08 08 23
'ഞാൻ പാൽ കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? ഞാൻ അച്ഛനോളം വലുതാകണം', എന്നു പഠിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ.
എന്നാൽ 'കാലിൽ ചെരുപ്പിടാഞ്ഞാൽ അമ്മ തല്ലും. എന്തിനാണ് അമ്മ തല്ലുന്നത്? കാലിൽ മുള്ളു കൊള്ളരുത്' എന്ന് ഒരു ക്ലാസ്സിലും പഠിച്ചിട്ടില്ല. ചെരുപ്പ് അന്നൊക്കെ ഒരു ആവശ്യമേ ആയിരുന്നില്ല. ഇന്നോ? ശരീരത്തിൻറെ ഒരു അവയവം പോലെ ആയിക്കഴിഞ്ഞു.
ഈയുള്ളവൻ ആദ്യമായി ചെരുപ്പു ധരിച്ചത് പത്തൊമ്പതാമത്തെ വയസ്സിലാണ്; അതും ഡൽഹിയിൽ പോയതുകൊണ്ടു മാത്രം. പേരയുടെ മകൻ നാരായണനേട്ടൻറെ കൂടെയായിരുന്നു യാത്ര, ആദ്യത്തെ തീവണ്ടിയാത്ര. ചെന്നൈയിൽ (അന്ന് മദ്രാസ്സ്) ആറു മണിക്കൂർ താമസമുണ്ടായിരുന്നു. അവിടെ ഇറങ്ങിയപ്പോഴാണ് ഞാൻ ചെരുപ്പ് ധരിച്ചിട്ടില്ലെന്ന കാര്യം ഏട്ടൻ ശ്രദ്ധിച്ചത്. ഏട്ടനാണ് ആദ്യമായി ചെരുപ്പു വാങ്ങിത്തന്നത്. ഇന്നിപ്പോൾ മഷിയിട്ടു നോക്കിയാൽപ്പോലും ചെരുപ്പിടാത്ത ഒരാളെ കാണാൻ സാധിക്കില്ല.
ചെരുപ്പ് ധരിച്ചിട്ടുണ്ടെങ്കിൽ കാലിൽ അഴുക്ക് പറ്റില്ല, മുള്ളോ കുപ്പിച്ചില്ലുകളോ കൊള്ളില്ല. എങ്കിലും ചിലപ്പോൾ വെള്ളത്തിലോ ചെളിയിലോ കൂടി നടക്കുമ്പോൾ അഴുക്ക് തെറിച്ചേക്കാം. ചെരുപ്പിലെ അഴുക്ക് കാൽപ്പാദങ്ങളിൽ പറ്റിയെന്നും വരാം.
ആദ്യം ചെരുപ്പു വാങ്ങിച്ചതിനെപ്പറ്റി ഇംഗ്ളീഷിലും (https://jayanthanpk.blogspot.com/2013/08/reinforcing-my-first-pair-of-sandals.html) ഒരു ചെരുപ്പ് പുരാണം മലയാളത്തിലും (https://pothoppuramkurippukal.blogspot.com/2019/10/blog-post_23.html) എഴുതിയിട്ടുണ്ട്. താൽപ്പര്യമുള്ളവരെ ആ പോസ്റ്റുകൾ വായിക്കാൻ ക്ഷണിക്കുന്നു.
ഇനി കാര്യത്തിലേക്കു വരാം.
ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചെരുപ്പ് പുറത്ത് അഴിച്ചു വച്ചു നേരെ അകത്തേക്ക് കടക്കുക, അതല്ലേ നമ്മളൊക്കെ ചെയ്യുന്നത്? കാൽപ്പാദങ്ങളിൽ പറ്റിയിരിക്കുന്ന, അല്ലെങ്കിൽ തെറിച്ചിരിക്കുന്ന, അഴുക്കിനെപ്പറ്റി ചിന്തിക്കാറുണ്ടോ? അത് ചെളിയോ കോഴിയുടെയോ പട്ടിയുടെയോ കാഷ്‌ഠമോ മറ്റെന്തെങ്കിലുമോ ആകാം. ചെരുപ്പ് അഴിച്ചിട്ടാൽ പാദം ശുദ്ധമായി എന്നല്ലേ നമ്മുടെ ധാരണ? ഇതു ശരിയാണോ?
കാലുകൾ ശുദ്ധവെള്ളത്തിൽ കഴുകി വൃത്തിയാക്കിയിട്ടു വേണ്ടേ ക്ഷേത്രത്തിൽ കയറാൻ?
ഉത്തരഭാരതത്തിൽ (ഡൽഹിയിലെ കാര്യമാണ് കൂടുതൽ പരിചയം) ചെറുതും വലുതുമായ മിക്കവാറും അമ്പലങ്ങളിൽ കയറുന്നതിനു മുമ്പ്, പ്രധാന കവാടത്തിനു പുറത്ത്, കാൽ കഴുകാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതു കാണാം. തൊഴാൻ വരുന്നവർ എല്ലാവരും കാലും മുഖവും (ചുരുങ്ങിയത് കാലെങ്കിലും) കഴുകിയിട്ടാണ് അകത്തേക്കു കടക്കുക. അതീവ ശൈത്യമുള്ള സമയങ്ങളിൽ ചിലരൊക്കെ സോക്സ് ഊരാൻ മടിക്കും. കാലുകൾ കഴുകിയില്ലെങ്കിൽപ്പോലും അല്പം വെള്ളം കാലിൽ തളിക്കാൻ ആരും മറക്കാറില്ല.
മുമ്പൊരിക്കൽ സർദാർമാരുടെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പ്രധാനകവാടത്തോടു ചേർന്നു വെള്ളം സദാ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചെറിയ മനുഷ്യനിർമ്മിത അരുവി കണ്ടു. ഇതിൽ കാൽ കഴുകിയിട്ടേ അകത്തു കടക്കാൻ പറ്റൂ. ഈ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുകയാണത്രെ ചെയ്യുക. എത്ര മനോഹരമായ ചിന്തയും ആചാരവും!
മഹാരാഷ്ട്രയിൽ പുണെയിലും കാലുകൾ കഴുകുന്ന രീതി കണ്ടില്ല. ഒരിക്കൽ കൊൽക്കൊത്തയിൽ പോയപ്പോൾ രണ്ട് ക്ഷേത്രങ്ങളിൽ പോയിരുന്നു. ബംഗാളികളുടെ പ്രസിദ്ധമായ കാളി ബാരിയിലും മലയാളികൾ നടത്തുന്ന ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലും. രണ്ടിടത്തും കാലുകൾ കഴുകിയതായി ഓർമ്മിക്കുന്നില്ല.
കേരളത്തിലും ഒരിടത്തും, മഹാക്ഷേത്രങ്ങളിൽപ്പോലും, പ്രവേശിക്കുന്നതിനു മുമ്പ് കാൽ കഴുകുക എന്നൊരു രീതി കാണാൻ സാധിക്കുന്നില്ല. ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും അതു വേണ്ടതല്ലേ? കാലും മുഖവും കഴുകിയിട്ടു വേണ്ടേ പ്രവേശിക്കാൻ? അതിനുള്ള സൗകര്യം ഒരുക്കേണ്ടതല്ലേ? അകത്തു കയറുന്നതിനു മുമ്പ് കാലുകളും മുഖവും കഴുകണം എന്നൊരു ആചാരം പ്രചുരപ്രചാരമാക്കേണ്ടതല്ലേ?