2025, ഫെബ്രുവരി 27, വ്യാഴാഴ്‌ച

അകവൂർ രാജൻ

ശ്രീ (പിന്നീട് ഡോക്ടർ) അകവൂർ നാരായണൻ ഡൽഹിയിലെ അശോക് വിഹാറിൽ താമസിച്ചിരുന്നപ്പോൾ പല തവണ അവിടെ പോയിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വിലാസമാണ് IB/12B, അശോക് വിഹാർ. അവിടെ വച്ചാണ് ഗൗരി ഏടത്തിയേയും രാജനേയും അനുജനേയും ആശയേയും കാണുന്നതും പരിചയപ്പെടുന്നതും (ഞാൻ അപ്പോൾ ജോലി ചെയ്തിരുന്ന ഓഫീസിൽ ആശ പിന്നീടു കുറച്ചു നാൾ ജോലി ചെയ്യുകയുണ്ടായി). ഏകദേശം ഒരേ പ്രായക്കാരായിരുന്നതിനാൽ രാജനോട് അല്പം കൂടുതൽ അടുപ്പമുണ്ടായിരുന്നു എന്നു തോന്നുന്നു. ഞങ്ങൾ തമ്മിൽ ഏതാനും മാസത്തെ പ്രായവ്യത്യാസമേയുള്ളൂ എന്ന് ഈയിടെ മനസ്സിലായി.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കു വെടിയേറ്റെന്ന വാർത്ത മൂലം 1984ലെ ഒക്ടോബർ ദിനത്തിൽ ഡൽഹി മുഴുവൻ തരിച്ചു നിന്നപ്പോൾ, കേട്ട വാർത്ത ശരിയാണോയെന്നറിയാൻ PTI-യിൽ ജോലി ചെയ്തിരുന്ന രാജനെ വിളിച്ചു ചോദിച്ചു. വാർത്ത രാജൻ സ്ഥിരീകരിച്ചപ്പോൾ, വെടി ഏൽക്കുക മാത്രമല്ല, മരണവും സംഭവിച്ചു എന്നുള്ള വിവരം പറഞ്ഞ് ഓഫീസിലെ സഹപ്രവർത്തകരുടെയിടയിൽ അൽപ്പം മേനി നടിക്കാനും ഈയുള്ളവനു കഴിഞ്ഞു! (സർക്കാർ ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചത് വൈകീട്ട് ആറു മണിക്കാണ്.)

രാജൻ ജോലി സംബന്ധമായി മുംബൈയിലേക്ക് പോയതിനു ശേഷം ഞങ്ങൾ തമ്മിലുള്ള ഭൗതികമായ സമ്പർക്കം കുറഞ്ഞു എന്നു പറയാം. എങ്കിലും മനസ്സിൻറെ പരിശുദ്ധമായ ഒരു കോണിൽ രാജൻ എന്നുമുണ്ടായിരുന്നു. പല പരിചയങ്ങളും, പ്രത്യേകിച്ച് സുഹൃത്ബന്ധങ്ങൾ, അങ്ങനെയാണ്. പതിവായി സമ്പർക്കമില്ലെങ്കിലും അതു കനലായി അവിടെ ഉണ്ടാകും. ചാരം മൂടിക്കിടക്കും. ഒരു ചെറിയ കാറ്റു മതി, ചാരത്തെ ഊതിപ്പറപ്പിച്ച് കനലിനു പൂർവ്വാധികം തേജസ്സോടെ ജ്വലിക്കാൻ.

ഈയുള്ളവൻ ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്കു തർജ്ജമ ചെയ്ത് 1981- 'കുങ്കുകം' വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൻറെ സ്ഥാപക ഡോ. ഐഡ സ്കഡ്ഡറിൻറെ ഒരു ലഘു ജീവചരിത്രം, ഒരു പുസ്തകമാക്കി സ്വയം പ്രസിദ്ധീകരിക്കുകയുണ്ടായി. അത് (കോവിഡ് കാലത്ത്) തൃശ്ശൂർ ബ്രഹ്മസ്വം മഠം പ്രസിഡണ്ട് അഡ്വക്കേറ്റ് പാഴൂർ പരമേശ്വരനുമൊത്ത് ഓൺലൈനായി പ്രകാശിപ്പിക്കാൻ രാജനോട് അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം വിനയപൂർവ്വം പറഞ്ഞു, 'പ്രസിദ്ധനായ അച്ഛൻറെ മകൻ എന്നുള്ളതിൽ കവിഞ്ഞ യോഗ്യതയൊന്നും എനിക്കില്ല'. ഒരൽപം നിർബ്ബന്ധിക്കേണ്ടി വന്നു സമ്മതിക്കാൻ.

 പിന്നീട് അകവൂരിൻറെ വിയോഗത്തിനു ശേഷം അമ്മയോടൊപ്പം മക്കളും നാട്ടിലേക്കു താമസം മാറ്റിയപ്പോൾ മയൂർ വിഹാറിലുള്ള വീട് വാടകയ്ക്കു കൊടുക്കുന്നതു സംബന്ധിച്ചും രാജൻ ഒന്നു രണ്ടു തവണ ബന്ധപ്പെട്ടിരുന്നു.

ഇന്നലെ രാജൻറെ വിയോഗവാർത്ത കേട്ടപ്പോൾ ആദ്യം വിശ്വാസം വന്നില്ല. പിന്നീട് ഒരു വിങ്ങൽ. ഒരു തേങ്ങൽ. ധാരാളം പേരുടെ മരണങ്ങളെപ്പറ്റി കേൾക്കാറുണ്ടെങ്കിലും, നിത്യമായ, അനിവാര്യമായ സത്യം മരണം മാത്രമേയുള്ളു എന്നറിയാമെങ്കിലും, അടുത്തറിയാവുന്നവർ യാത്ര പറയുമ്പോൾ ഉള്ളിൽ ഒരു മുള്ളു കൊള്ളുന്നതുപോലെ തോന്നും.

രാജൻറെ അകാലവേർപാട് സഹിക്കാൻ ഗൗരി ഏടത്തിക്കും ശ്രീദേവിക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ജഗദീശ്വരൻ കരുത്തു നൽകട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ