01 08 2023
കർക്കടകമാസം.
രാമായണമാസം.
നാലമ്പലദർശനമാസം.
കേരളത്തിൽ ആറു ജില്ലകളിൽ നാലമ്പലങ്ങൾ: കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം.
ഒരു ദിവസം മോഹനൻ, അഫൻറെ മകൻ, പറഞ്ഞു, 'വനിതകളെല്ലാവരും കൂടി നാലമ്പലദർശനത്തിനു പോകാൻ പരിപാടിയിടുന്നുണ്ട്.'
'ഞാനും പോകണമെന്നു വിചാരിക്കുന്നു' എന്നായി ഞാൻ.
'സ്‌ത്രീകളാണു സാധാരണ പോകാറുള്ളത്,' എന്നനിയൻ.
ങേ, അതെന്തേ അങ്ങനെ? ആവോ അറിയില്ല.
എന്തായാലും മോഹനൻ പറഞ്ഞതു ശരിയായിരുന്നു.
ഭക്തകൾ ഭക്തന്മാരേക്കാൾ ഏറെ കൂടുതലായിരുന്നു.
ഇവിടെ നിന്നു പോയവരോ? എട്ടു വനിതകളും കൂടെ ആണൊരുത്തനായി ഈയുള്ളവനും! രണ്ടു ചെറിയമ്മമാർ, ഒരേടത്തി, ഒരു(!) ഭാര്യ, നാല് അനുജത്തിമാർ, പിന്നെ ഈയുള്ളവനും. അങ്ങനെ ഒമ്പതു പേർ രണ്ടു ഓട്ടോറിക്ഷകളിൽ. കോട്ടയം ജില്ലയിലെ രാമപുരത്ത് ശ്രീരാമൻ, കൂടപ്പുലത്ത് ലക്ഷ്മണൻ, അമനകരയിൽ ഭരതൻ, മേതിരിയിൽ ശത്രുഘ്‌നൻ.
ഏകദേശം ആറു ദശാബ്ധങ്ങൾക്കു മുമ്പ് രാമപുരത്തെ രാമക്ഷേത്രത്തിൽ പോയിട്ടുണ്ട്. തൊഴാനല്ല, ഉത്സവം കൂടാൻ. ചെല്ലപ്പൻ-ഭവാനിയുടെ ബാലെയായിരുന്നു അന്നത്തെ പരിപാടി. ബാലെ കണ്ട് വാ പൊളിച്ചിരുന്നു പോയി. ഏതോ മായാലോകത്തിൽ അകപ്പെട്ടതുപോലെ തോന്നി. രാമായണമായിരുന്നു കഥ. ചെല്ലപ്പൻറെ രാവണനും ഭവാനിയുടെ സീതയും. ജടായുവിൻറെ വേഷം കണ്ട് അത്ഭുതപ്പെട്ടത് ഇപ്പോഴും ഓർമ്മയുണ്ട്.
കൂടപ്പുലത്തെ ലക്ഷ്മണക്ഷേത്രത്തിൽ അച്ഛനും അപ്ഫനും ഏറെക്കാലം ശാന്തി ചെയ്തിട്ടുണ്ട്. പക്ഷെ അന്നൊന്നും അവിടെ പോയിട്ടില്ല. ആ അമ്പലത്തിൽ ശാന്തി ചെയ്യുമ്പോഴാണ് ധാരാളമായി കവിതകൾ എഴുതാൻ തുടങ്ങിയതെന്ന് അപ്ഫൻ പറയുമായിരുന്നു.
അമനകരയിലെ ഭരതക്ഷേത്രത്തിലും അച്ഛൻ ഏറെ നാൾ ശാന്തി കഴിച്ചിട്ടുണ്ട്. ഏട്ടൻ ഇടക്കിടക്ക് അവിടെ മുട്ടുശാന്തിക്കായി പോകാറുണ്ട്. അപ്പോൾ ഞാനും കൂടെ കൂടും. തൊഴാനുള്ള ഉത്സാഹം കൊണ്ടോ ഭക്തി കൊണ്ടോ ഒന്നുമല്ല. രാവിലെ അമ്പലം അടച്ചാൽ അടുത്തുള്ള ഇല്ലങ്ങളിലെ കുട്ടികൾ എല്ലാവരും വരും. കുറെ നേരം അമ്പലമുറ്റത്ത് പന്തു കളിക്കും. അതിൽ കൂടാനാണ് പോകുന്നത്. ഏട്ടനായിരുന്നു ഏറ്റവും നല്ല കളിക്കാരൻ. ആ ഏട്ടൻറെ അനിയൻ എന്ന അഹങ്കാരം അസാരം ഉണ്ടായിരുന്നു താനും.
മേതിരിയിലെ ശത്രുഘ്ന ക്ഷേത്രത്തിൽ ആദ്യമായാണ് പോകുന്നത്.
ഈയുള്ളവൻറെ കുട്ടിക്കാലത്തൊന്നും നാലമ്പലദർശനം എന്നു കേട്ടിട്ടുപോലുമില്ല.
അക്കാലത്ത് അതൊന്നും ഇല്ലായിരുന്നു. ഇന്നത്തെപ്പോലെ
വാഹന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതുമൂലമായിരിക്കാം. അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്താൻ
ബുദ്ധിമുട്ടുമ്പോൾ എങ്ങനെ നാലമ്പലദർശനത്തെപ്പറ്റി ആലോചിക്കാൻ? അന്ന് ഭക്തിയും അമ്പലങ്ങളും
ഇന്നത്തെപ്പോലെ വാണിജ്യവൽക്കരിക്കപ്പെട്ടിരുന്നില്ല എന്നുള്ളതും ഒരു കാരണമാകാം. ചികിത്സയും
വിദ്യാഭ്യാസവും എല്ലാം വാണിജ്യവൽക്കരിക്കപ്പെട്ടില്ലേ, അപ്പോൾ ഭക്തി മാത്രം എന്തിനു
മാറി നിൽക്കുന്നു, ല്ലേ?
എന്തായാലും ആദ്യമായി നാലമ്പലദർശനം നടത്തി. ഇനി എല്ലാ വർഷവും പോകണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ