അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഞാൻ പഠിച്ചത് പുതുവേലി ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിലാണ്, അറുപതുകളുടെ മദ്ധ്യത്തിൽ. (ഇപ്പോൾ അത് ഹയർ സെക്കണ്ടറി സ്കൂൾ ആണ്.) അമ്മാവൻ (അമ്മയുടെ അഫൻറെ മകൻ) കെ.ആർ. നാരായണൻ നമ്പൂതിരി ആയിരുന്നു ആ സ്കൂളിലെ ഹെഡ്മാസ്റ്റർ. അതുകൊണ്ടാണ് പ്രധാനമായും എന്നെ അവിടെ ചേർത്തതു തന്നെ. അമ്മാവനെ, പക്ഷെ, രാജൻ സാർ എന്ന് പറഞ്ഞാലേ എല്ലാവരും അറിയുമായിരുന്നുള്ളൂ. അമ്മാവൻറെ ശരിയായ പേർ അറിയാവുന്നവർ വളരെ ചുരുക്കം. അമ്മാവൻ വളരെ കണിശക്കാരനായിരുന്നു. വിദ്യാർത്ഥികൾക്കു മാത്രമല്ല, അദ്ധ്യാപകർക്കും അമ്മാവനെ പേടിയായിരുന്നു.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സർക്കാർ നിർദ്ദേശം വന്നത്, എല്ലാ വിദ്യാർത്ഥികൾക്കും സമാനവേഷം (യൂണിഫോറം) വേണമെന്ന്. കാക്കി നിക്കറും വെളുത്ത ഷർട്ടും. അതു സ്കൂളിൽ നിന്നു ലഭിക്കുകയില്ല, സ്വന്തമായി സംഘടിപ്പിക്കണം. ഒരു ദിവസം രാവിലെ അസംബ്ലിയിൽ ഇക്കാര്യം പ്രഖ്യാപിച്ചു. അതിൻറെ അടുത്ത മാസം ഒന്നാം തീയതി മുതൽ എല്ലാ വിദ്യാർത്ഥികളും സമാനവേഷത്തിൽ വേണം സ്കൂളിൽ വരുവാൻ. അല്ലെങ്കിൽ ക്ലാസ്സിൽ കയറ്റില്ല.
ഞാനൊന്നു കിടുങ്ങി. എനിക്ക് കാക്കി നിക്കർ ഉണ്ട്, അതാണു പതിവായി ധരിച്ചിരുന്നതും. പക്ഷെ, വെളുത്ത ഷർട്ട് ഒരെണ്ണം പോലും ഇല്ല. ആകപ്പാടെയുള്ളത് രണ്ടോ മൂന്നോ ഷർട്ടുകൾ, അതും എല്ലാം നിറങ്ങളും വരകളും കോളങ്ങളും ഉള്ളത്. വർഷത്തിൽ ഒരു ഷർട്ടോ മറ്റോ ആണ് പുതിയതായി കിട്ടിയിരുന്നത്. അന്ന് ഒരു ഉത്സവമായിരിക്കും, എനിക്കു മാത്രമല്ല, എല്ലാവർക്കും. ഏട്ടൻറെയും ഓപ്പോളുടെയും അനുജത്തിയുടേയും കഥകളും മറിച്ചായിരുന്നില്ല.
വെളുത്ത ഷർട്ട് വാങ്ങാത്തത്തിനു കാരണമുണ്ട്. വേഗം മുഷിയും, അപ്പോൾ പതിവായി കഴുകണം. കുളത്തിൽ കൊണ്ടുപോയി കല്ലിൽ അടിച്ചാണ് കഴുകുന്നത്. പതിവായി കഴുകിയാൽ ഷർട്ട് താമസിയാതെ കീറും. പിന്നെ, സോപ്പിട്ടു വേണ്ടേ കഴുകാൻ? സോപ്പ് അന്നു ഞങ്ങൾക്ക് ഒരു ആഡംബര വസ്തുവായിരുന്നു. അതുകൊണ്ടാണ്, പതിവായി അടിച്ചു കഴുകിയില്ലെങ്കിലും വലിയ കുഴപ്പമില്ലാത്ത, വരകളും കുറികളുമുള്ള ഷർട്ട്.
ഇനിയെന്തു ചെയ്യും? അച്ഛൻ ശാന്തി കഴിച്ചു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടു വേണം ആറു വയറുകൾ കഴിയാൻ. ഇന്നത്തെപ്പോലെ നല്ല ശമ്പളമൊന്നും ഇല്ല അക്കാലത്ത്. നട വരുമാനവും പൂജ്യം തന്നെയായിരുന്നു. (അച്ഛൻ പൂജ ചെയ്തിരുന്ന ഒരമ്പലത്തിലെ ശമ്പളം മാസം മൂന്നു രൂപയും വർഷത്തിലൊരിക്കൽ മൂന്നു ചാക്കു നെല്ലും ആയിരുന്നു. അതും കൃത്യമായി കിട്ടിയിരുന്നുമില്ല.)
വൈകീട്ട് ഇല്ലത്തെത്തിയപ്പോൾ അമ്മയോടു കാര്യം പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ ഒന്നും മിണ്ടാനില്ലായിരുന്നു എന്നു പറയാം. "യൂണിഫോറം ഇല്ലെങ്കിൽ ക്ലാസ്സിൽ കയറ്റില്ലെന്നാ പറഞ്ഞത്", കാര്യത്തിൻറെ ഗൗരവം അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
അമ്മ ഒന്നും മിണ്ടാതെ പെട്ടെന്ന് മുറിയിൽ കയറി വാതിൽ അടച്ചു. കുറെ നേരം കഴിഞ്ഞ് വെളിയിൽ വന്നപ്പോൾ അമ്മയുടെ മുഖം ചുവന്നിരുന്നു, കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. എന്തു പറ്റിയെന്നു ഞാൻ ചോദിച്ചെങ്കിലും അമ്മ ഒന്നും പറഞ്ഞില്ല.
ഒന്നാം തീയതി രാവിലെ സ്കൂളിൽ പോകാറായപ്പോൾ അമ്മ അച്ഛൻറെ ഒരു ഷർട്ട് എടുത്തു തന്നു. "അച്ഛൻ വരുമ്പോൾ പുതിയതു വാങ്ങാം. ഇപ്പോൾ ഇതിട്ടുകൊണ്ടു പൊയ്ക്കോളൂ."
അച്ഛന് രണ്ടോ മൂന്നോ ഷർട്ടുകളുണ്ടായിരുന്നു, എല്ലാം വെള്ള. ദൂരേക്ക് എവിടെയെങ്കിലും പോകുമ്പോഴോ ബസ്സിൽ യാത്ര ചെയ്യേണ്ടി വരുമ്പോഴോ മാത്രമാണ് അച്ഛൻ ഷർട്ട് ഉപയോഗിക്കാറ്. അല്ലെങ്കിൽ ഒരു തോർത്ത് മടക്കി തോളിലിടും, അത്ര തന്നെ.
ആ ഷർട്ട് ഇടുമ്പോൾ നിക്കറു കാക്കിയാണോയെന്നൊന്നും അറിയാൻ പറ്റില്ല. നിക്കർ ഇട്ടില്ലെങ്കിൽ പോലും ആരും അറിയില്ലായിരുന്നു. മുട്ടിനു താഴെ വരെ ഇറക്കമുണ്ടായിരുന്നു ഷർട്ടിന്. ഒരൽപ്പം ജാള്യത തോന്നി. ഇതിട്ടുകൊണ്ട് എങ്ങനെ സ്കൂളിൽ പോകും? കൂട്ടുകാരൊക്കെ എന്തു പറയും? എങ്കിലും അമ്മയുടെ മുഖത്തു നോക്കിയപ്പോൾ ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല.
അമ്മയുടെ അപ്പോഴത്തെ ഭാവം ഇപ്പോഴും ഓർമ്മയുണ്ട്. അതെന്താണെന്ന് അന്നെനിക്കു മനസ്സിലായില്ല. എന്നാൽ ഇന്നറിയാം. കെട്ടി നിർത്തിയിരുന്ന ഒരു അണയായിരുന്നു അമ്മയുടെ കണ്ണുകൾ. ഞാൻ സ്കൂളിലേക്കു പോകാൻ ഇറങ്ങുമ്പോഴേ പൊട്ടാൻ തയ്യാറായി നിൽക്കുന്ന ഒരു അണക്കെട്ട്.
പിന്നെ ആ കുപ്പായം ഇട്ടുകൊണ്ടാണ് പതിവായി സ്കൂളിൽ പോയിരുന്നത്. കളിക്കാനും മറ്റും പോകുന്നത് പാടെ നിർത്തി. ളോഹ പോലെയുള്ള ഷർട്ട് ഇട്ടുകൊണ്ട് കളിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട്. മാത്രമല്ല, ഷർട്ടിൽ അഴുക്കു പുരളാതെയും നോക്കണമല്ലോ. ഏതായാലും കൂട്ടുകാർ ആരും ഷർട്ടിൻറെ പേരിൽ എന്നെ കളിയാക്കിയതായി ഓർമ്മയില്ല.
ഏകദേശം ഒരാഴ്ച്ചയോ പത്തു ദിവസമോ മറ്റോ കഴിഞ്ഞപ്പോൾ ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോൾ എന്നെ ഹെഡ്മാസ്റ്റർ വിളിപ്പിച്ചു. ഞാനൊന്നു വിരണ്ടു. സാധാരണ ഗതിയിൽ ഏതെങ്കിലും അദ്ധ്യാപകൻ സ്റ്റാഫ് റൂമിലേക്കു വിളിപ്പിച്ചാൽ തന്നെ ഹൃദയം പടപടാ അടിക്കാൻ തുടങ്ങും. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനു ശിക്ഷിക്കാനാണ് അങ്ങനെ വിളിപ്പിക്കുന്നത്. പക്ഷെ ഹെഡ്മാസ്റ്റർ വിളിപ്പിക്കുന്നത് തീരെ വിരളം. അമ്മാവൻ ആണല്ലോ എന്നൊന്നും വിചാരിച്ചിട്ടു കാര്യമില്ല, ആ ഭാവമൊന്നും സ്കൂളിൽ കാണിക്കാറില്ല. സ്കൂളിൽ കണിശക്കാരനായ ഹെഡ്മാസ്റ്റർ മാത്രം. അങ്ങനെയുള്ള ആളാണ് ഇപ്പോൾ എന്നെ വിളിപ്പിച്ചിരിക്കുന്നത്. ഈശ്വരാ, അച്ഛൻറെ ഷർട്ട് ഇട്ടുകൊണ്ടു വരുന്നതിനു ശിക്ഷിക്കാനായിരിക്കുമോ? എങ്കിൽ ആകപ്പാടെ കാര്യങ്ങൾ കുഴയുമല്ലോ.
മുട്ടിനു താഴെ വരെ എത്തുന്ന ഷർട്ടും മിടിക്കുന്ന ഹൃദയവും കുനിഞ്ഞ മുഖവുമായി പതിഞ്ഞ കാൽവയ്പ്പുകളോടെ മുറിയിലെത്തി. മുഖം താഴ്ത്തി, കൈകൾ രണ്ടും മുമ്പിൽ കൂട്ടിപ്പിണച്ച് പേടിച്ച് വാതിൽക്കൽ തന്നെ നിന്നു. വാതിലിൽ മുട്ടി അനുവാദം മേടിക്കുന്ന പരിപാടിയൊന്നും അന്നറിയില്ലായിരുന്നു. അന്നൊക്കെ അങ്ങനെയുണ്ടായിരുന്നോ എന്ന് പോലും സംശയം.
എന്നെ കണ്ടപ്പോൾ അമ്മാവൻ വിളിച്ചു, "ആ, നീ വന്നോ? ഇങ്ങടുത്തേക്കു വാ."
ആ ശബ്ദത്തിൽ കോപമില്ല. അപ്പോൾ തന്നെ ആശ്വാസമായി. സാവധാനം മുഖം ഉയർത്തി നോക്കി, അടുത്തേക്കു ചെന്നു. ആ മുഖത്തു വാത്സല്യവും സ്നേഹവും മാത്രം. ഒരു നേരിയ പുഞ്ചിരിയും ഉണ്ടായിരുന്നോ എന്ന് സംശയം. ഇപ്പോൾ മുമ്പിൽ ഇരിക്കുന്നത് ഹെഡ്മാസ്റ്റർ അല്ല, അമ്മാവൻ.
അമ്മാവൻ ഒരു കവർ തന്നിട്ടു ചോദിച്ചു, "നീ കൂത്താട്ടുകുളത്തു പോയിട്ടുണ്ടോ?"
"ഉവ്വ്." അൽപ്പം അമ്പരപ്പോടെ ഞാൻ പറഞ്ഞു. സ്കൂളുമായി ഒരു ബന്ധവുമില്ലാത്ത ഒരു കാര്യം ഇപ്പോൾ ചോദിക്കുന്നത് എന്തിനാണാവോ?
"കൂത്താട്ടുകുളം ടെക്സ്റ്റൈൽസ് അറിയാമോ?" അമ്മാവൻ വീണ്ടും ചോദിച്ചു.
എൻറെ അമ്പരപ്പ് വീണ്ടും കൂടി.
"അറിയാം". ഞാൻ പറഞ്ഞു. അന്ന് കൂത്താട്ടുകുളത്തെ ഏറ്റവും വലിയ തുണിക്കടയായിരുന്നു കൂത്താട്ടുകുളം ടെക്സ്റ്റൈൽസ്. ട്രാൻസ്പോർട്ട് സ്റ്റാൻഡിൻറെ നേരെ എതിർവശത്ത്. ബസ്സിറങ്ങി എംസി റോഡ് മുറിച്ചു കടന്നാൽ നേരെ ചെല്ലുന്നത് അതിൻറെ മുമ്പിലേക്കാണ്.
"നീ അവിടെച്ചെന്ന് ഈ കത്ത് മാനേജർക്കു കൊടുക്കണം. അയാൾ ഒരു പാക്കറ്റ് തരും. അതു വാങ്ങിച്ചു കൊണ്ടു വരണം." അമ്പതു പൈസയുടെ ഒരു തുട്ടും അമ്മാവൻ തന്നു. പത്തു പൈസയാണ് കൂത്താട്ടുകുളത്തിനു പുതുവേലിയിൽ നിന്നു ബസ്സ് ചാർജ്ജ്.
ആവൂ. എൻറെ സമാധാനത്തിനും ആശ്വാസത്തിനും അതിരില്ലായിരുന്നു. അപ്പോൾ ഇതിനാണു വിളിപ്പിച്ചത്. അമ്മാവനു വേണ്ടി ഒരു ദൗത്യം ഏറ്റെടുക്കാൻ വേണ്ടി. എൻറെ അഭിമാനം ആകാശം മുട്ടുമെന്നു തോന്നി. ഒരു കാര്യം ചെയ്യാൻ സ്കൂളിലെ കണിശക്കാരനായ ഹെഡ്മാസ്റ്റർ എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. സന്തോഷത്താൽ മതി മറന്നു. പിന്നെ അടുത്തു തന്നെയുള്ള ബസ്സ് സ്റ്റോപ്പിലേക്ക് ഒരോട്ടമായിരുന്നു.
പാക്കറ്റും കൊണ്ടു തിരിച്ചു വന്നപ്പോഴേക്കും സ്കൂൾ സമയം കഴിഞ്ഞിരുന്നു. കുട്ടികൾ എല്ലാവരും പോയിരുന്നു. പാക്കറ്റു കൊടുത്തപ്പോൾ അമ്മാവൻ ചിരിച്ചുകൊണ്ടു പറഞ്ഞു, "ഇത്, നിനക്കുള്ളതാണ്. നീയെടുത്തോളൂ. ഒരു വെളുത്ത ഷർട്ട് ആണ്. നാളെ മുതൽ ഇതിട്ടുകൊണ്ടു വേണം സ്കൂളിൽ വരാൻ, ട്ടോ."
ഇത്രയും സന്തോഷവും അമ്പരപ്പും ഞാൻ ഇതിനു മുമ്പ് അനുഭവിച്ചിട്ടില്ലെന്നു തോന്നി. അമ്മാവൻ പറഞ്ഞു നിർത്തിയതും, പോകാൻ അനുവാദത്തിനൊന്നും കാത്തു നിന്നില്ല. ക്ലാസ്സിലേക്ക് ഒരൊറ്റ ഓട്ടം, ബുക്കുകൾ എടുത്ത് ഇല്ലത്തേക്ക് വീണ്ടും ഓട്ടം. ഇല്ലത്തെത്താൻ കുറെയേറെ കുന്നുകളും കുഴികളും റബ്ബർ തോട്ടവും പാടങ്ങളും ഒരു തെങ്ങിൻ തടി പാലവും കടക്കണം, ചെറു കല്ലുകൾ കൊണ്ട് പണിതിരിക്കുന്ന രണ്ടു ഭിത്തികളിൽ പിടിച്ചു കയറണം. ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരമുണ്ട്. ആ ദൂരം മുഴുവനും ഓടുകയായിരുന്നു. ഏറ്റവും വലിയ ഈ സന്തോഷ വർത്തമാനം അമ്മയോടു പറയാൻ ധൃതിയായി.
ഇല്ലത്തെത്തുന്നതിനു മുമ്പു തന്നെ അലറി വിളിച്ചു, "അമ്മേ , അമ്മേ".
അമ്മ ആകെ പരിഭമിച്ചു. ഇങ്ങനെ ഒരു ദിവസവും പതിവില്ല. "എന്തു പറ്റി?" അമ്മയുടെ ആകാംക്ഷക്ക് അതിരില്ലായിരുന്നു. എന്തോ അപകടം പറ്റിയെന്നു തന്നെ അമ്മ വിചാരിച്ചു.
അടുത്തെത്തിയപ്പോൾ ആവേശം തടഞ്ഞു നിർത്താൻ പറ്റാതെ കിതച്ചുകൊണ്ട് അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു.
അമ്മക്ക് ഉത്കണ്ഠ അടക്കാൻ പറ്റിയില്ല, "എന്താടാ, എന്തു പറ്റി നിനക്ക്? എന്തിനാ നീയിങ്ങനെ ഓടിയത്?"
ഞാൻ കയ്യിലിരുന്ന പാക്കറ്റ് അമ്മയുടെ കയ്യിൽ പിടിപ്പിച്ചു. സംശയത്തോടെ എന്നെ നോക്കിയ അമ്മയോടു ഞാൻ കിതച്ചു കിതച്ചു പറഞ്ഞു, "ഇതൊരു പുതിയ ഷർട്ടാ, വെളുത്ത ഷർട്ട്. രാജൻ അമ്മാവൻ തന്നതാ. ഇതിട്ടുകൊണ്ടു വേണം നാളെ മുതൽ സ്കൂളിൽ പോകാൻ."
അമ്മ ഏതാനും നിമിഷം സ്തബ്ധയായി നിന്നു. പിന്നീട് അവിടെ മുറ്റത്തു തന്നെ ഇരുന്നു. എന്നെ പിടിച്ചു മടിയിലിരുത്തി. വിയർത്തൊലിച്ചിരുന്ന നെറ്റിയിൽ അമർത്തിയമർത്തി വീണ്ടും വീണ്ടും ചുംബിച്ചു.
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു ഞാൻ കണ്ടു. എനിക്ക് അമ്പരപ്പായി. സന്തോഷിക്കേണ്ട സമയമല്ലേ ഇത്? പിന്നെന്തിനാ അമ്മ കരയുന്നത്?
ഇന്നും എനിക്കറിയില്ല അന്ന് അമ്മയെന്തിനാ കരഞ്ഞതെന്ന്. സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ, സ്വന്തം നിസ്സഹായതയെപ്പറ്റി ചിന്തിച്ചിട്ടോ, അതോ എൻറെ സന്തോഷം കണ്ടിട്ടുണ്ടായ സന്തോഷം കൊണ്ടോ? ആവോ.