2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

*അവദിപ്പിറ്റേന്ന്

08 03 23

 

താമസിച്ചു, എഴുന്നേൽക്കാൻ.

ഇന്നലെ അവദി (അന്താരാഷ്ട്രവനിതാദിനം) ആയിരുന്നല്ലോ.

കൂട്ടുകാർക്ക്,

കൂട്ടുകാരല്ലാത്തവർക്ക്,

അറിയുന്നവർക്ക്,

അറിയാത്തവർക്ക്,

എല്ലാ സമൂഹമാദ്ധ്യമങ്ങളിലും,

എല്ലാ ഗ്രൂപ്പുകളിലും,

അവദി ആശംസകൾ അയച്ചു.

വരുന്ന ആശംസകൾക്കൊക്കെ മറുപടിയും കൊടുത്തു.

കിടന്നപ്പോൾ ഏറെ വൈകി.

 

ജയശ്രി നേരത്തെ എണീറ്റെന്നു തോന്നുന്നു.

ചായയ്ക്കെന്താ ഒരു താമസം??

വനിതാദിനത്തിൻറെ അഹങ്കാരത്തിൽ ചായയിടേണ്ടെന്നു വച്ചോ?

ഹേയ്, അതാവില്ല.

അങ്ങനെ അഹങ്കരിക്കുന്ന കൂട്ടത്തിലൊന്നും അല്ല.

 

അടുക്കളയിലുണ്ടാകും.

അവിടെ ഇല്ലല്ലോ!

കുളിമുറിയിലും ഇല്ല.

ബാല്കണികളിലെങ്ങുമില്ല.

ങേ, ഇതെവിടെപ്പോയി ഇത്ര രാവിലെ?

അതും പറയാതെ?

ഇനി പാലു വാങ്ങാനോ മറ്റോ … ?

 

പുറത്തേക്കുള്ള വാതിൽ തുറന്നിട്ടില്ല.

അകത്തുനിന്നു കുറ്റിയിട്ടതു തൊട്ടിട്ടുപോലുമില്ല.

ആകപ്പാടെ ഒരു വെപ്രാളം.

ഒന്നും മനസ്സിലാകുന്നില്ല.

മൊബൈലിൽ വിളിച്ചുനോക്കി.

ബെല്ലടിച്ചപ്പോൾ സമാധാനമായി.

ഇപ്പോളെടുക്കും.

പക്ഷേ ഫോൺ അടിച്ചത് മുറിയിൽ നിന്ന്.

ആ സമാധാനവും പോയിക്കിട്ടി.

 

എല്ലായിടത്തും വീണ്ടും നോക്കി.

ഇല്ല. ഒരിടത്തുമില്ല.

എന്തു വേണമെന്നൊരു രൂപവുമില്ല.

ഒന്നു വെളിയിലിറങ്ങി നോക്കാം.

ഏഴാം നിലയിലാണു ഫ്ലാറ്റ്.

വെളിയിലെ ഇടനാഴിയിലേക്കിറങ്ങി.

തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരനും മകനും വരാന്തയിലുണ്ട്.

അവരും പരിഭ്രമിച്ചിരിക്കുന്നു.

 

"എന്തു പറ്റി, ശർമ്മാജി?"

"അത് ... അത് ... ബീബിജിയെ (ഭാര്യയെ) കാണുന്നില്ല."

"ങേ, എൻറെ ഭാര്യയേയും കാണുന്നില്ലല്ലോ."

അപ്പോഴാണു ശ്രദ്ധിച്ചത്, മറ്റു ഫ്ളാറ്റുകളിലും പുരുഷന്മാരെല്ലാം വെളിയിലിറങ്ങി നിൽക്കുന്നു.

ഇടനാഴികളിലും താഴെ ഗ്രൗണ്ടിലും കൂട്ടം കൂടി നിൽക്കുന്നു.

എല്ലാവരുടേയും മുഖങ്ങളിൽ പരിഭ്രമം തെളിഞ്ഞു കാണാം.

 

ആരോ താഴെ നിന്നു വിളിച്ചു ചോദിച്ചു, "ജയന്തൻജീ, അങ്ങയുടെ ഭാര്യ വീട്ടിലുണ്ടോ?"

വേവലാതിയോടെ പറഞ്ഞു,"ഇല്ല."

അയാൾ പറഞ്ഞു, "സൊസൈറ്റിയിലെ ഒരു ഫ്ലാറ്റിലും ഒരു സ്ത്രീ പോലും ഇല്ല".

ആരോ പറഞ്ഞു, ലോകത്തിൽ ഒരിടത്തും ഒരു സ്ത്രീ പോലുമില്ലെന്ന് വാർത്തയിലുണ്ടത്രേ!

ഈശ്വരാ ഇതെന്തു മറിമായം?

എല്ലാവരും പരസ്പരം നോക്കി.

ആർക്കും ഒന്നും പറയാനില്ല, പറയാനറിയില്ല.

 

പെട്ടെന്ന് ആകാശത്ത് അതിശക്തമായ പ്രകാശം,

സ്ത്രീശബ്ധത്തിൽ ഒരു അശരീരിയും.

"ഹേ, വിഡ്ഢികളായ പുരുഷന്മാരേ,

മാർച്ച് എട്ടു മാത്രം ഞങ്ങളുടെ ദിവസം.

മറ്റു ദിവസങ്ങളിലൊന്നും ഞങ്ങളെ വേണ്ടല്ലോ.

അതുകൊണ്ട് ഞങ്ങൾ പോകുന്നു.

ഇനി അടുത്ത മാർച്ച് എട്ടിനു കാണാം."

 

അശരീരി നിലച്ചു.

പ്രകാശം മറഞ്ഞു.

അതോടെ ഭൂമി ഭയങ്കരമായി കുലുങ്ങി.

ഏഴാം നിലയുടെ ഇടനാഴിയിൽ നിന്നു താഴേക്ക്.

താഴെ വീണതും ബോധം മറഞ്ഞു.

കൂടി നിന്നിരുന്നവർ കുലുക്കി വിളിച്ചു.

 

കണ്ണു തുറന്നപ്പോൾ ജയശ്രി എന്നെ പിടിച്ചു കുലുക്കുന്നു.

"എന്താ കിടന്നു പിച്ചും പേയും പറയുന്നത്?

പാതിരാത്രി വരെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും.

എന്നിട്ട് ബാക്കിയുള്ളവരെ ഉറങ്ങാനും സമ്മതിക്കില്ല."

 

-------------

*അവദി: അന്താരാഷ്ട്രവനിതാദിനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ