2023, മാർച്ച് 5, ഞായറാഴ്‌ച

ചക്കക്കുരു-മാങ്ങ പുളിങ്കറി

01 03 23
 
"അതേയ് ..."
"ഉം?"
'ചേട്ടാ' എന്നു വിളിക്കാൻ മടിയാണ്.
പേരു വിളിക്കാനും മടി. അല്ലെങ്കിലും അതു നാട്ടുനടപ്പല്ലല്ലോ.
 
എല്ലാവരും ഒരുമിച്ച് ഉണ്ണാനിരിക്കുമ്പോൾ ചിലപ്പോൾ ചോദിക്കും, "ശ്രീജിക്കു ചോറു വേണോ?"
അതു മൂത്ത മോനോടാണ്.
അല്ലെങ്കിൽ, "കണ്ണനു ചോറു വേണോ?"
ഇളയ മകനോട്.
അതുപോലെ തന്നെ മരുമക്കളുടേയും പേരെടുത്തു ചോദിക്കും.
പിന്നീട് അന്തരീക്ഷത്തിലേക്ക് ഒരൊറ്റ ഏറ്, "ചോറു വേണോ?"
അതെന്നോടാണ്. നാഥനില്ലാത്ത ചോദ്യം!
 
"ആ മാവേന്നു മൂന്നാലു മാങ്ങ പറിച്ചു തരൂ."
"മാങ്ങാ നുറുക്കുണ്ടാക്കാനാ?" അതെനിക്കു ഇഷ്ടമാണ്.
"അല്ല. ചക്കക്കുരൂം മാങ്ങായും കൂടി പുളിങ്കറി വയ്ക്കാൻ."
"അപ്പോൾ ഉപ്പേരിയോ?"
"ചക്കക്കുരു കൊണ്ട് ഉപ്പേരിയുണ്ടാക്കാം."
നന്നായി.
സ്വന്തം പുരയിടത്തിൽ ഉണ്ടാകുന്നവ കൊണ്ടു കൂട്ടാനും ഉപ്പേരിയും ഉണ്ടാക്കുന്ന കാര്യത്തിൽ രണ്ടുപേർക്കും സന്തോഷവും സംതൃപ്തിയും ആണ്.
വയറു മാത്രമല്ല, മനസ്സും നിറയും.
 
മരത്തിൽ കയറാൻ കുട്ടിക്കാലത്തു തന്നെ പേടിയായിരുന്നു.
ഇപ്പോൾ എഴുപതിനോടടുത്തു.
ഇനിയേതായാലും വേണ്ട.
താഴെ നിന്നു മാങ്ങ പൊട്ടിക്കാൻ പറ്റുന്നില്ല, തോട്ടിക്കു നീളം കുറവ്.
ടെറസ്സിൽ കയറിയപ്പോൾ അക്കാര്യം പരിഹരിച്ചു.
 
മൂന്നാലെണ്ണം കൂടുതൽ പൊട്ടിച്ചു.
"മാങ്ങ കുറച്ചു കൂടുതലുണ്ട്, ട്ടോ."
"എന്താ, മാങ്ങാനുറുക്കുണ്ടാക്കണോ?" മാങ്ങാനുറുക്ക് അവൾക്കും ഇഷ്ടമാണ്.
"അല്ല. മാങ്ങാച്ചമ്മന്തി കൂട്ടാൻ ഒരു മോഹം."
"ആഹാ, അതു വല്ലാത്തൊരു മോഹമാണല്ലോ. ശരി, ന്നാ മാങ്ങാച്ചമ്മന്തി."
 
ചക്കക്കുരു-മാങ്ങ പുളിങ്കറി, ചക്കക്കുരു ഉപ്പേരി, മാങ്ങാച്ചമ്മന്തി.
ആഹാ, ഇന്നത്തെ ഊണ് കുശാൽ! 
 
വന്നോളൂ ട്ടോ, ഊണു തയ്യാർ!
 ---------
 മുറ്റത്തെച്ചെറുമാവിലന്നു കുലയായ് മാങ്ങാകൾ കണ്ടീടവേ
ചെറ്റെന്നാശ മുഴുത്തൊരൽപ്പമധികം ശൃംഗാരമോടോതിനാൾ,
“തെറ്റെന്നാകുലതന്നിൽ നിന്നര ഡസൻ നൽക്കായ്കൾ പൊട്ടിക്കണം
ഇന്നുച്ചയ്ക്കു പുളിങ്കറിക്കു വകയായ്, ചക്കക്കുരൂം കൂട്ടിയാൽ”.
 
മട്ടുപ്പാവിലതേറിയിട്ടു വടിയാൽ പൊട്ടിച്ചൊരെട്ടെണ്ണവും
ചൊന്നാൻ ശ്രീമതിയോ, "ടരച്ചിടുക നീ ചമ്മന്തിയും മാങ്ങയാൽ"
ഇന്നുച്ചയ്ക്കൊരു സദ്യ തന്നെയണയും, ചക്കക്കുരൂ മാങ്ങ തൻ
കൂട്ടാ, നുപ്പെരി ചക്കതൻ കുരുവതാൽ, ചമ്മന്തിയോ മാങ്ങയാൽ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ