22 06 2023
ആധാർ കാർഡ് - നാം ജീവിച്ചിരിക്കുന്നു എന്നതിൻറെ തെളിവ്. ഇപ്പോഴത്തെ ആധാരം ഉത്തരപ്രദേശിലെ നോയിഡയിലേത്. കേരളത്തിൽ സ്ഥിരതാമസമാക്കുമ്പോൾ അതു പോര. ഇവിടത്തെ വിലാസത്തിൽ വേണം.
പുതുവേലി അക്ഷയ കേന്ദ്രത്തിൽ ചെന്നു. കാര്യം അവതരിപ്പിച്ചു. “കൂത്താട്ടുകുളത്തു ചെല്ലൂ, അവർ ചെയ്യും.”
കൂത്താട്ടുകുളത്തെ അക്ഷയകേന്ദ്രത്തിൽ ചെന്നു.
ഇതുവരെ കണ്ടിട്ടുള്ള (രണ്ട്) അക്ഷയകേന്ദ്രങ്ങളിലും ഒരു ചെറിയ മുറി, ഒരു ജീവനക്കാരി, ഒരു കമ്പ്യൂട്ടർ. അത്രയുമേ ഉള്ളൂ. ഒന്നോ രണ്ടോ പേരുണ്ടാകും വരിയിൽ. ചിലപ്പോൾ അതും ഉണ്ടാകില്ല.
എന്നാൽ കൂത്താട്ടുകുളത്തെ അക്ഷയകേന്ദ്രം അങ്ങനെയല്ല.
ഒരു വലിയ ഹാൾ. ഒരു ഡസനോളം ഉദ്യോഗസ്ഥർ. അകത്ത്
ഊഴം കാത്തിരിക്കാൻ കസേരകൾ. പലപ്പോഴും കേന്ദ്രത്തിനു പുറത്തേക്കു നീളുന്ന നിര.
‘പഴയ ആധാർ കാർഡ്?’ കൊടുത്തു. ഒരു ഫോറം പൂരിപ്പിച്ചു തന്നു. അതിൽ ഫോട്ടോ ഒട്ടിക്കണം. ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.
‘( ……. ) ഓഫീസിൽ പോയാൽ മതി. ഒപ്പും സീലും ഫോട്ടോയിൽ
കയറി വരണം. അവർക്കറിയാം, ധാരാളം ചെയ്തിട്ടുണ്ട്.’
അക്ഷയ പറഞ്ഞ ഓഫീസിൽ ചെന്നു. ഓഫീസർ വന്നിട്ടില്ല. എപ്പോൾ വരുമെന്നറിയുകയുമില്ല. അദ്ദേഹത്തെ കാണാൻ വേറെയും ചിലർ.
ഏകദേശം മുക്കാൽ മണിക്കൂറോളം കാത്തിരുന്നു.
ആരോ ഒരാൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. പിന്നീട് കാത്തിരിക്കുന്നവരെ നോക്കി പറഞ്ഞു,
‘ഇന്നദ്ദേഹം വരില്ല.’
എന്തേ അദ്ദേഹം ഇക്കാര്യം ഓഫീസിൽ വിളിച്ചറിയിക്കാത്തത്? ധാരാളം പൊതുജനസമ്പർക്കം ഉള്ള വ്യക്തി. ജനങ്ങൾ വന്നു കാത്തിരിക്കില്ലേ?
അവരുടെ സമയത്തിനും വിലയില്ലേ? അമ്പതു വർഷത്തോളം
ജോലി ചെയ്ത പരിചയത്തിൽ നിന്നുണ്ടായ സംശയം. പൊതുജനസമ്പർക്കം ഇല്ലാതിരുന്നിട്ടും, അൽപ്പമെങ്കിലും
വൈകുമെന്നുണ്ടെങ്കിൽ സഹപ്രവർത്തകരെ വിളിച്ചറിയിക്കുകയെന്നത് സ്വഭാവമായി മാറിയിരുന്നു.
‘ഇനി ഇതും പരിചയിച്ചോളൂ’, സ്വയം പറഞ്ഞു. ഭാവിയിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം.
അറിയിക്കാൻ പറ്റാത്ത എന്തെങ്കിലും സാഹചര്യത്തിൽ പെട്ടിരിക്കാം.
അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ മരിച്ചെന്നു പിന്നീടു കേട്ടു.
അവരോടു ചോദിച്ചപ്പോൾ പറഞ്ഞ പ്രകാരം അടുത്തുള്ള മറ്റൊരു ഓഫീസിൽ പോയി. ഓഫീസറോടു കാര്യം പറഞ്ഞു. ചിരിച്ച മുഖത്തോടെ ഓഫീസർ പ്രതികരിച്ചു, ‘ക്ഷമിക്കണം, പരിചയക്കാർക്കു മാത്രമേ ഞാൻ ഫോട്ടോ സാക്ഷ്യപ്പെടുത്തി കൊടുക്കാറുള്ളൂ.’ അപ്പോൾ പരിചയമില്ലാത്തവർ എന്തു ചെയ്യും എന്നു ചോദിച്ചില്ല.
'അതെന്തേ അങ്ങനെ?' എൻറെ ഫോട്ടോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. ഞാൻ മുമ്പിൽ തന്നെ ഇരിക്കുന്നുമുണ്ട്. അപ്പോൾ പിന്നെ എന്താണു ബുദ്ധിമുട്ട്?
'ഫോട്ടോ പിന്നെ മാറ്റി ഒട്ടിക്കാമല്ലോ!'
ഓ, അത്രയും കടന്നു ചിന്തിച്ചില്ല. (നല്ല പോലീസുകാരനാകണമെങ്കിൽ
ആദ്യം നല്ല കള്ളനാകണം!) 'അതു പരിചയക്കാർക്കും പറ്റില്ലേ' എന്നു ചോദിച്ചില്ല. ചെയ്യില്ലായിരിക്കും.
അഞ്ചു തവണ ഒരു ഫോട്ടോ സാക്ഷ്യപ്പെടുത്തിയ കാര്യവും പറഞ്ഞു.
ഓരോ തവണയും ഓരോ തടസ്സങ്ങൾ. ആറാമതും വന്നപ്പോൾ
നിരസിച്ചു. അതിനു ശേഷം അപരിചിതരുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തൽ വേണ്ടെന്നു തീരുമാനിച്ചു.
ന്യായമായ തീരുമാനം, ഓഫീസറെ തെറ്റു പറയാൻ പറ്റില്ല. ആരായാലും അങ്ങനെ ചെയ്തില്ലെങ്കിലേ
അത്ഭുതമുള്ളു.
ഓഫീസർ ചോദിച്ചു, ഈയുള്ളവൻ പറഞ്ഞു: ഇവിടെ പരിചയമുള്ള ഓഫീസർമാർ ആരുമില്ല. അമ്പതു വർഷത്തിലേറെ ഡെൽഹിയിലായിരുന്നു. വാർദ്ധക്യകാലം നാട്ടിൽ തന്നെ ചെലവിടാമെന്നു വിചാരിച്ചു. പുതിയ വീട്, പുതിയ വിലാസം, പുതിയ ആധാർ കാർഡ്.
ജോലിക്കാര്യങ്ങളും മറ്റും ചോദിച്ചു. എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. അതൊരു അഭിമുഖമായിരുന്നെന്നു പിന്നീടു മനസ്സിലായി.
ഫോട്ടോ സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ ആധാർ കാർഡിൻറെ പ്രതിയും കൂടെ വയ്ക്കണമെന്നു പറഞ്ഞപ്പോൾ അതിശയം. 'ങേ, അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.'
'ഉണ്ടല്ലോ, ആ ഫോറത്തിൽ തന്നെ എഴുതിയിട്ടുണ്ട്.’
ബാഗിൽ നിന്നു ഫോറം എടുത്തു നോക്കി. 'ഇല്ലല്ലോ'.
ഓഫീസർ അതു വാങ്ങി പരിശോധിച്ചു.
'ഇതിൽ ഫോട്ടോ ഒട്ടിച്ചിട്ടില്ലല്ലോ.'
'ഇല്ല, ഒട്ടിക്കണം. ഒട്ടിച്ചാൽ സാക്ഷ്യപ്പെടുത്തിത്തരുമോ?'
'സാറു പറഞ്ഞതെല്ലാം വിശ്വസിക്കുന്നു. ചെയ്തു
തരാം.'
'അങ്ങനെ വേണമെന്നില്ല, കൈയിലുള്ള രേഖകൾ കാണിക്കാം.'
രേഖകൾ പരിശോധിച്ചില്ല, കൂടുതലൊന്നും ചോദിച്ചുമില്ല.
ഫോട്ടോ സാക്ഷ്യപ്പെടുത്തി, സീലും പതിച്ചു.
ഓഫീസർക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കട്ടെ.
'ഇതു ശരിയായില്ലെങ്കിൽ, തടസ്സങ്ങൾ ഉന്നയിച്ചാൽ, വീണ്ടും താങ്കളെ ശല്യപ്പെടുത്തില്ല'. വാഗ്ദാനങ്ങൾ കൊടുക്കാനുള്ളതാണല്ലൊ, പാലിക്കാനുള്ളതും. 'ആദ്യതവണ തന്നെ ശരിയാകുമായിരിക്കും,' രണ്ടുപേരും മോഹിച്ചു.
വീണ്ടും അക്ഷയകേന്ദ്രം.
'ഇതു പറ്റില്ല. ഫോട്ടോയിൽ മുഖത്തു സീൽ വന്നിരിക്കുന്നു. ഇതു തിരസ്കരിക്കും. സമർപ്പിച്ചാലും കാര്യമില്ല. ഞങ്ങൾക്കു പിഴയും വിധിക്കും.' ശരിയാണ്, ഓഫീസറുടെ പകുതി പേര് ഫോട്ടോയിൽ മുഖത്ത്!
സീൽ മലയാളത്തിൽ ആണെന്നതും നിരസിക്കാൻ കാരണം. പല സംസ്ഥാന സർക്കാരുകളും ഇംഗ്ളീഷിൻറെ സ്ഥാനത്ത് മാതൃഭാഷ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ മലയാളത്തിൽ സീൽ പറ്റില്ലത്രെ!
'ഞങ്ങൾ പറഞ്ഞ ( ….. ) ഓഫീസിൽ പോയില്ലേ? അവരാണെങ്കിൽ ഇങ്ങനെ സീൽ പതിക്കില്ല.'
'പോയി. അവിടെ ഓഫീസർ വന്നിട്ടില്ല.'
'സാരമില്ല, വേറെ ഫോറം തരാം. നാളെ പോയി ചെയ്യിച്ചാൽ
മതി.'
പിറ്റേന്ന് വീണ്ടും അവർ പറഞ്ഞ ഓഫീസിൽ. തിരക്കൊന്നുമില്ല.
ഓഫീസർ ഉണ്ട്. വേറെ ഒരാൾ കൂടി അതേ സമയം എത്തി.
വന്നപ്പോഴേ അയാൾ ഓഫീസറുടെ മുറിയിൽ കയറി. മിടുക്കൻ. ഞാൻ വിഡ്ഢി. ഫോട്ടോ ഒട്ടിക്കണം.
ഫോട്ടോ ഒട്ടിച്ചപ്പോഴേക്കും ഓഫീസർ അയാളുടെ കൂടെ പോയി. ദൈവമേ, ഇതെന്തു കഷ്ടം. എന്തോ
പരിശോധനക്കു പോയതാണത്രെ.
സമയം ഏകദേശം ഒരു മണി. വയർ ചോദിക്കുന്നു, 'എന്തേ, എന്നെ മറന്നോ?' പ്രമേഹം ഉള്ളതുകൊണ്ട് വിശന്നിരിക്കാൻ പാടില്ല.
‘ഒന്നടങ്ങിയിരിക്കൂ’, വയറിനെ ശാസിച്ചു. ഇന്നെന്തായാലും
ഒപ്പീടിച്ചിട്ടേ പോകുന്നുള്ളൂ.
ഓഫീസിലെ ഒരു സുഹൃത്ത് (അങ്ങനെ വിളിക്കട്ടെ!) പറഞ്ഞു, 'ചിലപ്പോൾ രണ്ടു മൂന്നു സ്ഥലത്തൊക്കെ പരിശോധനക്കു പോകേണ്ടി വരും. അങ്ങനെയെങ്കിൽ താമസിക്കും.' എന്തായാലും കാത്തിരിക്കുക തന്നെ. വെറുതെ ഫോണിൽ നോക്കി ചികഞ്ഞുകൊണ്ടിരുന്നു.
അധികം താമസിയാതെ അദ്ദേഹം തിരിച്ചെത്തി. അകത്തേക്കു ചെല്ലാൻ പുതിയ 'സുഹൃത്ത്' പറഞ്ഞു. അദ്ദേഹം ഓഫീസറോടു പറഞ്ഞു, ‘ഇന്നലെയും വന്നിരുന്നു.'
അതെന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? ഒരു ശുപാർശ
പോലെ? എന്നെ കണ്ടപ്പോൾ സഹതാപം തോന്നിയോ? അതോ പ്രായത്തോടുള്ള ബഹുമാനമോ? അറിയില്ല.
എന്തായാലും, പേരു പോലും അറിയാത്ത സുഹൃത്തേ, വളരെ നന്ദി!
ഓഫീസർ കാര്യമായി ഒന്നും ചോദിച്ചില്ല. ഇപ്പോഴത്തെ ആധാർ കാർഡ് ചോദിച്ചു, കൊടുത്തു. പരിശോധിച്ചു തിരിച്ചു തന്നു. ഫോട്ടോ സാക്ഷ്യപ്പെടുത്തി. സീൽ വച്ചത് മറ്റൊരു സഹോദരിയാണ്. മുഖത്തു വരാതെ അവർ സീൽ പതിപ്പിച്ചു. സാധാരണ സമാന്തരമായിട്ടാണ് സീൽ പതിപ്പിക്കുക. എന്നാൽ ഈ സഹോദരി ലംബമായി സീൽ പതിപ്പിച്ചു തന്നു. ആഹാ, എത്ര സുന്ദരം. മുഖത്തു വരാതെ സീൽ പതിപ്പിക്കുന്നതിൻറെ രഹസ്യം!
ഓഫീസർക്കും സീൽ പതിപ്പിച്ച സഹോദരിക്കും അകമഴിഞ്ഞ നന്ദി!
വീണ്ടും അക്ഷയ കേന്ദ്രം.
സഹോദരി ഫോറം വാങ്ങി നോക്കി. 'ങാ, ഇതു കുഴപ്പമില്ല. ശരിയാക്കാം. കാത്തിരിക്കൂ, വിളിക്കാം.' ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ വിളിച്ചു.
വീണ്ടും മറ്റൊരു ഫോറം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, കണ്ണുകളുടെയും, വിരലുകളുടെയും സ്കാനിങ്, എല്ലാം ചെയ്തു. നൂറു രൂപ ഫീസ് അടച്ചു. പോന്നു.
രണ്ടാഴ്ച കഴിഞ്ഞാൽ ആധാർ കാർഡ് കിട്ടും.
കാത്തിരിക്കുന്നു.
- - - - - - - - - - -
ഓഫീസുകളുടെയും ഓഫീസർമാരുടെയും പേരെഴുതാത്തത്
മനപ്പൂർവ്വമാണ്. അവർക്ക് ഇഷ്ടമാകുമോ എന്നറിയില്ലല്ലൊ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ