2020, മേയ് 30, ശനിയാഴ്‌ച

സമാനവേഷം (യൂണിഫോറം)


 അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഞാൻ പഠിച്ചത് പുതുവേലി ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിലാണ്, അറുപതുകളുടെ മദ്ധ്യത്തിൽ. (ഇപ്പോൾ അത് ഹയർ സെക്കണ്ടറി സ്കൂൾ ആണ്.) അമ്മാവൻ (അമ്മയുടെ അഫൻറെ മകൻ) കെ.ആർ. നാരായണൻ നമ്പൂതിരി ആയിരുന്നു സ്കൂളിലെ ഹെഡ്മാസ്റ്റർ. അതുകൊണ്ടാണ് പ്രധാനമായും എന്നെ അവിടെ ചേർത്തതു തന്നെ. അമ്മാവനെ, പക്ഷെ, രാജൻ സാർ എന്ന് പറഞ്ഞാലേ എല്ലാവരും അറിയുമായിരുന്നുള്ളൂ. അമ്മാവൻറെ ശരിയായ പേർ അറിയാവുന്നവർ വളരെ ചുരുക്കം. അമ്മാവൻ വളരെ കണിശക്കാരനായിരുന്നു. വിദ്യാർത്ഥികൾക്കു മാത്രമല്ല, അദ്ധ്യാപകർക്കും അമ്മാവനെ പേടിയായിരുന്നു.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സർക്കാർ നിർദ്ദേശം വന്നത്, എല്ലാ വിദ്യാർത്ഥികൾക്കും സമാനവേഷം (യൂണിഫോറം) വേണമെന്ന്. കാക്കി നിക്കറും വെളുത്ത ഷർട്ടും. അതു സ്കൂളിൽ നിന്നു ലഭിക്കുകയില്ല, സ്വന്തമായി സംഘടിപ്പിക്കണം. ഒരു ദിവസം രാവിലെ അസംബ്ലിയിൽ ഇക്കാര്യം പ്രഖ്യാപിച്ചു. അതിൻറെ അടുത്ത മാസം ഒന്നാം തീയതി മുതൽ എല്ലാ വിദ്യാർത്ഥികളും സമാനവേഷത്തിൽ വേണം സ്കൂളിൽ വരുവാൻ. അല്ലെങ്കിൽ ക്ലാസ്സിൽ കയറ്റില്ല.

ഞാനൊന്നു കിടുങ്ങി. എനിക്ക് കാക്കി നിക്കർ ഉണ്ട്, അതാണു പതിവായി ധരിച്ചിരുന്നതും. പക്ഷെ, വെളുത്ത ഷർട്ട് ഒരെണ്ണം പോലും ഇല്ല. ആകപ്പാടെയുള്ളത് രണ്ടോ മൂന്നോ ഷർട്ടുകൾ, അതും എല്ലാം നിറങ്ങളും വരകളും കോളങ്ങളും ഉള്ളത്. വർഷത്തിൽ ഒരു ഷർട്ടോ മറ്റോ ആണ് പുതിയതായി കിട്ടിയിരുന്നത്. അന്ന് ഒരു ഉത്സവമായിരിക്കും, എനിക്കു മാത്രമല്ല, എല്ലാവർക്കും. ഏട്ടൻറെയും ഓപ്പോളുടെയും അനുജത്തിയുടേയും കഥകളും മറിച്ചായിരുന്നില്ല.

വെളുത്ത ഷർട്ട് വാങ്ങാത്തത്തിനു കാരണമുണ്ട്. വേഗം മുഷിയും, അപ്പോൾ പതിവായി കഴുകണം. കുളത്തിൽ കൊണ്ടുപോയി കല്ലിൽ അടിച്ചാണ് കഴുകുന്നത്. പതിവായി കഴുകിയാൽ ഷർട്ട് താമസിയാതെ കീറും. പിന്നെ, സോപ്പിട്ടു വേണ്ടേ കഴുകാൻ? സോപ്പ് അന്നു ഞങ്ങൾക്ക് ഒരു ആഡംബര വസ്തുവായിരുന്നു. അതുകൊണ്ടാണ്, പതിവായി അടിച്ചു കഴുകിയില്ലെങ്കിലും വലിയ കുഴപ്പമില്ലാത്ത, വരകളും കുറികളുമുള്ള ഷർട്ട്.

ഇനിയെന്തു ചെയ്യും? അച്ഛൻ ശാന്തി കഴിച്ചു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടു വേണം ആറു വയറുകൾ കഴിയാൻ. ഇന്നത്തെപ്പോലെ നല്ല ശമ്പളമൊന്നും ഇല്ല അക്കാലത്ത്. നട വരുമാനവും പൂജ്യം തന്നെയായിരുന്നു. (അച്ഛൻ പൂജ ചെയ്തിരുന്ന ഒരമ്പലത്തിലെ ശമ്പളം മാസം മൂന്നു രൂപയും വർഷത്തിലൊരിക്കൽ മൂന്നു ചാക്കു നെല്ലും ആയിരുന്നു. അതും കൃത്യമായി കിട്ടിയിരുന്നുമില്ല.)        

വൈകീട്ട് ഇല്ലത്തെത്തിയപ്പോൾ അമ്മയോടു കാര്യം പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ ഒന്നും മിണ്ടാനില്ലായിരുന്നു എന്നു പറയാം. "യൂണിഫോറം ഇല്ലെങ്കിൽ ക്ലാസ്സിൽ കയറ്റില്ലെന്നാ പറഞ്ഞത്", കാര്യത്തിൻറെ ഗൗരവം അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

അമ്മ ഒന്നും മിണ്ടാതെ പെട്ടെന്ന് മുറിയിൽ കയറി വാതിൽ അടച്ചു. കുറെ നേരം കഴിഞ്ഞ് വെളിയിൽ വന്നപ്പോൾ അമ്മയുടെ മുഖം ചുവന്നിരുന്നു, കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. എന്തു പറ്റിയെന്നു ഞാൻ ചോദിച്ചെങ്കിലും അമ്മ ഒന്നും പറഞ്ഞില്ല.

ഒന്നാം തീയതി രാവിലെ സ്കൂളിൽ പോകാറായപ്പോൾ അമ്മ അച്ഛൻറെ ഒരു ഷർട്ട് എടുത്തു തന്നു. "അച്ഛൻ വരുമ്പോൾ പുതിയതു വാങ്ങാം. ഇപ്പോൾ ഇതിട്ടുകൊണ്ടു പൊയ്ക്കോളൂ."

അച്ഛന് രണ്ടോ മൂന്നോ ഷർട്ടുകളുണ്ടായിരുന്നു, എല്ലാം വെള്ള. ദൂരേക്ക് എവിടെയെങ്കിലും പോകുമ്പോഴോ ബസ്സിൽ യാത്ര ചെയ്യേണ്ടി വരുമ്പോഴോ മാത്രമാണ് അച്ഛൻ ഷർട്ട് ഉപയോഗിക്കാറ്. അല്ലെങ്കിൽ ഒരു തോർത്ത് മടക്കി തോളിലിടും, അത്ര തന്നെ.

ഷർട്ട് ഇടുമ്പോൾ നിക്കറു കാക്കിയാണോയെന്നൊന്നും അറിയാൻ പറ്റില്ല. നിക്കർ ഇട്ടില്ലെങ്കിൽ പോലും ആരും അറിയില്ലായിരുന്നു. മുട്ടിനു താഴെ വരെ ഇറക്കമുണ്ടായിരുന്നു ഷർട്ടിന്. ഒരൽപ്പം ജാള്യത തോന്നി. ഇതിട്ടുകൊണ്ട് എങ്ങനെ സ്കൂളിൽ പോകും? കൂട്ടുകാരൊക്കെ എന്തു പറയും? എങ്കിലും അമ്മയുടെ മുഖത്തു നോക്കിയപ്പോൾ ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല.

അമ്മയുടെ അപ്പോഴത്തെ ഭാവം ഇപ്പോഴും ഓർമ്മയുണ്ട്. അതെന്താണെന്ന് അന്നെനിക്കു മനസ്സിലായില്ല. എന്നാൽ ഇന്നറിയാം. കെട്ടി നിർത്തിയിരുന്ന ഒരു അണയായിരുന്നു അമ്മയുടെ കണ്ണുകൾ. ഞാൻ സ്കൂളിലേക്കു പോകാൻ ഇറങ്ങുമ്പോഴേ പൊട്ടാൻ തയ്യാറായി നിൽക്കുന്ന ഒരു അണക്കെട്ട്.

പിന്നെ കുപ്പായം ഇട്ടുകൊണ്ടാണ് പതിവായി  സ്കൂളിൽ പോയിരുന്നത്. കളിക്കാനും മറ്റും പോകുന്നത് പാടെ നിർത്തി. ളോഹ പോലെയുള്ള ഷർട്ട് ഇട്ടുകൊണ്ട് കളിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട്. മാത്രമല്ല, ഷർട്ടിൽ അഴുക്കു പുരളാതെയും നോക്കണമല്ലോ. ഏതായാലും കൂട്ടുകാർ ആരും ഷർട്ടിൻറെ പേരിൽ എന്നെ കളിയാക്കിയതായി ഓർമ്മയില്ല.

ഏകദേശം ഒരാഴ്ച്ചയോ പത്തു ദിവസമോ മറ്റോ കഴിഞ്ഞപ്പോൾ ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോൾ എന്നെ ഹെഡ്മാസ്റ്റർ വിളിപ്പിച്ചു. ഞാനൊന്നു വിരണ്ടു. സാധാരണ ഗതിയിൽ ഏതെങ്കിലും അദ്ധ്യാപകൻ സ്റ്റാഫ് റൂമിലേക്കു വിളിപ്പിച്ചാൽ തന്നെ ഹൃദയം പടപടാ അടിക്കാൻ തുടങ്ങും. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനു ശിക്ഷിക്കാനാണ് അങ്ങനെ വിളിപ്പിക്കുന്നത്. പക്ഷെ ഹെഡ്മാസ്റ്റർ വിളിപ്പിക്കുന്നത് തീരെ വിരളം. അമ്മാവൻ ആണല്ലോ എന്നൊന്നും വിചാരിച്ചിട്ടു കാര്യമില്ല, ഭാവമൊന്നും സ്കൂളിൽ കാണിക്കാറില്ല. സ്കൂളിൽ കണിശക്കാരനായ ഹെഡ്മാസ്റ്റർ മാത്രം. അങ്ങനെയുള്ള ആളാണ് ഇപ്പോൾ എന്നെ വിളിപ്പിച്ചിരിക്കുന്നത്. ഈശ്വരാ, അച്ഛൻറെ ഷർട്ട് ഇട്ടുകൊണ്ടു വരുന്നതിനു ശിക്ഷിക്കാനായിരിക്കുമോ? എങ്കിൽ ആകപ്പാടെ കാര്യങ്ങൾ കുഴയുമല്ലോ.

മുട്ടിനു താഴെ വരെ എത്തുന്ന ഷർട്ടും മിടിക്കുന്ന ഹൃദയവും കുനിഞ്ഞ മുഖവുമായി പതിഞ്ഞ കാൽവയ്പ്പുകളോടെ  മുറിയിലെത്തി. മുഖം താഴ്ത്തി, കൈകൾ രണ്ടും മുമ്പിൽ കൂട്ടിപ്പിണച്ച് പേടിച്ച് വാതിൽക്കൽ തന്നെ നിന്നു. വാതിലിൽ മുട്ടി അനുവാദം മേടിക്കുന്ന പരിപാടിയൊന്നും അന്നറിയില്ലായിരുന്നു. അന്നൊക്കെ അങ്ങനെയുണ്ടായിരുന്നോ എന്ന് പോലും സംശയം.

എന്നെ കണ്ടപ്പോൾ അമ്മാവൻ വിളിച്ചു, ", നീ വന്നോ? ഇങ്ങടുത്തേക്കു വാ."

ശബ്ദത്തിൽ കോപമില്ല. അപ്പോൾ തന്നെ ആശ്വാസമായി. സാവധാനം മുഖം ഉയർത്തി നോക്കി, അടുത്തേക്കു ചെന്നു. മുഖത്തു വാത്സല്യവും സ്നേഹവും മാത്രം. ഒരു നേരിയ പുഞ്ചിരിയും ഉണ്ടായിരുന്നോ എന്ന് സംശയം. ഇപ്പോൾ മുമ്പിൽ ഇരിക്കുന്നത് ഹെഡ്മാസ്റ്റർ അല്ല, അമ്മാവൻ.   

അമ്മാവൻ ഒരു കവർ തന്നിട്ടു ചോദിച്ചു, "നീ കൂത്താട്ടുകുളത്തു പോയിട്ടുണ്ടോ?"

"ഉവ്വ്." അൽപ്പം അമ്പരപ്പോടെ ഞാൻ പറഞ്ഞു. സ്കൂളുമായി ഒരു ബന്ധവുമില്ലാത്ത ഒരു കാര്യം ഇപ്പോൾ ചോദിക്കുന്നത് എന്തിനാണാവോ?

"കൂത്താട്ടുകുളം ടെക്സ്റ്റൈൽസ് അറിയാമോ?" അമ്മാവൻ വീണ്ടും ചോദിച്ചു.

എൻറെ അമ്പരപ്പ് വീണ്ടും കൂടി.

"അറിയാം". ഞാൻ പറഞ്ഞു. അന്ന് കൂത്താട്ടുകുളത്തെ ഏറ്റവും വലിയ തുണിക്കടയായിരുന്നു കൂത്താട്ടുകുളം ടെക്സ്റ്റൈൽസ്. ട്രാൻസ്പോർട്ട് സ്റ്റാൻഡിൻറെ നേരെ എതിർവശത്ത്. ബസ്സിറങ്ങി എംസി റോഡ് മുറിച്ചു കടന്നാൽ നേരെ ചെല്ലുന്നത് അതിൻറെ മുമ്പിലേക്കാണ്.

"നീ അവിടെച്ചെന്ന് കത്ത് മാനേജർക്കു കൊടുക്കണം. അയാൾ ഒരു പാക്കറ്റ് തരും. അതു വാങ്ങിച്ചു കൊണ്ടു വരണം." അമ്പതു പൈസയുടെ ഒരു തുട്ടും അമ്മാവൻ തന്നു. പത്തു പൈസയാണ് കൂത്താട്ടുകുളത്തിനു പുതുവേലിയിൽ നിന്നു ബസ്സ് ചാർജ്ജ്.

ആവൂ. എൻറെ സമാധാനത്തിനും ആശ്വാസത്തിനും അതിരില്ലായിരുന്നു. അപ്പോൾ ഇതിനാണു വിളിപ്പിച്ചത്. അമ്മാവനു വേണ്ടി ഒരു ദൗത്യം ഏറ്റെടുക്കാൻ വേണ്ടി. എൻറെ അഭിമാനം ആകാശം മുട്ടുമെന്നു തോന്നി. ഒരു കാര്യം ചെയ്യാൻ സ്കൂളിലെ കണിശക്കാരനായ ഹെഡ്മാസ്റ്റർ എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. സന്തോഷത്താൽ മതി മറന്നു. പിന്നെ അടുത്തു തന്നെയുള്ള ബസ്സ് സ്റ്റോപ്പിലേക്ക് ഒരോട്ടമായിരുന്നു.

പാക്കറ്റും കൊണ്ടു തിരിച്ചു വന്നപ്പോഴേക്കും സ്കൂൾ സമയം കഴിഞ്ഞിരുന്നു. കുട്ടികൾ എല്ലാവരും പോയിരുന്നു. പാക്കറ്റു കൊടുത്തപ്പോൾ അമ്മാവൻ ചിരിച്ചുകൊണ്ടു പറഞ്ഞു, "ഇത്, നിനക്കുള്ളതാണ്. നീയെടുത്തോളൂ. ഒരു വെളുത്ത ഷർട്ട് ആണ്. നാളെ മുതൽ ഇതിട്ടുകൊണ്ടു വേണം സ്കൂളിൽ വരാൻ, ട്ടോ." 

ഇത്രയും സന്തോഷവും അമ്പരപ്പും ഞാൻ ഇതിനു മുമ്പ് അനുഭവിച്ചിട്ടില്ലെന്നു തോന്നി. അമ്മാവൻ പറഞ്ഞു നിർത്തിയതും, പോകാൻ അനുവാദത്തിനൊന്നും കാത്തു നിന്നില്ല. ക്ലാസ്സിലേക്ക് ഒരൊറ്റ ഓട്ടം, ബുക്കുകൾ എടുത്ത് ഇല്ലത്തേക്ക് വീണ്ടും ഓട്ടം. ഇല്ലത്തെത്താൻ കുറെയേറെ കുന്നുകളും കുഴികളും റബ്ബർ തോട്ടവും പാടങ്ങളും ഒരു തെങ്ങിൻ തടി പാലവും കടക്കണം, ചെറു കല്ലുകൾ കൊണ്ട് പണിതിരിക്കുന്ന രണ്ടു ഭിത്തികളിൽ പിടിച്ചു കയറണം. ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരമുണ്ട്. ദൂരം മുഴുവനും ഓടുകയായിരുന്നു. ഏറ്റവും വലിയ സന്തോഷ വർത്തമാനം അമ്മയോടു പറയാൻ ധൃതിയായി.

ഇല്ലത്തെത്തുന്നതിനു മുമ്പു തന്നെ അലറി വിളിച്ചു, "അമ്മേ , അമ്മേ".

അമ്മ ആകെ പരിഭമിച്ചു. ഇങ്ങനെ ഒരു ദിവസവും പതിവില്ല. "എന്തു പറ്റി?" അമ്മയുടെ ആകാംക്ഷക്ക് അതിരില്ലായിരുന്നു. എന്തോ അപകടം പറ്റിയെന്നു തന്നെ അമ്മ വിചാരിച്ചു.

അടുത്തെത്തിയപ്പോൾ ആവേശം തടഞ്ഞു നിർത്താൻ പറ്റാതെ കിതച്ചുകൊണ്ട് അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു.

അമ്മക്ക് ഉത്കണ്ഠ അടക്കാൻ പറ്റിയില്ല, "എന്താടാ, എന്തു പറ്റി നിനക്ക്? എന്തിനാ നീയിങ്ങനെ ഓടിയത്?"

ഞാൻ കയ്യിലിരുന്ന പാക്കറ്റ് അമ്മയുടെ കയ്യിൽ പിടിപ്പിച്ചു. സംശയത്തോടെ എന്നെ നോക്കിയ അമ്മയോടു ഞാൻ കിതച്ചു കിതച്ചു പറഞ്ഞു, "ഇതൊരു പുതിയ ഷർട്ടാ, വെളുത്ത ഷർട്ട്. രാജൻ അമ്മാവൻ തന്നതാ. ഇതിട്ടുകൊണ്ടു വേണം നാളെ മുതൽ സ്കൂളിൽ പോകാൻ."

അമ്മ ഏതാനും നിമിഷം സ്തബ്ധയായി നിന്നു. പിന്നീട് അവിടെ മുറ്റത്തു തന്നെ ഇരുന്നു. എന്നെ പിടിച്ചു മടിയിലിരുത്തി. വിയർത്തൊലിച്ചിരുന്ന നെറ്റിയിൽ അമർത്തിയമർത്തി വീണ്ടും വീണ്ടും ചുംബിച്ചു.

അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു ഞാൻ കണ്ടു. എനിക്ക് അമ്പരപ്പായി. സന്തോഷിക്കേണ്ട സമയമല്ലേ ഇത്? പിന്നെന്തിനാ അമ്മ കരയുന്നത്?

ഇന്നും എനിക്കറിയില്ല അന്ന് അമ്മയെന്തിനാ കരഞ്ഞതെന്ന്. സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ, സ്വന്തം നിസ്സഹായതയെപ്പറ്റി  ചിന്തിച്ചിട്ടോ, അതോ എൻറെ സന്തോഷം കണ്ടിട്ടുണ്ടായ സന്തോഷം കൊണ്ടോ? ആവോ.

155 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. നന്ദി, ഏട്ടാ. സന്തോഷം കൊണ്ടായിരിക്കാം. അങ്ങനെ വിശ്വസിക്കാം.

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. Thank you Sreekumar. Yeah, I think it is more a leveler than a discriminator. I have heard that in some Japanese companies, all the employees starting from the MD to the lowest level employee, have the same uniform.

      ഇല്ലാതാക്കൂ
  3. എഴുപതുകളിലെ ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതം വെള്ളിത്തിരയിൽ കണ്ടതു പോലെ തോന്നി.

    Anil Kumar

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായി. നല്ല ഭാഷ. ഹൃദയസ്പർശിയായ വിവരണം.
    Wish you all the best!

    Sebastian NJ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി,സെബാസ്റ്റ്യൻ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      ഇല്ലാതാക്കൂ
  5. അക്കാലം അത്രയ്ക്കു ദുരിതമായിരുന്നു. പലരുടേയും കാര്യത്തിൽ.... പക്ഷേ ചിരി അടക്കാനായില്ല, ആ വരി വായിച്ചപ്പോൾ - വെളുത്ത ഷർട്ടിട്ടാൽ നീക്കർ വേണമെന്നേയില്ല .... എത്രയെത്രെയോ കുട്ടികളുടെ മുഖം മനസിലേക്ക് കൊണ്ടുവന്നു ആ വരി

    Jithendra Kumar

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, ജിതിൻ. ശരിയാണ്, അന്ന് പല ഇല്ലങ്ങളിലെയും സ്ഥിതി ഇങ്ങനെ തന്നെയായിരുന്നു. പിന്നെ ഷർട്ടിൻറെ കാര്യം. അതു സത്യമാണ്. അച്ഛന് നല്ല പൊക്കമുണ്ടായിരുന്നു.

      ഇല്ലാതാക്കൂ
    2. സത്യമല്ലെന്നല്ല ഉദ്ദേശിച്ചത്. കുട്ടി വളരും എന്നു പറഞ്ഞ് എപ്പോഴും വലിയ ഉടുപ്പുകൾ വാങ്ങി തന്നിരുന്ന കുട്ടിക്കാലങ്ങളും ഉണ്ട്.

      Jithendra Kumar

      ഇല്ലാതാക്കൂ
  6. അറുപതുകളും എഴുപതുകളും ഇല്ലായ്മകളുടെയും തീരാത്ത വിശപ്പിന്റെയും അടങ്ങാത്ത കണ്ണീരുകളുടെയും പെരുമഴക്കാലമായിരുന്നു.
    മക്കളുടെ വിശന്നു വാടിയ മുഖം കണ്ടു കണ്ണീരൊഴുക്കാത്ത അമ്മമാർ അന്ന് വിരളം ആയിരുന്നു . അക്കാലത്തു ഇതൊക്കെ ആയിരുന്നൂ സ്ഥിതി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആ കാലങ്ങളിൽ ജീവിച്ചിരുന്നവർക്കേ പരിപൂർണമായി സാധിക്കുകയുള്ളു.
    ആ ഇല്ലായ്മക്കാലം മനസ്സില് ഇടക്കിടെ തിരയടിക്കുന്നതിനാൽ ആവാം ഇന്ന് പരിഭവങ്ങളില്ലാതെ ജീവിതം തള്ളി നീക്കാൻ സാധിക്കുന്നത്.
    തിരുമേനിയുടെ എഴുത്തിൽ ജാടയില്ലാത്ത അനുഭവ മുത്തുകൾ ധാരാളം ഉണ്ട്. ഈ മുത്തുകൾ ആയിരിക്കും ഒരു പക്ഷെ നമ്മുടെ ഇന്നത്തെ നില നിൽപ്പിന്റെ അധര ശിലകൾ.

    Mathew Mathai

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ ശരിയാണ്. അന്നു കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ട് ഇന്നത്തെ സൗകര്യങ്ങൾ കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് സാധിക്കാതെ പോകുന്നതും അത് തന്നെ. ഇല്ലായ്മ എന്തെന്ന് അറിയാത്തതുകൊണ്ട് അവർക്ക് ഏറെ ദോഷങ്ങളും വരുന്നുണ്ട്. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. കാലം മുന്നോട്ടല്ലേ ഒഴുകൂ, പിന്നോട്ടു മടങ്ങില്ലല്ലോ.

      ഇല്ലാതാക്കൂ
    2. കാലവും മാറി. കോലവും മാറി . മാറാത്തതൊന്നുണ്ടെങ്കിൽ അത് മാറ്റങ്ങൾ മാത്രമാണ്.

      Mathew Mathai

      ഇല്ലാതാക്കൂ
  7. അമ്മാമൻ ഉപേക്ഷിച്ച ഷർട്ട് തയ്യൽക്കടയിൽ കൊടുത്ത് പാകപ്പെടുത്തിയാണ് എട്ടാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ കടന്നു കിട്ടിയത്. പ്രതിമാസ ട്യൂഷൻ ഫീസായ 5 രൂപ ഇല്ലാത്തതിന് ഉപ്പിലിട്ട മാങ്ങ കൊടുത്താൽ മതിയോ എന്നന്വേഷിച്ചിട്ടുണ്ട് ഹൈസ്ക്കൂൾ കാലത്ത്. വാരാന്ത്യമായ വെളളിയാഴ്ച ഇല്ലത്തെത്തി ഹോസ്റ്റൽ ഭക്ഷണത്തിന് 50 രൂപ ചോദിക്കാമെന്ന് കരുതിയപ്പോൾ അന്നു രാത്രി അത്താഴത്തിന് അരിയില്ല. ഒരു സഹപാഠിയെ ചെന്നു കണ്ട് 20 രൂപ കടം വാങ്ങി 10 കിലോ അരിയുമായി ചെന്നതും അനുഭവം. ദോശ തിന്നാൻ മോഹം.അരിയില്ലാഞ്ഞ് ചക്കക്കുരു അരച്ച് ചട്ടിയിൽ ഒഴിച്ചത് ഒട്ടിപ്പിടിച്ചതും അനുഭവം.
    എഴുത്ത് പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി

    Padmanabhan Namboodiri

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ എല്ലാവർക്കും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ. ഓർക്കുമ്പോൾ മധുരവും കയ്പ്പും ഒരുമിച്ചു അനുഭവിക്കാം.

      ഇല്ലാതാക്കൂ
  8. സാര്‍ നന്നായി എഴുതി....
    സ്വഅനുഭവമാണെങ്കില്‍ കൂടി.
    അമ്മ കരഞ്ഞത് ; ?
    ''നിഷ്ക്രീയ ജീവിത സ്ഥിതിയതോര്‍ത്തോ.......
    എന്നാഹ്ളാത സംതൃപ്ത
    വദനം പാര്‍ത്തോ....''
    അഭിനന്ദനങ്ങള്‍ !

    Babu M K Bah

    മറുപടിഇല്ലാതാക്കൂ
  9. ഒരു കാലഘട്ടത്തിന്റെ ജീവിതാവസ്ഥകൾ അക്ഷരങ്ങളാൽ വർണ്ണിച്ചു എഴുതിയിരിക്കുന്നു. ആധുനികതലമുറയ്ക്ക് ഒരു കാലത്തിന്റ ജീവിതാനുഭങ്ങളിലേക്കുംകൂടി തിരിഞ്ഞു നോക്കുവാൻ സാധിക്കുന്നു.

    Arjun R Nair

    മറുപടിഇല്ലാതാക്കൂ
  10. ഇല്ലായ്മകളുടെ നടുവിലെ ജീവിതം എന്തെന്ന് പുതിയ തലമുറക്ക് ചിലപ്പോൾ പരിചിതമാകണമെന്നില്ല. ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു സമ്മാനം.

    Suresh Pazhoor

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ശരിയാണ്. പുതിയ തലമുറക്ക് ഒരു പക്ഷെ ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല.

      ഇല്ലാതാക്കൂ
  11. അമ്മാവന്റെ ഓരോ വരികളും വായിക്കുമ്പോൾ നേരിൽ കാണുന്ന ഒരവസ്ഥ ഉണ്ട്. അതുകൊണ്ടുതന്നെ സന്തോഷം പോലെ തന്നെ ഇടക്ക് കരയിപ്പിക്കാറുമുണ്ട്. അമ്മാവന്റെ അമ്മ അമ്മയുടെ ചെറിയമ്മ മാതൃത്വത്തിനു ഒരു മകുടോദാഹരണമായിരുന്നു ഒരു പരാതിയോ പരിഭവമോ ഇല്ലാതെ ആരെയും ഒരു കുറ്റപ്പെടുത്തലോ ഒന്നും ഇല്ലാതെ എപ്പോഴും ചിരിച്ചുകൊണ്ട് ജീവിച്ചിരുന്ന ചെറിയമ്മയെ മനസ്സാ നമസ്കരിക്കുന്നു. ഭദ്ര ചിറ്റ ഇഞ്ചൂരിൽ ഉണ്ടായിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്നല്ലോ ചെറിയമ്മ. എന്തു സ്നേഹമായിരുന്നെന്നോ ഇടക്ക് ഇല്ലത്തേക്ക് വരാറുണ്ടായിരുന്നു. ആ പഴയ കാലമൊന്നും ഇനി കിട്ടില്ല. ഇപ്പോഴത്തെ ജീവിതമെന്നു പറയുവാൻ പ്രയാസമാണ്. ഇങ്ങനെ പോകുന്നു എന്ന് മാത്രം. ആയതുകൊണ്ട് ഇനിയും ഞങ്ങളെ കരയിപ്പിക്കാതെ അമ്മാവന്റെ തമാശകൾ ഒന്ന് പുറത്തെടുക്കൂ. എല്ലാവിധ ആശംസകളും

    KR Sreedharan Namboothiri

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ശ്രീധരാ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ജീവിതം കരച്ചിലും ചിരിയും ഇട കലർന്നതല്ലേ? കഴിഞ്ഞ ആഴ്ച്ച ചിരിച്ചില്ലേ. അപ്പോൾ ഈ ആഴ്ച്ച അൽപ്പം സങ്കടമൊക്കെ ആകാം, ന്താ? കുട്ടിക്കാലത്തുള്ള കാര്യങ്ങളാണ് പലപ്പോഴും ഒരിക്കലും മറക്കാതെ ഓർമ്മയിൽ എപ്പോഴും പച്ച പിടിച്ചു നിൽക്കുന്നത്. ആ കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു സുഖമുണ്ട്. കൂട്ടത്തിൽ കരച്ചിലും. "കറ നല്ലതാണ്" എന്ന് ഏതോ ഒരു പരസ്യത്തിൽ കാണാറില്ലേ? അതുപോലെ, കരച്ചിൽ നല്ലതാണ് എന്നു ചിന്തിച്ചാൽ എല്ലാം ശുഭം.

      ഇല്ലാതാക്കൂ
    2. ഞാൻ വെറുതെ പറഞ്ഞതാണമ്മവാ അമ്മാവൻ എന്തെഴുതിയാലും വായിക്കാൻ ഒരു സുഖ മുണ്ട്.

      KR Sreedharan Namboothiri

      ഇല്ലാതാക്കൂ
  12. വളരെ ഭംഗിയായി അവതിപ്പിച്ചിരിക്കുന്നു,പണ്ടത്തെ ഓർമകൾ.എല്ലാവരും വായിച്ചു വികഭരിതരയി.അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി.Expecting more from the tips of ur pen.
    A

    Sarasija Chemmanghat

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും പ്രോത്സാഹിപ്പിക്കുന്നതിനും വളരെ നന്ദി.

      ഇല്ലാതാക്കൂ
  13. മറുപടികൾ
    1. Hey, could you understand what I wrote in Malayalam? How? Your comment, indeed, was a pleasant surprise!

      ഇല്ലാതാക്കൂ
    2. Yes, Debal, that was the general condition then. I have received several comments expressing similar view. Thanks once again for taking so much trouble to read my note and comment, Debal.

      ഇല്ലാതാക്കൂ
    3. Debal, here is the link to MY English version of the note.

      https://jayanthanpk.blogspot.com/2012/10/the-uniform.html

      ഇല്ലാതാക്കൂ
    4. Once in s year my mom used to give on shirt at the time of Durgapuja. Hole of the year that shirt using to go school or any other places.

      Debal C Kar

      ഇല്ലാതാക്കൂ
  14. മറുപടികൾ
    1. വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി. രാജൻ സാറിനെഎങ്ങനെ അറിയാം എന്ന് കൂടി പറയാമോ?

      ഇല്ലാതാക്കൂ
    2. അദ്ദേഹം retire ആയീ നെല്ലിക്കാക്കുന്ന് കവിന്റെ ഭരണം നോക്കി നടത്തിയ കാലത്ത് അച്ഛനുമായി അടുത്ത് പ്രവർത്തിച്ചിരുന്നു.പിന്നീട് വന്ദേമാതരം സ്കൂളിന്റെ മാനേജർ ആയിരുന്നല്ലോ ഞങ്ങളുടെ കുടുബത്തിൽ പലകാര്യങ്ങളിലും ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വയക്തിപരമയി സന്തോഷവും അതോടൊപ്പം വളരെ രോഷവും എനിക്കുണ്ടക്കിയിട്ടുണ്ട്.എന്തായാലും എന്റെ മനസ്സിലും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് രാജൻ സാർ.

      Surendran Neelakantan

      ഇല്ലാതാക്കൂ
  15. കൂത്താട്ടുകുളം ടെക്സ്റ്റൈൽസ് ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു

    Sujatha Namboodiri

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉവ്വ്. ഇപ്പോഴുമുണ്ട്. പക്ഷെ അന്നത്തെ പ്രതാപമൊക്കെ പൊയ്‌പ്പോയി.

      ഇല്ലാതാക്കൂ
  16. ദാരിദ്ര്യത്തിൻ്റെ പരമകാഷ്ഠയിൽ കഴിഞ്ഞിരുന്ന പല ബ്രാഹ്മണാലയങ്ങളെപ്പറ്റിയും അറിയാം.... നിവർത്തി കേട് ..ഗതികേട്... നിസ്സഹായത....അങ്ങനെ... അങ്ങനെ.... പണ്ട് മുത്തച്ഛൻ്റെ വാക്കുകൾ ഓർമ്മ വരുന്നു.... ദാരിദ്ര്യം മൂത്ത് ശാന്തി... ശാന്തി മൂത്ത് ദാരിദ്ര്യം.....

    Anand Kumar Thengumonmana

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ശരി തന്നെ. പക്ഷെ തുച്ഛമാണെങ്കിലും ആ ശമ്പളമായിരുന്നു പലരുടെയും കച്ചിത്തുരുമ്പ്.

      ഇല്ലാതാക്കൂ
  17. വായനയെ ചലച്ചിത്രം കാണുന്നതുപോലെയുള്ള അനുഭവമാക്കിമാറ്റി. എൻ്റെ അച്ഛനും അമ്മയും മറ്റും ഇതുപോലുള്ള അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. ശാന്തി ചെയ്തതിൻ്റെ ശമ്പളം കൃത്യമായി കൊടുക്കാത്ത ജന്മിമാരും പ്രഭുക്കന്മാരുമായ ഊ രാണ്മക്കാരുടെ കഥകളും.ഉത്രാട നാളിൽ ശമ്പളത്തിനായി മാനേജരുടെ ഇല്ലത്ത് പോയി കാത്തു കിടന്നിരുന്നതും മറ്റും

    Anil Cherukattillam

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, അനിൽ. ശരിയാണ്. പണ്ട് മിക്കവാറും എല്ലാ ഇല്ലങ്ങളിലെയും സ്ഥിതി ഇത് തന്നെയായിരുന്നു.

      ഇല്ലാതാക്കൂ
  18. ഓർമ്മയുടെ വാഗ്മയ ചിത്രങ്ങൾ ഹൃദ്യമായി, ഒപ്പം നൊമ്പരപ്പെടുത്തുന്നതും.
    ആ കാലഘട്ടം അങ്ങനെ ആയിരുന്നല്ലോ.

    Rajan Namboodiry

    മറുപടിഇല്ലാതാക്കൂ
  19. കാലത്തിൻ്റെ കുത്തൊഴുക്കിലും മായാതെ കിടക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് ഇത്. മനോഹരമായി.

    Sankaranarayanan Sambhu

    മറുപടിഇല്ലാതാക്കൂ
  20. വായിക്കുമ്പോൾ കണ്ണ് നിറഞ്ഞു. ഇങ്ങിനുള്ള അവസ്ഥകളൊക്കെ പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ. അങ്ങെഴുതിയത് വായിച്ചപ്പോൾ ഓരോ രംഗങ്ങളും കണ്മുന്നിൽ തെളിഞ്ഞു. ഇന്നത്തെ സമൂഹം അന്നത്തെ അവസ്ഥയിൽ നിന്നും എത്ര മടങ്ങ് ഭാഗ്യം ചെയ്തവരാണ്.

    Udith Krishnan

    മറുപടിഇല്ലാതാക്കൂ
  21. സത്യങ്ങൾ ഞാനും അനുഭവിച്ചവൻ തന്നെ

    Mangulam Purushothaman Namboothiri

    മറുപടിഇല്ലാതാക്കൂ
  22. അമ്മ കരഞ്ഞത് സന്തോഷം കൊണ്ടു തന്നെയാവും, സ്വന്തം സഹോദരൻ മകന് കൊടുത്ത സമ്മാനം കണ്ട്.
    ബഹു ഭൂരിപക്ഷം നമ്പൂതിരിമാരുടെയും കഥ ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. പലരുടേയും വിചാരം നമ്പൂതിരിമാരെല്ലാവരും ബൂർഷ്വാ - ജന്മിക്കൂട്ടങ്ങളാണെന്നാണ്.
    സത്യം ആരറിയുന്നു!
    ഒരു ദേശമംഗലമോ പൂമൂള്ളിയോ ഉണ്ടായിരുന്നു എന്നു വച്ച് എല്ലാവരും അങ്ങിനെയായിരുന്നില്ലെന്ന് അറിയാവുന്നവരും നമ്പൂതിരി വർഗ്ഗത്തെ സവർണ്ണ മൂരാച്ചിയുടെ പ്രതിനിധിയായാണ് സങ്കൽൽപ്പിക്കുന്നത്.
    ജയന്തേട്ടൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ യൂണിഫോം കൊണ്ടുവന്നു എന്നു കേട്ടിട്ട് അത്ഭുതം തോന്നുന്നു. കാരണം ഞാനന്ന് ഏതാണ്ട് LP വിഭാഗത്തിലായിരുന്നിരിക്കണം. അന്ന് ഞാൻ പഠിച്ച സ്കൂളിൽ ട്രൗസർ അല്ലെങ്കിൽ ഒരു തോർത്തു മാത്രം ഉടുത്തു വരുന്ന കുട്ടികളുണ്ടായിരുന്നു. ഭാഗ്യത്തിന് എനിയ്ക്കു ഷർട്ടുണ്ടായിരുന്നു.

    Vasudevan Madasseri

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, വാസുദേവൻ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ശരിയാണ്. പരമേശ്വരൻ അഫൻ പറഞ്ഞിട്ടുണ്ട്, അഫൻ ചെറിയ ക്‌ളാസ്സിൽ പഠിക്കുമ്പോൾ തോർത്തും ഉടുത്തു കൊണ്ടു വന്നിരുന്നവരെ പറ്റി. അന്നൊക്കെ മിക്കവാറും എല്ലാ ഇല്ലങ്ങളുടെയും സ്ഥിതി ഇത് തന്നെയായിരുന്നു. വാസുദേവൻ പറഞ്ഞതുപോലെ വിരലിൽ എണ്ണാവുന്ന ഇല്ലങ്ങളെ മുന്നിൽ കണ്ടുകൊണ്ടു ബ്രാഹ്മണരെ ആകമാനം വിലയിരുത്തുന്ന രീതിയായിരുന്നു അന്ന്, ഇന്നും.

      ഇല്ലാതാക്കൂ
  23. ഇതേ പോലെയുള്ള കഷ്ചടപ്രിപാടുകൾ എഴുതി ചരിത്രമാക്കാൻ ഒരു നമ്പൂതിരിയും അന്ന് തുനിഞ്ഞില്ല. പകരം ചില "മുന്തിയ നമ്പൂതിരിമാർ" ബ്രാഹ്മണരെല്ലാരും, സമുദായം അടക്കം, അനാചാരങ്ങൾ പുലർത്തുന്നവരാണെന്നും, മനുഷ്യനാവണമെങ്കിൽ പൂണുലും കളഞ്ഞ് നടക്കുമെന്നും പറഞ്ഞ് കയ്യടി വാങ്ങി. ഇന്ന് സമസ്ത വിഭാഗക്കാരും ബ്രാഹ്മണനെ എന്തിനും കുറ്റം പറയാനും, കുതിര കയറാനും ഉള്ള വേദി ഒരുക്കിത്തന്നു.

    Govindan Namboothiri

    മറുപടിഇല്ലാതാക്കൂ
  24. കണ്ണിൽ നീർ നിറഞ്ഞു വായിക്കാൻ പറ്റാത്ത അവസ്ഥ. ഇതുപോലെ നൊമ്പരപ്പെടുത്തുന്ന എത്രയെത്ര അനുഭവങ്ങൾ പലർക്കും ഉണ്ട്

    Bindu Radhakrishnan

    മറുപടിഇല്ലാതാക്കൂ
  25. ഓർമ്മക്കുറിപ്പ് ഹൃദ്യമായ ഒരു വായനാനുഭവം സമ്മാനിച്ചു.

    Jayasree Damodaran

    മറുപടിഇല്ലാതാക്കൂ
  26. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. നന്നായി എഴുതി. പുതു തലമുറ ഇതൊക്കെ മനസ്സിലാക്കുമോ ആവോ

    Suresh Krishnan

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്നത്തെ തലമുറ ബുദ്ധിമുട്ടുകൾ അറിയാതെ വളർന്നതിൻറെ ദോഷങ്ങൾ കുറെയൊക്കെ ഉണ്ട്.

      ഇല്ലാതാക്കൂ
    2. അവർക്കിതൊക്കെ പരിഹാസമായിരിക്കും.

      Chithra Mohan

      ഇല്ലാതാക്കൂ
  27. വായിക്കുമ്പൊ തൊണ്ടക്കൊരു കനം...

    ശ്രീദേവി കെ.എം

    മറുപടിഇല്ലാതാക്കൂ
  28. Narayanan Panjal
    എന്റെ കുട്ടിക്കാലം എങ്ങിനെ ആയിരുന്നു

    മറുപടിഇല്ലാതാക്കൂ
  29. Ashtamoorthy Manhappattapazhiyottumana
    അക്കാലത്തെ ശരാശരി ഒരു വിദ്യാർ യുടെ അനുഭവ കഥ ഹൃദ്യമായി വിവരിച്ചു.. ഇന്നെത്തെ ജനേഷനിെ തൊന്നും വായിക്കാൻ തന്നെ താല്പര്യമുണ്ടാകില്ല.

    മറുപടിഇല്ലാതാക്കൂ
  30. Praveen Puthillam
    സത്യത്തിൽ ഇദ്ദെഹം നല്ല സരസനായ നമ്പൂതിരി ആണ് ,എല്ലാം നല്ല എഴുത്ത്,ഞാൻ എല്ലാം വായിക്കാറുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, പ്രവീൺ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും അഭിനന്ദിച്ചതിനും.

      ഇല്ലാതാക്കൂ
  31. Padmaja Krishnan
    ഹൃദയാര്‍ദ്രം,, കണ്ണുംമനവും നിറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  32. Vinod Akkarakurissi
    വളരെ ഹൃദയസ്പർശിയായ എഴുത്ത്... അമ്മ മരിച്ചിട്ട് 2-3 കൊല്ലമല്ലേ ആയിട്ടുള്ളൂ?..

    മറുപടിഇല്ലാതാക്കൂ
  33. Saraswathi Pm
    badge icon
    ഹൃദയസ്പർശിയായ ഒരു നൊസ്റ്റാൾജിയ വിവരണം.അന്നത്തെ കാലത്തെ ഒരോ അമ്മമാരുടെയും മനസ്സ് എന്തുമാത്രം ഉരുകിയിരുന്നു.കുടുംബത്തിലെ വരുമാനം ഓർക്കുമ്പോൾ ഒന്നും ആവശ്യപ്പെടാൻ വയ്യ.മക്കളുടെ കാര്യം ഓർക്കുമ്പോൾ അതും വിഷമം.ധർമ്മസങ്കടത്തിൽപ്പെടുന്ന സ്ത്രീജന്മം.വളരെ നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. അമ്മാത്ത് സാമാന്യം ധനസ്ഥിതിയുള്ള കൂട്ടത്തിലായിരുന്നു. പക്ഷെ ഇല്ലത്തെ കഥ അങ്ങനെയല്ലായിരുന്നു. അമ്മയുടെ കാര്യം അതുകൊണ്ടു തന്നെ കൂടുതൽ പരിതാപകരമായിരുന്നു.

      ഇല്ലാതാക്കൂ
    2. Saraswathi Pm
      ഞങ്ങളുടെ കാര്യവും ഇതേപോലെത്തന്നെയായിരുന്നു.അമ്മാത്ത് ധാരാളം സ്വത്തും വരുമാനോം ക്കെണ്ടായിരുന്നു.പക്ഷെ ഇല്ലത്തെ സ്ഥിതി ഇതുപോലതന്നെ .ഞങ്ങൾ ഒമ്പത് പേര്. അച്ഛന് ശാന്തി.

      ഇല്ലാതാക്കൂ
    3. പല ഇല്ലങ്ങളിലെയും കഥ ഇത് തന്നെയായിരുന്നു.

      ഇല്ലാതാക്കൂ
  34. Neelakandhan Peroor
    50-60 കൊല്ലം മുമ്പത്തെ നമ്പൂതിരിമാരുടെ കഥ. അനുഭവിച്ചവർക്കല്ലേ അറിയൂ .ചില ഭാഗങ്ങളൊക്കെ വായിച്ചപ്പോൾ 8-10 വയസ്സുകാലത്തെ primary ക്ലാസ്സിലൊന്നു പോയി വന്നു. ഗൃഹാതുരത്വം തോന്നുന്ന എഴുത്ത്. നന്നായിട്ടുണ്ട് എഴുതിയത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Pothoppuram Kesavan Jayanthan
      വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      ഇല്ലാതാക്കൂ
  35. Anand Kumar Thengumonmana
    ഇത് വായിച്ചപ്പോൾ മുത്തച്ഛൻ്റെ വാക്കുകൾ ഓർമ്മ വരുന്നു.... ദാരിദ്ര്യം കൊണ്ട് ശാന്തി... ശാന്തി കൊണ്ട് ദാരിദ്ര്യം...

    മറുപടിഇല്ലാതാക്കൂ
  36. Sujatha Devi Nandanam
    കണ്ണീരിൻ്റെ നനവുള്ള ഇത്തരം അനുഭവങ്ങൾ ഒട്ടുമിക്ക കുടുംബങ്ങളിലുമുണ്ടായിരുന്നു' എൻ്റെ ബാല്യവും വ്യത്യസ്തമായിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  37. R N Pakkat Raghu
    ലോല ഹൃദയർക്ക് കൺ നിറയാതെ വായിച്ചു തീർക്കാൻ കഴിയില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി. ഞാനും അങ്ങനെയാണെന്നു തോന്നുന്നു. എഴുതിയപ്പോൾ പല തവണ കണ്ണുകൾ നിറഞ്ഞു.

      ഇല്ലാതാക്കൂ
  38. Paruthipra Sankaranarayanan
    അനുഭവങ്ങൾ പകർന്നു തന്ന് ഞങ്ങൾക്കും ആവേശമേകിയ ജയന്തന് നമസ്കാരം ജയശ്രീക്കും

    മറുപടിഇല്ലാതാക്കൂ
  39. Narayanan Karippath UnniMythra
    നിസ്കളങ്ക ബാല്യമേ നിനക്ക് നമസ്കാരം
    ദാരിദ്ര ദുഃഖ മൊന്തന്ന് അറിഞ്ഞ വർക്കേ
    പാരിൽ പര ക്ളേശ വിവേകമുള്ളൂ

    മറുപടിഇല്ലാതാക്കൂ
  40. Roopa Vathy
    ഹൃദയസ്പർശിയായി എഴുതി ... വായിച്ചിരിക്കെ ആ രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു .. ആ അമ്മയുടെ അപ്പോഴത്തെ മാനസീകാവസ്ഥ ..... കണ്ണുനിറഞ്ഞു ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. എഴുതിയപ്പോൾ എന്റേയും കണ്ണു നിറഞ്ഞു.

      ഇല്ലാതാക്കൂ
  41. Parvathi Nellikkattu Mana
    ആ അനുഭവം എത്ര നന്നായി ട്ടാണ് എഴുതി യിരിക്കുന്നത്.ഹൃദയത്തിൽ തട്ടി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Pothoppuram Kesavan Jayanthan
      വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      ഇല്ലാതാക്കൂ
  42. Kairali Nm
    പല ബാല്യകാലസഹപാഠികളേയും ഓര്‍മ്മവന്നു,കണ്ണുനിറഞ്ഞുപോയി

    മറുപടിഇല്ലാതാക്കൂ
  43. Paruthipra Sankaranarayanan
    അവൾ മുഖത്തു നോക്കി സംസാരിച്ചിരുന്നെങ്കിൽ പിന്നീട് ജയശ്രീയെ കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വരുമായിരുന്നില്ല അല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിൽ ഞാൻ അവിടെ ജോലി ചെയ്തിരുന്നതും, അങ്ങനെ ഒരു പെൺകുട്ടി ഉണ്ടായിരുന്നതും പാൻറ്സ് വാങ്ങിച്ചതും വസ്തുതകൾ. ബാക്കിയെല്ലാം ഇതെല്ലാം കൂട്ടിക്കുഴച്ച ഭാവന!

      ഇല്ലാതാക്കൂ
  44. Narayanan KP
    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായ മനസ്സിന്റെ ഭാവങ്ങൾ - സൃഷ്ടിയുടെ ചേഷ്ടകൾ! ഭംഗിയായി വരച്ചു കാണിച്ചിട്ടിണ്ട്. പ്രായം അതല്ലേ! സാധാരണം മാത്രം. ഇന്റെറെസ്റ്റിംഗ് റീഡിങ്.

    മറുപടിഇല്ലാതാക്കൂ
  45. Vijayakumar Thenkunnathu Madom
    Very Nicely written
    Yethayalum Nalla bhavanayundu ennu urappayi
    Kooduthal eshuthuka

    മറുപടിഇല്ലാതാക്കൂ
  46. Sankaranarayanan Sambhu
    മുക്കാതെ പഴുക്കാതെ പോയ പ്രേമകഥ നന്നായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      ഇല്ലാതാക്കൂ
    2. Sankaranarayanan Sambhu
      കൗമാരം യൗവ്വനം ഇവയിലെ ഭാവങ്ങൾ എഴുതിഫലിപ്പിക്കുന്നത് എളുപ്പമല്ല

      ഇല്ലാതാക്കൂ
  47. Udith Krishnan
    അങ്ങയുടെ എഴുത്തിനോട് എപ്പോഴും എന്തോ ഒരു അടുപ്പം തോന്നാറുണ്ട്. എന്താന്നറിയില്ല. എന്തായാലും ഈ എഴുതിയതും നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  48. Manoranjan
    വി.ടി - ഭട്ടതിരിപ്പാടിനെ ഓർത്തു ...എൻ.മോഹനനെ ഓർത്തു - എൻ്റെ കൗമാര യൗവ്വനാരംഭ കാലഘട്ട വായന കളിൽ ഏറെ ഉള്ളിൽ കൊളുത്തിയ ശൈലി... ചില ഓർമ്മകൾ അങ്ങനെയാണ് ...

    മറുപടിഇല്ലാതാക്കൂ
  49. Ambika Nair
    നൈസർഗ്ഗിക ലാളിത്യമുള്ള അവതരണം. അനുവാചകനെ സ്വാധീനിക്കുവാൻ കഴിയുന്നു. 🙏🌹

    മറുപടിഇല്ലാതാക്കൂ
  50. Janaki
    Ivideyum Achante police kakki Trouser cheruthakki thunnikkunna kadhayellam parayarundu
    ഏതായാലും touching story thanne
    Kalyana kadhayum Fb yil vayichu😊🌷🌷🙏🙏

    മറുപടിഇല്ലാതാക്കൂ
  51. Vijaya Vikraman
    Jayanji യുടെ രണ്ടു ലേഘനം -കഥകൾ വയിച്ചു.വായനക്കാരുടെ ഹൃദയത്തെ സ്പർശ്ശിക്കാനുള്ള താഗ്ഗളുടെ കഴിവ് അപാരംതന്നെ.നേരത്തേ എഴുതിയത് അമ്മയിൽ നിന്നും കേട്ടറിഞ്ഞതായിരുന്നുവെകിൽ ഇത് സ്വന്തം ജീവിതാനുഭവഗ്ൾ! ആദൃത്തേതു വായിച്ചപ്പോൾ എന്റ അമ്മ പറഞ്ഞുകേട്ടിട്ടുള്ളതിൽ അല്പ സ്വല്പ വൃതൃസം മാത്രം. 🙏🙏

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. 🙏🙏 ഇത്തരം അനുഭവങ്ങൾ അക്കാലത്തു പലർക്കും ഉണ്ടായിരുന്നു. എന്റെ ഒരു ബംഗാളി സുഹൃത്ത് ഈ അനുഭവം (ആംഗലേയ പരിഭാഷയുടെ) സഹായത്തോടെ വായിച്ചിട്ട് അദ്ദേഹത്തിൻറെ അനുഭവം ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ലായിരുന്നു എന്നു പറഞ്ഞു. വർഷത്തിൽ ഒരു പുതിയ കുപ്പായമാണ് അദ്ദേഹത്തിനു കിട്ടാറുണ്ടായിരുന്നത്, ദുർഗ്ഗാ പൂജയ്ക്ക്.

      ഇല്ലാതാക്കൂ
  52. [11:11 PM, 6/1/2020] DASSUnnikrishnan BVB: എല്ലാ മഹാന്മാരുടേയു൦ ബാല്യകാല ജീവിതത്തിൽ ഒരു ദു:ഖകഥയുമുണ്ട്. എബ്രഹാ൦ ലി൦ഗൻ, അബ്ദുൾ കലാ൦, വി.പി. മേനോ൯, തുടങ്ങിയ നിരവധി മഹാന്മാ൪. എന്നാൽ ജീവിതത്തിൽ എന്നു൦ ആകസ്മികമായി സ൦ഭവിച്ചുകൊണ്ടിരിക്കുന്ന ഒരത്ഭുതമനുഷ്യനുണ്ട്. ഇല്ലായ്മയിൽ നിന്ന് വള൪ന്ന് ലോകത്തിലെ എല്ലാ മലയാളികളു൦ അറിയുന്ന, ബഹുമാനിക്കുന്ന മഹത് വ്യക്തി. ഓ൦ചേരിസാ൪. ഇവിടെ Uniform എന്ന ചെറു കഥ വായിച്ച പ്പോൾ ആദ്യ൦ ഓ൪മ്മവന്നത് ഓ൦ചേരി സാറിന്റെ ആകസ്മിക൦ എന്ന ആത്മകഥയാണ്. ഇതെഴുതിയത് നമ്മുടെ joy സാറാണ്. ഓ൦ചേരിസാറിന്റെ ജീവിതാനുഭവങ്ങളുടെ തിരിച്ചറിവ് അന്വേഷിച്ച് മനസ്സിലാക്കുക എന്നത് മറെറാരാകസ്മിക൦. ഓ൦ചേരിസാറിന്റെ പഠിത്ത൦ മുടങ്ങാതെ നടന്നത് scholarship കിട്ടുന്നതു കൊണ്ടായിരുന്നു. ഒരുപ്രാവശ്യ൦ scholarship exam. എഴുതി. പക്ഷ Result െവെകി. ഫീസടക്കാനുള്ള സമയവു൦ കഴിഞ്ഞു. school ൽ പോകാതെയായി. പേരു വെട്ടി എന്നാണു കരുതിയത്. പക്ഷെ head master പരമേശ്വരയ്യ൪ ഫീസ് കൊടുത്തിരുന്നു. scholarship കിട്ടി. ഈ വാ൪ത്ത കേട്ടപ്പോൾ നിലത്തുകിടന്നിരുന്ന ആ കുട്ടിയുടെ മുഖത്ത് വരാന്തയുടെ മൂലയിൽ ഒരു തൂണിൽചാരിയിരുന്ന അമ്മയുടെ കണ്ണിൽനിന്നു൦ കണ്ണുനീ൪ ഇറ്റിറ്റു വീഴുകയായിരുന്നു. ശ്രീജയന്തന്റെ കഥയിലെ അല്ലെങ്കിൽ ജീവിതത്തിലെ അമ്മ മകനറിയാതെ കണ്ണീ൪ പൊഴിച്ചുകാണു൦. അമ്മയുടെ മനസ്സു൦ ദു:ഖവു൦ മനസ്സിലാക്കാ൯ അമ്മയ്ക്കേ കഴിയൂ. പാകമല്ലാത്ത അച്ഛന്റെ കുപ്പായമിട്ട് സ്കൂളിൽ പോകുന്ന കുട്ടിയുടെ മാനസികമായ അവസ്ഥ. യാതൊരു പ്രതിഷേധവു൦ പ്രകടിപ്പിക്കാതെ തന്റെ ജീവിതസാഹചര്യങ്ങളിൽ പൊരുത്തപ്പെടുവാ൯ മകനു കഴിഞ്ഞു. ഒാരോ സ൦ര൦ഭങ്ങളു൦ വിവരിച്ചത് മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. അത്രയ്ക്കു൦ ദയനീയമായൊരവസ്ഥ അമ്മയുടേതെന്നപോലെ മകന്റേയു൦.
    പൊരിവെയിലിന്റെ വരൾച്ചയു൦, കൂരിരുട്ടിന്റെ ശ്വാസ൦ മുട്ടലുമായിരുന്നു ആ ജീവിത൦. മ൪മ്മസ്പ൪ശിയായ സ൦ഭവങ്ങള അല്ലെങ്കിൽ അനുഭവങ്ങളെ ഇത്ര സുവ്യക്തമായി പ്രതിപാതിക്കാ൯ കഴിഞ്ഞത് സാഹിത്യത്തെ ക്കുറിച്ച് വ്യക്തമായധാരണയുള്ളതുകൊണ്ടാണ്. എന്റെ അഭിനന്ദനങ്ങൾ. പ്രസിദ്ധീകരിക്കാ൯ എല്ലാ൦ കൊണ്ടു൦ യോഗ്യതയുള്ള പ്രാപ്തമായ കഥ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങയുടെ ഈ വിശദമായ സന്ദേശത്തിന് വളരെ വളരെ നന്ദി. വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടക്കുന്ന ചില കാര്യങ്ങളുണ്ട്, വ്യക്തികൾ, സംഭവങ്ങൾ, ചിലപ്പോൾ സ്ഥലങ്ങളും. അതിലൊന്ന് എഴുതണമെന്നു തോന്നി. എഴുതുമ്പോൾ മറ്റാരെങ്കിലും കൂടി വായിക്കണമെന്ന മോഹം സ്വാഭാവികമാണല്ലോ. "അയ്യേ" എന്നല്ലാതെ "ആഹാ" എന്നു കേൾക്കാനാണല്ലോ എല്ലാവർക്കും ഇഷ്ടം. അതിനു ശ്രമിച്ചു, അത്രമാത്രം. പ്രസിദ്ധീകരണ യോഗ്യമാണെന്ന് അങ്ങു പറഞ്ഞപ്പോൾ ഇതു പ്രസിദ്ധീകരിച്ചതു കണ്ടതു പോലെ ആഹ്ലാദം തോന്നി. വളരെ നന്ദി.

      ഇല്ലാതാക്കൂ
  53. Mullappilly Vamanan
    Atmanombaranggal chalichathinte koottu kemam thanne. As Kalidasan said: " prapthani dukhanyapi dandakeshu/ sanchinthyamanaani sukhanyabhoovan

    മറുപടിഇല്ലാതാക്കൂ
  54. Joy Vazhayil
    ഇല്ലായ്മയെ ഉണ്ടായ്മയായി മാറ്റിയെടുത്തതിന് അഭിനന്ദനങ്ങൾ...🌷🌻🌷
    ലയാളഭാഷയ്ക്ക് വേണ്ട പുതിയൊരു വാക്കാണ് ഉണ്ടായ്മ...ഒരുപക്ഷേ ഭാഷയുടെ വിനയം കൊണ്ട് ഉണ്ടായ്മ ഇതുവരെ ഉണ്ടായില്ല...😊

    മറുപടിഇല്ലാതാക്കൂ