2020, മേയ് 1, വെള്ളിയാഴ്‌ച

ചെറിയമ്മയുടെ നവതി


ഈയിടെ മോക്ഷയുടെ കുടജാദ്രി യാത്രയെപ്പറ്റി മഞ്ജു (മോചിത) അവതരിപ്പിച്ച വീഡിയോ കാണുകയുണ്ടായി. അത് കണ്ടപ്പോൾ ഒമ്പതു വർഷങ്ങൾക്കു മുമ്പ്, 2011-ൽ ഞങ്ങൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും  കുടജാദ്രിയിലും മറ്റും പോയത് ഓർമ്മ വന്നു. എന്നാൽ അതിനെപ്പറ്റിയല്ല കുറിപ്പ്. ഞങ്ങളുടെ യാത്രക്കു മുമ്പു പങ്കെടുത്ത ഒരു കൂടിച്ചേരലിനെപ്പറ്റിയാണ്

ചെറിയമ്മയുടെ നവതി.

ചെറിയമ്മ എന്നാണു വിളിച്ചിരുന്നതെങ്കിലും ശരിക്കും വല്ല്യമ്മയായിരുന്നു, വല്യഫൻറെ ആത്തേമ്മാർ. പൊത്തോപ്പുറത്ത് കൃഷ്ണൻ നമ്പൂതിരിയും പുളിക്കാപ്പറമ്പിൽ ശ്രീദേവി അന്തർജ്ജനവും.  എന്തുകൊണ്ടാണു ഞങ്ങളൊക്കെ ചെറിയമ്മ എന്നു വിളിച്ചിരുന്നതെന്നറിയില്ല. പക്ഷെ ഓർമ്മ വച്ചപ്പോൾ മുതൽ ചെറിയമ്മ തന്നെയായിരുന്നു. കണ്ടാലും അങ്ങനെ തന്നെ, 'ചെറിയ' അമ്മ. എനിക്ക് വല്ല്യഫനെ കണ്ട ഓർമ്മയില്ല. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ, 1962-ൽ, വല്ല്യഫൻ സംസാര സാഗരത്തിൽ നിന്നു മുക്തി നേടി. ചെറിയമ്മക്കും വല്ല്യഫനും 12 മക്കളാണ്; പത്തു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. അവരിൽ രണ്ടു പെൺകുട്ടികൾ ഇന്നില്ല.

ചെറിയമ്മയെ ഇതിനു മുമ്പ് കണ്ടത് കുറെ വർഷങ്ങൾ മുമ്പാണ്, ഡൽഹിയിൽ വച്ച്. ചെറിയമ്മയുടെ മൂന്നു മക്കൾ ഡൽഹിയിലാണ്. രണ്ടു പേരും കൂടി ഉണ്ടായിരുന്നു, അവർ ഇപ്പോൾ നാട്ടിലാണ്. ചെറിയമ്മയെ കാണുന്നതും സംസാരിക്കുന്നതും എന്തെന്നില്ലാത്ത കുളുർമ്മ നൽകും മനസ്സിന്. ഇത്രയും വിഷമങ്ങൾ അനുഭവിച്ചവർ അധികമൊന്നും ഉണ്ടാകില്ല. എങ്കിലും എപ്പോഴും ചിരിച്ച മുഖത്തോടെയേ ചെറിയമ്മയെ കാണാൻ കഴിയൂ. എപ്പോഴും തമാശകൾ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിച്ചു കൊണ്ടിരിക്കും. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ചെറിയമ്മ പിടിച്ചു നിന്നത്. സ്വയം മറന്നു ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് എല്ലാവർക്കും ഈശ്വരൻ കൊടുത്തിട്ടില്ലല്ലോ. പ്രായം ഏറെയായിട്ടും ഓർമ്മയുള്ളിടത്തോളം കഴിവ് ചെറിയമ്മയെ വിട്ടുപിരിഞ്ഞില്ല. ചെറിയമ്മയിൽ നിന്നായിരിക്കണം, മക്കളിൽ ചിലർക്കും കഴിവു കിട്ടിയിട്ടുണ്ട്.

ഏട്ടൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കാൻ, ക്ഷീണമുണ്ടായിരുന്നെങ്കിലും വന്നിരുന്നു. ഒരു നീണ്ട യാത്ര കഴിഞ്ഞു വന്നു വിശ്രമിക്കുകയായിരുന്ന ചെറിയമ്മയുടെ അടുത്തു ചെന്നു ഞാൻ ചോദിച്ചു, "ചെറിയമ്മേ, എന്തൊക്കെയുണ്ടു വിശേഷങ്ങൾ?"

ഒരു നിമിഷം പോലും താമസിക്കാതെയുള്ള മറുപടി, "വിശേഷമോ? , എനിക്കൊക്കെ ഇനിയെന്തു വിശേഷം? വിശേഷമൊക്കെ ചെറുപ്പക്കാർക്കല്ലേ?" ('വിശേഷമുണ്ടാകുക' എന്നാൽ ഗർഭിണിയാകുക എന്നും അർത്ഥമുണ്ട്.) വിശേഷം ചോദിച്ച ഞാനൊന്നു ചൂളിപ്പോയെങ്കിൽ അത്ഭുതമുണ്ടോ?

നവതിക്കു പോയതിന് രണ്ടു പ്രധാന കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, ചെറിയമ്മയെ കാണുക. കുറെ വർഷങ്ങളായല്ലോ കണ്ടിട്ട്. ആയിടെയായി തീരെ ക്ഷീണമാണെന്നും ഓർമ്മ മാഞ്ഞു തുടങ്ങിയെന്നും മറ്റും കേട്ടിരുന്നു. രണ്ട്, ചെറിയമ്മയുടെ മക്കൾ, ചിലപ്പോൾ അവരുടെ മക്കളും മറ്റു ബന്ധുക്കളും, എല്ലാവരും വരും, അവരെയെല്ലാം കാണാം. പലരേയും കാണാറും സമ്പർക്കം പുലർത്താറുമുണ്ടെങ്കിലും ചിലരെയൊന്നും കണ്ടിട്ടു കൂടിയുണ്ടായിരുന്നില്ല.

ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു വല്ല്യഫൻ. അമ്പലത്തിൻറെ അടുത്തു തന്നെയാണു താമസിച്ചിരുന്നതും. ശാന്തൻപാറ കേരളം-തമിഴ്നാട് അതിർത്തിക്കടുത്ത പ്രദേശമാണ്. ദൂരം വളരെ കൂടുതൽ ആയതുകൊണ്ടും അന്ന് ഇന്നത്തെപ്പോലെ വണ്ടിയുടെ സൗകര്യം ഇല്ലായിരുന്നതുകൊണ്ടും നാടുമായി അത്ര കാര്യമായ സമ്പർക്കമൊന്നും ഇല്ലായിരുന്നു വല്ല്യഫന്. ശാന്തൻപാറയിൽ വച്ചു തന്നെയാണ് വല്ല്യഫൻ മരിച്ചതും.

വിധിയുടെ വിളയാട്ടമെന്നു പറയട്ടെ, മൂത്ത കുട്ടികളിൽ പലരും തമിഴ്നാട്ടിലുള്ളവരെ വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിരതാമസമായി. അവരൊന്നും നാട്ടിലേക്കു വന്നിട്ടുകൂടിയുണ്ടെന്നു തോന്നുന്നില്ല. ശ്രീദേവി ഓപ്പോളും ദശരഥൻ ഏട്ടനും ഇടക്കിടക്കു വരാറുണ്ട്. എൻറെ കുട്ടിക്കാലത്തു ശ്രീദേവി ഓപ്പോൾ മാത്രമായിരുന്നു മറ്റുള്ളവരുമായുള്ള ബന്ധത്തിൻറെ കണ്ണി, പിന്നെ ചെറിയമ്മയും. ഓപ്പോളെ വിവാഹം ചെയ്ത ദശരഥൻ ഏട്ടൻ ചില വർഷങ്ങൾക്കു മുമ്പ് മരിച്ചു.

അന്ന് ശാന്തൻപാറയിലെത്തിയ ഉടൻ തന്നെ ചെറിയമ്മയെ കാണാൻ അകത്തേക്കു കടന്നു. വരാന്തയിൽ കുറേപ്പേർ ഇരിപ്പുണ്ട്, കൂട്ടത്തിൽ ശാന്തി ഏടത്തിയും. (ചെറിയമ്മയുടെ മകൾ, അനിയത്തിയാണെങ്കിലും, സ്ഥാനം കൊണ്ട് ഏടത്തി.) ഏടത്തിയോടു ചോദിച്ചു, "ഏടത്തീ, ചെറിയമ്മ എവിടെ?" ഏടത്തി ഒന്നു ചിരിച്ചിട്ടു പറഞ്ഞു, "ദേ, ഇത്, കണ്ടില്ലേ?" എന്ന് പറഞ്ഞ് തൊട്ടടുത്തിരുന്ന ചെറിയമ്മയെ തൊട്ടു കാണിച്ചു. ഞാൻ ഒന്നമ്പരന്നു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ചോദിക്കുന്നതിനു മുമ്പു ഞാൻ ചെറിയമ്മയെ കണ്ടതാണ്, പക്ഷെ എനിക്കു മനസ്സിലായില്ല. അത്രക്കും വ്യത്യാസം വന്നിരുന്നു. സ്വതേ ആൾവലുപ്പം കുറഞ്ഞ ചെറിയമ്മ കുറേക്കൂടി ചെറുതായതായി തോന്നി. നിറവും ഏറെ ഇരുണ്ടിരുന്നു. കലശലായ ക്ഷീണവും ഉണ്ടായിരുന്നു. "ഈശ്വരാ" എന്ന് പറഞ്ഞു പോയി. ചെറിയമ്മയുടെ അടുത്തിരുന്നു.

"ഇതാരാണെന്ന് അമ്മക്കു മനസ്സിലായോ?" എന്നു ശാന്തി ഏടത്തി ചോദിച്ചു.

എന്നെ ഒന്നു നോക്കിയിട്ടു ചെറിയമ്മ ചോദിച്ചു, "ജയന്തനല്ലേ?"

ഹാവൂ, സമാധാനമായി. തിരിച്ചറിഞ്ഞല്ലോ. ചില സമയത്ത് മക്കളെപ്പോലും തിരിച്ചറിയില്ലായിരുന്നത്രെ. കുറെ നേരം ചെറിയമ്മയുടെ അടുത്തിരുന്നു സംസാരിച്ചു. അന്നത്തേത് അവസാനത്തെ കൂടിക്കാഴ്ച്ചയായിരുന്നു എന്ന് അന്നറിഞ്ഞില്ല. അതിനു ശേഷം ചെറിയമ്മയെ കണ്ടിട്ടില്ല. 2017 ജനുവരി 16 ന് ചെറിയമ്മ ഈ ലോകത്തോടു യാത്ര പറഞ്ഞു.

അന്ന് അവിടെ വച്ച് ഉണ്ടായ ഒരു കാര്യം കൂടി പറഞ്ഞില്ലെങ്കിൽ വിവരണം അപൂർണ്ണമാകുമെന്നു തോന്നുന്നു. ഇടക്കെപ്പോഴോ ഒരു വശത്തുള്ള മുറ്റത്ത് ഓപ്പോൾമാരുൾപ്പെടെ കുറേപ്പേർ കൂടിയിരിക്കുന്നതു കണ്ടപ്പോൾ അങ്ങോട്ടു ചെന്നു. അവരിൽ ഒരാൾ എന്തോ വായിക്കുന്നുണ്ട്. അതൊരു കവിതയായിരുന്നു. ചിത്ര ഓപ്പോൾ (ചെറിയമ്മയുടെ മകൾ, വിഖ്യാത കേരള നടനം കലാകാരി ചിത്ര മോഹൻ) എഴുതിയ ഒരു കവിത. എന്നാൽ ആർക്കും അതു വായിച്ചു മുഴുവനാക്കാൻ കഴിഞ്ഞിരുന്നില്ല. കുറച്ചു വായിക്കുമ്പോഴേക്കും കണ്ണുകൾ നിറയും, ശബ്ദം ഇടറും, മുഴുമിപ്പിക്കാൻ പറ്റാതെ വേറെ ആരെങ്കിലും തുടങ്ങും. ഞാൻ അഹങ്കാരത്തോടെ പറഞ്ഞു. "ഒരു കവിത വായിക്കാൻ ഇത്ര ബുദ്ധിമുട്ടോ? ഇങ്ങോട്ടു തരൂ, ഞാൻ വായിക്കാം."

ആരോ ഒരാൾ പറഞ്ഞു, "ഉറക്കെ വായിക്കണം."

ഞാൻ കവിത ഉറക്കെ വായിക്കാൻ തുടങ്ങി. ബാല്യകാലത്ത് അവരെല്ലാം അനുഭവിച്ച വേദനയും കഷ്ടപ്പാടും അതിൽ ഹൃദയഭേദകമായി വിവരിച്ചിരുന്നു. അമ്മയെ തെറ്റിദ്ധരിച്ചതിനു അമ്മയോടു ക്ഷമാപണം ചെയ്തുകൊണ്ടുള്ള ഒരു കവിത. ഏകദേശം രണ്ടു പേജോളം ഉണ്ടായിരുന്നു. ആദ്യത്തെ പേജു പോലും എനിക്കു മുഴുമിപ്പിക്കാൻ പറ്റിയില്ല. എൻറെ അഹങ്കാരം കണ്ണിൽ കൂടി ഒഴുകിയിറങ്ങിയപ്പോൾ, ശബ്ദം തൊണ്ടയിൽ കുടുങ്ങിയപ്പോൾ, ഞാൻ അടിയറവു പറഞ്ഞു.

ചടങ്ങുകളെല്ലാം കഴിഞ്ഞ് അധികം താമസിയാതെ ഞങ്ങൾ തിരിച്ചു പോരുകയും ചെയ്തു. അന്നു തന്നെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കു പോയത്.  അതിനെപ്പറ്റി ഇനി ഒരവസരത്തിൽ.


29 അഭിപ്രായങ്ങൾ:

  1. ജയന്തനേട്ടാ വിവരണം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. Jayanthanetta namaskaaram ithu vayichappol ente kannu niranju njan ente Ammaye orupaadu mis cheyyunund adhikam ezhuthanthanne pattunnilla

    മറുപടിഇല്ലാതാക്കൂ
  3. ചിത്ര ഓപ്പോളും ജയന്തനും.ഓർമ്മകൾ ഓടിയെത്തുമ്പോൾ വാക്കുകൾ വാചാലമാകുന്നു. ആണ് ചിത്രോപ്പോളെ ഇന്ന് ഞാൻ കാണുമ്പോൾ അതിശയം തോന്നുന്നു, കാലത്തെ അതിജീവിക്കാൻ കഴിഞ്ഞ അവരുടെ നിശ്ചദാർഢ്യത്തിനുമുന്പിൽ നമിക്കുന്നു. ഇപ്പോഴും അവർ അതെ പ്രസന്നവതി. എന്നും അങ്ങനെ തന്നെ ആവട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. From Facebook: Narayanan Namboothiry: നന്നായിട്ടുണ്ട് ജയന്തനേട്ടാ..ആകാംഷയോടെ വായിക്കാൻ പറ്റി.

    മറുപടിഇല്ലാതാക്കൂ
  5. From Facebook: Sathy Manikumar: നന്നായിട്ടുണ്ട് ജയന്തനേട്ട

    മറുപടിഇല്ലാതാക്കൂ
  6. From Facebook: Unnikrishnan Namboodiri: കരയിപ്പിച്ചല്ലോ അമ്മാവാ .

    മറുപടിഇല്ലാതാക്കൂ
  7. From Facebook: Chithra Mohan: ജയന്തൻ, വായിച്ചു. സന്തോഷം എന്നുപറയാനാകില്ല എന്തെന്നാൽ ഒരു വിങ്ങലും , തേങ്ങലും ബാക്കി നിൽക്കുന്നു. സത്യമാണ് ഞാൻ അമ്മയെ ഒരുപാടു കുറ്റപ്പെടുത്തിയിരുന്നു. ദേഷ്യത്തിൽ കത്തെഴുതിയിരുന്നു. അമ്മയെ മനസിലാക്കിത്തുടങ്ങിയപ്പോൾ അതൊക്കെ ഓർത്ത് വിഷമിച്ചിട്ടുമുണ്ട്. എന്നാൽ അമ്മയോടൊപ്പം അധികം നാൾ നിൽക്കാൻ കഴിയാത്ത മാനസിക വിദ്വേഷം എന്നും ബാക്കിയായിരുന്നു. അന്നത്തെ വരികൾ മനസ്സറിഞ്ഞെഴുതിയതാണ്, എല്ലാത്തിനും മാപ്പുചോദിച്ചുകൊണ്ട്.

    "ജയന്തൻ, ഒരു വിങ്ങലോടെ, ഒരു തേങ്ങലോടെ വായിച്ചു നിർത്തിയപ്പോൾ എനിക്കെന്നോട്തന്നെ കുറ്റബോധമായിരുന്നു. 90ആം വയസ്സിന്റെ തലേന്നാൾ 'അമ്മണി ച്ചുണ്ടിലേക്കമ്മിഞ്ഞയിറ്റി ചിട്ടമ്മമനസോതി ഇവളുമെൻ കണ്മണി 'ആ വരികൾ ഇത്രത്തോളം വികാരഭരിതമാകുമെന്ന് അന്നോർത്തില്ല.

    കയ്പ്പേറിയ ബാല്യ, കൗമാര, യൗവ്വനങ്ങൾ എന്നെ അന്ന് മറ്റൊരു തലത്തിലാണ് കൊണ്ടെത്തിച്ചിരുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ഓപ്പോളേ. മനസ്സിൽ തട്ടി എഴുതുന്ന കവിതകളേ മറ്റു മനസ്സുകളിൽ തട്ടൂ.

      ഇല്ലാതാക്കൂ