![]() |
അച്ഛൻ കേശവൻ നമ്പൂതിരിയും (1930-1979) അമ്മ നങ്ങേലി (ശ്രീദേവി) അന്തർജ്ജനവും (1931-1995) |
(യോഗക്ഷേമ സഭ തൃശൂർ ജില്ലാസഭയുടെ പ്രസിദ്ധീകരണമായ യോഗക്ഷേമം മാസികയുടെ 1980 ഏപ്രിൽ ലക്കത്തിൽ രാജി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിച്ചത്)
ഒക്ടോബർ
പതിനഞ്ചാം തീയതി കുഞ്ഞഫൻറെ കത്തു കിട്ടിയപ്പോൾ, അച്ഛനെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,
കുഞ്ഞഫന് അവിടെ വളരെ ദിവസം താമസിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് ഉടനെ തിരിക്കണം എന്നേ
ഞാൻ ധരിച്ചുള്ളു. കുഞ്ഞഫൻ അത്രയുമേ എഴുതിയിരുന്നുള്ളല്ലോ.
അതിൻറെ
മൂന്നാം ദിവസം ആശുപത്രിയിൽ വന്ന് അച്ഛനെ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നുപോയി. ഏതാണ്ട്
ഒരസ്ഥികൂടം പോലെ, അതായിരുന്നു അച്ഛൻറെ സ്ഥിതി. ഇത്രയും ക്ഷീണിച്ച് അച്ഛനെ കണ്ടിട്ടേ
ഇല്ല. "ദേ, ജയന്തൻ വന്നു" എന്ന് അമ്മ പറഞ്ഞപ്പോൾ അപ്പുറത്തേക്കു തിരിഞ്ഞു കിടക്കുകയായിരുന്ന അച്ഛൻ
ഇങ്ങോട്ടു തിരിഞ്ഞു. എത്ര പെട്ടെന്നാണ് ആ കണ്ണുകൾ കലങ്ങി നിറഞ്ഞൊഴുകാൻ തുടങ്ങിയത്!
എത്ര പെട്ടെന്നാണ് ആ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങിയത്! ആ എല്ലിൻകൂട്ടിന്റെ ഉള്ളിലെ ഹൃദയമിടിപ്പ്
എനിക്കു വ്യക്തമായി കാണുകയും കേൾക്കുകയും ചെയ്യാമായിരുന്നു. എന്നെ കയ്യിൽ പിടിച്ചു
കട്ടിലിൻറെ വക്കത്തിരുത്തി പെട്ടെന്ന് ആ നെഞ്ചിൽ കിടത്തി ആലിംഗനം ചെയ്തുകൊണ്ട് അച്ഛൻ
എന്തെല്ലാമാണു പുലമ്പിയിരുന്നത്? അച്ഛൻ ഉറക്കെ കരഞ്ഞിരുന്നു. അച്ഛൻ കരയുന്നത് ഇതിനു മുമ്പ് ഞാൻ കണ്ടിട്ടേയില്ല.
എത്രതന്നെ
കടിച്ചു പിടിച്ചിട്ടും എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. ദില്ലിയിലെ അഞ്ചു വർഷത്തെ താമസം കൊണ്ടു
നേടിയ നിർവ്വികാരതക്കു പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഞാൻ
ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. കണ്ണീർ തുടച്ചതുകൊണ്ടു ഫലമില്ലായിരുന്നു. ആ കണ്ണുകൾ
നിറഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു. അതു വേദന കൊണ്ടായിരുന്നോ? അതോ അഗാധമായ ദുഖമോ മകനെ കണ്ടതു
കൊണ്ടുള്ള സന്തോഷമോ ആയിരുന്നോ അതിനു കാരണം? ഒടുവിൽ അൽപ്പം സമാധാനം കിട്ടിയപ്പോൾ അച്ഛൻ
ആദ്യം ചോദിച്ചത് "ഇപ്പോൾ പോന്നതു കൊണ്ട് നിൻറെ പഠനത്തിനൊന്നും തടസ്സമുണ്ടാകില്ലല്ലോ?"
എന്നാണ്. അച്ഛൻ എന്നും അങ്ങനെയായിരുന്നു. തനിക്കു വേണ്ടി ആരും അല്പം പോലും ബുദ്ധിമുട്ടരുതെന്ന
നിർബ്ബന്ധം. അതുകൊണ്ടു തന്നെയാണല്ലോ ആശുപത്രിയിലേക്കു പുറപ്പെടാൻ നേരത്ത് അമ്മ വരണ്ട,
'ഗിരിജ വന്നാൽ മതി'യെന്നു പറഞ്ഞത്. അമ്മയുടെ പാൽക്കഷായവും മരുന്നിട്ട വെള്ളത്തിലുള്ള
കുളിയും മുടങ്ങിയെങ്കിലോ എന്നായിരുന്നു അച്ഛൻറെ പേടി. ഒടുവിൽ, വെല്ലൂർ എത്തിയതിനു ശേഷവും
മരുന്നുകൾ തെറ്റാതെ കഴിക്കാമെന്നു സമ്മതിച്ചതിനു ശേഷമേ അച്ഛൻ സമ്മതിച്ചുള്ളൂ, അമ്മ
കൂടെ വരാൻ.
നിസ്സാരമായ
അസുഖങ്ങളൊന്നും കാര്യമായിഎടുക്കാറില്ല. ചെറിയ പനിയോ ജലദോഷമോ ഉണ്ടെങ്കിൽപോലും പതിവായി
രണ്ടു നേരവും കുളിക്കുകയും കാവിൽ പോകുകയും ചെയ്യാറുണ്ടായിരുന്നല്ലോ. കഴിഞ്ഞ ഓണത്തോട്
അടുപ്പിച്ച് പനി വന്നപ്പോഴും അച്ഛൻ ഇതു തന്നെ ചെയ്തു. എന്നാൽ പനിയോടൊപ്പം ആരംഭിച്ച
നെഞ്ചുവേദന വളരെ പെട്ടെന്നാണു വർദ്ധിച്ചത്. ഡോക്ടർ പറഞ്ഞു, "ഒന്നുകിൽ ന്യൂമോണിയ,
അല്ലെങ്കിൽ ക്യാൻസറിൻറെ പുതിയ ആക്രമണം." (ക്യാൻസർ മൂലം രണ്ടു ശസ്ത്രക്രിയകൾ മുമ്പു
തന്നെ കഴിഞ്ഞിരുന്നല്ലോ.)
ചില
ദിവസങ്ങളിലെ പരിശോധന കഴിഞ്ഞിട്ട് ഡോക്ടർ പറഞ്ഞു, "ന്യൂമോണിയ അല്ല. ഏതായാലും വെല്ലൂരിലെ
ചികിത്സയല്ലേ, അങ്ങോട്ടു പൊയ്‌ക്കോളൂ. താമസിക്ക വേണ്ട താനും." (ഇക്കാര്യങ്ങളെല്ലാം പിന്നീട് അച്ഛൻ എത്രയോ പേരോട്
ആവർത്തിച്ചു പറയുകയുണ്ടായി.)
ഒരു
നിമിഷം. ഒരു നിമിഷത്തിനുള്ളിൽ അച്ഛനെല്ലാം മനസ്സിലായി. എല്ലാം, ഇല്ലേ അച്ഛാ? അല്ലെങ്കിൽ
പിന്നെ എന്തിനാണ് ഉടൻ പോയി ആ ചിട്ടി ഗിരിജയുടെ പേരിൽ ആക്കിയത്? എന്തിനു ബാങ്കിൽ ചെന്ന്
അച്ഛൻറെ പേരിലുണ്ടായിരുന്ന അക്കൗണ്ട് അമ്മയുടേയും കൂടി പേരിൽ ആക്കി? അച്ഛൻ മാനേജരോടു
പറഞ്ഞു, "വെല്ലൂർക്കു പോകണം, താമസിയാതെ. തിരിച്ചു വരുമോ, വന്നാൽ തന്നെ ഏതു സ്ഥിതിയിൽ,
ഒന്നും അറിയില്ല. എന്തായാലും ഭാര്യയും മക്കളും വിഷമിക്കരുത്. അതു പറഞ്ഞപ്പോൾ അച്ഛൻറെ ശബ്ധം അല്പം പോലും ഇടറിയിരുന്നില്ലത്രേ. പക്ഷെ മാനേജരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സെപ്റ്റംബർ
ഒടുവിൽ തുടങ്ങിയ വേദന, അസഹനീയമായ വേദന, പിന്നീട് അച്ഛനെ വിട്ടുപിരിഞ്ഞില്ല. ഒരു നിമിഷമെങ്കിലും
അൽപ്പം പോലും സമാധാനം കൊടുത്തുമില്ല. "ഈശ്വരാ, ഒരു മാത്ര നേരമെങ്കിലും ഈ വേദന
അൽപ്പമൊന്നു കുറഞ്ഞിരുന്നെങ്കിൽ", എന്നച്ഛൻ ഹൃദയമുരുകി പ്രാർത്ഥിക്കുന്നത് ഞങ്ങൾ
എത്രയോ തവണ കേട്ടു.
നെഞ്ചിലെ
വേദന മൂലം ആഹാരം കഴിക്കാൻ വിഷമമുണ്ടായിരുന്നിട്ടും ഒരു ദിവസം അമ്മ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ
പപ്പടം പൊട്ടിച്ച് ഒരു കഷണം തിന്നുകൊണ്ട് അച്ഛൻ പറഞ്ഞു, "ഇതാണ് നമ്മൾ ഒരുമിച്ചുള്ള
അവസാനത്തെ അത്താഴം.”
അതെത്ര
ശരിയായിരുന്നു. പിന്നീട് ഒരിക്കലും അമ്മയെന്നല്ല, ആരുമൊരുമിച്ച് അച്ഛൻ ഒന്നും കഴിക്കുകയുണ്ടായിട്ടില്ല.
അമ്മക്കന്നു ചോറ് ഇറങ്ങിയില്ല. അച്ഛനെ കാണിക്കാൻ കുറച്ചു കഴിച്ചെന്നു വരുത്തിയിട്ട്
ബാക്കി കൊണ്ടു പോയി കളയുകയാണുണ്ടായത്. ഒരു പക്ഷെ അച്ഛൻറെ പ്രവചനം ശരിയായി തീരുമെന്ന്
അമ്മ ഭയപ്പെടുകയും ചെയ്തു.
അന്ന്
അൽപ്പം ഗൗരവമേറിയ ഒരു പരിശോധനക്കായി കൊണ്ടുപോകാറായപ്പോൾ നിറഞ്ഞ കണ്ണുകളോടും വിറയ്ക്കുന്ന
ഹൃദയത്തോടും കൂടി അച്ഛൻ അമ്മയെ നോക്കി. ആ മുഖഭാവം കണ്ടപ്പോൾ അമ്മക്കുണ്ടായ ഞെട്ടൽ എത്ര
ഭയങ്കരമായിരുന്നു! എന്നിട്ട് സ്വന്തം വാച്ചെടുത്ത് അമ്മയുടെ കയ്യിൽ കെട്ടിച്ചിട്ട്,
"ഇനി ഞാനിതു കെട്ടുകയുണ്ടാവില്ല, കുട്ടിയുടെ കയ്യിൽ കിടക്കട്ടെ" എന്നു പറഞ്ഞപ്പോൾ
എല്ലാം പൂർത്തിയായി. സംസാരിക്കാൻ വയ്യാതാവുകയും ദേഹത്തെ വേദന ചിന്താശക്തിയെക്കൂടി കീഴ്പ്പെടുത്തുകയും
ചെയ്യുന്നതു വരെ പതിവായി വാച്ചിനു താക്കോൽ കൊടുക്കാൻ അച്ഛൻ ഓർമ്മിപ്പിക്കുമായിരുന്നു.
മറ്റൊരാൾ വിലയ്ക്കു ചോദിച്ചെങ്കിലും അതു കൈവിട്ടു പോകുന്നതിലുള്ള വിഷമം മൂലം ആ വാച്ച്
അമ്മ എന്നെ ഏൽപ്പിക്കുകയാണുണ്ടായത്.
ചികിത്സയോട്
അച്ഛനുള്ള സഹകരണം വിസ്മയനീയമായിരുന്നു. അന്നത്തെ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർമാർ പറഞ്ഞു,
"സാധാരണ ഈ പരിശോധനക്ക് രോഗിയെ അഞ്ചാറു പേർ ചേർന്നു പിടിച്ചു കൊണ്ടിരിക്കേണ്ട അനുഭവമേ
ഞങ്ങൾക്കുണ്ടായിട്ടുള്ളു." അച്ഛനാകട്ടെ, വേദന സഹിക്കാൻ വയ്യാതാകുമ്പോൾ തൻറെ മുഴുവൻ
ശക്തിയും ഉപയോഗിച്ച് ഡോക്ടർമാരെ അങ്ങോട്ടു പിടിച്ചു കൊണ്ടിരുന്നതേയുള്ളു.
ജീവിക്കാനുള്ള
ആഗ്രഹവും ജീവിച്ചു മതിയായില്ലെന്നുള്ള തോന്നലും അച്ഛനു കലശലായി ഉണ്ടായിരുന്നു.
"വളരെയധികം മോഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ..." എൻറെ കഴുത്തിൽ കെട്ടി പിടിച്ചുകൊണ്ട്
അച്ഛൻ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. "മനസ്സിനും ശരീരത്തിനും നല്ല തൻറെടമുണ്ടായിരുന്നു
കൊച്ചെ, ഇപ്പോൾ എല്ലാം പോയി."
വൃദ്ധനായി
കഴിഞ്ഞാൽ ഒരാൾ കൊച്ചു കുട്ടിയെപ്പോലെ ആകുമെന്നു പറയാറുണ്ട്. എന്നാൽ വൃദ്ധനല്ലെങ്കിലും
(അച്ഛനു മരിക്കുമ്പോൾ 49 വയസ്സേ ഉണ്ടായിരുന്നുള്ളു) മരണം മുമ്പിൽ വന്നു നിൽക്കുമ്പോൾ
ഒരാൾ കുട്ടിയെപ്പോലെ ആകുമോ? അച്ഛൻറെ കാര്യത്തിൽ ഈ കാര്യം എന്തായാലും ശരിയായിരുന്നു.
ഘനമായിട്ടുള്ള ആഹാരം കഴിക്കാത്തതു കൊണ്ടാണ് ക്ഷീണം കുറയാത്തതെന്നു ഡോക്ടർമാർ പറയാറുണ്ടായിരുന്നു.
ആഴ്ച്ചകളോളമായി പാലു മാത്രമായിരുന്നു (അതും കുറച്ചു മാത്രം) കഴിക്കാറുണ്ടായിരുന്നത്.
ഒരു ദിവസം വളരെ ചെറിയ ഒരുരുള ചോറ് വേണമെന്നു പറഞ്ഞു മേടിച്ച് ഉണ്ടു. എന്നിട്ട് എൻറെ
മുഖത്തു നോക്കി ദയനീയമായി പറയുകയാണ്, "ഇനി ഡോക്ടർ വരുമ്പോൾ ഞാനൊന്നും കഴിച്ചിട്ടില്ലെന്നു
പറയല്ലേ."
ഒരു
ദിവസം അച്ഛൻ ബയോപ്സി എന്ന പരിശോധനക്കു വിധേയനായശേഷം ഞാനകത്തു ചെന്നപ്പോൾ നിറഞ്ഞൊഴുകുന്ന
കണ്ണുകളോടെ നെഞ്ചിൽ തൊട്ടുകാണിച്ചിട്ടു പറഞ്ഞു, "രണ്ടു വലിയ സൂചി ഇവിടെ കയറ്റി
കുത്തിയിളക്കി അകത്തു നിന്ന്എന്തൊക്കെയോഎടുത്തു കൊണ്ടു പോയി. സഹിക്കാൻ മേലാത്ത വേദനയാണു
കൊച്ചെ." അത് ഒരച്ഛൻ മകനോടു പറയുന്ന രീതിയിൽ അല്ലായിരുന്നു, മറിച്ച്, ഒരു കൊച്ചുകുട്ടി
അച്ഛനോടു ദീനമായി പരാതി പറയുന്ന രീതിയിൽ ആയിരുന്നു. അച്ഛൻറെ നോട്ടം കണ്ടപ്പോൾ എൻറെ
മുഖത്തുനിന്ന് അൽപ്പം ആശ്വാസം വലിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നു തോന്നി. ഞാൻ അടുത്തിരുന്നു
നെഞ്ചിൽ മൃദുവായി തടവിക്കൊണ്ടു സമാധാനിപ്പിച്ചു, "സാരമില്ല, അച്ഛാ, അസുഖമായിട്ടല്ലേ."
ആ മുഖം ഇപ്പോഴും കണ്മുന്നിൽ കാണുന്നതുപോലെ തോന്നുന്നു.
ഓരോ
നിമിഷവും അസഹനീയമായ വേദന അച്ഛനെ കാർന്നു തിന്നുകൊണ്ടിരുന്നു. "ഇതവസാനത്തെയാണെ"ന്നു
പറയാറുണ്ടെങ്കിലും പ്രതീക്ഷ കൈ വിടാൻ അച്ഛൻ തയ്യാറായിരുന്നില്ല. ഓരോ തവണയും മരുന്നു
പറഞ്ഞു വാങ്ങി കഴിക്കും. (അപ്പോൾ "ദേഹത്തു മുഴുവൻ തീക്കനൽ കോരിയിടുന്ന പോലെ തോന്നും"
എന്നിട്ടും.)
ഒടുവിലൊടുവിൽ
ആയപ്പോൾ ക്ഷീണിച്ചുതളർന്നുള്ള മയക്കം പോലും ഇല്ലാതായി. ഉറക്കം മുമ്പുതന്നെ ഇല്ലാതായിരുന്നല്ലോ.
എപ്പോഴും ഞരങ്ങുകയും മൂളുകയും തളർന്ന ശബ്ധത്തിലുള്ള കരച്ചിലും മാത്രമായി. "അമ്മേ,
അമ്മേ" എന്ന് ഓരോ നിമിഷത്തിലും വിളിച്ചു കൊണ്ടിരുന്നു. എത്ര അസഹനീയ വേദനയിലും
ദുഖത്തിലും നനയാത്ത ആ കണ്ണുകളാണ് ഇപ്പോൾ തോരാത്തത്. എത്ര അസഹനീയമായ വേദനയിലും ഒന്നു
വിതുമ്പാൻ പോലും കൂട്ടാക്കാത്ത ആ ചുണ്ടുകളാണ് ഇപ്പോൾ സദാസമയവും "അമ്മേ, അമ്മേ"
എന്ന്, അല്ലെങ്കിൽ ഈശ്വരനാമം ചൊല്ലി ഞരങ്ങിക്കൊണ്ടിരുന്നത്.
ഒരു
ദിവസം മുത്തശ്ശി അടുത്തു വന്നിരുന്നപ്പോൾ അച്ഛൻ ചോദിച്ചു, "വേദന സഹിക്കാൻ മേലാതാകുമ്പോൾ
എന്താണമ്മേ പറയാൻ ഭേദം?" മുത്തശ്ശി പറഞ്ഞു, "എളുപ്പമുള്ള എന്തെങ്കിലും ഈശ്വരനാമം
ജപിച്ചാൽ മതി. അൽപ്പം ആശ്വാസം തോന്നും."
"എത്ര
നാളായി അമ്മേ ഞാൻ ഈശ്വര നാമം ജപിക്കാൻ തുടങ്ങിയിട്ട്, എന്നിട്ടൊരു വിശേഷവുമില്ലല്ലോ.
ഏതായാലും ഇനിയും നോക്കാം." എന്നു പറഞ്ഞു ജപിച്ചു തുടങ്ങി. 'അച്യുതാനന്ദ ഗോവിന്ദ,
അച്യുതാനന്ദ ഗോവിന്ദ, അച്യുത, അച്യുത, രാമ, രാമ' എന്നെല്ലാം കുറച്ചു നേരം മാറി മാറി
ഉരുവിട്ടിട്ട് ഒടുവിൽ തളർന്ന സ്വരത്തിൽ വിലപിച്ചു, "എല്ലാ പേരിനും നീളം ഒത്തിരി
കൂടുതൽ ആണല്ലോ, അമ്മേ. എനിക്കു വേദന സഹിക്കാൻ വയ്യല്ലോ."
ആശുപത്രിയിൽ
നിന്നു വന്നയിടക്ക് വരുന്നവരെയൊക്കെ അടുത്തു പിടിച്ചിരുത്തി ചെയ്തതും ചെയ്യാത്തതുമായ
കുറ്റങ്ങൾക്കൊക്കെ ക്ഷമ ചോദിക്കുക പതിവായിരുന്നു. വളരെ നേരം സംസാരിക്കുകയും കരയുകയും
ചെയ്യാറുണ്ടായിരുന്നു. "വിമ്മിഷ്ടമുണ്ടെങ്കിൽ അധികം സംസാരിക്കാതിരിക്കുക അല്ലെ
ഭേദം?" എന്നൊരു ദിവസം ചോദിച്ചപ്പോൾ, "സംസാരിക്കയാണോ സംസാരിക്കാതിരിക്കയാണോ
വിമ്മിഷ്ടമുണ്ടാക്കുന്നതെന്ന് അറിയില്ല", എന്നായിരുന്നു അച്ഛന്റെ പ്രതികരണം. ഇനിയൊരിക്കൽ
സംസാരിക്കാൻ സാധിച്ചില്ലെങ്കിലോ എന്നായിരുന്നു അതിനർത്ഥം.
ഒരു
ദിവസം അടുത്ത മുറിയിൽ വച്ചു പതുക്കെ ട്രാൻസിസ്റ്റർ പ്രവർത്തിപ്പിച്ചപ്പോൾ അച്ഛൻപറഞ്ഞു,
"അത്ര പതുക്കെയൊന്നും വയ്ക്കണമെന്നില്ല, ഉറക്കെ വച്ചോളൂ, ഞാനും കേൾക്കട്ടെ."
"അച്ഛനു
വിഷമമായെങ്കിലോ എന്നോർത്താണ് പതുക്കെ വച്ചത്", ഏട്ടൻ പറഞ്ഞു.
"ഹെയ്,
ഇപ്പോൾ അത്രയും ഒന്നുമായിട്ടില്ല. അത്രയുമാകുമ്പോൾ ഞാൻ പറയാം." അച്ഛൻ വളരെ സാധാരണ
രീതിയിൽ പറഞ്ഞ ആ വാക്കുകൾ ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം നടുങ്ങുന്നു. ആ മൂന്നു നാലു വാക്കുകൾ
അതു കേട്ടു നിന്നവരുടെ മനസ്സിൽ തീ കോരിയിട്ടു. പക്ഷെ അച്ഛൻറെ ആഗ്രഹം ഫലിച്ചില്ല. ശബ്ധവും
വെളിച്ചവും ഏറ്റവും ശല്യമായി തോന്നിത്തുടങ്ങിയപ്പോഴേക്കും അച്ഛനു സംസാരശേഷി തന്നെ അത്രമാത്രം
നഷ്ടപ്പെട്ടിരുന്നല്ലോ. ഒടുവിലായപ്പോൾ പ്രകാശത്തെ അച്ഛൻ എത്രമാത്രം വെറുക്കുകയും ഭയപ്പെടുകയും
ചെയ്തു! സദാസമയവും മുറിയുടെ ജനലുകളും വാതിലുകളും അടച്ചിട്ട് പകൽ പോലും ഇരുട്ടാക്കി.
വേദന
സഹിക്കാനാവാതെ നിലവിളിക്കുന്നതിനിടക്ക് ഒരിക്കൽ അച്ഛൻ ചോദിച്ചു, "ജയന്താ, ഡോക്ടർ
എത്രയാ എനിക്ക് അവധി പറഞ്ഞിരിക്കുന്നത്?" എൻറെ കണ്ണുകളിൽ ഇരുട്ടു കയറി. ഹൃദയം
നുറുങ്ങി, പക്ഷെ നാവു ചലിച്ചില്ല. നിറഞ്ഞൊഴുകുന്ന എൻറെ കണ്ണുകളെ ഞാൻ അവഗണിച്ചു, അച്ഛൻറെ
കണ്ണുകൾ തുടച്ചു. അറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പ്! "ഈശ്വരാ, ഈ ജീവനെ ഇത്രമാത്രം
കഷ്ടപ്പെടുത്തണോ? ഈ വേദന ഒന്നു വേഗം അവസാനിപ്പിക്കൂ", എന്നു ഞാൻ പ്രാർത്ഥിച്ചു
പോയി. ആ വേദന കണ്ടുകൊണ്ടിരിക്കുക തന്നെ അത്രമാത്രം ദുസ്സഹമായിരുന്നു.
അവസാന
നാളുകളിൽകൂടി യോഗക്ഷേമ സഭയുടെ നടത്തിപ്പിൽ അച്ഛനു വളരെ ആകാംക്ഷയുണ്ടായിരുന്നു. ഉപസഭ
നടത്തിയിരുന്ന ഒരു ട്രസ്റ്റ് ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കാത്തതിൽ അച്ഛനുള്ള വിഷമം
അവർണ്ണനീയമായിരുന്നു. സഭയുമായി ബന്ധപ്പെട്ട ആരെങ്കിലും വന്നാൽ അടുത്തു വിളിച്ചിരുത്തി
സഭയെപ്പറ്റിയും ട്രസ്റ്റിനെപ്പറ്റിയും വളരെ ദീർഘമായി സംസാരിക്കാറുണ്ടായിരുന്നു.
എല്ലാ
മാസവും രണ്ടാമത്തെ ഞായറാഴ്ച്ചയാണ് ഉപസഭയുടെ കമ്മിറ്റിയോഗം കൂടുക പതിവ്. നവംബറിലെ യോഗം
ഇല്ലത്തു വച്ചു വേണമെന്ന് അച്ഛനു വലിയ ആഗ്രഹമുണ്ടായിരുന്നു. "ഒന്നും പറയാൻ പറ്റിയില്ലെങ്കിലും
ഇവിടെ കിടന്നുകൊണ്ട് മറ്റുള്ളവർ പറയുന്നത് കേൾക്കുകയെങ്കിലും ചെയ്യാമല്ലോ."
"അങ്ങനെയാകട്ടെ,
കേശവൻ പറയുന്നതു പോലെ തന്നെ ആകാം", എന്നു സമ്മതിച്ചപ്പോൾ ഉപസഭാ മുൻപ്രസിഡന്റിൻറെ
മുഖം വളരെ വിവശമായിരുന്നു. എന്തായാലും ആ പൊതുയോഗത്തിൽ അച്ഛൻ ഒരിക്കലും സംബന്ധിച്ചില്ല.
നവംബറിലെ രണ്ടാം ശനിയാഴ്ച്ച ആ കിളി കൂടു വിട്ടു പറന്നുപോയി.
ഇരുട്ടിൽകൂടി
ചരിച്ചപ്പോൾ തട്ടിവീഴാതിരിക്കാൻ അച്ഛൻ ഞങ്ങളെ തോളത്തെടുത്തു; കല്ലും മുള്ളും നിറഞ്ഞ
ഇടവഴികളിൽ അച്ഛൻ ഞങ്ങളെ ഒക്കത്തെടുത്തു; വഴുക്കലുള്ള സ്ഥലങ്ങളിൽ വന്നപ്പോൾ ഞങ്ങളുടെ
കൈകളിൽ മുറുകെ പിടിച്ചു. എന്നിട്ട്, ഇരുട്ടിൽനിന്നും വെളിച്ചത്തു വന്നപ്പോൾ, നല്ല പാതയിൽ
വന്നപ്പോൾ, ഉറച്ച മണ്ണിൽ കാൽ കുത്തിയപ്പോൾ അച്ഛൻ എവിടെയോ പോയി മറഞ്ഞു. അച്ഛൻ ഒളിച്ചു
കളിക്കുകയാണോ? ഞങ്ങൾ ഏങ്ങലടിക്കുന്നത് അച്ഛൻ കാണുന്നില്ലേ? അമ്മ ഞങ്ങളെ കണ്ണീർകൊണ്ട്
അഭിഷേകം ചെയ്യുന്നത് അച്ഛൻ കാണുന്നില്ലേ?
അങ്ങയുടെ ചിതക്കു മുമ്പിൽ ഇതാ ഞങ്ങൾ സാഷ്ടാംഗം പ്രണമിക്കുന്നു. ഞങ്ങളെ അനുഗ്രഹിച്ചാലും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ