ഇന്ന് കർക്കിടകത്തിൽ കാർത്തിക. 2022 ജൂലൈ 23.
അന്നും കർക്കിടകത്തിൽ കാർത്തിക.
1954 ജൂലൈ 25.
അറുപത്തിയെട്ടു വർഷങ്ങൾക്കു
മുമ്പുള്ള, പഞ്ഞക്കർക്കടകത്തിലെ കൂരിരുട്ടു നിറഞ്ഞ, കോരിച്ചൊരിയുന്ന മഴയുള്ള, ആ രാത്രിയിൽ
എന്തു സംഭവിച്ചു എന്നറിയാൻ ഇവിടെ മുട്ടുക/തട്ടുക. https://pothoppuramkavithakal.blogspot.com/2019/10/blog-post_92.html
പിറന്നാളിൻറെ കാര്യമൊക്കെ
ഓർക്കാതായിട്ട് വർഷങ്ങളായി. ജയശ്രി ഓർമ്മിപ്പിക്കും, 'പിറന്നാളാണ്, ക്ഷേത്രത്തിൽ തൊഴണം,
വഴിപാടു കഴിക്കണം'. പലപ്പോഴും ഒരുമിച്ചാണ് പോകാറ്.
നമുക്കൊക്കെ പിറന്നാൾ പലത്:
(അ) ജനിച്ച മലയാളം തീയതി.
അയാളെ ആരും ഒരിക്കലും ഓർക്കാറില്ല. പാവം തീയതിയുടെ ഒരു ദുർഭാഗ്യം!
(ആ) ജനിച്ച ഇംഗ്ലീഷ് തീയതി.
അയാളേയും ആരും ഓർക്കാറില്ല.
(ഇ) ജനിച്ച നക്ഷത്രം. അതെല്ലാവരും
ഓർമ്മ വയ്ക്കും.
(ഈ) ജനന സർട്ടിഫിക്കറ്റിലെ
ഇംഗ്ലീഷ് തീയതി. ജീവിതകാലം മുഴുവൻ ആ തീയതി ഓർമ്മ വയ്ക്കും (ചിലപ്പോഴൊക്കെ മറ്റു ചിലരൊക്കെ
അതിനു ശേഷവും).
(ഉ) സുക്കർ അമ്മാവനോടു
പറഞ്ഞിരിക്കുന്ന തീയതി. ഇതു മറക്കാൻ അദ്ദേഹം സമ്മതിക്കില്ല. നമ്മെ ഓർമ്മിപ്പിച്ചില്ലെങ്കിലും
കൂട്ടുകാരെ മുഴുവൻ ഓർമ്മിപ്പിക്കും.
ഈയുള്ളവന് ജനന സർട്ടിഫിക്കറ്റ്
ഇല്ല. ഈ പ്രായത്തിലുള്ള പലർക്കും ഉണ്ടാവില്ല എന്ന് തോന്നുന്നു, പ്രത്യേകിച്ചും ഗ്രാമങ്ങളിലുള്ളവർക്ക്.
പള്ളിക്കൂടത്തിൽ ചേർക്കാൻ ചെല്ലുമ്പോൾ ചേർക്കാൻ കൊണ്ടുചെല്ലുന്നവരോടു ചോദിക്കും എന്നാണു
ജനിച്ചതെന്ന്. അപ്പോഴാണ് ഓർക്കുക, 'ഓ, അതൊക്കെ പറയണം, ല്ലേ!' ആലോചിച്ച് ഏതെങ്കിലും
ഒരു തീയതിയങ്ങു പറയും, അത്ര തന്നെ. പിന്നെ അതാണ് ജനിച്ച ദിവസം, എന്നെന്നേക്കും! പേരും
വിലാസവും മറ്റും എത്ര തവണ എങ്ങനെ വേണമെങ്കിലും മാറ്റാം. പക്ഷേ ജനനത്തീയതി മാറ്റാൻ പറ്റുമെന്നു
തോന്നുന്നില്ല! (ഏതെങ്കിലും കേസിൽ അകപ്പെട്ട് പ്രായപൂർത്തിയായിട്ടില്ലെന്നു തെളിയിക്കണമെങ്കിൽ
അതിനു ശ്രമിച്ചേക്കാം!)
ചിലരുടെയൊക്കെ കാര്യത്തിൽ
ശരിക്കുള്ള ജനനത്തീയതിയും സ്‌കൂളിൽ പറയുന്ന തീയതിയും തമ്മിൽ വളരെ വ്യത്യാസമുണ്ടായിരിക്കും.
ഈയുള്ളവൻറെ കാര്യത്തിൽ അതു രണ്ടു ദിവസമാണ്. ജയശ്രീയുടെ കാര്യത്തിൽ ആറു മാസവും! കുട്ടി
പഠിച്ചു വളർന്നു ജോലി കിട്ടി, അതിൽ നിന്നു വിരമിക്കാൻ ആറു മാസം താമസിച്ചായിക്കോട്ടെ
എന്ന അച്ഛൻറെ ദീർഘവീക്ഷണം!
ഈയുള്ളവനു പിറന്നാൾ ആശംസകൾ
നേർന്ന, ഇനിയും നേരാനിരിക്കുന്ന, എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു. നിങ്ങളുടെയൊക്കെ
സ്നേഹവും ശ്രദ്ധയുമാണ് ഇവനെ മുന്നോട്ടു നയിക്കുന്നത്!