2020, ജനുവരി 7, ചൊവ്വാഴ്ച

ഇല്ലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം


2019 സെപ്റ്റംബർ ആറ് വ്യാഴാഴ്ച.

കുളി കഴിഞ്ഞു കുളത്തിൽ നിന്നു കയറിയപ്പോൾ അറിയാതെ ഇടത്തുവശത്തേക്ക് ഒന്നു നോക്കിപ്പോയി. അതു പതിവുള്ളതാണ്. കുളിക്കാൻ വരുമ്പോഴും കുളിച്ചിട്ടു പോകുമ്പോഴും അങ്ങോട്ടൊന്നു നോക്കും. പിന്നെ ഒരു നെടുവീർപ്പിടും. നടന്നു നീങ്ങും. അതാണു പതിവ്.

അവിടെ, എൻറെ നോട്ടം അവസാനിക്കുന്നിടത്ത്, ഒരു ചെറിയ കെട്ടിടമുണ്ട്. അതിലാണ് കണ്ണുകളും മനസ്സും ഉടക്കാറ്‌.

പക്ഷെ ഇന്ന്, എന്തോ, ഒന്നടുത്തു പോകണമെന്ന് തോന്നി. ആ കെട്ടിടത്തിൻറെ ഇപ്പോഴത്തെ ഉടമസ്ഥർ താമസിക്കുന്നത് അതിൻറെ താഴെ കുളത്തിൻറെ സമീപത്തായി പണി കഴിപ്പിച്ച പുതിയ വീട്ടിലാണ്. അങ്ങോട്ടൊന്നു നോക്കി. ആരെയെങ്കിലും കാണുകയാണെങ്കിൽ ചോദിക്കാം, "ആ കെട്ടിടം ഒന്നു പോയി കണ്ടോട്ടെ?" അപേക്ഷ നിരസിക്കാൻ സാദ്ധ്യതയില്ല. പക്ഷെ പുറത്തെങ്ങും ആരേയും കണ്ടില്ല. അതുകൊണ്ട് അനുവാദത്തിനു കാത്തു നിൽക്കാതെ അങ്ങോട്ട് നടന്നു.

മഴവെള്ളം കെട്ടിനിന്ന് ചളി നിറഞ്ഞ ഒരു ചെറിയ നടപ്പാത കടന്നു വേണം പോകാൻ. അവിടെ ഇടവിട്ടിടവിട്ട് ഇഷ്ടികകൾ നിരത്തി വച്ചിട്ടുണ്ട്. ഇഷ്ടികകളിൽ ചവിട്ടി അപ്പുറത്തു കടക്കുന്നത് മുറ്റത്തേക്കാണ്. ആ മുറ്റത്തു കാലു കുത്തിയപ്പോൾ ഹൃദയമിടിപ്പ് കൂടിയെന്ന് തോന്നി. മുപ്പത്തൊൻപതു വർഷത്തിനു ശേഷം ആദ്യമായി അവിടെ നിന്നപ്പോൾ അറിയാതെ ഒരു തേങ്ങൽ, ഒരു ദീർഘനിശ്വാസം. കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ (കാണാൻ അവിടെ ആരും ഉണ്ടായിരുന്നില്ലെങ്കിൽക്കൂടി) കണ്ണുകൾ തുടച്ചു.
എത്രയോ വർഷത്തെ ഓർമ്മകളാണ് ഇപ്പോൾ ഭാർഗ്ഗവീ നിലയമായി മാറിയ ഈ കൊച്ചു കെട്ടിടത്തിൽ കെട്ടിക്കിടക്കുന്നത്! ഒരിക്കലും മായാത്ത, ഒരിക്കലും നിറം മങ്ങാത്ത, എന്നുമെന്നും പ്രചോദനം നൽകുന്ന, ഓർമ്മകൾ! അവയല്ലേ എൻറെ ജീവിതം മുമ്പോട്ട് നയിച്ചത്? ഇപ്പോഴും നയിക്കുന്നത്?
ആൾപ്പാർപ്പില്ലാത്ത, ജനാലകളും വാതിലുകളും നിഷ്ക്കരുണം പുഴക്കിയെടുക്കപ്പെട്ട, മൂന്നു മുറികളും ഒരു കൊച്ചു മുറിയും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള ഒരു കൊച്ചു കെട്ടിടം. ഇന്നതൊരു കെട്ടിടം മാത്രം, ഒരു വെറും അസ്ഥിപഞ്ജരം.

ഒരു കാലത്ത് അസ്ഥിപഞ്ജരത്തിനു മജ്ജയും മാംസവും രക്തവും ഉണ്ടായിരുന്നു, അതിൻറെ സിരകളിൽ സ്നേഹവും സംരക്ഷണവും പ്രവഹിച്ചിരുന്നു. കാണാൻ കണ്ണുകളും  കേൾക്കാൻ കാതുകളും സംസാരിക്കാൻ നാവും ഉണ്ടായിരുന്നു. അതു സ്നേഹ വാത്സല്യങ്ങളോടെ ഞങ്ങളെ താരാട്ടു പാടി ഉറക്കിയിരുന്നു. ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അസ്ഥിപഞ്ജരമാണ്. പൊട്ടിച്ചിരികളും കരച്ചിലുകളും കളിയാക്കലുകളും ശുണ്ഠി പിടിപ്പിക്കലുകളും ശകാരങ്ങളും എല്ലാം ഉണ്ടായിരുന്ന ഒരു ഗൃഹമായിരുന്നു അത്. ഞങ്ങളുടെ പ്രിയപ്പെട്ട ഇല്ലം. അച്ഛനും അമ്മയും നാലു മക്കളും. ഞങ്ങൾ കുട്ടിക്കാലം ചെലവഴിച്ച, ഞങ്ങളെ വളരെയേറെ സ്നേഹിച്ച, ഞങ്ങൾ വളരെയേറെ സ്നേഹിച്ച, ഹൃദയത്തിൽ മായാതെ പ്രതിഷ്ഠിച്ച, ഇല്ലം.

ഏട്ടൻറെയും ഓപ്പോളുടെയും ഗിരിജയുടേയും വിവാഹങ്ങൾ നടന്നപ്പോൾ ഞങ്ങൾ ഇവിടെയാണു താമസിച്ചിരുന്നത്. എൻറെ വിവാഹം ഡൽഹിയിൽ വച്ചായിരുന്നെങ്കിലും ഇല്ലത്തിൻറെ അനുഗ്രഹം തീർച്ചയായും ഉണ്ടായിരുന്നു. പക്ഷെ വിവാഹത്തിനു ശേഷം അവിടെ പോകാൻ എനിക്കു സാധിച്ചില്ല. ഇല്ലം ആദ്യമായൊന്നു കാണാൻ ജയശ്രീക്കും അവസരം ലഭിച്ചിട്ടില്ല. വിവാഹത്തിനു ശേഷം ആദ്യമായി നാട്ടിൽ പോയപ്പോഴേക്കും ഇല്ലവും സ്ഥലവും മറ്റൊരാളുടേതായിക്കഴിഞ്ഞിരുന്നു!

വെളിയന്നൂർ പ്രദേശത്ത് അന്ന്, അതായത് 1960കളിൽ, ഉണ്ടായിരുന്ന ഏക ആശാരി കുട്ടപ്പൻ ആശാരിയായിരുന്നു. അദ്ദേഹമാണ് ഈ കെട്ടിടത്തിനു സ്ഥാനം കണ്ടതും പണി തീർത്തതും. സ്ഥാനം കണ്ട പ്രദേശം മുഴുവൻ മലയായിരുന്നു. ആ മലയിൽ പകുതിയോളം വെട്ടിപ്പൊളിച്ച് മണ്ണു മുഴുവൻ മാറ്റിയത് അച്ഛനും ഏട്ടനും ഞാനും കൂടിയായിരുന്നു. കിഴക്കു നിന്നും മണ്ണെടുത്ത് താഴ്ന്നു കിടന്നിരുന്ന പടിഞ്ഞാറു ഭാഗത്ത് ഇട്ട് അവിടം പൊക്കി. അങ്ങനെ നിരത്തിയെടുത്ത സ്ഥലത്താണ് കെട്ടിടം പണിതത്. ദിവസങ്ങളോളം തുടർച്ചയായി ഒരു ക്ഷീണവുമറിയാതെ ഞങ്ങൾ അദ്ധ്വാനിച്ചു. അതൊരു അദ്ധ്വാനമായി തോന്നിയില്ല, ഉത്സവം പോലെ ആയിരുന്നു.

കണ്ണുകൾ വീണ്ടും നിറയുമെന്നു തോന്നിയപ്പോൾ ഒന്നു പ്രദക്ഷിണം വയ്ക്കാമെന്നു തീരുമാനിച്ചു. വടക്കു വശത്തെ വീതി കുറഞ്ഞ മുറ്റത്തുകൂടി നടന്നു പുറകു (കിഴക്കു) വശത്തെത്തി. അവിടെ മുറ്റത്താണു കിണർ. ഞങ്ങൾ താമസിച്ചിരുന്നപ്പോൾ അതിൻറെ വക്കു വെട്ടുകല്ലുപയോഗിച്ച് താൽക്കാലികമായിട്ടേ കെട്ടിയിരുന്നുള്ളു. അതിലെന്നും വെള്ളമുണ്ടായിരുന്നു. ഈയിടെയായി വരാറുള്ള കൊടും വരൾച്ചയൊന്നും അക്കാലത്ത് ഉണ്ടായിരുന്നതായി ഓർമ്മയില്ല. മഴക്കാലത്തു കിണർ നിറഞ്ഞു മുറ്റത്തുകൂടി വെള്ളം പ്രവഹിക്കും. ആ വെള്ളത്തിൽ ചാടിക്കളിക്കുമ്പോൾ ആകാശ ഗംഗയിൽ നീന്തിക്കുളിക്കുന്നത്ര നിർവൃതിയാണ് അനുഭവിക്കാറ്. കിണറ്റിൽ നിന്നു വെള്ളം ‘കോരി’യെടുക്കുന്നതിനു പകരം ‘മുക്കി’യെടുക്കുന്നതിൻറെ കൗതുകവും അത്ഭുതവും അനുഭവിച്ചു തന്നെ അറിയണം.

ഇന്ന് കിണറിൻറെ വക്കുകൾ സിമൻറ് ഉപയോഗിച്ച്  കെട്ടിയിട്ടുണ്ട്, ഡി എന്ന ഇംഗ്ലീഷ് അക്ഷരത്തിൻറെ മാതൃകയിൽ. കിണറ്റിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു. അകത്ത് വക്കുകളിൽ ധാരാളം ചെടികൾ വളർന്നു നിൽക്കുന്നു. കയറും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോരിയിട്ടു വർഷങ്ങൾ കഴിഞ്ഞു കാണും. ഉപയോഗ ശൂന്യമായ ആ കിണർ നോക്കി നിന്നപ്പോൾ അത് എന്നെ നോക്കി സങ്കടം പറയുന്നതുപോലെയും ഏങ്ങി കരയുന്നതു പോലെയും തോന്നി.

ഒരിക്കൽ ആ കിണറ്റിൽ ഒരു പാമ്പു വീണതോർക്കുന്നു. രാവിലെ അമ്മ വെള്ളം കോരാൻ ശ്രമിക്കുമ്പോഴാണ് കിണറ്റിൽ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന പാമ്പിനെക്കണ്ടത്. അമ്മ അച്ഛനേയും അച്ഛൻ അയൽപക്കക്കാരെയും വിളിച്ചുവരുത്തി. നീർക്കോലിയാണെന്നും ചേരയാണെന്നും മറ്റും പല അഭിപ്രായങ്ങളും പൊന്തി വന്നു. ഒടുവിൽ ആരോ ഒരാൾ ഒരു നീണ്ട തോട്ടി കൊണ്ട് അതിൻറെ ദേഹത്ത് ഒന്നു കുത്തി. വേദന കൊണ്ടു പുളഞ്ഞ പാമ്പു പത്തി വിടർത്തിയപ്പോഴാണ് അതൊരു മൂർഖനാണെന്നു മനസ്സിലായത്. നീർക്കോലിയോ ചേരയോ ആണെങ്കിൽ ഒരു പക്ഷെ ഒരൽപം ദയ അതിനോടു കാണിക്കുമായിരുന്നു, വിഷം ഇല്ലാത്തതു കൊണ്ട്. എന്നാൽ മൂർഖനെ അങ്ങനെ വിടാൻ ആരും തയ്യാറായില്ല. അന്നൊക്കെ ഏതു പാമ്പിനെ എവിടെ കണ്ടാലും തല്ലിക്കൊല്ലുക എന്നത് ഒരു സാധാരണ കാര്യവും സാമാന്യ നിയമവും മാത്രമല്ല ഒരു വീരകൃത്യവുമായിരുന്നു. അന്ന് വാവ സുരേഷുമാരൊന്നും ഇല്ലായിരുന്നു. അഥവാ  ഉണ്ടായിരുന്നെങ്കിൽത്തന്നെ ആർക്കും അറിയില്ലായിരുന്നു.

ഒരു മൂർഖൻ പാമ്പിനെ തല്ലിക്കൊല്ലാനുള്ള അവസരം വീണു കിട്ടിയപ്പോൾ കൂടിയിരുന്നവർക്കൊക്കെ സ്വർഗ്ഗം കിട്ടിയ വാശിയായിരുന്നു. തൊട്ടിയും കയറും കൂടി കിണറ്റിലിട്ട് അതിനെ കയറിൽ കൂടി കയറ്റാൻ ശ്രമിച്ചുനോക്കി. എന്നാൽ കയറിൻറെ അടുത്തു പോലും വരാൻ പാമ്പു കൂട്ടാക്കിയില്ല. ഒടുവിൽ സഹി കെട്ട് കിണറ്റിൽ ഇട്ടു തന്നെ അതിനെ കൊല്ലുക എന്ന തീരുമാനത്തിൽ എല്ലാവരും എത്തിച്ചേർന്നു. അതു തന്നെ നടപ്പാക്കുകയും ചെയ്തു. തല്ലിക്കൊന്നു വെളിയിലെത്തിച്ചിട്ട് അതിൻറെ നീളവും പത്തിയുടെ വീതിയും മറ്റും അളക്കുകയുണ്ടായി. അതൊരു സാമാന്യം വലിയ മൂർഖനായിരുന്നു എന്നാണോർമ്മ. പാമ്പിനെക്കൊന്നത് ഒരു ഉത്സവമായിരുന്നെങ്കിലും കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ പറ്റാതായി. പിന്നീട്, പാമ്പിനെ തല്ലിക്കൊന്നതിൻറെ പ്രായശ്ചിത്തമെന്നോണം, എല്ലാവരും കൂടി അതിലെ വെള്ളം മുഴുവൻ തേകി വറ്റിച്ചു.   

കിണർ കുത്തിയപ്പോൾ അതിൽ നിന്നെടുത്ത മണ്ണു മുഴുവൻ പടിഞ്ഞാറു വശത്തു കൊണ്ടുപോയി ഇട്ടത് അച്ഛനും ഏട്ടനും ഞാനും കൂടിയാണ്. കിണറ്റിൽ ഇറങ്ങി കുഴിക്കാൻ രാമനും, കുട്ടി എന്ന് വിളിച്ചിരുന്ന നാരായണനും ഉണ്ടായിരുന്നു. കുട്ടി പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ വീടും സ്ഥലവും വിറ്റ് മലബാറിലേക്കു പോയിരുന്നു. മലബാർ എന്നാണ് അന്നു വടക്കൻ കേരളത്തെ പൊതുവെ പറഞ്ഞിരുന്നത്. വർഷങ്ങൾക്കു ശേഷം ഒരിക്കൽ മാത്രം കുട്ടി വന്നിരുന്നു. പഴനിക്കു പോകുകയാണെന്നാണു പറഞ്ഞത്. അതിൻറെ ഭാഗമായി നൂറ്റെട്ടു വീടുകളിൽ നിന്നു ഭിക്ഷ എടുക്കണമത്രേ. അതിനു വന്നതായിരുന്നു അന്ന്.  

ഇന്നു കുട്ടിയും രാമനുമില്ല, കുട്ടിയുടെ ഭാര്യ കാർത്ത്യായനിയും രാമൻറെ ഭാര്യ ജാനകിയും ഇല്ല. കുട്ടിയുടെ രണ്ടു മക്കൾ, തങ്കയും കുഞ്ഞപ്പനും, ഓരോ കാരണങ്ങളാൽ സ്വയം ദേഹം ത്യജിച്ചെന്ന് ഇടക്കെപ്പോഴോ നാട്ടിൽ ചെന്നപ്പോൾ കേട്ടിരുന്നു.

ഒരിക്കലും മായാത്ത ഓർമ്മകളിലൂടെ പരതി നടക്കുമ്പോൾ മനസ്സിൽ എവിടെയോ ഇരുന്ന് ആരൊക്കെയോ മുള്ളു കൊണ്ട് ആഞ്ഞാഞ്ഞു കുത്തി നോവിക്കുന്നു!

കിഴക്കു വശത്തെ വിശാലമായ വരാന്തയിൽ കയറി. കുട്ടപ്പൻ ആശാരി നിർമ്മിച്ച കെട്ടിടത്തിൽ ആ വരാന്ത ഇല്ലായിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞാണ് അതു പണിതത്. കൂടുതൽ പേർ ഒരുമിച്ചിരുന്ന് ചെയ്യുന്ന, അല്ലെങ്കിൽ സ്ഥലം കൂടുതൽ ആവശ്യമായ, ചക്ക വെട്ടുകയും, ഒരുക്കുകയും പോലെയുള്ള പണികളെല്ലാം ചെയ്തിരുന്നത് ഈ വരാന്തയിൽ വച്ചായിരുന്നു.  നാളികേരം, അടക്ക (പാക്ക്), ഈന്തിൻകായ്‌, കശുവണ്ടി തുടങ്ങിയവയെല്ലാം കൊണ്ടുവന്നാൽ ആദ്യം ശേഖരിക്കുന്നതും ഇവിടെത്തന്നെ. അടുക്കളയോടു ചേർന്നുള്ള വശത്ത് ഒരു തറ കെട്ടി അതിലാണ് അരകല്ലു (അന്നത്തെ മിക്സി) വച്ചിരുന്നത്.  വരാന്തയുടെ തെക്കുപടിഞ്ഞാറെ കോണിൽ ഒരു അടുപ്പു കൂട്ടി അവിടെ വലിയ ഒരു ചെമ്പു കലത്തിൽ നെല്ലു പുഴുങ്ങിയിരുന്നു. നാട്ടിൽ നിന്നു സ്ഥിര താമസത്തിനായി ദില്ലിക്കു പോന്നപ്പോൾ ആ കലം, കൈ വിട്ടു കളയാനുള്ള ബുദ്ധിമുട്ടു കൊണ്ട്, അമ്മ ചിറ്റക്കു കൊടുത്തു.  

കിഴക്കു വശത്തു നിന്നും തെക്കു വശത്തെ തൊഴുത്തിനു മുമ്പിൽ കൂടി വീണ്ടും ഇല്ലത്തിൻറെ മുൻഭാഗത്ത് എത്തി, പടിഞ്ഞാറു വശത്ത്.

ഒരിക്കൽ കൂടി ഇപ്പോഴത്തെ ഉടമസ്ഥർ താമസിക്കുന്ന പുതിയ വീട്ടിലേക്കൊന്നു നോക്കി. ഇല്ല, ആരുമില്ല, പുറത്തെങ്ങും. അനുവാദം ചോദിക്കാൻ ആരേയും കണ്ടില്ല.

വാതിലുകൾ ഒന്നുമില്ല, എല്ലാം പുഴക്കിയെടുത്തിരിക്കുന്നു. അകത്തൊന്നു കയറി നോക്കുക തന്നെ. സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നു വേണമെങ്കിൽ പറയാം.

വരാന്തയിൽ കയറി. ഈ വരാന്തയ്ക്ക് എത്രയെത്ര കഥകൾ പറയാനുണ്ട്!
അങ്ങു ദൂരെ നീണ്ടു കിടക്കുന്ന പാടങ്ങൾക്കുമപ്പുറത്ത് ഒരു തോടുണ്ടായിരുന്നു. തോടു കടന്നാൽ വീണ്ടും ഒരു ചെറിയ പാടം. അതിനപ്പുറം ഒരു തൊണ്ട് (ഇരു വശവും ഭിത്തികൾ പടുത്തുയർത്തിയ വീതി കുറഞ്ഞ നടപ്പാത). 

ഇല്ലത്തുനിന്നും തൊണ്ടിലേക്ക് ഏകദേശം അര കിലോമീറ്ററോളം ദൂരം വരും. പക്ഷെ പടിഞ്ഞാറു വശത്തെ വരാന്തയിൽ നിന്നു നോക്കിയാൽ, പാടം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട്, ആ തൊണ്ടു വരെ അന്നു വ്യക്തമായി കാണാമായിരുന്നു.

ഏട്ടൻ പിന്നീട് വ്യോമ സേനയിൽ ചേർന്നപ്പോൾ, വർഷത്തിൽ ഒരിക്കൽ അവധിക്കു വരുന്ന ദിവസം രാവിലെ മുതൽ ഞങ്ങൾ വരാന്തയിൽ സ്ഥാനം പിടിക്കും. ഏട്ടൻ തൊണ്ടിൽ നിന്നിറങ്ങി ആദ്യത്തെ ചുവടു വയ്ക്കുമ്പോഴേ ആഘോഷം തുടങ്ങും. "ഏട്ടൻ വന്നു, ഏട്ടൻ വന്നു" എന്ന് വിളിച്ചു കൂവി തുള്ളിച്ചാടും. അടുക്കളയിൽ തിരക്കിട്ട ജോലികൾക്കിടയിലും അമ്മയും ഓടി വരും ഒരു വർഷത്തിനു ശേഷം അവധിയിൽ വരുന്ന പൊന്നോമന മകനെ ഒരു നിമിഷം നേരത്തെയെങ്കിലും കാണാൻ. അച്ഛനും വരാന്തയിൽ ഇറങ്ങി വന്നു നിൽക്കാറുണ്ട്.

മഴക്കാലത്ത് വരാന്തയിൽ ഇരുന്നാണു ഞാൻ മഴ ആസ്വദിക്കാറ്. ഓടു മേഞ്ഞ മേൽക്കൂരയിൽ പതിച്ച് ഒഴുകി താഴെ മുറ്റത്തേക്കും ചുറ്റുപാടുമുള്ള മരങ്ങളുടെ ഇലകളിൽ നിന്നു താഴേക്കും പതിക്കുന്ന വെള്ളത്തുള്ളികളുടെ സംഗീതം എനിക്കൊരു ലഹരിയായിരുന്നു. എത്ര ആസ്വദിച്ചാലും മതി വരാത്ത ലഹരി. ഇന്നും അങ്ങനെ തന്നെ. പക്ഷെ ദില്ലിയിൽ എവിടെ മഴക്കാലം? എവിടെ ഓടു മേഞ്ഞ വീടുകൾ? എവിടെ വീട്ടിനു ചുറ്റും മരങ്ങൾ? ഇവയൊക്കെ തിരിച്ചു കിട്ടണമെങ്കിൽ നാട്ടിൽ തിരിച്ചെത്തണം, ഗ്രാമത്തിൽ തിരിച്ചെത്തണം, വേരുകളിലേക്കു മടങ്ങണം. അതിനിനി എന്നാണാവോ ഭാഗ്യം ഉണ്ടാവുക?
വരാന്തയിൽ ഒരു ബെഞ്ചും ഡെസ്കും ഉണ്ടായിരുന്നു അന്ന്. ഞങ്ങൾ അവിടെയിരുന്നാണ് പഠിച്ചിരുന്നതും ഗൃഹപാഠങ്ങൾ ചെയ്തിരുന്നതും. ഒരിക്കൽ കോളേജിൽ നിന്നു എൻറെ ചില സഹപാഠികൾ വന്നപ്പോൾ അവിടെയിരുന്നാണ് അവർ കാപ്പിയും പലഹാരവും അവർക്കു വേണ്ടി അമ്മ പ്രത്യേകം ഉണ്ടാക്കിയ പായസവും മറ്റും കഴിച്ചത്. ക്രിസ്ത്യാനികൾകൂടി ഉൾപ്പെട്ട അവരെ കാണാൻ മുത്തശ്ശി വാതിൽപ്പടിയിൽ വന്നു നിന്നത് ഞാനിപ്പോഴും ഓർക്കുന്നു. അവരെ വരാന്തയിൽ കയറ്റി ഇരുത്തിയതിനു പിന്നീട് മുത്തശ്ശി ഇഷ്ടക്കേടു കാണിക്കുമോ എന്നു ഞാൻ ഭയന്നിരുന്നു. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ല. പഴമയിൽ കാലുകൾ ഊന്നിയിരുന്നെങ്കിലും പുതുമയെ കാണാൻ മുത്തശ്ശിക്കു കഴിയുമായിരുന്നു.

സ്വീകരണ മുറി, ഊണുമുറി തുടങ്ങിയ ആശയങ്ങളൊന്നും ഗ്രാമങ്ങളിൽ ഇല്ലാതിരുന്ന അക്കാലത്ത് ആ വരാന്തയായിരുന്നു ഞങ്ങളുടെ സ്വീകരണ മുറി. ആ ബെഞ്ചും ഡെസ്‌കുമായിരുന്നു സോഫാസെറ്റും ടീപ്പോയിയും. ഒരു 2-ബാൻഡ് ട്രാൻസിസ്റ്റർ വാങ്ങിച്ചപ്പോൾ ആ ഡെസ്കിൽ വച്ചിട്ടാണ് വൈകീട്ട് നാലരക്ക് റേഡിയോ സിലോണിൽ നിന്നുള്ള പരിപാടികളും ആറരക്ക് തൃശൂർ ആകാശവാണിയിൽ നിന്നു പ്രക്ഷേപണം ചെയ്തിരുന്നു ചലച്ചിത്ര ഗാനങ്ങളും ശ്രവിച്ചിരുന്നത്. പിന്നീട് എപ്പോഴോ രണ്ടോ മൂന്നോ കസേരകൾ വാങ്ങിച്ചപ്പോൾ 'സ്റ്റാറ്റസ് കുറഞ്ഞ' ബെഞ്ചും ഡെസ്കും തെക്കേ മുറിയിലേക്കു മാറ്റി. പിന്നെ അവിടെ ഇരുന്നായി ഞങ്ങളുടെ പഠനം.

വരാന്തയിൽ നിന്നു കൊച്ചുമുറിയിലേക്കു കടന്നു. വരാന്തയുടെ തെക്കുഭാഗത്താണ് കൊച്ചു മുറി. പേരു പോലെ തന്നെ ഒരു ചെറിയ മുറിയാണ് അത്. അവിടെയായിരുന്നു അച്ഛൻ ഉറങ്ങിയിരുന്നത്. ആ മുറിയുടെ ഭിത്തിയിൽ ഒരു ചെറിയ അലമാരയുണ്ടായിരുന്നു. അതിൻറെ മുകളിലത്തെ തട്ടിൽ ഒരു ചെറിയ തകരപ്പെട്ടിയിലാണു വസ്തുവിൻറെ പ്രമാണം, റേഷൻ കാർഡ്, ഞങ്ങളുടെ ജാതകക്കുറിപ്പുകൾ, തുടങ്ങിയവ ഉൾപ്പെടെയുള്ള  പ്രധാനപ്പെട്ട രേഖകൾ അച്ഛൻ സൂക്ഷിച്ചിരുന്നത്. അച്ഛൻറെ മരണത്തിൻറെ പിറ്റേ വർഷം അമ്മയെയും കൂട്ടി ദില്ലിക്കു പോരുവാൻ ഇല്ലത്തോട് അവസാനമായി യാത്ര പറഞ്ഞിറങ്ങിയപ്പോൾ മറ്റു പെട്ടികളുടെ കൂട്ടത്തിൽ ആ തകരപ്പെട്ടിയും കൂടി എടുക്കാൻ, എന്തോ,  തോന്നിയില്ല. അന്ന് ആ പെട്ടിയുടെ മൂല്യം അറിഞ്ഞിരുന്നില്ല. ഇന്ന് അതിൻറെ മൂല്യം തിരിച്ചറിയുമ്പോൾ അതിനെപ്പറ്റിയുള്ള ഓർമ്മകൾ മാത്രം അവശേഷിക്കുന്നു.

അച്ഛൻ മരിച്ചപ്പോൾ നിലത്തിറക്കി കിടത്തിയതും ഈ കൊച്ചുമുറിയിൽ തന്നെ ആയിരുന്നു.

തെക്കേ മുറിയിൽ കിടന്നാണ് അച്ഛൻ അന്ത്യ ശ്വാസം വലിച്ചത്. അതിനെപ്പറ്റി വിശദമായുള്ള ഒരു ഓർമ്മക്കുറിപ്പ് യോഗക്ഷേമം മാസികയുടെ 1981 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. (താല്പര്യമുള്ളവർക്ക് അത് ഇവിടെ വായിക്കാം.)

ആ മുറിയിൽ വച്ചു തന്നെയായിരുന്നു ഓപ്പോളുടെ ആദ്യ പ്രസവവും.  

പുതുവേലിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു നേഴ്‌സിനെ കൊണ്ടു വരികയായിരുന്നു. ഞങ്ങളൊക്കെ ജനിച്ചപ്പോൾ പ്രസവം എടുത്ത (അങ്ങനെയാണതിനു പറഞ്ഞിരുന്നത്. പേറെടുക്കുക എന്നും പറഞ്ഞിരുന്നു), വയറ്റാട്ടിക്ക് (പതിച്ചി, വേറ്റി എന്നീ വാക്കുകൾ കൂടി ശബ്ദതാരാവലിയിൽ കാണുന്നു), വെളിയമ്പറത്തു താത്രിക്ക്, പ്രായം വളരെ ഏറിയിരുന്നു. അനാരോഗ്യവും കലശലായിരുന്നു. അവരോട് ഓപ്പോളുടെ പ്രസവം എടുക്കാൻ വരാമോയെന്നു ചോദിച്ചപ്പോൾ അവർ തന്നെയാണ് മിഡ്‌വൈഫിനെ വിളിച്ചാൽ മതിയെന്നു പറഞ്ഞത്. "അല്ലെങ്കിൽ തന്നെ ഇക്കാലത്ത് ആർക്കു വേണം വയറ്റാട്ടിയുടെ സഹായം? ഇപ്പോൾ എല്ലാവർക്കും ആശുപത്രി മതിയല്ലോ" എന്നും കൂടി അവർ പറഞ്ഞെന്നാണോർമ്മ. അഗാധമായ നിരാശയും നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്ന വാക്കുകൾ! ഗർഭധാരണം സ്ഥിരീകരിച്ചാൽ ഉടൻ മുന്തിയ ആശുപത്രിയിൽ പോയി പ്രസവം ബുക്ക് ചെയ്യുന്ന പരിപാടികളൊന്നും അന്നു സർവ്വസാധാരണമായിരുന്നില്ല. വയറ്റാട്ടി വരും, പ്രസവം എടുക്കും  അത്ര തന്നെ. പിന്നീടുള്ള പ്രസവരക്ഷയും അവരുടെ ചുമതലയായിരുന്നു. എല്ലാ ചുമതലയും തീർത്ത്, കൊടുക്കുന്ന ദക്ഷിണയും വാങ്ങി അവർ പോകുകയും ചെയ്യും, അതായിരുന്നു അന്നൊക്കെ പതിവ്. ഞങ്ങളുടെ നാട്ടിലെ ഏക വയറ്റാട്ടിയായിരുന്നു വെളിയമ്പറത്തെ താത്രി.

രാത്രിയായപ്പോഴാണ് ഓപ്പോൾക്കു വേദന തുടങ്ങിയതും നേഴ്‌സിനെ വിളിച്ചുകൊണ്ടു വന്നതും. അവർ വന്ന് ഓപ്പോളെ പരിശോധിച്ചിട്ട് പ്രസവത്തിന് ഇനിയും കുറെ സമയമെടുക്കും എന്നു പറഞ്ഞ് ആ മുറിയിൽ തന്നെ ഒരു പായ് വിരിച്ച് കിടന്നുറക്കമായി. അമ്മയ്ക്കും അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കും വന്ന ദേഷ്യത്തിന് ഒരു കണക്കുമില്ല. ഓപ്പോൾ വേദന കൊണ്ടു പുളയുകയായിരുന്നു. ഓരോരുത്തരും മാറി മാറി ഇരുന്ന് ഓപ്പോളെ സമാധാനിക്കാൻ ശ്രമിച്ചു. നേഴ്‌സാകട്ടെ ഗാഢ നിദ്രയിലും. നാലഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ആരും വിളിക്കാതെ തന്നെ അവർ എഴുന്നേറ്റു. വലിയ താമസമില്ലാതെ വാസുദേവൻ എന്നു മുറപ്പേരുള്ള, സുദേവൻ എന്ന് അമ്മയും ഞങ്ങളെല്ലാവരും ആദ്യകാലത്തു വിളിച്ചിരുന്ന, വാസു എന്ന് കിരാതനേട്ടൻ (വിനുവിൻറെ അച്ഛൻ) വിളിച്ചിരുന്ന, ഒടുവിൽ സ്കൂളിൽ ചേർത്തപ്പോൾ വിനോദ് എന്നു പേരു വയ്ക്കുകയും വിനു എന്ന് വിളിക്കുകയും ചെയ്ത, അതിൽ മറ്റെല്ലാ പേരുകളും ഒലിച്ചുപോയ, ഞങ്ങളുടെ മരുമകൻ വിനു പിറന്നു.

നടുവിലത്തെ മുറിയിൽ പടിഞ്ഞാറെ ഭിത്തിയോടു ചേർന്നാണു എന്നും സന്ധ്യാദീപം തെളിയിക്കാറുണ്ടായിരുന്നത്. അവിടെയിരുന്നാണ് നാമം ജപിക്കുകയും കീർത്തനങ്ങൾ ചൊല്ലുകയും ഒക്കെ ചെയ്യാറ്.

ഊണുമുറി, ഊണുമേശ എന്നുള്ള ആശയങ്ങളൊന്നും അക്കാലത്തു ഗ്രാമങ്ങളിൽ നിലവിലില്ലായിരുന്നു. ഒന്നോ രണ്ടോ പേരേ ആഹാരം കഴിക്കാനുള്ളു എങ്കിൽ അടുക്കളയിൽ തന്നെ നിലത്ത് ചമ്രം പടിഞ്ഞിരുന്നു കഴിക്കുകയായിരുന്നു ഞങ്ങളുടെ പതിവ്. എല്ലാവരും കൂടി ഒരുമിച്ചു കഴിക്കുകയാണെങ്കിൽ, അല്ലെങ്കിൽ പുറത്തു നിന്ന് ആരെങ്കിലും ഉണ്ടെങ്കിൽ, വടക്കെ മുറിയിൽ ഇരുന്നു കഴിക്കും. അത്ര തന്നെ.

എല്ലാ മുറികളിലും അടുക്കളയിലും സാവധാനം കയറി ഇറങ്ങി. മുപ്പത്തൊമ്പതു വർഷത്തിനിടക്ക് ഒന്നും തന്നെ കാര്യമായി മാറിയിട്ടില്ല. അടുക്കളയിൽ ഒരു സ്ളാബ് വച്ചിട്ടുണ്ട്, കിണറിൻറെ വക്കുകൾ സിമിന്റിട്ട് കെട്ടിയിട്ടുണ്ട്, അത്രമാത്രം. ബാക്കിയെല്ലാം അന്നത്തേതു പോലെ തന്നെ. ഓരോ മുക്കിലും മൂലയിലും ഓർമ്മകൾ തളം കെട്ടി നിൽക്കുന്നു. അവയുടെ തള്ളിക്കേറ്റത്തിൽ വീണ്ടും കണ്ണുകൾ നിറഞ്ഞു. ഒരു പക്ഷെ ഇനി വരുമ്പോൾ ഇതൊന്നും ഉണ്ടായെന്നു വരില്ല.

ഫോൺ കയ്യിലുണ്ടായിരുന്നെങ്കിൽ ഫോട്ടോ എടുക്കാമായിരുന്നെന്ന് ആദ്യം ചിന്തിച്ചു. പിന്നെ തോന്നി, അതു വേണ്ട. ഫോൺ കയ്യിൽ ഇല്ലാത്തതു നന്നായി. ഇല്ലത്തിൻറെ ഇപ്പോഴത്തെ അവസ്ഥ വേറെ ആരും കാണണ്ട. പഴയ ഇല്ലത്തിൻറെ ഓർമ്മകളിൽ സന്തോഷവും സമാധാനവും, മോഹങ്ങളും, പ്രതീക്ഷകളും തളം കെട്ടി നിൽക്കുന്നുണ്ട്. ആ ഓർമ്മകൾ മതി എല്ലാവരുടേയും മനസ്സുകളിൽ.

അവിടെ എത്ര സമയം ചെലവഴിച്ചാലും മതിയാവില്ലെന്നു തോന്നി. പക്ഷെ സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലല്ലോ.

തിരിച്ചു നടക്കുന്നതിനു മുമ്പ് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഈശ്വരാ, ഇനി വരുമ്പോൾ ഈ അസ്ഥിപഞ്ജരം ഇതുപോലെയെങ്കിലും ഉണ്ടായിരിക്കുമോ? അതോ, ഇത് അവസാനത്തെ യാത്ര പറച്ചിലാവുമോ? മനസ്സിൽ വീണ്ടും ഒരു തേങ്ങൽ. വീണ്ടും കണ്ണ് തുടച്ചു. സാവധാനം നടന്നു നീങ്ങി. മനസ്സിൻറെ ഭാരം കുറഞ്ഞോ, അതോ കൂടിയോ? അറിയില്ല.

വാൽക്കഷണം

തിരിച്ചു പോരുമ്പോൾ പുതിയ വീട്ടിൽ നിന്ന് ഒരു യുവതി വെളിയിൽ വന്നു. എന്നെ നോക്കി. അല്പം ജാള്യതയോടെ ഇല്ലത്തേക്കു വിരൽ ചൂണ്ടി ഞാൻ പറഞ്ഞു, "ഒന്നു കാണാൻ പോയതാണ്."

സഹതാപത്തോടെ ആണെന്നു തോന്നുന്നു, അവർ പ്രതികരിച്ചു, "മുമ്പു താമസിച്ചിരുന്ന വീടു കാണാൻ പോയതാണല്ലേ?"

ഞാൻ പറഞ്ഞു, "അതെ, കുറെ വർഷങ്ങളായല്ലൊ."

അവർ പറഞ്ഞു, "അങ്ങോട്ടു പോകുന്നതു ഞാൻ കണ്ടിരുന്നു."

നാലു ദശാബ്ധങ്ങൾക്കു മുമ്പു വിറ്റിട്ടു പോയ കെട്ടിടം കാണാൻ വന്ന എന്നെ അവർ കൗതുകത്തോടെ നോക്കി.