2023, മാർച്ച് 5, ഞായറാഴ്‌ച

"അവനോടു പറയണ്ട!"

10-07-22

[എല്ലാ ജോലിക്കാർക്കും വേണ്ടി സമർപ്പിക്കുന്നു]

നാലു മണി. ചായയ്‌ക്കു സമയമായി. അയാൾ എഴുന്നേറ്റു. ഫോൺ മണിയടിച്ചു. പരിചയമില്ലാത്ത നമ്പർ. ഏതെങ്കിലും കോൾ സെന്ററിൽ നിന്നാകാം. "കാർ ലോൺ? വീടു ലോൺ? ക്രെഡിറ്റ് കാർഡ്? ..."

"ഹലോ"

"ഹലോ, മോനേ ഇത് ഓ.പി. ശർമ്മയാണ്, നിങ്ങളുടെ അയൽക്കാരൻ."

ശർമ്മാജി! കണ്ടിട്ടുണ്ട്. ചിലപ്പോൾ ഒരു പുഞ്ചിരി, അപൂർവ്വമായി ഒരു "സുപ്രഭാത ആശംസകൾ". അത്രയേയുള്ളൂ. തിരക്കു പിടിച്ച നഗരജീവിതത്തിൽ അതങ്ങനെയാണല്ലോ. തൊട്ടടുത്ത വീട്ടിലുള്ളവരെപ്പോലും അറിയില്ല. പക്ഷേ അദ്ദേഹം ഇപ്പോൾ എന്തിനാണ് വിളിക്കുന്നത്?

"എന്താ ശർമ്മാജി, എന്തു പറ്റി?"

"മോനൊന്നു വേഗം വരൂ."

"എന്തു പറ്റി, ശർമ്മാജി?"

"മോനേ, നിൻറെ അമ്മക്കു നല്ല സുഖമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്."

നെഞ്ചിൽ ഒരാളൽ! ഈശ്വരാ! എന്തു പറ്റിയോ ആവോ. അമ്മയ്ക്കു പറയത്തക്ക അസുഖങ്ങളൊമൊന്നുമില്ല. രാവിലെ പോരുമ്പോഴും പൂർണ്ണ ആരോഗ്യവതിയായിരുന്നു.

"ശർമ്മാജി, എന്തു പറ്റിയെന്നു പറയൂ. അമ്മക്കെന്തു സംഭവിച്ചു?"

"ഞങ്ങൾ വയസ്സായവരെല്ലാവരും കൂടി ഉച്ച കഴിഞ്ഞു പാർക്കിലിരുന്നു വെയിൽ കൊള്ളാറുണ്ടെന്നു നിനക്കറിയാമല്ലോ" 

അറിയാം. ഇതവരുടെ തണുപ്പുകാലത്തെ പതിവാണ്. സൊസൈറ്റിയിലെ പെൻഷൻ പറ്റിയ, വയസ്സായ ആൾക്കാരെല്ലാവരും കൂടി ചെറു സംഘങ്ങളായി പാർക്കിലിരുന്നു വെയിൽ കാഞ്ഞും സൊറ പറഞ്ഞും ചീട്ടു കളിച്ചും കുറെ സമയം ഉത്സാഹപൂർവ്വം ചെലവഴിക്കും.

"ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് നിൻറെ വീട്ടിൽ നിന്നു പാത്രങ്ങൾ താഴെ വീഴുന്ന ശബ്ധം കേട്ടത്. എൻറെ ഭാര്യ ഓടിപ്പോയി നിൻറെ അമ്മയെ വിളിച്ചു. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അകത്തു കയറി നോക്കി. അമ്മ അടുക്കളയിൽ ബോധമില്ലാതെ വീണു കിടക്കുകയായിരുന്നു. ഞങ്ങളാൽ ആവും വിധമൊക്കെ നോക്കിയിട്ടും ബോധം വീഴാത്തപ്പോൾ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോന്നു."

"ഈശ്വരാ! ഏതാശുപത്രിയിലാണ്?"

"ഫാസ്റ്റ് ക്യൂർ ആശുപത്രിയിൽ. വേഗം വരൂ."

"ശരി, ശർമ്മാജി, ദാ ഇപ്പോൾ എത്താം."

അയാൾ ഭാര്യ മോളുവിനെ വിളിച്ചു കാര്യം പറഞ്ഞു, ഉടനെ ആശുപത്രിയിലേക്കു വരാനും.

വേണ്ടാത്ത ചിന്തകൾ മാത്രം മനസ്സിൽ. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം? സ്ട്രോക്ക്? അതോ ഒരു വീഴ്ചയോ? അമ്മയ്ക്ക് ഹൃദയത്തിന് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. ഈശ്വരാ! അയാൾ പ്രാർത്ഥിച്ചു ... വീണ്ടും വീണ്ടും പ്രാർത്ഥിച്ചു, "അമ്മയ്‌ക്കൊന്നും വരുത്തല്ലേ!"

***********

ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ.

"ശർമ്മാജി, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഡോക്ടർ എന്തു പറഞ്ഞു?"

അപ്പോഴാണ് ഡോക്ടർ പുറത്തു വന്നത്.

"പേടിക്കാനൊന്നുമില്ല. കുഴപ്പമൊന്നുമില്ല. വീണപ്പോഴുണ്ടായ ഒരു ചെറിയ മുറിവുണ്ടു തലയിൽ. അത് കഴുകിക്കെട്ടി. ഇപ്പോൾ ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. നിങ്ങൾക്കു പോയി കാണാം."

അയാൾ പോകാൻ തുടങ്ങിയതും പിന്നിൽ നിന്നു മോളുവിൻറെ ചോദ്യം മുഴങ്ങി, "അമ്മയ്ക്കെന്തു പറ്റി?"

അവൾ അപ്പോൾ പരിഭ്രമിച്ച് ഓടിക്കിതച്ചു വരുന്നതേയുണ്ടായിരുന്നുള്ളു.

"അമ്മയ്ക്കു കുഴപ്പമൊന്നുമില്ല. വരൂ നമുക്കു പോയി കാണാം."

***********

"അമ്മേ ... അമ്മേ ..."

അമ്മ സാവധാനം കണ്ണുകൾ തുറന്നു പുഞ്ചിരിച്ചു. ക്ഷീണിച്ച ചിരി.

"അമ്മേ എന്താണു പറ്റിയത്? അമ്മയ്ക്കെന്തു സംഭവിച്ചു?

അമ്മ രണ്ടുപേരേയും മാറി മാറി നോക്കി. പിന്നെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു, "എനിക്കു ശരിക്കറിയില്ല. പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു തല ചുറ്റൽ വന്നു വീണു."

പത്തു മിനിട്ടിനു ശേഷം.

"മോനേ, നീ കാന്റീനിൽ പോയി അമ്മയ്ക്കൊരു കപ്പു ചായ വാങ്ങിച്ചുകൊണ്ടുവരാമോ?"

"ശരി, അമ്മേ. ദാ ഇപ്പോൾ കൊണ്ടുവരാം."

അയാൾ മുറിയിൽ നിന്നു പോയി.

"മോളൂ ..."

"എന്താ അമ്മേ?"

"ഞാൻ അവനോടും മറ്റുള്ളവരോടും പറഞ്ഞത് തല ചുറ്റി ബോധം മറഞ്ഞു എന്നാണ്."

"അതെ. അതാണല്ലോ അമ്മ അൽപ്പം മുമ്പും പറഞ്ഞത്."

"ശരിയാണ്. എങ്കിലും എനിക്കു ബോധക്കേടു വരാനുള്ള ശരിയായ കാരണം നീ അറിയണം."

"അതെന്താണു ശരിയായ കാരണം?" മോളു ആകെ ചിന്താക്കുഴപ്പത്തിലായി.

"അതേ ..." ചുറ്റും നോക്കി അടുത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.

"ഇന്നു ബുധനാഴ്ചയാണല്ലോ. പണിക്കാരി വന്നിരുന്നില്ല."

"അതു ശരിയാണ്. ഒന്നിടവിട്ട ബുധനാഴ്ചകളിൽ അവൾ വരാറില്ല."

"അതെ. അതുകൊണ്ട് ഞാൻ പാത്രങ്ങൾ കഴുകി വച്ചേക്കാമെന്നു വിചാരിച്ചു. നീ നിൻറെ ചോറ്റുപാത്രം ഇന്നലെ സിങ്കിൽ ഇട്ടിരുന്നില്ലേ അടപ്പു തുറക്കാതെ?"

"ഉം. അതാണല്ലോ ഞാൻ എന്നും ചെയ്യാറ്."

ഇനിയും പറയാനുള്ള ശക്തി സംഭരിക്കാനെന്നോണം അമ്മ ഒന്നു രണ്ടു നിമിഷം നിശ്ശബ്ധത പാലിച്ചു.

അവർ മോളുവിൻറെ കണ്ണുകളിൽ നോക്കി ഒരു ദീർഘനിശ്വാസം ഉതിർത്തിട്ടു സാവധാനം പറഞ്ഞു, "ഞാൻ ആ പാത്രം തുറന്നപ്പോൾ ഒരു നിമിഷാർത്ഥം കൊണ്ട് അതിലെ അസഹനീയമായ ദുർഗ്ഗന്ധം എന്നെ ഏറ്റവും വൃത്തികെട്ട മലിനജല ഓടയിലേയ്ക്ക് എടുത്തെറിഞ്ഞു, എൻറെ ബോധവും പോയി. ... ഇത്രയും ചൂടുള്ള സമയത്ത് വായു പോലും കേറാതെ രണ്ടു ദിവസത്തോളം അടച്ചു വച്ചിരുന്ന ചോറ്റുപാത്രം ...  അതാണു സംഭവിച്ചത്."

മോളു ഒരക്ഷരം മിണ്ടിയില്ല. അടിയുടെ ശക്തി അത്ര നിസ്സാരമായിരുന്നില്ല. അവൾ താഴെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക് അമ്മയുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലായിരുന്നു. അമ്മ ജോലിക്കു പോയിരുന്നപ്പോൾ ഉച്ചഭക്ഷണത്തിനു ശേഷം പാത്രം കഴുകാറുണ്ടായിരുന്നെന്നു പറഞ്ഞത് അവൾ ഓർത്തു. ഒരിക്കൽ അവർ പറഞ്ഞിരുന്നു, "നിനക്കതു ശരിയായി കഴുകാൻ സാധിക്കില്ലെങ്കിൽ പാത്രത്തിൽ കുറെ വെള്ളം ഒഴിക്കുകയെങ്കിലും ചെയ്യൂ. കുറെയെങ്കിലും വൃത്തിയാകുമല്ലോ. അതും പറ്റുന്നില്ലെങ്കിൽ ചുരുങ്ങിയത് സിങ്കിൽ വയ്ക്കുമ്പോൾ അതിൻറെ അടപ്പു മാറ്റിയിട്ടെങ്കിലും വയ്ക്കൂ. എങ്കിൽ പിറ്റേന്ന് പണിക്കാരി തേയ്ക്കാൻ തുറക്കുമ്പോൾ വലിയ ദുർഗന്ധം വരാതിരിക്കുമല്ലോ."

ഒന്നു രണ്ടു ദിവസം അമ്മ പറഞ്ഞപോലെയൊക്കെ ചെയ്തു. പക്ഷേ പിന്നീട് വീണ്ടും പഴയതുപോലെയായി. അമ്മ പിന്നെ ഒന്നും പറഞ്ഞുമില്ല.

ഇപ്പോൾ ദാ ഇങ്ങനെയും. ...

മോളു തകർന്നുപോയി. അവൾ സാവധാനം എഴുന്നേറ്റു. അമ്മയുടെ കാൽ ഭാഗത്തെത്തി, മുട്ടുകുത്തി നിന്നു. അമ്മയുടെ പാദങ്ങൾ രണ്ടും മുറുക്കെപ്പിടിച്ചു.  അവൾ ഏങ്ങിയേങ്ങി കരഞ്ഞു.

"എന്നോടു ക്ഷമിക്കൂ, അമ്മേ. ഞാനാണ് ഇതിനു കാരണക്കാരി. എന്നോടു ക്ഷമിക്കൂ. ഇനി ഒരിക്കലും ഇതാവർത്തിക്കില്ല. തീർച്ച." അവൾക്കു കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

"മോളൂ, വരൂ, ദാ ഇവിടെ, എൻറെയടുത്തിരിക്കൂ."

********

"കണ്ണു തുടയ്ക്കൂ. മണ്ടിപ്പെണ്ണ്. നീ അത് മനപ്പൂർവ്വം ചെയ്തതല്ലെന്നെനിക്കറിയാം. മറന്നുപോയി, അത്രേയുള്ളൂ. ചെയ്തതു തെറ്റാണെന്നു മനസ്സിലാക്കിയല്ലോ. അതു മതി."

മോളു കണ്ണുകൾ തുടച്ചു. ഒന്ന് ചിരിക്കാൻ ശ്രമിച്ചു, അതും  വികൃതമായിപ്പോയി. 

അമ്മ മോളുവിൻറെ കൈകൾ തൻറെ കൈകളിലെടുത്ത് സാവധാനം തലോടി.

"മോളൂ, നീയെനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ?"

"തീർച്ചയായും, അമ്മേ. പറയൂ." തൻറെ അശ്രദ്ധ മൂലമുണ്ടായ ഈ ദുരന്തത്തിനു പകരമായി എന്തു ചെയ്യാനും അവൾ തയ്യാറായിരുന്നു.

"നിൻറെ കൂട്ടുകാരികളോടും സഹപ്രവർത്തകരോടും പറയണം ഇനി മുതൽ ആഹാരം കഴിച്ച പാത്രം കഴുകാതെ അടച്ച് സിങ്കിൽ വയ്ക്കരുതെന്ന്. ഇനി മറ്റൊരമ്മയും ഞാനനുഭവിച്ചതുപോലെ അനുഭവിക്കാതിരിക്കട്ടെ."

ഒരു നിമിഷത്തെ നിശ്ശബ്ധത.

അവർ പരസ്പരം നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. ഹൃദയത്തിൽ തട്ടിയ ചിരി.

അല്പസമയത്തിനു ശേഷം മോളു ഗൗരവമായി പറഞ്ഞു, "ശരിയാണ് അമ്മേ, ഞാൻ ഈ സന്ദേശം എൻറെ എല്ലാ സുഹൃത്തുക്കൾക്കും കൊടുക്കും: ദയവായി നിങ്ങൾ മുറുക്കി അടച്ച ചോറ്റു പാത്രങ്ങൾ സിങ്കിൽ ഇടരുത്. പറ്റുമെങ്കിൽ ഉച്ചഭക്ഷണം കഴിഞ്ഞ് കൈയും വായും കഴുകുമ്പോൾ ആഹാരം കഴിച്ച പ്ളേറ്റുകളും പാത്രങ്ങളും കൂടി കഴുകണം."

പുറത്തു കാൽപ്പെരുമാറ്റം ... അവ അടുത്തടുത്തു വന്നു.

അമ്മ അവളോടു പറഞ്ഞു, "അവനോടു പറയണ്ട."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ