11 02 23
ടും … ടും … ടും
പാറു: "കടന്നു വരൂ."
(നന്ദി പ്രവേശിക്കുന്നു, നീലനേയും പാറുവിനേയും
വണങ്ങി തല കുനിച്ചു നിൽക്കുന്നു.)
നീലൻ: "ങും? "
നന്ദി: "അത് ... അത് ... അടിയന് ഒരൂട്ടം
പറയാൻ ണ്ടാർന്നു."
നീലൻ: "എന്താണാവോ ആ ഒരൂട്ടം?”
നന്ദി: "തിരുമേനിക്ക് ഇനി കുറച്ചൂസത്തേക്ക്
യാത്രയൊന്നുമില്ലല്ലോ."
നീലൻ: "ഇല്ല. അതിനിപ്പേന്താ? ഇടക്ക് അങ്ങനെ
പതിവുണ്ടല്ലോ."
നന്ദി: "ഉവ്വ്. ന്നാലും ..."
പാറു: "ന്താപ്പോ ഒര് ന്നാലും?"
നന്ദി: "അത് ... നിക്ക് … ഒരാഴ്ചത്തെ
അവധി ... “
പാറു: “അതെന്തിനാ പ്പം അവധി?”
നന്ദി: “ഭൂമീ പോണം, വെറുതെ ഒന്നു കറങ്ങാൻ."
നീലൻ: "ങും, എല്ലാക്കൊല്ലോം പതിവാണല്ലോ
ഈ സമയത്ത് ഒരു ഭൂമീപ്പോക്ക്. എന്താ പ്രത്യേകിച്ച്?"
നന്ദി: "ഇല്ല, ങ്ങനെ പ്രത്യേകിച്ച് ഒന്നൂല്ല."
(നാണിച്ചു മുഖം കുനിക്കുന്നു, വാലു കൊണ്ടു പുറം തടവുന്നു.)
നീലൻ: "ങും. ശരി. പോയിട്ടു വരൂ."
(നന്ദി ഇരുവരേയും വണങ്ങിയിട്ടു പോകുന്നു.)
നീലൻ: “കഴിഞ്ഞ കുറച്ചൂസായി നന്ദി വളരെ വിവശനായിരുന്നു."
പാറു: “ഉവ്വ്. അതു ഞാനും ശ്രദ്ധിച്ചിരുന്നു."
നീലൻ: "ഇപ്പം വന്നപ്പോഴോ?"
പാറു: "ഇപ്പം പഴയ പ്രസരിപ്പൊക്കെ തിരിച്ചു
കിട്ടിയിട്ടുണ്ട്."
നീലൻ: "അതെന്താ അങ്ങനെ?"
പാറു: "ആവോ, നിക്കറിയില്ല. എന്താ?"
നീലൻ: "പശുക്കളെ പൂജിക്കുന്ന ഒരു നാടുണ്ടു
ഭൂമിയിൽ: ഭാരതം."
പാറു: " ഉവ്വ്. അവിടെയാണല്ലോ കാശീം രാമേശ്വരോം ഒക്കെ."
നീലൻ: "ങാ, അവിടെ സർക്കാർ ഒരു വിളംബരം
ഇറക്കി."
പാറു: "എന്തു വിളംബരം?"
നീലൻ: "ഇനി മുതൽ പ്രണയദിനത്തിൽ എല്ലാരും
പശുക്കളെ കെട്ടിപ്പിടിക്കണം."
പാറു: "എന്നിട്ട്?"
നീലൻ: "അതു പത്രക്കാരുടെയടുത്തെത്തിയപ്പോൾ
അവർ ലേശം എരിവും പുളിയും ചേർത്തു."
പാറു: "ച്ചാൽ?"
നീലൻ: "‘എല്ലാ ആണുങ്ങളും പശുക്കളേയും
എല്ലാ പെണ്ണുങ്ങളും കാളകളേയും കെട്ടിപിടിക്കണം, ഉമ്മ കൊടുക്കണം’, ന്നാക്കി."
പാറു: "അത് കൊള്ളാലോ, ന്നിട്ട്?"
നീലൻ: "വലിയ വലിയ പ്രധാന (വ.വ.പ്ര.) വ്യക്തികൾ
ഒക്കെ ഏറ്റവും സുന്ദരിമാരായ പശുക്കളേയും നല്ല കരുത്തന്മാരായ കാളകളേയും അച്ചാരമൊക്കെ കൊടുത്ത് ബുക്കു ചെയ്തുവത്രേ."
പാറു: "ങ്ഹാ, അതെയോ? ന്നിട്ട്?"
നീലൻ: "മ്മടെ നന്ദിക്ക് അവിടെ ഒരു ലൈൻ
ഉണ്ട്. അന്നാട്ടിലെ ഏറ്റവും സുന്ദരിയാണത്രെ."
പാറു: "ന്നിട്ട്?"
നീലൻ: "അവളെ വ.വ.പ്ര. വ്യക്തികളൊക്കെ
ബുക്ക് ചെയ്തിരിക്കുകയാണത്രെ."
പാറു: "അപ്പം നന്ദിയോ?"
നീലൻ: "ങാ, അതല്ലേ കുറച്ചു ദിവസമായി നന്ദിക്ക്
ഒരു ഉഷാറില്ലാതിരുന്നത്? എത്ര പേരുടെ ഊഴം കഴിഞ്ഞാലാവോ അവനൊരു ചാൻസ് കിട്ട്വാ!"
പാറു: "അത് ശരി ... അപ്പപ്പിന്നെ ഇപ്പം
ഉത്സാഹം എവിടുന്നു വന്നു?"
നീലൻ: "പാറു ന്നത്തെ പത്രം വായിച്ചില്ലേ?"
പാറു: "ഓ, നിക്കതിനൊന്നും നേരല്യ. പറഞ്ഞാ
മതി."
നീലൻ: "ആ വിളംബരം പിൻവലിച്ചൂത്രേ."
പാറു: " ആഹാ, അങ്ങനെ വരട്ടെ, അപ്പം അതാണ് കാര്യം."
നീലൻ: “ഇനീപ്പം വ.വ.പ്ര. വ്യക്തികളൊന്നും അവരെ
ശല്യപ്പെടുത്തൂല്ലല്ലോ.”
പാറു: “ങ്‌ഹും, അതു ശര്യാ.”
(നീലനും പാറുവും പരസ്പരം നോക്കി അർത്ഥഗർഭമായി
മന്ദഹസിക്കുന്നു.)
(തിരശ്ശീല)