2020, ജൂൺ 11, വ്യാഴാഴ്‌ച

ഒരു ബീഡി ചരിതം

ഇപ്പോൾ ആരെങ്കിലും ബീഡിയോ സിഗരറ്റോ തന്നാൽ, അതു സ്നേഹപൂർവ്വം നിരസിക്കും, പിന്നെ പറയും, "നന്ദി, ഞാൻ വലിക്കില്ല."

ചിലരൊക്കെ ചോദിച്ചിട്ടുണ്ട്, "തുവരെ വലിച്ചിട്ടേ ഇല്ലേ?"

"ഇല്ല" എന്നുത്തരം പറയും, എന്നിട്ട് ഉടൻ സ്വർഗ്ഗത്തിലിരിക്കുന്ന അമ്മയോടു മനസ്സു കൊണ്ടു മാപ്പു പറയും, കള്ളം പറഞ്ഞതിന്. കള്ളം ഒരു പ്രയോജനവുമില്ലാത്ത ഒരു നീണ്ട വിവരണം ഒഴിവാക്കാൻ വേണ്ടിയാണ്. അത് അമ്മ ക്ഷമിക്കും, എനിക്കറിയാം.

ഞാൻ ബീഡി വലിച്ചിട്ടുണ്ടോ? ഉണ്ട്.

പണ്ട് കുഞ്ഞപ്ഫൻ (അന്തരിച്ച പി.എസ്. ദാമോദരൻ നമ്പൂതിരി) മുവാറ്റുപുഴയിൽ കച്ചേരിത്താഴത്ത് ജോബ് വർക്ക് ചെയ്തിരുന്ന കാലം. (ജോബ് എന്നു പറഞ്ഞാലും വർക്ക് എന്ന് പറഞ്ഞാലും ജോലി എന്ന ഒരേ അർത്ഥം. പിന്നെ തൊഴിലിനു ഇങ്ങനെ ഒരു പേര് എങ്ങനെ വന്നു? അറിയില്ല. ഫ്രീലാൻസ് ആയി ടൈപ്പ് ചെയ്തു കൊടുക്കുക, അതാണ് ജോബ് വർക്ക്.)  ഇംഗ്ളീഷിലെ ‘L’ എന്ന അക്ഷരത്തിൻറെ ആകൃതിയിൽ ഒരു ചെറിയ മുറി. അതായിരുന്നു അന്നു കുഞ്ഞപ്ഫൻറെ ലോകം. മുവാറ്റുപുഴ-തൊടുപുഴ റോഡിൽ ഉള്ള ആവോലി എന്ന സ്ഥലത്ത് ഒരമ്പലത്തിൽ ശാന്തിയും ഉണ്ടായിരുന്നു. വൈകുന്നേരം ഓഫീസ് (അങ്ങനെയാണ് തൻറെ ജോലി സ്ഥലത്തെ പറ്റി  അപ്ഫൻ പറഞ്ഞിരുന്നത്)  അടച്ചിട്ടു നട തുറക്കാറാകുമ്പോഴേക്കും അമ്പലത്തിലെത്തും. രാത്രിയിൽ അമ്പലത്തിനോടു ചേർന്നുള്ള ഒരു ചെറിയ മുറിയിൽ ഉറങ്ങും. അങ്ങനെയാണു പതിവ്.

ഞാൻ ഇടക്കിടക്ക് അവിടെ മുട്ടുശാന്തിക്കു പോകാറുണ്ട്. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം, അപ്ഫൻ മടങ്ങി വരുന്നതുവരെ, അവിടെ താമസിക്കാറുമുണ്ട്. രാവിലെ അമ്പലം അടച്ചാൽ പ്രധാന റോഡിലുള്ള ചായക്കടയിൽ പോയി പുട്ടും കടലയും കഴിയ്ക്കും. അതു കുഞ്ഞപ്ഫൻ പറഞ്ഞ് ഏർപ്പാടാക്കിയതാണ്. പൈസ പിന്നീട് കുഞ്ഞപ്ഫൻ വരുമ്പോൾ കൊടുത്തോളും. (എന്തു വേണമെങ്കിലും കഴിച്ചോളൂ എന്നാണു പറഞ്ഞിരുന്നത്. പക്ഷെ എനിക്കു പുട്ടും കടലയുമായിരുന്നു ഇഷ്ടം, അതുകൊണ്ട് എന്നും അത് തന്നെ കഴിച്ചു.)

ഉച്ചക്ക് നിവേദ്യച്ചോറും തൈരും. കഴകക്കാരൻ കുറുപ്പിൻറെ വീട്ടിൽ നിന്ന് ഇടവിട്ട ദിവസങ്ങളിൽ നാഴി പാൽ വാങ്ങിക്കും, അത് ഉറച്ചു തൈരുണ്ടാക്കും. അത്താഴവും ഇതു തന്നെ – നിവേദ്യച്ചോറും തൈരും. ചില ദിവസങ്ങളിൽ വെളിച്ചെണ്ണ കൂട്ടി ഉണ്ണും. അത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.

 അങ്ങനെയുള്ള ഒരു ദിവസം ആദ്യമായി ബീഡി, അല്ല, മുറിബീഡി, വലിച്ചു. കുഞ്ഞപ്ഫൻ ധാരാളം ബീഡി വലിക്കുന്ന കൂട്ടത്തിലായിരുന്നു. വലിച്ചിട്ടു മുറിബീഡി മുറിയിൽ തന്നെ ഏറിയും. മുറിയിൽ നൂറുകണക്കിന് ഇത്തരം മുറിബീഡികൾ നിരന്നു കിടപ്പുണ്ടായിരുന്നു. ഇടക്കിടക്ക് അടിച്ചു വാരുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഇവയെല്ലാം അപ്രത്യക്ഷമായേനെ. എൻറെ ഭാഗ്യം കൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ല! അതുകൊണ്ട് മുറിബീഡികളുടെ ഒരു സദ്യ തന്നെയാണ് എന്നെ സ്വാഗതം ചെയ്തത്.

ഒന്നും ചെയ്യാനില്ലാതെ വെറുതെ അവയെ നോക്കിയിരുന്നപ്പോൾ ആലോചിച്ചു, ‘എന്തായിരിക്കും ബീഡി വലിക്കുന്നതു കൊണ്ടുള്ള സുഖം?’ അതിൽ നിന്നു താരതമ്യേന നീളം കൂടിയ ഒരെണ്ണം കയ്യിലെടുത്ത് കുറെ നേരം അതിൻറെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. വെട്ടുന്നതിനു മുമ്പ് മരത്തിനോട് അനുവാദം ചോദിക്കണമെന്ന് പെരുന്തച്ചൻ പറഞ്ഞിട്ടില്ലേ? അതുപോലെ ഒരു ദിവസം ഞാൻ അതിനോട് അനുവാദം ചോദിച്ചു, "ഞാൻ നിന്നെ കത്തിച്ചു വലിച്ചോട്ടെ?" അതു സമ്മതം മൂളിയെന്ന സങ്കൽപ്പത്തിൽ അതു കത്തിച്ചു വലിച്ചു. ഇതിൻറെ രസം എന്താണെന്ന് ഒന്നറിയണമല്ലോ.

ആദ്യത്തെ തവണ വലിയ രസമൊന്നുമില്ലായിരുന്നു, മൂക്കിലും വായിലും വല്ലാതെ എരിയുന്നതു പോലെ തോന്നി. കണ്ണിൽ കൂടി വെള്ളം വന്നു, സാമാന്യം നന്നായി ചുമക്കുകയും ചെയ്തു. എങ്കിലും ഒരു ആത്മസംതൃപ്തി. ഞാനും ബീഡി വലിച്ചു എന്ന തിരിച്ചറിവ് അതിനു മുമ്പ് അനുഭവിക്കാത്ത ഒരു പുതിയ അഭിമാനത്തിനു കാരണമായി. ഞാൻ 'വലുതായി' എന്ന തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു.

പതുക്കെ പതുക്കെ വിഷമങ്ങൾ കുറഞ്ഞു വന്നു. എങ്കിലും ദിവസത്തിൽ ഒന്നോ രണ്ടോ മുറിബീഡി, അത്രയും വലിക്കാനുള്ള ശക്തിയേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് വലിയന്മാരുടെ വിശാലമായ ലോകത്തേക്ക് ഞാൻ കാലെടുത്തു വച്ചത്. കാര്യങ്ങളൊന്നും അപ്ഫനോടു പറഞ്ഞില്ല. പറഞ്ഞാൽ മുറി അടിച്ചു വാരിയാലോ? അപ്ഫനോടെന്നല്ല, ആരോടും പറഞ്ഞില്ല. കട്ടു തിന്നുമ്പോൾ സ്വാദു കൂടും, ഇല്ലേ?

പക്ഷെ ഒരു ദിവസം എല്ലാം പൊളിഞ്ഞു. ഇല്ലത്ത് അടുത്തു തന്നെയാണ് മുത്തപ്ഫനും അപ്ഫൻമാരും താമസിച്ചിരുന്നത്. വെറുതെ ഇടക്കൊക്കെ അവിടെ പോകാറുണ്ട്. അങ്ങനെ അവിടെ ഒരു ദിവസം ചെന്നപ്പോൾ വിക്രമൻ അപ്ഫൻ ചില അയൽക്കാരുമായി സംസാരിച്ചിരിക്കയായിരുന്നു. ഇടക്ക് ബീഡി വലിക്കാൻ എടുത്തപ്പോൾ കൂടെയുണ്ടായിരുന്നവർക്കും കൊടുത്തു. ഞാൻ അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു എങ്കിലും എന്നെ അപ്ഫൻ ഗൗനിച്ചേ ഇല്ല. ഞാൻ വലിക്കില്ലെന്ന് അറിയാമായിരുന്നതു മൂലം (അല്ലെങ്കിൽ വലിക്കുമെന്ന് അറിയില്ലായിരുന്നതു മൂലം) എന്നെ ശ്രദ്ധിച്ചതേ ഇല്ല. ! ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാനും ബീഡി വലിക്കും എന്നു ലോകത്തോടു വിളിച്ചു പറയാനുള്ള സമയമായി എന്ന് തോന്നി. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ ധൈര്യം അവലംബിച്ചു പറഞ്ഞു, "എനിക്കും ഒരെണ്ണം വേണം". അപ്ഫൻ എൻറെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. പിന്നീട് ഒന്നും മിണ്ടാതെ ഒരു ബീഡി തന്നു.  ഹൌ, ഒരു മുഴു ബീഡി! മുമ്പൊക്കെ ഇതൊരു സ്വപ്നം പോലെയായിരുന്നു! ഒരിക്കലും അനുഭവിക്കാൻ പറ്റുമെന്നു വിചാരിക്കാത്ത ഒരു ആഡംബരം! മുഴുബീഡി വലിക്കുന്നതിൻറെ സുഖം ഇതു വരെ അറിഞ്ഞിട്ടില്ല. ഇനി ക്ഷമിച്ചിരിക്കാൻ പറ്റില്ല. അത് അപ്പോൾ തന്നെ കത്തിച്ചു വലിക്കുകയും ചെയ്തു. ഞാൻ സാവധാനം സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുകയാണെന്നു തോന്നി. അത്ര സു ഖം അനുഭവിച്ചു അതു വലിച്ചപ്പോൾ!

കുറെ സമയം കഴിഞ്ഞ് ഇല്ലത്തേക്കു മടങ്ങി. ബീഡി വലിച്ചാൽ പുകയുടെ ഗന്ധം കുറെയേറെ നേരത്തേക്ക് ഉണ്ടായിരിക്കും എന്നൊന്നും അറിഞ്ഞില്ല, അത്ര ചിന്തിച്ചുമില്ല. ഇല്ലത്തെത്തിയതും അമ്മ അൽപ്പം കർക്കശ സ്വരത്തിൽ ചോദിച്ചു, "നീ ബീഡി വലിച്ചോ?"

ആവൂ, ചതിച്ചല്ലോ, ഭഗവാനേ! ഇനിയെന്ത് ചെയ്യും? നുണ പറയുകയെന്നത് അധികം ശീലിച്ചിട്ടില്ല. അല്ലെങ്കിലും അമ്മയോട്? അതെന്തായാലും പറ്റില്ല. ഇനിയിപ്പോൾ മനസ്സിനെ കല്ലാക്കി അങ്ങനെ ചെയ്താലും പ്രയോജനം ഇല്ല താനും. അമ്മ കണ്ടു പിടിച്ചു കഴിഞ്ഞു.

"അത് ... വിക്രമൻ അപ്ഫൻ തന്നപ്പോൾ ... ഒരെണ്ണം ..."

പിന്നെ ഒരു താമസവും ഉണ്ടായില്ല, തലങ്ങും വിലങ്ങും പൊതിരെ തല്ലി. അതി ശക്തമായ തല്ല്. തല്ലു കൊണ്ട് മുറിവേറ്റു വേദനകൊണ്ടു പുളഞ്ഞു. വേദനയിൽ പുളഞ്ഞത്, പക്ഷെ, ദേഹമായിരുന്നില്ല, മനസ്സായിരുന്നു. കാരണം, അമ്മ തല്ലിയത് വടി കൊണ്ടോ കൈയ്യു കൊണ്ടോ ആയിരുന്നില്ല, വാക്കുകൾ കൊണ്ടായിരുന്നു, സ്നേഹം കൊണ്ടായിരുന്നു, സങ്കടം കൊണ്ടായിരുന്നു, വാത്സല്യം കൊണ്ടായിരുന്നു, ഞാൻ ചീത്തയാകരുത് എന്നുള്ള മോഹം കൊണ്ടായിരുന്നു, ഏറ്റവും ഒടുവിൽ നിലക്കാത്ത കണ്ണീർ പ്രവാഹം കൊണ്ടായിരുന്നു.

പിന്നെ ഒരിക്കലും പുക വലിച്ചിട്ടില്ല. സ്കൂളിലും കോളേജിലും വച്ച് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഒരിക്കൽ പോലും ബീഡിയോ സിഗരറ്റോ വലിക്കണമെന്നു തോന്നിയിട്ടില്ല. ഏറ്റവും അടുത്ത കൂട്ടുകാർ നിർബ്ബന്ധിച്ചപ്പോൾ പോലും “വേണ്ട” എന്നു ധൈര്യപൂർവ്വം പറഞ്ഞു.



35 അഭിപ്രായങ്ങൾ:

  1. Padmanabhan Namboodiri
    അച്ഛൻ്റെ ഉപദേശമല്ല അമ്മയുടെ ചോദ്യമാണ് ബീഡിക്കാരൻ അല്ലാതാക്കിയത്.
    അമ്മയെ അകാലത്തിൽ വിധവയാക്കിയത് ബീഡിയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അച്ഛനില്ലാതായ ആ ഇരുപത്തിരണ്ടുകാരനോട് അമ്മ ചോദിച്ചത്.
    ബീഡി വലിക്കാറുണ്ടോ? ഓവറയിലെ മൂത്രത്തിന് അച്ഛൻ അവശേഷിപ്പിച്ച ഗന്ധമുണ്ടോ എന്ന സംശയത്തിലായിരുന്നു ആ ചോദ്യം. ആ ചോദ്യത്തിന്
    അമ്മയോടു കളവു കളവു പറയാനാവില്ല. ഒരു ജീവൻ്റെ വിലയുള്ള ചോദ്യമാണത്. മൂക്കു കൊണ്ടാവില്ല അമ്മ ഓവറയിലെ ഗന്ധവ്യത്യാസം തിരിച്ചറിഞ്ഞത്. അവസാന പാരഗ്രാഫിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ അന്നേ അനുഭവിച്ചറിഞ്ഞിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങു പറഞ്ഞതു വളരെ ശരി. പലപ്പോഴും ഒരു വ്യക്തി, ഒരു ചെറിയ സംഭവം, ഒരു വാക്ക്, ഒക്കെയാണ് ജീവിതം മാറ്റി മറിക്കുന്നത്. അതൊരിക്കലും മറക്കാനാകാതെ മനസ്സിൽ എന്നുമെന്നും അവശേഷിക്കും.

      ഇല്ലാതാക്കൂ
  2. Anand Kumar Thengumonmana
    പലപ്പോഴും അരുതെന്നും വേണ്ടെന്നും പറയാൻ ദൃഢനിശ്ചയം വേണം.....

    മറുപടിഇല്ലാതാക്കൂ
  3. Girija Sreedharan
    ചേട്ടാ ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു അല്ലെ, ങും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Pothoppuram Kesavan Jayanthan
      അതെയതെ. ഇതുപോലെ എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാകും പല പല അനുഭവങ്ങൾ. ഞാൻ എൻറെ കാര്യങ്ങൾ ചിലതൊക്കെ കുറിക്കുന്നു എന്നു മാത്രം.

      ഇല്ലാതാക്കൂ

  4. Vasudevan Madasseri
    ദാമേദരനേട്ടൻ പണ്ടു തുടങ്ങി വച്ച ടൈപ്പിംഗ് സെൻ്റർ മൂവാറ്റുപുഴക്കാരുടെ വിശ്വാസമേറ്റുവാങ്ങി പ്രശസ്തമായ രീതിയിൽ ഇന്നും പ്രവർത്തിച്ചു വരുന്നു, ശ്രീധരൻ്റെ നേതൃത്വത്തിൽ. കാലത്തിൻ്റെ ഒഴുക്കിനനുസരിച്ച് ടൈപ്പ് റൈറ്റർ computer word processor ന് വഴിമാറിയെന്നു മാത്രം.
    പിന്നെ സത്യസന്ധമായ ഈ എഴുത്തിന് അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. അതെ. രണ്ടോ മൂന്നോ തവണ PSC പരീക്ഷ ജയിച്ചെങ്കിലും, റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചെങ്കിലും ഒരു ജോലി അപ്ഫനെ അനുഗ്രഹിച്ചില്ല. ഒടുവിൽ മടുത്ത് എന്തും വരട്ടെ എന്നു വച്ച് കൈയിലുള്ള പണം മുഴുവൻ (900 രൂപയോ മറ്റോ) കൊടുത്ത് ഒരു ടൈപ്പ്‌റൈറ്റർ വാങ്ങി എന്നാണു കേട്ടിട്ടുള്ളത്. ആദ്യം കോതമംഗലത്ത് ആയിരുന്നു പയറ്റിയതെന്നും പിന്നീട് മുവാറ്റുപുഴക്കു മാറിയെന്നും ഒക്കെ കേട്ടിട്ടുണ്ട്. എല്ലാ ബുദ്ധിമുട്ടുകളേയും ചിരി കൊണ്ടു നേരിടുന്ന കുഞ്ഞപ്ഫൻറെ ആ മനശ്ശക്തി തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിൻറെ വിജയ രഹസ്യവും.

      ഇല്ലാതാക്കൂ
  5. Balanujan Damodaran
    Jayanthan, go on writing. You have a very high standard of writing. A book can be published combining all pieces now or later. Best of luck and regards

    മറുപടിഇല്ലാതാക്കൂ
  6. Vijaya Kumar
    Njanum Engineyanu Thudangiyathu
    Beediyalla
    Ajchan Valchitta " BARKILY " Cigerets kittiyal ninnu
    At the age of 14
    Kadupidichu Thallum kitti
    Pakshe Njan thottu pinmariyilla

    മറുപടിഇല്ലാതാക്കൂ
  7. Sankaranarayanan Sambhu
    നല്ല മനസ്സാന്നിദ്ധ്യമുള്ളവർക്കേ നിർത്താൻ പറ്റൂ. പുകവലി ഒരു അനാവശ്യം തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടങ്ങിയെങ്കിലല്ലേ നിർത്താൻ പറ്റൂ. ഇവിടെ, തുടങ്ങുന്നതിനു മുമ്പു തന്നെ, മുള പൊട്ടുന്നതിനു മുമ്പേ, നുള്ളിക്കളഞ്ഞില്ലേ. ഒരടിയല്ല, ഒരു കിലോമീറ്റർ മുമ്പേ എറിഞ്ഞു, കയർ, അമ്മ.

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. ഇല്ല, അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല. അമ്മ പോയിട്ട് 25 വർഷമായി. ഇപ്പോഴുമില്ല അങ്ങനെ ഒരാഗ്രഹവും അതിനുള്ള ധൈര്യവും.

      ഇല്ലാതാക്കൂ
  9. Savithri Mohanan
    അമ്മയോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കുന്ന എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  10. Kr Sreedharan Namboothiri
    Pothoppuram Kesavan Jayanthan അതേ ജയന്തനമ്മാവാ ദാമോദരൻ മുത്തപ്പൻ ഒരു വിഷമവും പുറത്തു കാണിക്കാറില്ല. ചെറിയമ്മയുടെ അസുഖം മറ്റു വിഷമങ്ങൾ ഒന്നിനും ആരോടും പരിഭവമില്ലാതെ ഉള്ളതുകൊണ്ട് കഴിച്ചുകൂട്ടിയിരുന്ന ആളാണ്. കുട്ടികളോട് കൂട്ടുകാരെ പോലെ യാണ് പെരുമാറിയിരുന്നത്. പക്ഷെ ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ അവസാനിച്ചു. പിന്നെ ബീഡികഥ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ ശരിയാണ് ശ്രീധരൻ പറഞ്ഞത്. അതു തന്നെയായിരുന്നു അപ്ഫൻറെ കരുത്തും.

      ഇല്ലാതാക്കൂ
  11. Saraswathi Pm
    വളരെ നന്നായി ഒരമ്മയുടെ മനസ്സും മകൻെറ ദൃഢനിശ്ചയവും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  12. Jyothi Sreekuttan
    കുഞ്ഞപ്ഫനും അപ് ഫനും ഒക്കെ ഓർമ്മയാ യി

    മറുപടിഇല്ലാതാക്കൂ
  13. Narayanan Namboothiry
    ആകാംഷാഭരിതം, ലളിതഭാഷ. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  14. Sreekumar Varathra
    ധാർമ്മികത ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ഒന്നല്ല. അതുകൊണ്ടുതന്നെ അമ്മ ക്ഷമിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

    മറുപടിഇല്ലാതാക്കൂ
  15. Jithendra Kumar
    ശ്രീമാൻ ജയന്തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

    മറുപടിഇല്ലാതാക്കൂ
  16. മറുപടികൾ
    1. ഉവ്വായിരുന്നു, പ്രശാന്ത്. ഏകദേശം ഒരു 55 കൊല്ലം മുമ്പുള്ള കാര്യമാണ്.

      ഇല്ലാതാക്കൂ
  17. Jayasree Namboothiri
    അമ്മയുടെ ശാസനാ രൂപത്തിലുള്ള ഒറ്റ വലികൊണ്ട് മകന്റെ മനസ് മാറിയെങ്കിൽ അതാണ് ഉത്തമമായ തീരുമാനം

    ഇനിയും അനുഭവങ്ങൾ എഴുതൂ

    മറുപടിഇല്ലാതാക്കൂ