2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

അക്കിത്തം

ഏപ്രിൽ 2016. നാട്ടിലുള്ള സമയം.

ഒരു ദിവസം ഡൽഹിയിൽ നിന്ന് ആശയുടെ ഫോൺ, "മഹാകവി അക്കിത്തത്തിൻറെ നവതിയാണ് ഒമ്പതാം തീയതി. കുമാരനല്ലൂര് ഒരമ്പലത്തിൽ വച്ച് ഗംഭീരമായി ആഘോഷം നടത്തുന്നുണ്ട്. ഹരീഷ് നാട്ടിലുണ്ട്. രണ്ടു പേരും കൂടി അവിടെ പോയി അദ്ദേഹത്തെ ആദരിക്കാൻ പറ്റുമോ? ഒരു പൊന്നാട അണിയിക്കാൻ സാധിക്കുമോ ഗായത്രിയുടെ പേരിൽ? ബസ്സിൽ പോകാൻ വിഷമമാണെങ്കിൽ ഒരു ടാക്സി എടുത്തു പൊയ്ക്കോളൂ, അതു ഗായത്രിയുടെ അക്കൗണ്ടിൽ നിന്നു തരാം." 

"ശരി", സമ്മതിച്ചു. ഹരീഷിൻറെ ഫോൺ നമ്പർ അയച്ചുതന്നു. അഞ്ചാറു മണിക്കൂർ യാത്രയുണ്ട്. ആശ വളരെ നിസ്സാരമായി പറഞ്ഞപോലെ ടാക്സി എടുത്താൽ പാവം ഗായത്രി ഒരു വർഷത്തേക്കു പട്ടിണി കിടക്കേണ്ടി വരുംഅതുകൊണ്ട് അതേതായാലും വേണ്ട, ബസ്സിൽ തന്നെ പോകാം.

അതിരാവിലെ പുറപ്പെട്ടു. പത്തു മണിയോടെ ക്ഷേത്രത്തിലെത്തി. അവിടെ അക്കിത്തത്തിൻറെ നവതി ആഘോഷിക്കാൻ ഗംഭീരമായ ഒരുക്കങ്ങൾ നടക്കുന്നു. ഹരീഷിനെ കണ്ടു. "അക്കിത്തം വന്നിട്ടില്ല, വരുന്ന കാര്യം സംശയമാണ്. സുഖമില്ലാതിരിക്കുന്നു. ആശുപത്രിയിൽ ആയിരുന്നു. കുറച്ചു സമയത്തേക്ക് അവർ അവധി കൊടുത്തതിനാൽ ഇപ്പോൾ ഇല്ലത്തുണ്ട്. വൈകീട്ട് നാലു മണിക്ക് വീണ്ടും ആശുപത്രിയിലേക്ക് മടങ്ങും. നമുക്ക് അദ്ദേഹത്തിൻറെ ഇല്ലത്തേക്കു പോകാം."

ഹരീഷിൻറെ വേളിയുടെ ഇല്ലം അമ്പലത്തിൻറെ തൊട്ടടുത്തു തന്നെയായിരുന്നു. അവിടെ പോയി കാറുമെടുത്തുകൊണ്ട് നേരെ ദേവായനത്തിലേക്ക്. ഒന്ന് രണ്ടു പേരോടു വഴി ചോദിക്കേണ്ടി വന്നെങ്കിലും വിഷമമില്ലാതെ അവിടെയെത്തി.

മുമ്പിലത്തെ മുറിയിൽ തന്നെ അദ്ദേഹം ഇരിപ്പുണ്ടായിരുന്നു. വളരെ ഊഷ്മളമായ സ്വീകരണം. ഞങ്ങളെപ്പോലെ വേറെയും ആൾക്കാരും സംഘടനകളും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കാൻ. ഡൽഹിയിൽ നിന്നാണ്, ഗായത്രിയിൽ നിന്നാണ് എന്നൊക്കെ പറഞ്ഞു. അകവൂരിൻറെ പേരു പറഞ്ഞപ്പോൾ പെട്ടെന്നു മനസ്സിലായി.

പൊന്നാട അണിയിച്ചു, സാഷ്ടംഗം നമസ്കരിച്ചു, ഫോട്ടോ എടുത്തു, മടങ്ങി.

വളരെ സ്നേഹപൂർവ്വമായ സംസാര ശൈലി. അസുഖമായിരുന്നിട്ടും ക്ഷീണമുണ്ടായിരുന്നിട്ടും മുഖത്തെ പ്രസാദത്തിനു ഒരു കുറവുമില്ലായിരുന്നു. തുടർച്ചയായി വന്നുകൊണ്ടിരുന്ന സന്ദർശകരോട് യാതൊരു വിധത്തിലുള്ള നീരസവുമില്ലായിരുന്നു. തിരിച്ചു പോന്നപ്പോൾ അഭിമാനം തോന്നി. ഒരു ചരിത്ര പുരുഷനെ, ഇരുപതാം നൂറ്റാണ്ടിൻറെ പ്രിയപ്പെട്ട കവിയെ, മലയാള കവിതയുടെ ഓമന പുത്രനെ, കാണാനും സംസാരിക്കാനും കഴിഞ്ഞല്ലോ, പാദങ്ങളിൽ സ്പർശിക്കാൻ കഴിഞ്ഞല്ലോ. വീണു കിട്ടിയ ഭാഗ്യം.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ