ പരിസമാപ്തിയും അരങ്ങത്തു നടന്നു. പാട്ട്, നൃത്തം, കൈകൊട്ടിക്കളി, കുട്ടികളുടെ ഫോട്ടോ, പ്രസംഗം, അക്ഷരശ്ലോകം, കവിതാപാരായണം, പ്രഭാഷണം, തുടങ്ങി ചീട്ടുകളി വരെ ഒട്ടേറെ മൽസരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ സമാപനസമ്മേളനത്തിൽ വിതരണം ചെയ്തു.

രണ്ടാമത്തെ ദിവസം അന്തർജ്ജനങ്ങളും നമ്പൂതിരിമാരും തമ്മിൽ നടത്തിയ വടംവലി മത്സരം വളരെ കൗതുകകരമായ സംഭവമായിരുന്നു. അന്തർജ്ജനങ്ങൾ നമ്പൂതിരിമാരെ തോല്പിച്ചപ്പോൾ ഉയർന്ന ആരവത്തിലും ആഹ്ളാദത്തിലും അന്തർജ്ജനങ്ങൾ മാത്രമല്ല, നമ്പൂതിരിമാരും കുട്ടികളും ഒത്തുചേർന്നു! എന്നാൽ മത്സരത്തിൽ ജയിച്ച അന്തർജ്ജനങ്ങൾക്കു സമ്മാനം കൊടുക്കാത്തത് അത്ര മോശമല്ലാത്ത പ്രതിഷേധങ്ങൾക്കു വഴി തെളിച്ചു. ആ പ്രതിഷേധത്തിൽ മൗനമായി കാണികളും ചേർന്നു. അതെന്തേ അങ്ങനെ സംഭവിച്ചത് എന്നുള്ളത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. 

നമ്പൂതിരിമാരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെപ്പറ്റി ശ്രീ ടി.പി.ആർ. നമ്പൂതിരി നയിച്ച വളരെ സജീവമായ ചർച്ചയിൽ, പല ആചാരങ്ങൾക്കും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതാണെന്നും പലരും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഭാവിയിൽ വളരെ കൂലങ്കുഷമായ ചർച്ചകൾ ആവശ്യമാണെന്നും നമ്പൂതിരി ഫേസ്‌ബുക്ക് കൂട്ടായ്മ അതിനു മുൻകൈയെടുക്കണമെന്നുള്ള നിർദ്ദേശങ്ങളും പൊന്തി വന്നു.

പാചകകലയെപ്പറ്റിയുള്ള ‘രുചികരമായ’ ചർച്ചയിൽ ശ്രീ ടി.പി.ആർ. നമ്പൂതിരി, ശ്രീ പഴയിടം മോഹനൻ, ശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആനുകാലികപ്രസക്തിയുള്ള, നമ്പൂതിരിമാർക്കു മാത്രമല്ല എല്ലാവർക്കും ഗുണകരമായ ഏറെക്കാര്യങ്ങൾ ചർച്ചയിൽ പൊന്തിവന്നു.

നമ്പൂതിരിമാർ വ്യാപാരരംഗത്തും ഒട്ടും പിന്നിലല്ല എന്ന് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നതായിരുന്നു ബിസിനസ്സ് പ്രൊമോഷനു വേണ്ടിയുള്ള സമ്മേളനത്തിൻറെ ഗംഭീര വിജയം. സമുദായാംഗങ്ങൾ നടത്തുന്ന സംരംഭങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന അഭിപ്രായം എല്ലാവരും ഊന്നിപ്പറഞ്ഞു.

നമ്പൂതിരിമാർക്ക് വ്യാപാരം പറഞ്ഞിട്ടില്ലെന്നും അതിൽ വിജയിച്ചവർ വളരെ വിരളമാണെന്നുമുള്ള ധാരണയും പൊതു അഭിപ്രായവും നാം-23 മാറ്റിയെഴുതി എന്നു പറയാമെന്നു തോന്നുന്നു. സമുദായത്തിലെ സംരംഭകർക്കു വേണ്ടി സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്നു പരസ്യപ്പെടുത്തിയപ്പോൾ പത്തോ പന്ത്രണ്ടോ സ്റ്റാളുകൾ ബുക്ക് ചെയ്യപ്പെടുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ഈ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് ഇരുപത്തഞ്ചിലേറെ സ്റ്റാളുകൾ ബുക്ക്‌ ചെയ്യപ്പെട്ടു. ഒടുവിൽ സ്റ്റാളുകൾ തികയാതെ വന്നപ്പോൾ തുറന്ന സ്ഥലത്തും കൂടി സൗകര്യം ഒരുക്കേണ്ടി വരികയുണ്ടായി.

സ്വസ്തിയും സ്റ്റാൾ ബുക്ക് ചെയ്തിരുന്നെങ്കിലും ചില ബുദ്ധിമുട്ടുകൾ മൂലം സ്വസ്തിയിൽ നിന്ന് ആർക്കും പങ്കെടുക്കാൻ സാധിക്കാതെ വന്നത് അൽപ്പം നിരാശയ്ക്കു വഴി തെളിച്ചുവെന്നു പറയാം.

സാധാരണഗതിയിൽ, പ്രായപൂർത്തിയായവരുടെ ഇത്തരം കൂടിച്ചേരലുകളിൽ കുട്ടികളെ കഴിവതും തീർത്തും ഒഴിവാക്കുകയാണു പതിവ്. എന്നാൽ മഹാസംഗമം 'കുട്ടികൾക്കെന്തു സമ്മേളനത്തിൽ കാര്യം?' എന്ന ചിന്താഗതിയെ തിരുത്തിക്കുറിച്ചു. കുട്ടികളെ നിർബ്ബന്ധമായും കൊണ്ടുവരണമെന്ന് ഹരി ആവർത്തിച്ചു പറയുകയുണ്ടായി. പലരും ഇത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചുകൊണ്ട് കുട്ടികളെ കൂടെ കൂട്ടി. വിവിധ വേദികളിൽ കലാമത്സരങ്ങളും പ്രഭാഷങ്ങളും മത്സരങ്ങളും നടക്കുമ്പോൾ ഇതിൽ താല്പര്യമില്ലാത്ത കുട്ടികൾക്ക് വിവിധയിനം ക്രീഡാസൗകര്യങ്ങളും ഉപകരണങ്ങളും തയ്യാറാക്കി നെല്ല്യക്കാട്ടു മനയിലുള്ളവർ. അവർക്കു കളികളെപ്പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും മേൽനോട്ടം വഹിക്കാനും പരിചയസമ്പന്നരായ പരിശീലകരെ  ചുമതലപ്പെടുത്തി. ഒപ്പം തന്നെ മനയുടെ കോമ്പൗണ്ടിൽ നിർമ്മിച്ച നീന്തൽക്കുളവും കുട്ടികൾക്കായി തുറന്നുകൊടുത്തു.  ഏതു സമയത്തു നോക്കിയാലും പത്തോ പന്ത്രണ്ടോ കുട്ടികൾ നീന്തൽക്കുളത്തിൽ നീന്തിക്കളിക്കുന്നതു കാണാമായിരുന്നു. ഒരു പക്ഷെ പല കുട്ടികൾക്കും ഇതൊരു പുതിയ അനുഭവമായിരുന്നിരിക്കാം. മാതാപിതാക്കളെപ്പോലും ശ്രദ്ധിക്കാതെ കൂട്ടുകാരുടെ കൂടെ കളിച്ചു തിമർത്ത രണ്ടു ദിവസങ്ങൾ കുട്ടികൾ ഏറെക്കാലം ഓർമ്മയിൽ സൂക്ഷിക്കുമെന്നു തീർച്ച. കുട്ടികൾ സുരക്ഷിതരാണെന്ന ആശ്വാസത്തിൽ രക്ഷകർത്താക്കൾക്ക് തങ്ങളുടെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കാനും സാധിച്ചു.

നമ്മുടെ വേദസംസ്കാരം നിലനിർത്തുന്നതിൻറെ ആവശ്യകത ത്രിശ്ശൂർ ബ്രഹ്മസ്വം മഠം പ്രസിഡണ്ട് അഡ്വക്കേറ്റ് പാഴൂർ പരമേശ്വരൻ ഊന്നിപ്പറഞ്ഞു. പഴയ തറവാടുകളിൽ കണ്ടേക്കാവുന്ന താളിയോലഗ്രന്ഥങ്ങൾ സംരക്ഷിക്കുന്നതിന് ബ്രഹ്മസ്വം മഠം ചെയ്യുന്ന പ്രയത്നങ്ങൾ വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹായസഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു.

സമാപനസമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ശ്രീ കുഞ്ഞികൃഷ്ണൻ, ചലച്ചിത്രതാരം ശ്രീ ശ്രീകാന്ത് മുരളി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഒരു കാര്യം കൂടി പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് അപൂർണ്ണമാകും. മഹാസംഗമത്തെപ്പറ്റിയുള്ള മധുരസ്മരണകൾക്കൊപ്പം പങ്കെടുത്ത എല്ലാവരേയും ഏറ്റവും ആകർഷിച്ച കാര്യം നെല്ല്യക്കാട്ടു മനയിൽ ഉള്ളവരുടെ സ്നേഹവും സഹകരണവും സംഗമത്തിനു വേണ്ടി എന്തും ചെയ്യാനുള്ള വ്യഗ്രതയുമായിരുന്നു. അവിടെയുള്ള ഓരോരുത്തരും, കുട്ടികൾ ഉൾപ്പെടെ, സംഗമത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ ലയിക്കുകയായിരുന്നു. മന മുഴുവൻ സംഗമത്തിനു വേണ്ടിയും പങ്കെടുക്കുന്നവർക്കു വേണ്ടിയും തുറന്നിട്ടു.  ശ്രീധരീയത്തിലും മനയിലും ഉള്ള മുറികൾ, ഓഡിറ്റോറിയങ്ങൾ, പാർക്കിംഗ്, ആനപ്പുര, സുരക്ഷാവ്യവസ്ഥ, അങ്ങനെയെല്ലാമെല്ലാം സംഗമത്തിനു വേണ്ടി സമർപ്പിച്ചു.

മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് സൗജന്യമായി നേത്രപരിശോധനയ്ക്കുള്ള സൗകര്യവും ശ്രീധരീയത്തിൽ ചെയ്തിരുന്നു. പലരും ഈ അവസരം ഉപയോഗപ്പെടുത്തുകയുണ്ടായി.    

യൂ ട്യൂബിൽ കൂടിയുള്ള തത്സമയസംപ്രേഷണം അനേകം പേർ വീക്ഷിച്ചു. പങ്കെടുക്കാൻ പറ്റാത്ത, എന്നാൽ തത്സമയസംപ്രേഷണം വീക്ഷിച്ച പലരും ഉദാരമായി സംഭാവന ചെയ്യാനും മടി കാണിച്ചില്ല.

ഒരു പക്ഷേ നമ്പൂതിരിമാരുടെ ആധുനിക ചരിത്രത്തിൽ ഇത്രയും ബൃഹത്തായ ഒരു കൂടിച്ചേരൽ, അക്ഷരാർത്ഥത്തിൽ തന്നെ മഹാസംഗമം, ആദ്യമാണെന്നു തോന്നുന്നു. ഏകദേശം മൂവായിരത്തോളം പേർ പങ്കെടുത്തെന്നാണ് വിശ്വസിക്കുന്നത്. നമ്പൂതിരി ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത വളരെയേറെപ്പേർ പങ്കെടുത്തു.

ഇനി നാം-24നു വേണ്ടിയുള്ള കാത്തിരിപ്പ്!

അതിഥി ദേവോ ഭവ

22 06 2023

അതിഥികൾ - 'തിഥി' ഇല്ലാതെ വരുന്നവർ.

മുൻകൂട്ടി പറയാതെ വരുന്നവർ.

അതു പണ്ട്.

ഇപ്പോൾ എല്ലാരും വിളിച്ചിട്ടേ വരൂ.

അതിഥികൾ വന്നാൽ സന്തോഷം.

ചിലപ്പോൾ ഭയം. 

അത്തരം ഒരതിഥിക്കഥ.

കിടപ്പുമുറികളിൽ തറ ലെവലിൽ ചെറിയ ലൈറ്റുകൾ.

മൂന്നു ചെറിയ LED ബൾബുകൾ.

എന്തിനാ മൂന്നു ബൾബുകൾ? ഇത്രയും വെളിച്ചം വേണോ?

ഇന്നു മനസ്സിലായി, ' വേണം'.

രാവിലെ നാലേമുക്കാലിന്‌ ഉണർന്നു.

അസ്വാഭാവികമായ എന്തോ ഒന്ന് കട്ടിലിൻറെ ചുവട്ടിൽ.

ഇതെന്താ?

ലൈറ്റ് ഇട്ടപ്പോൾ കണ്ടു.

കട്ടിലിൻറെ കാലുകളോടു ചേർന്ന്.

ആറടിയോളം നീളം, ചെറുവിരലിൻറെയത്ര വണ്ണം,

ദേഹം ചുറ്റി നിറയെ വരകൾ.

ശംഖുവരയൻ. (അല്ലേ?)

വെള്ളിക്കെട്ടൻ എന്നും പറയുമത്രെ.

ജനാലപ്പാളികളൊക്കെ തുറന്നിട്ടു.

സ്നേഹപൂർവ്വം പറഞ്ഞു, 'ഒന്നു വെളിയിൽ പോകൂ'.

രക്ഷയില്ല.

കേട്ട ഭാവമില്ല.

കേൾവിയില്ല ന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയായിരിക്കും.

ടൈലിൽ ഇഴയാൻ ബുദ്ധിമുട്ട്.

സാവധാനം കട്ടിലിൻറെ കാലിലേക്കു കയറി.

അവിടെ ചുറ്റിപ്പിണഞ്ഞു കിടന്നു.

എത്ര പറഞ്ഞിട്ടും ഒച്ച വച്ചിട്ടും വെളിയിൽ പോകാൻ കൂട്ടാക്കിയില്ല.

തീരെ അനുസരണയില്ല.

വളർത്തുദോഷം (കടപ്പാട്: സീരിയലുകളിലെ സംഭാഷണം).

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

പുറത്തുപോയി ഒരു PVC പൈപ്പ് എടുത്തുകൊണ്ടു വന്നു.

സാവധാനം തോണ്ടി ജനലിൽ കൂടി വെളിയിൽ ഇടാൻ ശ്രമിച്ചു.

ആദ്യമൊക്കെ അവൻ(ൾ) അൽപ്പം നീരസം പ്രകടിപ്പിച്ചു.

അതോ സങ്കടമായിരുന്നോ?

എന്നെ വെളിയിൽ കളയല്ലേ എന്നു കെഞ്ചുകയായിരുന്നോ?

എന്തായാലും ഒടുവിൽ ഈയുള്ളവൻ വിജയിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പിറകിലെ വാതിലിനു സമീപം ചുരുണ്ടു കൂടി കിടക്കുന്നു.

പാലു വാങ്ങി വന്നിട്ടാകാം കുശലം ചോദിക്കൽ.

അപ്പോഴേക്കും മ്മടെ സൂർത്തിനു മ്മിണി ഉശിരു വച്ചു.

ഗ്രില്ലു വാതിലിൻറെ മുകളിൽ കയറിക്കൂടിയിരുന്നു.

ധ്യാനത്തിലാണോ ന്നു സംശം.

അല്ലായിരിക്കും.

വീണ്ടും PVC പൈപ്പു തന്നെ ശരണം.

ശല്യം സഹിക്കാതായപ്പോൾ സാവധാനം മുറ്റത്തെ കാഴ്ചകളൊക്കെ കണ്ട് ഇഴഞ്ഞു നീങ്ങി.

മഴവെള്ളം പോകാൻ വച്ചിരിക്കുന്ന പൈപ്പിലൂടെ പറമ്പിലേക്കിറങ്ങി.

ചെടികൾക്കുള്ളിൽ ഒളിച്ചു.

‘ഇനി വന്നേക്കരുത്, ട്ടോ,’ന്നൊരു മുന്നറിയിപ്പോടെ അവനെ യാത്രയാക്കി.

ചില അതിഥികൾ അങ്ങനെയാ, ഇനി വരല്ലേന്നു പ്രാർത്ഥിച്ചു പോകും.

ചിലപ്പോഴൊക്കെ 'അതിഥി അസുരോ ഭവ', ല്ലേ?


ശ്രീസദനം

17 06 2023

അച്ഛൻ നല്ല ഒരു കൃഷിക്കാരനായിരുന്നു.

പുരയിടത്തിൽ, പറ്റുന്ന പണികളൊക്കെ തന്നത്താനാണു ചെയ്യാറ്.

പള്ളിക്കൂടം ഇല്ലാത്ത സമയമോ ദിവസമോ ആണെങ്കിൽ ഞങ്ങൾ കുട്ടികളും അച്ഛനൊപ്പം കൂടും.

അച്ഛൻ നല്ല ആരോഗ്യമുള്ള കൂട്ടത്തിലായിരുന്നു.

എന്തു പണിയെടുക്കാനും ഒരു മടിയുമില്ല.

പറമ്പിൽ കിളയ്ക്കാൻ, തടി ചുമക്കാൻ, വിറകു കീറാൻ, കാടു വെട്ടാൻ, ... അങ്ങനെ എന്തും.

കുട്ടിക്കാലം.

1960-കളുടെ തുടക്കം.

രണ്ടാം ക്‌ളാസ്സിലോ മൂന്നാം ക്‌ളാസ്സിലോ ആണു പഠിച്ചിരുന്നതെന്നു തോന്നുന്നു.

പുതിയ ഇല്ലം വയ്ക്കാൻ കുട്ടപ്പൻ ആശാരി സ്ഥാനം കണ്ടത് ചരിഞ്ഞു കിടന്ന ഒരു സ്ഥലത്ത്.

കിഴക്കു വശം ഉയർന്ന, പടിഞ്ഞാറു വശം താഴ്ന്ന, ഒരു കുന്ന്.

അച്ഛനും ഏട്ടനും ഈയുള്ളവനും കൂടി ആ കുന്ന് കിളച്ചിളക്കി മണ്ണു ചുമന്ന് പടിഞ്ഞാറുവശത്തു കൊണ്ടുവന്നിട്ട് കെട്ടിടം വയ്ക്കാൻ പാകത്തിന് നിരപ്പാക്കി.

രണ്ടുമൂന്നാഴ്ച തുടർച്ചയായി മണ്ണു മാറ്റിയെന്നാണോർമ്മ.

മണ്ണെടുത്തു കഴിഞ്ഞപ്പോൾ കിഴക്കു വശത്തെ മൺഭിത്തിക്ക്

ഏകദേശം 15 അടിയോളം പൊക്കമുണ്ടായിരുന്നു!

കുട്ടപ്പൻ പണി തീർത്ത ഇല്ലത്തിനു മൂന്നുമുറികൾ, ഒരു കൊച്ചുമുറി, അടുക്കള, മുൻവശത്ത് ഒരു വരാന്ത ഇത്രയും ഉണ്ടായിരുന്നു. പിന്നീട് പിറകുവശത്തു ഒരു വരാന്ത കൂട്ടിയെടുക്കുകയുണ്ടായി.

വെട്ടുകല്ലു കൊണ്ടു നിർമ്മിച്ച ഭിത്തികൾ.

അവയിൽ കുമ്മായം തേയ്ക്കുകയോ പെയിന്റ് അടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.

മഴ നനയാതെ, വെയിൽ കൊള്ളാതെ, കിടക്കാൻ ഒരു സ്ഥലം, അതായിരുന്നു അപ്പോൾ ആവശ്യം.

അതും ഏറെ ബുദ്ധിമുട്ടിയാണ് അച്ഛൻ ചെയ്തത്.

അമ്മ ഇല്ലത്തിനു പേരിട്ടു: ശ്രീസദനം.

അവിടെ ഞങ്ങൾ ആറു പേർ.

അച്ഛനും അമ്മയും എട്ടനും ഒപ്പോളും അനുജത്തിയും ഞാനും.

അച്ഛൻ പലയിടത്തും ശാന്തി ചെയ്യുമായിരുന്നു.

അങ്ങനെയാണ് ഒരു നേരമെങ്കിലും കഞ്ഞി കുടിച്ചിരുന്നത്. വല്ലപ്പോഴുമേ ഇല്ലത്തു വരാറുള്ളൂ.

പിന്നീട് ഏട്ടൻ വ്യോമസേനയിൽ ചേർന്നപ്പോൾ കഷ്ടപ്പാട് അൽപ്പം കുറഞ്ഞെന്നു പറയാം.

അവിടെ ഏകദേശം 20 കൊല്ലത്തോളം, 1981 വരെ, താമസിച്ചു.

ആ ഇല്ലം എന്തെല്ലാം സംഭവങ്ങൾക്കു മൂകസാക്ഷിയായി!

ഏട്ടൻറെ വ്യോമസേനാപ്രവേശനം,

അതറിഞ്ഞ അമ്മയുടെ ദിവസങ്ങളോളം തോരാത്ത കണ്ണുനീർ (തോക്കുമായി അതിർത്തിയിൽ പോകേണ്ടി വരുമെന്നും ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. ഈ ധാരണ മാറാൻ കുറെ സമയമെടുത്തു.),

ഒപ്പോളുടെ വിവാഹം, രണ്ടു കുട്ടികളുടെ ജനനം, പിന്നീട് വൈധവ്യം,

ഏട്ടൻറെ വിവാഹം,

അനുജത്തിയുടെ വിവാഹം,

ഈയുള്ളവൻറെ ഡെൽഹി യാത്ര,

അച്ഛൻറെ വിയോഗം,

പിന്നീട് എല്ലാം ഉപേക്ഷിച്ച്,

അവിടെക്കഴിഞ്ഞ നല്ല ദിവസങ്ങളുടെ ഓർമ്മകൾ മാത്രം പേറി

അച്ഛൻ മരിച്ച് ഒരു വർഷത്തിനു ശേഷമുള്ള അമ്മയുടെ ഡെൽഹിയാത്ര.

അങ്ങനെ എന്തെല്ലാം!

ഒരിക്കലും മരിക്കാത്ത ഓർമ്മകൾ!

ഒടുവിൽ,

ഒരു വർഷത്തിനു ശേഷം,

ആ ഇല്ലം ഞങ്ങളുടേതല്ലാതായി.

(താല്പര്യമുള്ളവർക്ക്, 39 വർഷത്തിനു ശേഷം ആ ഇല്ലം വീണ്ടും സന്ദർശിച്ച അനുഭവം ഇവിടെ വായിക്കാം.)

ആധാർ കാർഡ്

22 06 2023

ആധാർ കാർഡ് - നാം ജീവിച്ചിരിക്കുന്നു എന്നതിൻറെ തെളിവ്. ഇപ്പോഴത്തെ ആധാരം ഉത്തരപ്രദേശിലെ നോയിഡയിലേത്. കേരളത്തിൽ സ്ഥിരതാമസമാക്കുമ്പോൾ അതു പോര. ഇവിടത്തെ വിലാസത്തിൽ വേണം.

പുതുവേലി അക്ഷയ കേന്ദ്രത്തിൽ ചെന്നു. കാര്യം അവതരിപ്പിച്ചു. “കൂത്താട്ടുകുളത്തു ചെല്ലൂ, അവർ ചെയ്യും.”

കൂത്താട്ടുകുളത്തെ അക്ഷയകേന്ദ്രത്തിൽ ചെന്നു.

ഇതുവരെ കണ്ടിട്ടുള്ള (രണ്ട്) അക്ഷയകേന്ദ്രങ്ങളിലും ഒരു ചെറിയ മുറി, ഒരു ജീവനക്കാരി, ഒരു കമ്പ്യൂട്ടർ. അത്രയുമേ ഉള്ളൂ. ഒന്നോ രണ്ടോ പേരുണ്ടാകും വരിയിൽ. ചിലപ്പോൾ അതും ഉണ്ടാകില്ല.

എന്നാൽ കൂത്താട്ടുകുളത്തെ അക്ഷയകേന്ദ്രം അങ്ങനെയല്ല.

ഒരു വലിയ ഹാൾ. ഒരു ഡസനോളം ഉദ്യോഗസ്ഥർ. അകത്ത് ഊഴം കാത്തിരിക്കാൻ കസേരകൾ. പലപ്പോഴും കേന്ദ്രത്തിനു പുറത്തേക്കു നീളുന്ന നിര.

‘പഴയ ആധാർ കാർഡ്?’ കൊടുത്തു. ഒരു ഫോറം പൂരിപ്പിച്ചു തന്നു. അതിൽ ഫോട്ടോ ഒട്ടിക്കണം. ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.

‘( ……. ) ഓഫീസിൽ പോയാൽ മതി. ഒപ്പും സീലും ഫോട്ടോയിൽ കയറി വരണം. അവർക്കറിയാം, ധാരാളം ചെയ്തിട്ടുണ്ട്.’

അക്ഷയ പറഞ്ഞ ഓഫീസിൽ ചെന്നു. ഓഫീസർ വന്നിട്ടില്ല. എപ്പോൾ വരുമെന്നറിയുകയുമില്ല. അദ്ദേഹത്തെ കാണാൻ വേറെയും ചിലർ.

ഏകദേശം മുക്കാൽ മണിക്കൂറോളം കാത്തിരുന്നു.

ആരോ ഒരാൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. പിന്നീട് കാത്തിരിക്കുന്നവരെ നോക്കി പറഞ്ഞു,

‘ഇന്നദ്ദേഹം വരില്ല.’

എന്തേ അദ്ദേഹം ഇക്കാര്യം ഓഫീസിൽ വിളിച്ചറിയിക്കാത്തത്? ധാരാളം പൊതുജനസമ്പർക്കം ഉള്ള വ്യക്തി. ജനങ്ങൾ വന്നു കാത്തിരിക്കില്ലേ?

അവരുടെ സമയത്തിനും വിലയില്ലേ? അമ്പതു വർഷത്തോളം ജോലി ചെയ്ത പരിചയത്തിൽ നിന്നുണ്ടായ സംശയം. പൊതുജനസമ്പർക്കം ഇല്ലാതിരുന്നിട്ടും, അൽപ്പമെങ്കിലും വൈകുമെന്നുണ്ടെങ്കിൽ സഹപ്രവർത്തകരെ വിളിച്ചറിയിക്കുകയെന്നത് സ്വഭാവമായി മാറിയിരുന്നു.

‘ഇനി ഇതും പരിചയിച്ചോളൂ’, സ്വയം പറഞ്ഞു. ഭാവിയിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം.

അറിയിക്കാൻ പറ്റാത്ത എന്തെങ്കിലും സാഹചര്യത്തിൽ പെട്ടിരിക്കാം.

അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ മരിച്ചെന്നു പിന്നീടു കേട്ടു.

അവരോടു ചോദിച്ചപ്പോൾ പറഞ്ഞ പ്രകാരം അടുത്തുള്ള മറ്റൊരു ഓഫീസിൽ പോയി. ഓഫീസറോടു കാര്യം പറഞ്ഞു. ചിരിച്ച മുഖത്തോടെ ഓഫീസർ പ്രതികരിച്ചു, ‘ക്ഷമിക്കണം, പരിചയക്കാർക്കു മാത്രമേ ഞാൻ ഫോട്ടോ സാക്ഷ്യപ്പെടുത്തി കൊടുക്കാറുള്ളൂ.’ അപ്പോൾ പരിചയമില്ലാത്തവർ എന്തു ചെയ്യും എന്നു ചോദിച്ചില്ല.

'അതെന്തേ അങ്ങനെ?' എൻറെ ഫോട്ടോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. ഞാൻ മുമ്പിൽ തന്നെ ഇരിക്കുന്നുമുണ്ട്. അപ്പോൾ പിന്നെ എന്താണു ബുദ്ധിമുട്ട്?

'ഫോട്ടോ പിന്നെ മാറ്റി ഒട്ടിക്കാമല്ലോ!'

ഓ, അത്രയും കടന്നു ചിന്തിച്ചില്ല. (നല്ല പോലീസുകാരനാകണമെങ്കിൽ ആദ്യം നല്ല കള്ളനാകണം!) 'അതു പരിചയക്കാർക്കും പറ്റില്ലേ' എന്നു ചോദിച്ചില്ല. ചെയ്യില്ലായിരിക്കും.

അഞ്ചു തവണ ഒരു ഫോട്ടോ സാക്ഷ്യപ്പെടുത്തിയ കാര്യവും പറഞ്ഞു. 

ഓരോ തവണയും ഓരോ തടസ്സങ്ങൾ. ആറാമതും വന്നപ്പോൾ നിരസിച്ചു. അതിനു ശേഷം അപരിചിതരുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തൽ വേണ്ടെന്നു തീരുമാനിച്ചു. ന്യായമായ തീരുമാനം, ഓഫീസറെ തെറ്റു പറയാൻ പറ്റില്ല. ആരായാലും അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു.

ഓഫീസർ ചോദിച്ചു, ഈയുള്ളവൻ പറഞ്ഞു: ഇവിടെ പരിചയമുള്ള ഓഫീസർമാർ ആരുമില്ല. അമ്പതു വർഷത്തിലേറെ ഡെൽഹിയിലായിരുന്നു. വാർദ്ധക്യകാലം നാട്ടിൽ തന്നെ ചെലവിടാമെന്നു വിചാരിച്ചു. പുതിയ വീട്, പുതിയ വിലാസം, പുതിയ ആധാർ കാർഡ്.

ജോലിക്കാര്യങ്ങളും മറ്റും ചോദിച്ചു. എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. അതൊരു അഭിമുഖമായിരുന്നെന്നു പിന്നീടു മനസ്സിലായി.

ഫോട്ടോ സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ ആധാർ കാർഡിൻറെ പ്രതിയും കൂടെ വയ്ക്കണമെന്നു പറഞ്ഞപ്പോൾ അതിശയം. 'ങേ, അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.'

'ഉണ്ടല്ലോ, ആ ഫോറത്തിൽ തന്നെ എഴുതിയിട്ടുണ്ട്.’

ബാഗിൽ നിന്നു ഫോറം എടുത്തു നോക്കി. 'ഇല്ലല്ലോ'.

ഓഫീസർ അതു വാങ്ങി പരിശോധിച്ചു.

'ഇതിൽ ഫോട്ടോ ഒട്ടിച്ചിട്ടില്ലല്ലോ.'

'ഇല്ല, ഒട്ടിക്കണം. ഒട്ടിച്ചാൽ സാക്ഷ്യപ്പെടുത്തിത്തരുമോ?'

'സാറു പറഞ്ഞതെല്ലാം വിശ്വസിക്കുന്നു. ചെയ്തു തരാം.'

'അങ്ങനെ വേണമെന്നില്ല, കൈയിലുള്ള രേഖകൾ കാണിക്കാം.'

രേഖകൾ പരിശോധിച്ചില്ല, കൂടുതലൊന്നും ചോദിച്ചുമില്ല. ഫോട്ടോ സാക്ഷ്യപ്പെടുത്തി, സീലും പതിച്ചു.

ഓഫീസർക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കട്ടെ.

'ഇതു ശരിയായില്ലെങ്കിൽ, തടസ്സങ്ങൾ ഉന്നയിച്ചാൽ, വീണ്ടും താങ്കളെ ശല്യപ്പെടുത്തില്ല'. വാഗ്ദാനങ്ങൾ കൊടുക്കാനുള്ളതാണല്ലൊ, പാലിക്കാനുള്ളതും. 'ആദ്യതവണ തന്നെ ശരിയാകുമായിരിക്കും,' രണ്ടുപേരും മോഹിച്ചു.

വീണ്ടും അക്ഷയകേന്ദ്രം.

'ഇതു പറ്റില്ല. ഫോട്ടോയിൽ മുഖത്തു സീൽ വന്നിരിക്കുന്നു. ഇതു തിരസ്കരിക്കും. സമർപ്പിച്ചാലും കാര്യമില്ല. ഞങ്ങൾക്കു പിഴയും വിധിക്കും.' ശരിയാണ്, ഓഫീസറുടെ പകുതി പേര് ഫോട്ടോയിൽ മുഖത്ത്!

സീൽ മലയാളത്തിൽ ആണെന്നതും നിരസിക്കാൻ കാരണം. പല സംസ്ഥാന സർക്കാരുകളും ഇംഗ്ളീഷിൻറെ സ്ഥാനത്ത് മാതൃഭാഷ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ മലയാളത്തിൽ സീൽ പറ്റില്ലത്രെ!

'ഞങ്ങൾ പറഞ്ഞ ( ….. ) ഓഫീസിൽ പോയില്ലേ? അവരാണെങ്കിൽ ഇങ്ങനെ സീൽ പതിക്കില്ല.'

'പോയി. അവിടെ ഓഫീസർ വന്നിട്ടില്ല.'

'സാരമില്ല, വേറെ ഫോറം തരാം. നാളെ പോയി ചെയ്യിച്ചാൽ മതി.'

പിറ്റേന്ന് വീണ്ടും അവർ പറഞ്ഞ ഓഫീസിൽ. തിരക്കൊന്നുമില്ല.

ഓഫീസർ ഉണ്ട്. വേറെ ഒരാൾ കൂടി അതേ സമയം എത്തി. വന്നപ്പോഴേ അയാൾ ഓഫീസറുടെ മുറിയിൽ കയറി. മിടുക്കൻ. ഞാൻ വിഡ്ഢി. ഫോട്ടോ ഒട്ടിക്കണം. ഫോട്ടോ ഒട്ടിച്ചപ്പോഴേക്കും ഓഫീസർ അയാളുടെ കൂടെ പോയി. ദൈവമേ, ഇതെന്തു കഷ്ടം. എന്തോ പരിശോധനക്കു പോയതാണത്രെ.

സമയം ഏകദേശം ഒരു മണി. വയർ ചോദിക്കുന്നു, 'എന്തേ, എന്നെ മറന്നോ?' പ്രമേഹം ഉള്ളതുകൊണ്ട് വിശന്നിരിക്കാൻ പാടില്ല.

‘ഒന്നടങ്ങിയിരിക്കൂ’, വയറിനെ ശാസിച്ചു. ഇന്നെന്തായാലും ഒപ്പീടിച്ചിട്ടേ പോകുന്നുള്ളൂ.

ഓഫീസിലെ ഒരു സുഹൃത്ത് (അങ്ങനെ വിളിക്കട്ടെ!) പറഞ്ഞു, 'ചിലപ്പോൾ രണ്ടു മൂന്നു സ്ഥലത്തൊക്കെ പരിശോധനക്കു പോകേണ്ടി വരും. അങ്ങനെയെങ്കിൽ താമസിക്കും.'  എന്തായാലും കാത്തിരിക്കുക തന്നെ. വെറുതെ ഫോണിൽ നോക്കി ചികഞ്ഞുകൊണ്ടിരുന്നു.

അധികം താമസിയാതെ അദ്ദേഹം തിരിച്ചെത്തി. അകത്തേക്കു ചെല്ലാൻ പുതിയ 'സുഹൃത്ത്' പറഞ്ഞു. അദ്ദേഹം ഓഫീസറോടു പറഞ്ഞു, ‘ഇന്നലെയും വന്നിരുന്നു.'

അതെന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? ഒരു ശുപാർശ പോലെ? എന്നെ കണ്ടപ്പോൾ സഹതാപം തോന്നിയോ? അതോ പ്രായത്തോടുള്ള ബഹുമാനമോ? അറിയില്ല.

എന്തായാലും, പേരു പോലും അറിയാത്ത സുഹൃത്തേ, വളരെ നന്ദി!

ഓഫീസർ കാര്യമായി ഒന്നും ചോദിച്ചില്ല. ഇപ്പോഴത്തെ ആധാർ കാർഡ് ചോദിച്ചു, കൊടുത്തു. പരിശോധിച്ചു തിരിച്ചു തന്നു. ഫോട്ടോ സാക്ഷ്യപ്പെടുത്തി. സീൽ വച്ചത് മറ്റൊരു സഹോദരിയാണ്. മുഖത്തു വരാതെ അവർ സീൽ പതിപ്പിച്ചു. സാധാരണ സമാന്തരമായിട്ടാണ് സീൽ പതിപ്പിക്കുക. എന്നാൽ ഈ സഹോദരി ലംബമായി സീൽ പതിപ്പിച്ചു തന്നു. ആഹാ, എത്ര സുന്ദരം. മുഖത്തു വരാതെ സീൽ പതിപ്പിക്കുന്നതിൻറെ രഹസ്യം!

ഓഫീസർക്കും സീൽ പതിപ്പിച്ച സഹോദരിക്കും അകമഴിഞ്ഞ നന്ദി!

വീണ്ടും അക്ഷയ കേന്ദ്രം.

സഹോദരി ഫോറം വാങ്ങി നോക്കി. 'ങാ, ഇതു കുഴപ്പമില്ല. ശരിയാക്കാം. കാത്തിരിക്കൂ, വിളിക്കാം.' ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ വിളിച്ചു.

വീണ്ടും മറ്റൊരു ഫോറം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, കണ്ണുകളുടെയും, വിരലുകളുടെയും സ്കാനിങ്, എല്ലാം ചെയ്തു. നൂറു രൂപ ഫീസ് അടച്ചു. പോന്നു.

രണ്ടാഴ്ച കഴിഞ്ഞാൽ ആധാർ കാർഡ് കിട്ടും.

കാത്തിരിക്കുന്നു.

- - - - - - - - - - -

ഓഫീസുകളുടെയും ഓഫീസർമാരുടെയും പേരെഴുതാത്തത് മനപ്പൂർവ്വമാണ്. അവർക്ക് ഇഷ്ടമാകുമോ എന്നറിയില്ലല്ലൊ.

2023 മാർച്ച് 5, ഞായറാഴ്‌ച

ഒരു സംവാദം

ഡും, ഡും ...

“വന്നോളൂ.”

...

“ഇരിക്ക്യാ. പറയ്യാ.”

“ജ്യോത്സ്യൻ ... ?”

“അതെ ഞാൻ തന്നെ. പറഞ്ഞോളൂ. ന്തു വേണം?”

“സമയം കുറിക്കണം.”

“ആവാല്ലോ. ന്തിനുള്ള സമയാ?”

“അത് ... അത് ... ... ...”

“പറയൂ, ന്തിനാ മടിക്കണേ? വിവാഹം? ഗൃഹപ്രവേശം? ...”

“അതൊന്നുമല്ല.”

“പിന്നെ?”

“ഒരു മുഖപുസ്തകസുഹൃത്തിനെ സൗഹൃദവലയത്തീന്നു മാറ്റണം.”

“ങേ? തെന്താപ്പാ? അതിനിപ്പോ, നല്ല സമയോക്കെ നോക്കണോ? അങ്ങ്ട് നീക്ക്വാ, അത്രന്നെ.”

“അതല്ല, നേരിട്ടു പരിചയമില്ലെങ്കിലും ഏറെ ബഹുമാനിക്കുന്ന ഒരാളാണ് ഇദ്ദ്യം.”

“ങാ, അതുവ്വോ, ന്നാ പിന്നെ എന്തിനാ മാറ്റണേ?”

“അത് ... ഈയുള്ളോൻറെ ഒരു പോസ്റ്റിന് അദ്ദ്യം ഒരു കമന്റ് ഇട്ടു. ...”

“ദാ പ്പം നന്നായെ. അതിനിപ്പോ അദ്ദ്യത്തെ മാറ്റണോ? കമന്റൊക്കെ എല്ലാരും ഇടുന്നതല്ലേ? ഞാനും ഇടാറ്ണ്ടല്ലോ ഇടയ്ക്കൊക്കെ.”

“അതല്ല. അദ്ദ്യം കമൻറ് ഇട്ടപ്പോൾ ഈയുള്ളോൻറെ പേരും അതിൽ വന്നു.”

“വരൂല്ലോ. അപ്പാല്ലേ ങ്ങക്കു അറീപ്പ് കിട്ടണേ?”

“അതെ. അതിനൊന്നും കുഴപ്പമില്ല.”

“പിന്നെന്തിനാ കുഴപ്പം?”

“സ്വന്തം കമന്റിൽ അദ്ദ്യം അസാരം രാഷ്ട്രീയം കലർത്തി.”

“അതിനെന്താ. അദ്ദ്യത്തിൻറെ അഭിപ്രായം പിന്നെ വേറെ ആരെങ്കിലും പറയ്വോ?”

“അതല്ല, ആ കമന്റിൽ ഈയുള്ളോൻറെ രാഷ്ട്രീയ നിലപാട് അദ്ദേഹം വിളംബരം ചെയ്തിരിക്കുന്നു.”

“ങ്ഹേ, അതെങ്ങനെ? തമ്മിൽ അറീല്ലാന്നല്ലേ ങ്ങ മുമ്പു പറഞ്ഞെ?”

“അതെ, തമ്മിൽ അറീല്ല. അദ്ദ്യം ഊഹിച്ചെടുത്തിട്ട് അതങ്ങട് കാച്ചി! അത്രന്നെ.”

“ങും, ങ്ങടെ നിലപാടിന് എതിരായിട്ടുള്ള നിലപാട് അദ്ദ്യം എടുത്തു, അത് ങ്ങക്ക് പിടിച്ചില്ല. അപ്പ അതാണു കാര്യം.”

“അതല്ല കാര്യം.”

“ഹ, പിന്നെന്താച്ചാൽ പറഞ്ഞു തൊലയ്ക്കൂ, ഹേ. നിക്കു വേറേം പണീണ്ടേ.”

“നിക്കങ്ങനെ ഒരു പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് അദ്ദ്യത്തോടു പറഞ്ഞു.”

“പറഞ്ഞൂച്ചാ, കമന്റായി?”

“തന്നെ. ഇക്കാര്യം പറഞ്ഞിട്ടുള്ള ഒരു ബ്ലോഗ് പോസ്റ്റിൻറെ ചങ്ങലക്കണ്ണീം അയച്ചുകൊടുത്തു.”

“ന്നിട്ട്?”

“ന്നിട്ടെന്താ, ആദ്യത്തെ ആ കമൻറ് അദ്ദ്യം അതേപടി പകർത്തീട്ട് സ്വന്തം ഭിത്തിയിൽ ഒട്ടിച്ചു.”

“ന്നിട്ട്?”

“അതിൽ ഈയുള്ളോൻറെ പേരും ണ്ടേ.”

“ഹ, അതിനിപ്പോ ന്താ? അതത്ര വല്ല്യ തെറ്റാ? അതങ്ങട് മായ്ക്കാൻ പറഞ്ഞാ പോരേ? അതിന് അദ്ദ്യത്തെ ഒഴിവാക്കണോ?”

“പറഞ്ഞൂ, അതന്യാ ആദ്യം ചെയ്തെ.”

“ന്നിട്ട്?”

“അദ്ദ്യം അതു കണ്ടൂന്നു നടിക്കൂം കൂടി ണ്ടായില്ല.”

“അതിപ്പോ, അദ്ദ്യം വല്ല കടയിലോ, അമ്പലത്തിലോ ഒക്കെ പോയിരിക്കും. ത്തിരി സമയം കൊടുക്ക്വാ, അദ്ദ്യം മായ്ക്കും. ത്ര ക്ഷമീല്ലാണ്ടായാലോ?”

“സമയം കൊടുത്തു.”

“എത്ര? ഒരു മണിക്കൂർ? രണ്ടു മണിക്കൂർ?”

“രണ്ടീസം മുഴുവൻ കൊടുത്തു.”

“രണ്ടീസോ?”

“ങാ, മിനിഞ്ഞാന്നു വൈകീട്ടത്തെ കാര്യാണേ.”

“ങും. ന്നിട്ട് ഇതുവരെ മായ്ച്ചില്ലേ?”

“ഇല്ലാന്നേ. മാത്രല്ല, ഒരു മറുപടീം കൂടി തന്നിട്ടില്ല.”

“ങാ, പ്പ പ്പിന്നെ ... ങ്ങളു പറഞ്ഞപോലെ ചെയ്യാ, ല്ലേ?”

“അതെ, അതിനാ പ്പ വന്നെ.”

“അതിനിപ്പ നല്ല സമയം നോക്കാനുണ്ടോ?”

“അതല്ല. അദ്ദ്യത്തിന് ത്തിരി സമയം കൂടി കൊടുക്കാന്നു നിരീച്ചു.”

“ങും, ഒരവസാന ശ്രമം, ല്ലേ?”

“ങാ.”

“ആട്ടെ, ങ്ങള് അദ്ദ്യത്തെ മാറ്റിയാ അദ്ദ്യത്തിനെന്താ നഷ്ടം?”

“അദ്ദ്യത്തിന് ഒരു നഷ്ടോം ല്ല്യ.”

“ങ്ങക്കോ?”

“അദ്ദ്യത്തിൻറെ കവിതകൾ വായിക്കണത് ഇഷ്ടാ. അതു പറ്റില്ലല്ലോ. അങ്ങനെ ഒരൂട്ടം സങ്കടം ണ്ട്.”

“ആട്ടെ, ങ്ങള് മുമ്പ് എത്ര പേരെ ഇതുപോലെ ങ്ങടെ വലയത്തീന്നു നീക്കീട്ട്ണ്ട്?”

“ഒരാളെ ... ഒരൊറ്റയാളെ.”

“അയിന് സമയം നോക്കീർന്നോ?”

“ല്ല്യ. അത്, അദ്ദ്യം അസഭ്യമായ ചില പോസ്റ്റുകൾ ഇട്ടേ. അപ്പ നല്ല ദേഷ്യം വന്നു. അങ്ങട് നീക്കി, ത്ര ന്നെ.”

“ങും. ശരി, ന്നാ കവടി നിരത്താം. ന്താ?”

“ഓ.”

“ദാ നോക്കൂ. കവടി പറേണു, ഇന്നു വൈകീട്ടു വരെ സമയം കൊടുക്കാൻ. അപ്പഴല്ലേ രണ്ടീസം പൂർത്തിയാകുള്ളൂ?”

“ങാ, അഞ്ചരക്ക്.”

“അതന്നെ. അഞ്ചരക്ക്. അഞ്ചരക്ക് നീക്കിക്കോളൂ. എല്ലാം നന്നായി വരും.” 

“ശരി, ജ്യോത്സരേ, അങ്ങനേന്നെ ചെയ്യാം. വൈകീട്ട് അഞ്ചരക്ക്.”

“ആയിക്കോളൂ.”

“ജ്യോത്സ്യരേ ദാ, ദക്ഷിണ.”

“ഹേയ്, ഇതിനു ദക്ഷിണേ? ന്നും വേണ്ട. ങ്ങള് ൻറെ ഫ്രണ്ട് ആയാ മതി.”

“ശരി, അപ്പോ കാണാം.”

“ഓ, ആയ്ക്കോട്ടെ.”

നീ അടുത്തുണ്ടായിരുന്നെങ്കിൽ!

21 09 22

ഏകദേശം മൂന്നുവർഷത്തിലേറെയായി തുടരുന്ന അണുബാധ പൂർണ്ണമായും മാറണമെങ്കിൽ ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണ് മാർഗ്ഗമെന്നു ഡോക്ടർ പറഞ്ഞപ്പോൾ,

എങ്കിലതു തന്നെയാണു നല്ലതെന്നു കണ്ണനും പറഞ്ഞപ്പോൾ,

ഫോണിൽക്കൂടി നീയും ആ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൾ,

എങ്കിൽ പിറ്റേന്നു തന്നെ ആ കൃത്യം നടത്താമെന്നു തീരുമാനിച്ചപ്പോൾ,

പിറ്റേന്നു രാവിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ,

പത്തേമുക്കാലിന് ശസ്ത്രക്രിയാ അണിയറയിൽ പ്രവേശിപ്പിച്ചപ്പോൾ,

ഒന്നേമുക്കാലായപ്പോൾ സഹികെട്ട് എന്തേ ഇത്ര താമസമെന്ന് ഒരു ഡോക്ടറോടു ചോദിക്കേണ്ടി വന്നപ്പോൾ,

ഒരു ഉപകരണം കമ്പനിയിൽ നിന്നു വരുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ,

പിന്നെ മൂന്നു മണിയോടെ ശസ്ത്രക്രിയാ മേശമേൽ കിടത്തിയപ്പോൾ,

പ്രാദേശികമായി മരവിപ്പിച്ചിട്ട് ശത്രക്രിയ ചെയ്തപ്പോൾ,

20 ഡിഗ്രി ചൂടിൽ തണുത്തു വിറച്ചപ്പോൾ,

ഏറെ അസ്വസഥത അനുഭവപ്പെട്ടപ്പോൾ,

മരവിപ്പിച്ചെങ്കിലും സാമാന്യം വേദന അനുഭവിച്ചപ്പോൾ,

ശ്വാസോച്ഛാസം ക്രമാതീതമായി വേഗത്തിലായപ്പോൾ,

ഹൃദയമിടിപ്പു പതിന്മടങ്ങു കൂടിയപ്പോൾ,

എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ,

കൈകൾ സ്വതന്ത്രമല്ലാതിരുന്നതുമൂലം കണ്ണുകൾ തുടയ്ക്കാൻ പോലും കഴിയാതെ വിമ്മിഷ്ടപ്പെട്ടപ്പോൾ,

പിന്നെ എല്ലാം കഴിഞ്ഞ് ചക്രക്കസേരയിലിരുത്തി മുറിയിൽ എത്തിച്ചപ്പോൾ,

അസാധാരണമായ ക്ഷീണവും പരവേശവും മൂലം വീർപ്പുമുട്ടിയപ്പോൾ,

വിഷമം വല്ലതും തോന്നുന്നുണ്ടോയെന്നു കണ്ണൻ ചോദിച്ചപ്പോൾ,

ശബ്ധം ശരിയായി പുറത്തു വരാൻ വിസമ്മതിച്ചപ്പോൾ,

"ക്ഷീണമുണ്ട്, സാരമില്ല" എന്നൊരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ,

ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും ഇടക്കിടെ കൂടിയും കുറഞ്ഞുമിരുന്നപ്പോൾ,

കണ്ണുനീർ ഇടയ്ക്കിടെ ഒഴുകിയപ്പോൾ,

തണുപ്പു സഹിക്കാൻ വയ്യാതെ കമ്പിളി കൊണ്ടു പുതച്ചപ്പോൾ,

എന്നിട്ടും തണുപ്പു മാറാത്തപ്പോൾ,

കണ്ണൻ കാല്പാദങ്ങളിൽ അമർത്തി തിരുമ്മിയപ്പോൾ ഏറെ ആശ്വാസം ലഭിച്ചപ്പോൾ,

വേദന കൂടുതലായി അനുഭവപ്പെട്ടപ്പോൾ,

ഒടുവിൽ എല്ലാം ശാന്തമായപ്പോൾ,

പതിന്നാലു മണിക്കൂറിനു ശേഷം ആശുപത്രിയിൽ നിന്നു പോന്നപ്പോൾ,

വെറുതെ മോഹിച്ചു പോയി,

നീ അടുത്തുണ്ടായിരുന്നെങ്കിൽ!


അഭിവന്ദ്യനായ ഓംചേരി സാറിന് ഹൃദയം നിറഞ്ഞ നൂറാം ജന്മദിനാശംസകൾ!

05 ഫെബ്രുവരി 2023

നാടകകൃത്ത്, നോവലെഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ, പത്രാധിപർ, അദ്ധ്യാപകൻ,

ഭരണാധിപൻ –
അങ്ങു കടന്നെത്താത്ത മേഖലകളില്ല
പയറ്റാത്ത അടവുകളില്ല
വെട്ടിപ്പിടിക്കാത്ത ലക്ഷ്യങ്ങളില്ല.
 
ജീവിതയാത്രയിൽ ശതവർഷത്തിലെത്തിനിൽക്കുന്ന
ഓംചേരി സാറിനു ഹൃദയം നിറഞ്ഞ ആശംസകൾ!
 
ഇനി മുമ്പോട്ടും
ആയുരാരോഗ്യസമ്പത്സമൃദ്ധിയോടുകൂടി ലീലാസമേതനായി
അനേകവർഷം സസുഖം ജീവിക്കുവാൻ
ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ!
 
അങ്ങയുടെ കൃതികളുടെ നാമങ്ങൾ കൊണ്ടു തീർത്ത
ഒരു മുക്തഹാരം സമർപ്പിക്കുന്നു.
ദയവായി സ്വീകരിക്കണമെന്ന് അപേക്ഷ.
 
"ഈ വെളിച്ചം നിങ്ങളുടേതാകുന്നു"
പറഞ്ഞതാരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ
"തേവരുടെ ആന" പറഞ്ഞു
"സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്", എന്തെന്നാൽ
"ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു".
 
"കള്ളൻ കയറിയ വീ"ട്ടിൽ
"ഉലകുട പെരുമാ"ളും
"മിണ്ടാപ്പൂച്ചക"ളും
"നല്ലവനായ ഗോഡ്സെ"യും
"നോക്കുകുത്തി തെയ്യ"ങ്ങളാകുന്നു.
 
"യേശുവും ഞാനും"
"ഒപ്പത്തിനൊപ്പം"
"പ്രളയ"ത്തിൽ അകപ്പെട്ടപ്പോൾ,
കേരള സാഹിത്യ അക്കാദമി പുരസ്കാരം
"ലക്ഷ്യവും മാർഗ്ഗവും" അറിയാതെ നീന്തിക്കുഴഞ്ഞപ്പോൾ,
"വികാരങ്ങൾ വിചാരങ്ങൾ" എന്നിവ നഷ്ടപ്പെട്ടപ്പോൾ,
"കാഴ്ചകൾ കാഴ്ചപ്പാടുകൾ" എന്നിവ മങ്ങിത്തുടങ്ങിയപ്പോൾ,
"ആകസ്മിക"മായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 
പാദസ്പർശം ചെയ്തപ്പോൾ, പറഞ്ഞുപോയി,
"ഇതു നമ്മുടെ നാടാകുന്നു",
ഇവിടെയാരേയും "ചെരിപ്പു കടിക്കില്ല",
എന്തെന്നാൽ ഇവിടെയുണ്ട് സമഗ്രസംഭാവനാപുരസ്കാരവും
കേരളപ്രഭയും കലാരത്ന പുരസ്കാരവും
സാഹിത്യപ്രവർത്തകസഹകരണസംഘപുരസ്കാരവും.
 
"ആകാശത്തോളമെത്തിയ കുറെ മനുഷ്യരും അനുഭവങ്ങളും", അവരോടൊപ്പം
"നാടകവും അരങ്ങും – ഇന്നലെ, ഇന്ന്, നാളെ"യും കൂടി
"അധിനിവേശ"ത്തിൻറെ
"വികാസ രേഖക"ളിൽ പരതി നടന്നപ്പോൾ "ഓംചേരിയുടെ സമ്പൂർണ്ണ കൃതികൾ"
പറഞ്ഞു, "നന്ദി ഒരു വെറുംവാക്കല്ല".
 
"ആകസ്മികങ്ങളുടെ ഓർമ്മച്ചെപ്പ്"
തുറന്നപ്പോൾ അതിലുണ്ടായിരുന്ന
"മൈക്രോ നാടകങ്ങളും മിനിക്കവിതകളും" വിളിച്ചുകൂവി,
"ജനശബ്ധം ദൈവശബ്ധം".
 

"അവനോടു പറയണ്ട!"

10-07-22

[എല്ലാ ജോലിക്കാർക്കും വേണ്ടി സമർപ്പിക്കുന്നു]

നാലു മണി. ചായയ്‌ക്കു സമയമായി. അയാൾ എഴുന്നേറ്റു. ഫോൺ മണിയടിച്ചു. പരിചയമില്ലാത്ത നമ്പർ. ഏതെങ്കിലും കോൾ സെന്ററിൽ നിന്നാകാം. "കാർ ലോൺ? വീടു ലോൺ? ക്രെഡിറ്റ് കാർഡ്? ..."

"ഹലോ"

"ഹലോ, മോനേ ഇത് ഓ.പി. ശർമ്മയാണ്, നിങ്ങളുടെ അയൽക്കാരൻ."

ശർമ്മാജി! കണ്ടിട്ടുണ്ട്. ചിലപ്പോൾ ഒരു പുഞ്ചിരി, അപൂർവ്വമായി ഒരു "സുപ്രഭാത ആശംസകൾ". അത്രയേയുള്ളൂ. തിരക്കു പിടിച്ച നഗരജീവിതത്തിൽ അതങ്ങനെയാണല്ലോ. തൊട്ടടുത്ത വീട്ടിലുള്ളവരെപ്പോലും അറിയില്ല. പക്ഷേ അദ്ദേഹം ഇപ്പോൾ എന്തിനാണ് വിളിക്കുന്നത്?

"എന്താ ശർമ്മാജി, എന്തു പറ്റി?"

"മോനൊന്നു വേഗം വരൂ."

"എന്തു പറ്റി, ശർമ്മാജി?"

"മോനേ, നിൻറെ അമ്മക്കു നല്ല സുഖമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്."

നെഞ്ചിൽ ഒരാളൽ! ഈശ്വരാ! എന്തു പറ്റിയോ ആവോ. അമ്മയ്ക്കു പറയത്തക്ക അസുഖങ്ങളൊമൊന്നുമില്ല. രാവിലെ പോരുമ്പോഴും പൂർണ്ണ ആരോഗ്യവതിയായിരുന്നു.

"ശർമ്മാജി, എന്തു പറ്റിയെന്നു പറയൂ. അമ്മക്കെന്തു സംഭവിച്ചു?"

"ഞങ്ങൾ വയസ്സായവരെല്ലാവരും കൂടി ഉച്ച കഴിഞ്ഞു പാർക്കിലിരുന്നു വെയിൽ കൊള്ളാറുണ്ടെന്നു നിനക്കറിയാമല്ലോ" 

അറിയാം. ഇതവരുടെ തണുപ്പുകാലത്തെ പതിവാണ്. സൊസൈറ്റിയിലെ പെൻഷൻ പറ്റിയ, വയസ്സായ ആൾക്കാരെല്ലാവരും കൂടി ചെറു സംഘങ്ങളായി പാർക്കിലിരുന്നു വെയിൽ കാഞ്ഞും സൊറ പറഞ്ഞും ചീട്ടു കളിച്ചും കുറെ സമയം ഉത്സാഹപൂർവ്വം ചെലവഴിക്കും.

"ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് നിൻറെ വീട്ടിൽ നിന്നു പാത്രങ്ങൾ താഴെ വീഴുന്ന ശബ്ധം കേട്ടത്. എൻറെ ഭാര്യ ഓടിപ്പോയി നിൻറെ അമ്മയെ വിളിച്ചു. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അകത്തു കയറി നോക്കി. അമ്മ അടുക്കളയിൽ ബോധമില്ലാതെ വീണു കിടക്കുകയായിരുന്നു. ഞങ്ങളാൽ ആവും വിധമൊക്കെ നോക്കിയിട്ടും ബോധം വീഴാത്തപ്പോൾ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോന്നു."

"ഈശ്വരാ! ഏതാശുപത്രിയിലാണ്?"

"ഫാസ്റ്റ് ക്യൂർ ആശുപത്രിയിൽ. വേഗം വരൂ."

"ശരി, ശർമ്മാജി, ദാ ഇപ്പോൾ എത്താം."

അയാൾ ഭാര്യ മോളുവിനെ വിളിച്ചു കാര്യം പറഞ്ഞു, ഉടനെ ആശുപത്രിയിലേക്കു വരാനും.

വേണ്ടാത്ത ചിന്തകൾ മാത്രം മനസ്സിൽ. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം? സ്ട്രോക്ക്? അതോ ഒരു വീഴ്ചയോ? അമ്മയ്ക്ക് ഹൃദയത്തിന് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. ഈശ്വരാ! അയാൾ പ്രാർത്ഥിച്ചു ... വീണ്ടും വീണ്ടും പ്രാർത്ഥിച്ചു, "അമ്മയ്‌ക്കൊന്നും വരുത്തല്ലേ!"

***********

ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ.

"ശർമ്മാജി, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഡോക്ടർ എന്തു പറഞ്ഞു?"

അപ്പോഴാണ് ഡോക്ടർ പുറത്തു വന്നത്.

"പേടിക്കാനൊന്നുമില്ല. കുഴപ്പമൊന്നുമില്ല. വീണപ്പോഴുണ്ടായ ഒരു ചെറിയ മുറിവുണ്ടു തലയിൽ. അത് കഴുകിക്കെട്ടി. ഇപ്പോൾ ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. നിങ്ങൾക്കു പോയി കാണാം."

അയാൾ പോകാൻ തുടങ്ങിയതും പിന്നിൽ നിന്നു മോളുവിൻറെ ചോദ്യം മുഴങ്ങി, "അമ്മയ്ക്കെന്തു പറ്റി?"

അവൾ അപ്പോൾ പരിഭ്രമിച്ച് ഓടിക്കിതച്ചു വരുന്നതേയുണ്ടായിരുന്നുള്ളു.

"അമ്മയ്ക്കു കുഴപ്പമൊന്നുമില്ല. വരൂ നമുക്കു പോയി കാണാം."

***********

"അമ്മേ ... അമ്മേ ..."

അമ്മ സാവധാനം കണ്ണുകൾ തുറന്നു പുഞ്ചിരിച്ചു. ക്ഷീണിച്ച ചിരി.

"അമ്മേ എന്താണു പറ്റിയത്? അമ്മയ്ക്കെന്തു സംഭവിച്ചു?

അമ്മ രണ്ടുപേരേയും മാറി മാറി നോക്കി. പിന്നെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു, "എനിക്കു ശരിക്കറിയില്ല. പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു തല ചുറ്റൽ വന്നു വീണു."

പത്തു മിനിട്ടിനു ശേഷം.

"മോനേ, നീ കാന്റീനിൽ പോയി അമ്മയ്ക്കൊരു കപ്പു ചായ വാങ്ങിച്ചുകൊണ്ടുവരാമോ?"

"ശരി, അമ്മേ. ദാ ഇപ്പോൾ കൊണ്ടുവരാം."

അയാൾ മുറിയിൽ നിന്നു പോയി.

"മോളൂ ..."

"എന്താ അമ്മേ?"

"ഞാൻ അവനോടും മറ്റുള്ളവരോടും പറഞ്ഞത് തല ചുറ്റി ബോധം മറഞ്ഞു എന്നാണ്."

"അതെ. അതാണല്ലോ അമ്മ അൽപ്പം മുമ്പും പറഞ്ഞത്."

"ശരിയാണ്. എങ്കിലും എനിക്കു ബോധക്കേടു വരാനുള്ള ശരിയായ കാരണം നീ അറിയണം."

"അതെന്താണു ശരിയായ കാരണം?" മോളു ആകെ ചിന്താക്കുഴപ്പത്തിലായി.

"അതേ ..." ചുറ്റും നോക്കി അടുത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.

"ഇന്നു ബുധനാഴ്ചയാണല്ലോ. പണിക്കാരി വന്നിരുന്നില്ല."

"അതു ശരിയാണ്. ഒന്നിടവിട്ട ബുധനാഴ്ചകളിൽ അവൾ വരാറില്ല."

"അതെ. അതുകൊണ്ട് ഞാൻ പാത്രങ്ങൾ കഴുകി വച്ചേക്കാമെന്നു വിചാരിച്ചു. നീ നിൻറെ ചോറ്റുപാത്രം ഇന്നലെ സിങ്കിൽ ഇട്ടിരുന്നില്ലേ അടപ്പു തുറക്കാതെ?"

"ഉം. അതാണല്ലോ ഞാൻ എന്നും ചെയ്യാറ്."

ഇനിയും പറയാനുള്ള ശക്തി സംഭരിക്കാനെന്നോണം അമ്മ ഒന്നു രണ്ടു നിമിഷം നിശ്ശബ്ധത പാലിച്ചു.

അവർ മോളുവിൻറെ കണ്ണുകളിൽ നോക്കി ഒരു ദീർഘനിശ്വാസം ഉതിർത്തിട്ടു സാവധാനം പറഞ്ഞു, "ഞാൻ ആ പാത്രം തുറന്നപ്പോൾ ഒരു നിമിഷാർത്ഥം കൊണ്ട് അതിലെ അസഹനീയമായ ദുർഗ്ഗന്ധം എന്നെ ഏറ്റവും വൃത്തികെട്ട മലിനജല ഓടയിലേയ്ക്ക് എടുത്തെറിഞ്ഞു, എൻറെ ബോധവും പോയി. ... ഇത്രയും ചൂടുള്ള സമയത്ത് വായു പോലും കേറാതെ രണ്ടു ദിവസത്തോളം അടച്ചു വച്ചിരുന്ന ചോറ്റുപാത്രം ...  അതാണു സംഭവിച്ചത്."

മോളു ഒരക്ഷരം മിണ്ടിയില്ല. അടിയുടെ ശക്തി അത്ര നിസ്സാരമായിരുന്നില്ല. അവൾ താഴെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക് അമ്മയുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലായിരുന്നു. അമ്മ ജോലിക്കു പോയിരുന്നപ്പോൾ ഉച്ചഭക്ഷണത്തിനു ശേഷം പാത്രം കഴുകാറുണ്ടായിരുന്നെന്നു പറഞ്ഞത് അവൾ ഓർത്തു. ഒരിക്കൽ അവർ പറഞ്ഞിരുന്നു, "നിനക്കതു ശരിയായി കഴുകാൻ സാധിക്കില്ലെങ്കിൽ പാത്രത്തിൽ കുറെ വെള്ളം ഒഴിക്കുകയെങ്കിലും ചെയ്യൂ. കുറെയെങ്കിലും വൃത്തിയാകുമല്ലോ. അതും പറ്റുന്നില്ലെങ്കിൽ ചുരുങ്ങിയത് സിങ്കിൽ വയ്ക്കുമ്പോൾ അതിൻറെ അടപ്പു മാറ്റിയിട്ടെങ്കിലും വയ്ക്കൂ. എങ്കിൽ പിറ്റേന്ന് പണിക്കാരി തേയ്ക്കാൻ തുറക്കുമ്പോൾ വലിയ ദുർഗന്ധം വരാതിരിക്കുമല്ലോ."

ഒന്നു രണ്ടു ദിവസം അമ്മ പറഞ്ഞപോലെയൊക്കെ ചെയ്തു. പക്ഷേ പിന്നീട് വീണ്ടും പഴയതുപോലെയായി. അമ്മ പിന്നെ ഒന്നും പറഞ്ഞുമില്ല.

ഇപ്പോൾ ദാ ഇങ്ങനെയും. ...

മോളു തകർന്നുപോയി. അവൾ സാവധാനം എഴുന്നേറ്റു. അമ്മയുടെ കാൽ ഭാഗത്തെത്തി, മുട്ടുകുത്തി നിന്നു. അമ്മയുടെ പാദങ്ങൾ രണ്ടും മുറുക്കെപ്പിടിച്ചു.  അവൾ ഏങ്ങിയേങ്ങി കരഞ്ഞു.

"എന്നോടു ക്ഷമിക്കൂ, അമ്മേ. ഞാനാണ് ഇതിനു കാരണക്കാരി. എന്നോടു ക്ഷമിക്കൂ. ഇനി ഒരിക്കലും ഇതാവർത്തിക്കില്ല. തീർച്ച." അവൾക്കു കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

"മോളൂ, വരൂ, ദാ ഇവിടെ, എൻറെയടുത്തിരിക്കൂ."

********

"കണ്ണു തുടയ്ക്കൂ. മണ്ടിപ്പെണ്ണ്. നീ അത് മനപ്പൂർവ്വം ചെയ്തതല്ലെന്നെനിക്കറിയാം. മറന്നുപോയി, അത്രേയുള്ളൂ. ചെയ്തതു തെറ്റാണെന്നു മനസ്സിലാക്കിയല്ലോ. അതു മതി."

മോളു കണ്ണുകൾ തുടച്ചു. ഒന്ന് ചിരിക്കാൻ ശ്രമിച്ചു, അതും  വികൃതമായിപ്പോയി. 

അമ്മ മോളുവിൻറെ കൈകൾ തൻറെ കൈകളിലെടുത്ത് സാവധാനം തലോടി.

"മോളൂ, നീയെനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ?"

"തീർച്ചയായും, അമ്മേ. പറയൂ." തൻറെ അശ്രദ്ധ മൂലമുണ്ടായ ഈ ദുരന്തത്തിനു പകരമായി എന്തു ചെയ്യാനും അവൾ തയ്യാറായിരുന്നു.

"നിൻറെ കൂട്ടുകാരികളോടും സഹപ്രവർത്തകരോടും പറയണം ഇനി മുതൽ ആഹാരം കഴിച്ച പാത്രം കഴുകാതെ അടച്ച് സിങ്കിൽ വയ്ക്കരുതെന്ന്. ഇനി മറ്റൊരമ്മയും ഞാനനുഭവിച്ചതുപോലെ അനുഭവിക്കാതിരിക്കട്ടെ."

ഒരു നിമിഷത്തെ നിശ്ശബ്ധത.

അവർ പരസ്പരം നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. ഹൃദയത്തിൽ തട്ടിയ ചിരി.

അല്പസമയത്തിനു ശേഷം മോളു ഗൗരവമായി പറഞ്ഞു, "ശരിയാണ് അമ്മേ, ഞാൻ ഈ സന്ദേശം എൻറെ എല്ലാ സുഹൃത്തുക്കൾക്കും കൊടുക്കും: ദയവായി നിങ്ങൾ മുറുക്കി അടച്ച ചോറ്റു പാത്രങ്ങൾ സിങ്കിൽ ഇടരുത്. പറ്റുമെങ്കിൽ ഉച്ചഭക്ഷണം കഴിഞ്ഞ് കൈയും വായും കഴുകുമ്പോൾ ആഹാരം കഴിച്ച പ്ളേറ്റുകളും പാത്രങ്ങളും കൂടി കഴുകണം."

പുറത്തു കാൽപ്പെരുമാറ്റം ... അവ അടുത്തടുത്തു വന്നു.

അമ്മ അവളോടു പറഞ്ഞു, "അവനോടു പറയണ്ട."