17 06 2023
അച്ഛൻ നല്ല ഒരു കൃഷിക്കാരനായിരുന്നു.
പുരയിടത്തിൽ, പറ്റുന്ന പണികളൊക്കെ തന്നത്താനാണു ചെയ്യാറ്.
പള്ളിക്കൂടം ഇല്ലാത്ത സമയമോ ദിവസമോ ആണെങ്കിൽ ഞങ്ങൾ കുട്ടികളും അച്ഛനൊപ്പം
കൂടും.
അച്ഛൻ നല്ല ആരോഗ്യമുള്ള കൂട്ടത്തിലായിരുന്നു.
എന്തു പണിയെടുക്കാനും ഒരു മടിയുമില്ല.
പറമ്പിൽ കിളയ്ക്കാൻ, തടി ചുമക്കാൻ, വിറകു കീറാൻ, കാടു വെട്ടാൻ, ...
അങ്ങനെ എന്തും.
കുട്ടിക്കാലം.
1960-കളുടെ തുടക്കം.
രണ്ടാം ക്‌ളാസ്സിലോ മൂന്നാം ക്‌ളാസ്സിലോ ആണു പഠിച്ചിരുന്നതെന്നു തോന്നുന്നു.
പുതിയ ഇല്ലം വയ്ക്കാൻ കുട്ടപ്പൻ ആശാരി സ്ഥാനം കണ്ടത് ചരിഞ്ഞു കിടന്ന ഒരു സ്ഥലത്ത്.
കിഴക്കു വശം ഉയർന്ന, പടിഞ്ഞാറു വശം താഴ്ന്ന, ഒരു കുന്ന്.
അച്ഛനും ഏട്ടനും ഈയുള്ളവനും കൂടി ആ കുന്ന് കിളച്ചിളക്കി മണ്ണു ചുമന്ന് പടിഞ്ഞാറുവശത്തു കൊണ്ടുവന്നിട്ട് കെട്ടിടം വയ്ക്കാൻ പാകത്തിന് നിരപ്പാക്കി.
രണ്ടുമൂന്നാഴ്ച തുടർച്ചയായി മണ്ണു മാറ്റിയെന്നാണോർമ്മ.
മണ്ണെടുത്തു കഴിഞ്ഞപ്പോൾ കിഴക്കു വശത്തെ മൺഭിത്തിക്ക്
ഏകദേശം 15 അടിയോളം പൊക്കമുണ്ടായിരുന്നു!
കുട്ടപ്പൻ പണി തീർത്ത ഇല്ലത്തിനു മൂന്നുമുറികൾ, ഒരു കൊച്ചുമുറി, അടുക്കള, മുൻവശത്ത് ഒരു വരാന്ത ഇത്രയും ഉണ്ടായിരുന്നു. പിന്നീട് പിറകുവശത്തു ഒരു വരാന്ത കൂട്ടിയെടുക്കുകയുണ്ടായി.
വെട്ടുകല്ലു കൊണ്ടു നിർമ്മിച്ച ഭിത്തികൾ.
അവയിൽ കുമ്മായം തേയ്ക്കുകയോ പെയിന്റ് അടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.
മഴ നനയാതെ, വെയിൽ കൊള്ളാതെ, കിടക്കാൻ ഒരു സ്ഥലം, അതായിരുന്നു അപ്പോൾ
ആവശ്യം.
അതും ഏറെ ബുദ്ധിമുട്ടിയാണ് അച്ഛൻ ചെയ്തത്.
അമ്മ ഇല്ലത്തിനു പേരിട്ടു: ശ്രീസദനം.
അവിടെ ഞങ്ങൾ ആറു പേർ.
അച്ഛനും അമ്മയും എട്ടനും ഒപ്പോളും അനുജത്തിയും ഞാനും.
അച്ഛൻ പലയിടത്തും ശാന്തി ചെയ്യുമായിരുന്നു.
അങ്ങനെയാണ് ഒരു നേരമെങ്കിലും കഞ്ഞി കുടിച്ചിരുന്നത്. വല്ലപ്പോഴുമേ ഇല്ലത്തു
വരാറുള്ളൂ.
പിന്നീട് ഏട്ടൻ വ്യോമസേനയിൽ ചേർന്നപ്പോൾ കഷ്ടപ്പാട് അൽപ്പം കുറഞ്ഞെന്നു
പറയാം.
അവിടെ ഏകദേശം 20 കൊല്ലത്തോളം, 1981 വരെ, താമസിച്ചു.
ആ ഇല്ലം എന്തെല്ലാം സംഭവങ്ങൾക്കു മൂകസാക്ഷിയായി!
ഏട്ടൻറെ വ്യോമസേനാപ്രവേശനം,
അതറിഞ്ഞ അമ്മയുടെ ദിവസങ്ങളോളം തോരാത്ത കണ്ണുനീർ (തോക്കുമായി അതിർത്തിയിൽ
പോകേണ്ടി വരുമെന്നും ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമായിരുന്നു ഞങ്ങളുടെയൊക്കെ
ധാരണ. ഈ ധാരണ മാറാൻ കുറെ സമയമെടുത്തു.),
ഒപ്പോളുടെ വിവാഹം, രണ്ടു കുട്ടികളുടെ ജനനം, പിന്നീട് വൈധവ്യം,
ഏട്ടൻറെ വിവാഹം,
അനുജത്തിയുടെ വിവാഹം,
ഈയുള്ളവൻറെ ഡെൽഹി യാത്ര,
അച്ഛൻറെ വിയോഗം,
പിന്നീട് എല്ലാം ഉപേക്ഷിച്ച്,
അവിടെക്കഴിഞ്ഞ നല്ല ദിവസങ്ങളുടെ ഓർമ്മകൾ മാത്രം പേറി
അച്ഛൻ മരിച്ച് ഒരു വർഷത്തിനു ശേഷമുള്ള അമ്മയുടെ ഡെൽഹിയാത്ര.
അങ്ങനെ എന്തെല്ലാം!
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ!
ഒടുവിൽ,
ഒരു വർഷത്തിനു ശേഷം,
ആ ഇല്ലം ഞങ്ങളുടേതല്ലാതായി.
(താല്പര്യമുള്ളവർക്ക്, 39 വർഷത്തിനു ശേഷം ആ ഇല്ലം വീണ്ടും സന്ദർശിച്ച അനുഭവം ഇവിടെ വായിക്കാം.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ