സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്. അതായത് 1960കളിൽ, സ്കൂളിൽ നിന്ന് എല്ലാ വർഷവും വിനോദയാത്രക്കു പോകും. കന്യാകുമാരി അല്ലെങ്കിൽ മലമ്പുഴ. ചാർജ്ജ് പത്തു രൂപ. അഞ്ചാം ക്ളാസ്സു മുതലുള്ള കുട്ടികളെ മാത്രമേ പരിഗണിക്കാറുള്ളൂ എന്നാണോർമ്മ. അതിൽ താഴെയുള്ളവർ കൊച്ചു കുട്ടികളല്ലേ. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ളാസ്സുകളിൽ പഠിച്ചിരുന്നപ്പോൾ വിനോദയാത്രക്കു പോകാൻ സാധിച്ചില്ല. അതൊരു അനാവശ്യമായ അധികച്ചെലവായി കണക്കാക്കിയിരുന്നു. ഏട്ടന് വായുസേനയിൽ ജോലി കിട്ടി സാമ്പത്തികമായി പതുക്കെ കര കയറാൻ തുടങ്ങിയ കാലമായിരുന്നു അത്. ഇന്ന് കുട്ടികൾ വാശി പിടിച്ചു നേടിയെടുക്കുന്നതു പോലെ ഒന്നും അക്കാലത്തു പതിവില്ല. മോഹം പറയുക, സമ്മതിച്ചാൽ അനുസരിക്കുക, അതേയുള്ളൂ. വേണ്ട എന്നാണു പറയുന്നതെങ്കിൽ വേണ്ട, അത്ര തന്നെ. പിന്നീട് അതിനെപ്പറ്റി ഒരു ചർച്ചയില്ല.
എങ്കിലും എട്ടാം ക്ളാസിൽ എത്തിയപ്പോൾ ആഗ്രഹം അടക്കാനായില്ല. അടുത്ത രണ്ടു വർഷങ്ങളിലും, ഒമ്പതും പത്തും
ക്‌ളാസ്സുകളിൽ ആയതുകൊണ്ട് എന്തായാലും പോകാൻ സമ്മതിക്കുകയില്ല. അതുകൊണ്ട് എന്തു വന്നാലും ഈ വർഷം പോകണമെന്ന മോഹം കലശലായി. അമ്മയോടു പറഞ്ഞു. അമ്മ അച്ഛനു കത്തെഴുതി (അച്ഛൻ അക്കാലത്ത് തലയോലപ്പറമ്പിൽ അമ്പലത്തിൽ ശാന്തി കഴിക്കുകയായിരുന്നു,
വല്ലപ്പോഴുമേ വരാറുള്ളൂ). അച്ഛൻ ഒരു പോസ്റ്റ് കാർഡിലാണ് മറുപടി എഴുതിയത്. സ്കൂളിൽ നിന്നു വരുന്ന വഴി പോസ്റ്റ് ഓഫീസിൽ കയറി കത്തുകളുണ്ടോ എന്നന്വേഷിക്കുന്നത് അന്നത്തെ പതിവായിരുന്നു. ഇല്ലത്തുവരെയൊന്നും പോസ്റ്റുമാൻ വരാറില്ല. അങ്ങനെ അച്ഛൻറെ മറുപടി എൻറെ കൈയ്യിൽ തന്നെ കിട്ടി. "ജയന്തൻ വിനോദയാത്രക്കു പൊയ്ക്കോട്ടെ." വേറെ ഒന്നുരണ്ടു കാര്യങ്ങൾ കൂടി എഴുതിയിരുന്നെന്നു തോന്നുന്നു. അതോർമ്മയില്ല.
അങ്ങനെ വിനോദയാത്രക്കു പോകാൻ
തയ്യാറായി. ആവർഷം കന്യാകുമാരിക്കായിരുന്നു
പോകുന്നത്. പക്ഷെ തക്ക സമയത്ത് സുഖമില്ലാതായതു മൂലം പോകാൻ പറ്റിയില്ല. അങ്ങനെ
ദീർഘനാളത്തെ സ്വപ്നം ദയനീയമായി പൊലിഞ്ഞു പോയി. അതുകൊണ്ടു തന്നെ അതിനടുത്ത വർഷത്തെ വിനോദയാത്രക്കു
പോകാൻ അനുവാദം വാങ്ങാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നില്ല, ഒമ്പതാം ക്‌ളാസ്സിൽ ആയിരുന്നിട്ടു
കൂടി. ആ വർഷം ഒന്ന് മാറ്റിപ്പിടിച്ചു. മൈസൂർക്കാണ് പോയത്. മുപ്പതു രൂപയായിരുന്നു ചാർജ്ജ്.
തിരിച്ചെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഒരു രൂപ മുപ്പതു പൈസ തിരിച്ചും തന്നു.
ഒരു ദിവസം രാത്രിയിൽ ഏകദേശം പത്തു
മണിയോടു കൂടി പുറപ്പെട്ടു. പിറ്റേന്നു രാവിലെ ഊട്ടിയിൽ ചെന്നാണ് പ്രഭാത ഭക്ഷണം കഴിച്ചത്.
ഇടയ്ക്ക് ഒരു നദിക്കരയിൽ വണ്ടി നിർത്തി കുളി മുതലായ പ്രഭാത കർമ്മങ്ങളൊക്കെ ചെയ്തിരുന്നു. മൈസൂരിൽ എത്തിയപ്പോഴേക്കും ഏകദേശം
മൂന്നു മണിയോളം ആയി. വിശന്നു തളർന്നിരുന്നു എല്ലാവരും. കുറെ തേടിപ്പിടിച്ചു ഒരു ഹോട്ടലിൽ
കയറി ഊണ് കഴിച്ചു. ചോറും ഒരു കൂട്ടാനും ഒരു തോരനും അത്രയും മാത്രം. സ്വാദൊന്നും നോക്കിയില്ല.
കിട്ടിയതൊക്കെ അപ്പോൾ തന്നെ വലിച്ചു വാരി തിന്നു. വയറു കത്തുകയായിരുന്നല്ലോ. ഊണു കഴിഞ്ഞപ്പോൾ
ആകപ്പാടെ ഒരു സമാധാനമായി.
സാധാരണ എല്ലായിടത്തും പതിവുള്ളതാണ്,
മൂക്കു മുട്ടെ കഴിക്കും. എന്നിട്ട് കൂട്ടാന് ഉപ്പു കൂടുതലായിരുന്നു, പായസത്തിനു മധുരം
കുറവായിരുന്നു, ചോറു ശരിക്കങ്ങോട്ടു വെന്തില്ല, തുടങ്ങി ഓരോരോ കുറ്റങ്ങൾ പറയും. ഉണ്ണുമ്പോൾ
ഇതൊന്നും ആരും ഓർക്കുകയില്ല. പിന്നീടാണ് ഓരോന്ന് തോന്നുന്നത്. അതുപോലെ തന്നെ അവിടെയും
സംഭവിച്ചു. ചില സഹപാഠികൾ ഊണിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങി. അവരുടെ പ്രധാന പ്രശ്നം
കൂട്ടാനിൽ മീനിൻറെ മുള്ള് ഉണ്ടായിരുന്നു എന്നതായിരുന്നു. അത് മാറ്റാത്തതിലായിരുന്നു
അവരുടെ പരിഭവം.
ഒന്നന്ധാളിച്ചു. ഈശ്വരാ, ഇതെന്താ
ഇവർ പറയുന്നത്? കൂട്ടാനിൽ മീനിൻറെ മുള്ളോ? ശിവ! ശിവ! ഇതു പറ്റിക്കാൻ പറയുന്നതു തന്നെയാണ്.
യാതൊരു സംശയവുമില്ല. എന്നാൽ എല്ലാവരും വളരെ കാര്യമായിട്ടാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്.
ആരേയും കേൾപ്പിക്കാൻ വേണ്ടി അല്ല തന്നെ. തൊട്ടടുത്ത് ചർച്ചയിൽ പങ്കെടുത്തു കൊണ്ടു നിന്ന
ജോസഫിനോട് ചോദിച്ചു, "അതു മീൻ കൂട്ടാൻ ആയിരുന്നോ?"
"അതെ, എന്തേ നമ്പൂരിക്കു
മനസ്സിലായില്ലേ?" വളരെ ഗൗരവമായിത്തന്നെ ആയിരുന്നു പ്രതികരണം. പതുക്കെ ബസ്സിൻറെ
പുറകിൽ പോയി നിന്നിട്ട് ഒളിഞ്ഞു നോക്കി. അവരാരെങ്കിലും ചിരിക്കുന്നുണ്ടോ, നമ്പൂരിയെ
പറ്റിച്ചതിൽ ആഹ്ലാദിക്കുന്നുണ്ടോ എന്നറിയാൻ. ഒന്നുമുണ്ടായില്ല. അവിടെ നിന്നു മാറിയത്
പോലും അവരാരും ശ്രദ്ധിച്ചില്ല.
എന്നിട്ടും വിശ്വാസം വന്നില്ല.
ബാലചന്ദ്രൻ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. അൽപ്പം കാശുള്ള കുടുംബത്തിലെ പയ്യൻ.
ബാലനെ വിളിച്ച് അൽപ്പം ദൂരെ കൊണ്ടുപോയി വളരെ കാര്യമായി ചോദിച്ചു, "നേരു പറയണം,
ട്ടോ, പറ്റിക്കരുത്. അതു മീൻ കൂട്ടാൻ ആയിരുന്നോ?"
അയാളും വളരെ കാര്യമായി തന്നെ
പറഞ്ഞു, "അതെ. അവർ മുള്ളൊന്നും ശരിയായി മാറ്റിയിരുന്നില്ല."
ഇനി സംശയിക്കാനൊന്നുമില്ല.
കുറെ നേരത്തേക്ക് തരിച്ചു നിന്നു
പോയി. ബാലൻ നുണ പറഞ്ഞതായിരിക്കണേ എന്ന് മോഹിച്ചു പോയി, അങ്ങനെ അല്ലെന്ന് അറിയാമായിരുന്നിട്ടു
കൂടി. എന്തു ചെയ്യണമെന്ന് യാതൊരു രൂപവുമില്ല. ഇതൊന്നും ദേഹത്തിനു ഉൾക്കൊള്ളാൻ കഴിയില്ലെന്ന്
അറിയാമായിരുന്നു. പിന്നെന്തേ ച്ഛർദ്ദിക്കാത്തത്? ഒന്ന് നല്ലവണ്ണം ച്ഛർദ്ദിച്ച് കഴിച്ചതെല്ലാം
പോയിരുന്നെങ്കിൽ! കാലുകളും ദേഹവും തളരുന്നതുപോലെ തോന്നി. വേഗം പോയി ബസ്സിൽ കയറി ഇരുന്നു.
ഒന്നു ഛർദ്ദിച്ചെങ്കിൽ എന്നു വീണ്ടും വീണ്ടും മോഹിച്ചു. ഒന്നുമുണ്ടായില്ല. ഏതായാലും
അതോടെ ഉത്സാഹമെല്ലാം കെട്ടടങ്ങി.
ഒരു തരം ഭയം പിടി കൂടി. ഇനിയെന്ത്?
ഇക്കാര്യം എങ്ങനെ അമ്മയോടും അച്ഛനോടും പറയും? എങ്ങനെ പറയാതിരിക്കും? എന്തായിരിക്കും
അവരുടെ പ്രതികരണം? മനപ്പൂർവ്വം ചെയ്തതല്ലെന്ന് അറിയാവുന്നതുകൊണ്ട് ശിക്ഷിക്കയൊന്നുമില്ല.
ചിലപ്പോൾ സങ്കടം സഹിക്ക വയ്യാതെ ഒന്നു ശാസിച്ചേക്കാം. പക്ഷെ ഈ അപമാനത്തിൽ നിന്ന്, ഈ
മഹാ അപരാധത്തിൽ നിന്ന്, എങ്ങനെ രക്ഷപ്പെടും? ഒരു അൽപ്പം സമയം കിട്ടിയാൽ ഇതല്ലാതെ മറ്റൊന്നും
ചിന്തിക്കാനില്ലായിരുന്നു.
പിറ്റേ ദിവസം ഉച്ചക്ക് ഊണു കഴിക്കാൻ
ഹോട്ടലിലേക്ക് പോയി. ഹോട്ടലിൻറെ മുമ്പിലെത്തിയതും അവിടെ കുറ്റിയടിച്ചതു പോലെ നിന്നു.
ആ ഹോട്ടലിൻറെ ബോർഡിൽ വ്യക്തമായി എഴുതിയിരുന്നു, 'നോൺ-വെജിറ്റേറിയൻ' എന്ന്. ഈശ്വരാ,
ഇന്നലത്തെപ്പോലെ ഇന്നും ...? കുട്ടികളെല്ലാം കയറി പോയിരുന്നു. ചില അദ്ധ്യാപകരും. ചാക്കോ
സാർ ചോദിച്ചു, "എന്താ, നമ്പൂരി, ഊണു കഴിക്കേണ്ടേ? വരൂ." സാറു മുമ്പോട്ടു
നീങ്ങി. മൂന്നു നാലടി വച്ചിട്ടു തിരിഞ്ഞു നോക്കിയപ്പോഴും അവിടെത്തന്നെ നിൽക്കുന്നു.
അപ്പോഴേക്കും ശബ്ദം പുറത്തു വരാതെയായി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. സാർ അൽപ്പം പരിഭ്രമിച്ചു.
തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു, "എന്തു പറ്റി? എന്താ നമ്പൂരിക്ക് ഒരു വിഷമം?"
എന്തെങ്കിലും പറയാൻ വാക്കുകൾ
പുറത്തേക്കു വന്നില്ല. വിതുമ്പിക്കൊണ്ട് ഹോട്ടലിൻറെ ബോർഡ് ചൂണ്ടിക്കാണിച്ചു. ബോർഡ്
വായിച്ചപ്പോൾ സാറിനു കാര്യം പിടി കിട്ടി. സാർ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന വേറെ
ഒരു ഹോട്ടലിലേക്കു കൊണ്ടുപോയി. അതൊരു ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു. വെജിറ്റേറിയൻ എന്ന്
ബോർഡിൽ വ്യക്തമായി എഴുതിയിരുന്നു. അകത്തു കയറ്റി ഇരുത്തിയിട്ടു പറഞ്ഞു, "ഊണു കഴിഞ്ഞ്
വെളിയിലിറങ്ങി നിന്നോളൂ. എല്ലാവരും വന്നിട്ട് ഒരുമിച്ചു പോകാം." മാനേജരോട് സംസാരിച്ച്
പണവും അഡ്വാൻസ് ആയി കൊടുത്തിട്ടു സാറു പോയി.
അതിൽ പിന്നെ ഹോട്ടലിൽ കയറുന്നതിനു
മുമ്പു ബോർഡു വായിക്കുക എന്നത് ഒരു സ്വഭാവമായി മാറി.
കുറ്റ ബോധം ഉള്ളിൽ കിടന്നു നീറുകയായിരുന്നു.
എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. വളരെയേറെ ആലോചിച്ച് അവസാനം ഞാനൊരു തീരുമാനത്തിലെത്തി.
അമ്മയോടും അച്ഛനോടും ഇക്കാര്യം പറയേണ്ട. എന്നല്ല, ആരോടും പറയേണ്ട. അങ്ങനെ ഒരു സംഭവം
നടന്നിട്ടേ ഇല്ല എന്നു സ്വയം മനസ്സിൽ ഉറപ്പിക്കുക. അതങ്ങു വിശ്വസിക്കുക, അതാണു നല്ലത്,
എല്ലാവർക്കും. അസത്യം പറയുന്നതിൻറെ അത്രയും പാപം ഇല്ലായിരിക്കും സത്യം മറച്ചു വയ്ക്കുന്നതിൽ.
അമ്മയോടു പറഞ്ഞാൽ അതൊരു കരടായി അമ്മയുടെ മനസ്സിൽ കിടക്കും. ചിലപ്പോൾ ദിവസങ്ങളോളം കരഞ്ഞു
കൊണ്ടിരുന്നെന്നും വരാം. ആ വിഷമം, കൊടിയ പാപം ചെയ്തു എന്ന തോന്നൽ, അതൊരിക്കലും മായാതെ
കിടക്കും. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല താനും.
അങ്ങനെ അന്നു മറച്ചു വച്ച കാര്യം
ആദ്യം വെളിപ്പെടുത്തിയത് ഒരു ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റിലാണ്, 2013ൽ, സംഭവം നടന്ന്
45 വർഷത്തിനു ശേഷം, അച്ഛൻ മരിച്ച് 34 വർഷങ്ങൾക്കു ശേഷം, അമ്മ മരിച്ച് 18 വർഷത്തിനു ശേഷം. (താൽപ്പര്യം ഉള്ളവർക്ക് അതിവിടെ
ക്ലിക്ക് ചെയ്‌താൽ വായിക്കാം.)
ഇപ്പോൾ ഇതാ വീണ്ടും ഇവിടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ