2020, ജൂൺ 22, തിങ്കളാഴ്‌ച

വെളുപ്പ്


അച്ഛൻ രാജാവ്. ഞാൻ രാജകുമാരൻ. ഈ ദ്വീപ് രാജകൊട്ടാരം. തരുലതാദികൾ ഉറ്റ സുഹൃത്തുക്കൾ. ഈ ദ്വീപ് സർവ്വ തന്ത്ര സ്വതന്ത്രമാണ്. ഇതിനു ഭിത്തികളില്ല, വാതിലുകളില്ല, ജനാലകളില്ല. തുറസ്സായ ഒരു ഭൂപ്രദേശം.

ഒരു ദിവസം അയാൾ വന്നു. അലക്ഷ്യമായ വേഷം, വെറുപ്പു സ്ഫുരിക്കുന്ന മുഖഭാവം, കത്തുന്ന കണ്ണുകൾ, പാറിപ്പറന്ന മുടി. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചാടിക്കടിക്കുന്നതുപോലെ ഒരു ചോദ്യം, "എന്താണീ വാതിലുകളിലെല്ലാം കറുത്ത ചായം പൂശിയിരിക്കുന്നത്? വേറെ നിറങ്ങളൊന്നുമില്ലേ ദ്വീപിൽ?"

അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ടു നടന്നു പോയി, അച്ഛനെ കണ്ട് എന്തോ സങ്കടം ഉണർത്തിക്കാൻ. എൻറെ മറുപടി അയാൾ പ്രതീക്ഷിച്ചതു തന്നെ ഇല്ലെന്നു തോന്നി.

അയാൾ പോയി ഏറെ നേരം കഴിഞ്ഞാണു ഞാൻ ഞെട്ടലിൽ നിന്നും മുക്തനായത്. "വാതിൽ", "ചായം", "കറുപ്പ്", എനിക്കൊന്നും മനസ്സിലായില്ല. എന്താണയാൾ പറഞ്ഞത്? ആരാണയാൾ? ദ്വീപിൽ ഒരിടത്തും ഒരു വാതിലും ഞാൻ കണ്ടിട്ടില്ല. ദ്വീപിലേക്കു പ്രവേശിക്കാനും വാതിലുകൾ ഒന്നുമില്ലല്ലോ. പിന്നെ, ഏതു വാതിലിനെപ്പറ്റിയാണ്  അയാൾ പറഞ്ഞത്? എവിടെയാണ് കറുത്ത ചായമടിച്ച വാതിൽ?

കുറെ ദിവസങ്ങൾ കഴിഞ്ഞു. എല്ലാം സാധാരണ രീതിയിൽ തന്നെ ആയിരുന്നെങ്കിലും കറുത്ത വാതിലിൽ കൂടി വന്നയാളെ മറക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു യുവതി വന്നു, ശൃംഗാരത്തിൽ കുളിച്ച്, കൃത്രിമ സൗന്ദര്യത്തിൻറെ മൂർത്തി.

ഒരു ശൃംഗാര ചിരിയോടെ അവർ  പറഞ്ഞു, "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണു പച്ച. ആ നിറം തന്നെ ഇവിടുത്തെ വാതിലുകൾക്കൊക്കെ അടിച്ചിരിക്കുന്നു. അതു നന്നായി." അവർ ശൃംഗാര ചിരിയോടെ നടന്നു നീങ്ങി, അച്ഛനെ കാണാൻ.

അന്നും ഞാൻ അമ്പരന്നു കുറെ നേരം ഇരുന്നു പോയി. വീണ്ടും വാതിലുകളും നിറവും. ഇത്തവണ കറുപ്പല്ല, പച്ച.

പിന്നീട് വാതിലിൽ കൂടി സന്ദർശകർ വരുന്നതു പതിവായി. പല നിറത്തിലുള്ള വാതിലുകൾ - നീല, മഞ്ഞ, ചെമപ്പ്, അങ്ങനെ പലതും. എൻറെ അത്ഭുതം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഒരൊറ്റ വാതിൽ പോലും കാണാൻ എനിക്കു കഴിഞ്ഞില്ല.

നിറമുള്ള വാതിലിൽ കൂടി വന്ന ചിലർ നിറമുള്ള വാതിലിൽ കൂടി തന്നെ തിരിച്ചു പോകാനും തുടങ്ങി. ചിലർ വന്നതു കറുത്ത വാതിലിൽ കൂടി എങ്കിൽ പോയതു നീലയിൽ കൂടി. ചിലർ മറിച്ചും. കറുത്ത വാതിലിൽ കൂടി പല പ്രാവശ്യം കയറിയിറങ്ങിയ ചിലരുടെ നിറം തന്നെ കറുപ്പായി മാറി. കറുത്ത നിറമുള്ളവർ കുറെ നാൾ കഴിഞ്ഞപ്പോൾ അപ്രത്യക്ഷരായി തുടങ്ങി. അവരെ പിന്നീടു കണ്ടിട്ടില്ല.

പച്ച നിറമുള്ള വാതിലിൽ കൂടി ധാരാളം കയറിയിറങ്ങിയ ചിലരുടെ നിറം പച്ചയായി. പച്ചയല്ലാതെ മറ്റൊന്നും അവർക്കു കാണാതായി.

എനിക്ക് ദുരൂഹവും ദുഷ്പ്രാപ്യവുമായ വാതിലുകളിൽ കൂടി സന്ദർശകർ വരുന്നതും പോകുന്നതും പതിവായി. ഒരു ദിവസം എനിക്ക് തോന്നി, ഒരു പക്ഷെ വെളിയിൽ നിന്നു വരുന്നവർക്കു മാത്രമേ ഈ വാതിലുകൾ ദൃശ്യമാവുകയുള്ളൂ എന്നായിരിക്കും. വെളിയിൽ പോയാൽ ഒരു പക്ഷെ എനിക്കും ഈ വാതിലുകൾ ദൃശ്യമായേക്കാം. ഇക്കാര്യം വെളിയിൽ പോയി പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

എൻറെ ഭാവം മനസ്സിലാക്കിയിട്ട് വയോധികനായ ഒരു ഭടൻ എന്നെ ഉപദേശിച്ചു, "പുറത്തു പോകരുത്, പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല."

എൻറെ ചിന്താക്കുഴപ്പം മനസ്സിലാക്കി അയാൾ തുടർന്നു, "ഈ ദ്വീപിൽ ജനിക്കുന്നവർ ഒരിക്കൽ മാത്രമേ പുറത്തു പോകുകയുള്ളു, മരിക്കുമ്പോൾ. അതുപോലെ തന്നെ പുറത്തുള്ളവർക്ക് ഇവിടെ ഒരു ദിവസം പോലും താമസിക്കാനും പറ്റില്ല."

“അച്ഛൻ എത്രയോ തവണ പുറത്തു പോകുന്നതു ഞാൻ കണ്ടിരിക്കുന്നു," ഞാൻ പറഞ്ഞു.

അയാൾ പറഞ്ഞു, "അച്ഛൻറെ കാര്യം വേറെയാണ്. അദ്ദേഹം മഹാരാജാവാണ്, മരണത്തെ അതിജീവിച്ചവനാണ്."

എൻറെ സംശയം തീർത്തും മാറിയില്ലെങ്കിലും പുറത്തു പോകാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറി.

വിവിധ നിറത്തിലുള്ള വാതിലുകളിൽ കൂടി പിന്നീടും പലരും വരികയും പോകുകയും ചെയ്തു. എനിക്കൊരു കാര്യം അത്ഭുതമായി തോന്നി. ഒരാൾ പോലും വെളുത്ത നിറമുള്ള വാതിലിൽ കൂടി കടന്നില്ല. ആരും ആ നിറത്തിൻറെ കാര്യം സൂചിപ്പിക്കുക പോലും ചെയ്തില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമായിരുന്നു താനും വെളുപ്പ്.

ഒരാളെങ്കിലും വെളുത്ത വാതിലിൽ കൂടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. വരണമേയെന്നു മോഹിച്ചു. താൻ ഏതു വാതിലിൽ കൂടിയാണ് കടന്നതെന്നു സ്വയം പറയാത്ത ചിലരോട് ഞാൻ അങ്ങോട്ടു ചോദിക്കാൻ ആരംഭിച്ചു. കറുപ്പ്, ചെമപ്പ്, പച്ച, നീല, ... ഇങ്ങനെ അനേകം പ്രതികരണങ്ങൾ ലഭിച്ചു. വെളുപ്പ് എന്നു മാത്രം ആരും പറഞ്ഞില്ല.

എൻറെ കാത്തിരിപ്പ് ഒരു ലഹരി പോലെ ആയി. ആരെങ്കിലും ഒരിക്കലെങ്കിലും വെളുത്ത വാതിലിൽ കൂടി കടന്നു വരാൻ ഞാൻ അതിയായി ആഗ്രഹിച്ചു.

ഋതുക്കൾ മാറി മാറി വന്നു, അച്ഛൻറെ സന്ദർശകരും. പലർക്കും പ്രായമേറി, പുതിയ പരാതിക്കാർ വന്നു. എല്ലാവരും നിറമുള്ള വാതിലുകളിൽ കൂടി കടന്നു. പച്ച, ചെമപ്പ്, കറുപ്പ്, അങ്ങനെ പലതും. വെള്ള വാതിൽ മാത്രം ആരും കണ്ടില്ല. അതിനെപ്പറ്റി ആരും ഒന്നും പറഞ്ഞുമില്ല.

എൻറെ തപസ്യ തുടർന്നു, വെളുപ്പിനു വേണ്ടിയുള്ള തപസ്യ. എനിക്കു പ്രായമേറി. ദേഹം ക്ഷീണിച്ചു, പല്ലുകൾ കൊഴിഞ്ഞു, ജരാനരകൾ ബാധിച്ചു. പക്ഷെ ആരും വെളുത്ത വാതിൽ കണ്ടില്ല.

എനിക്കു വെളിയിൽ പോയി നോക്കാനുള്ള ധൈര്യം കൈ വരിക്കാൻ കഴിഞ്ഞില്ല. എനിക്കു മുന്നറിയിപ്പു തന്ന ഭടൻ മരിച്ചു മണ്ണടിഞ്ഞിരുന്നു, എങ്കിലും. അദ്ദേഹം പറഞ്ഞതു ശരിയാണെങ്കിലോ?

എനിക്കു പ്രായം കൂടിക്കൊണ്ടിരുന്നു. ചലനശക്തി ക്ഷയിച്ചു, സംസാരിക്കാൻ വയ്യാതെയായി, കണ്ണിൻറെ കാഴ്ച നശിച്ചു. ഒടുവിൽ ഒരു ദിവസം ദേഹിയും ദേഹവും വേർപിരിഞ്ഞു. എൻറെ തപസ്യ അവസാനിച്ചു. ആത്മാവ് വാനിലേക്കുയർന്നു.

എൻറെ ദേഹം ദ്വീപിനു പുറത്തേക്കു കൊണ്ടുപോകുന്നത് ആത്മാവ് അറിഞ്ഞു. ഞാൻ ആനന്ദം കൊണ്ടു തുള്ളിച്ചാടി. എൻറെ ദേഹം വെളിയിലേക്കു കൊണ്ടുപോയത് അതിമനോഹരമായ ഒരു കൂറ്റൻ വെളുത്ത വാതിലിൽ കൂടിയായിരുന്നു.

എൻറെ കാത്തിരിപ്പു സഫലമായതിൽ അതിയായ കൃതാർത്ഥത തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ