21 09 22
ഏകദേശം മൂന്നുവർഷത്തിലേറെയായി
തുടരുന്ന അണുബാധ പൂർണ്ണമായും മാറണമെങ്കിൽ ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണ് മാർഗ്ഗമെന്നു
ഡോക്ടർ പറഞ്ഞപ്പോൾ,
എങ്കിലതു തന്നെയാണു
നല്ലതെന്നു കണ്ണനും പറഞ്ഞപ്പോൾ,
ഫോണിൽക്കൂടി
നീയും ആ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൾ,
എങ്കിൽ പിറ്റേന്നു
തന്നെ ആ കൃത്യം നടത്താമെന്നു തീരുമാനിച്ചപ്പോൾ,
പിറ്റേന്നു
രാവിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ,
പത്തേമുക്കാലിന് ശസ്ത്രക്രിയാ
അണിയറയിൽ പ്രവേശിപ്പിച്ചപ്പോൾ,
ഒന്നേമുക്കാലായപ്പോൾ
സഹികെട്ട് എന്തേ ഇത്ര താമസമെന്ന് ഒരു ഡോക്ടറോടു ചോദിക്കേണ്ടി വന്നപ്പോൾ,
ഒരു ഉപകരണം
കമ്പനിയിൽ നിന്നു വരുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ,
പിന്നെ മൂന്നു
മണിയോടെ ശസ്ത്രക്രിയാ മേശമേൽ കിടത്തിയപ്പോൾ,
പ്രാദേശികമായി
മരവിപ്പിച്ചിട്ട് ശത്രക്രിയ ചെയ്തപ്പോൾ,
20 ഡിഗ്രി ചൂടിൽ
തണുത്തു വിറച്ചപ്പോൾ,
ഏറെ അസ്വസഥത
അനുഭവപ്പെട്ടപ്പോൾ,
മരവിപ്പിച്ചെങ്കിലും
സാമാന്യം വേദന അനുഭവിച്ചപ്പോൾ,
ശ്വാസോച്ഛാസം
ക്രമാതീതമായി വേഗത്തിലായപ്പോൾ,
ഹൃദയമിടിപ്പു
പതിന്മടങ്ങു കൂടിയപ്പോൾ,
എന്തിനോ വേണ്ടി
കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ,
കൈകൾ സ്വതന്ത്രമല്ലാതിരുന്നതുമൂലം
കണ്ണുകൾ തുടയ്ക്കാൻ പോലും കഴിയാതെ വിമ്മിഷ്ടപ്പെട്ടപ്പോൾ,
പിന്നെ എല്ലാം
കഴിഞ്ഞ് ചക്രക്കസേരയിലിരുത്തി മുറിയിൽ എത്തിച്ചപ്പോൾ,
അസാധാരണമായ
ക്ഷീണവും പരവേശവും മൂലം വീർപ്പുമുട്ടിയപ്പോൾ,
വിഷമം വല്ലതും
തോന്നുന്നുണ്ടോയെന്നു കണ്ണൻ ചോദിച്ചപ്പോൾ,
ശബ്ധം ശരിയായി
പുറത്തു വരാൻ വിസമ്മതിച്ചപ്പോൾ,
"ക്ഷീണമുണ്ട്,
സാരമില്ല" എന്നൊരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ,
ശ്വാസോച്ഛ്വാസവും
ഹൃദയമിടിപ്പും ഇടക്കിടെ കൂടിയും കുറഞ്ഞുമിരുന്നപ്പോൾ,
കണ്ണുനീർ ഇടയ്ക്കിടെ
ഒഴുകിയപ്പോൾ,
തണുപ്പു സഹിക്കാൻ
വയ്യാതെ കമ്പിളി കൊണ്ടു പുതച്ചപ്പോൾ,
എന്നിട്ടും
തണുപ്പു മാറാത്തപ്പോൾ,
കണ്ണൻ കാല്പാദങ്ങളിൽ
അമർത്തി തിരുമ്മിയപ്പോൾ ഏറെ ആശ്വാസം ലഭിച്ചപ്പോൾ,
വേദന കൂടുതലായി
അനുഭവപ്പെട്ടപ്പോൾ,
ഒടുവിൽ എല്ലാം
ശാന്തമായപ്പോൾ,
പതിന്നാലു മണിക്കൂറിനു
ശേഷം ആശുപത്രിയിൽ നിന്നു പോന്നപ്പോൾ,
വെറുതെ മോഹിച്ചു
പോയി,
നീ അടുത്തുണ്ടായിരുന്നെങ്കിൽ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ