13 ഏപ്രിൽ 2021
ഞാൻ കുറച്ചു ദിവസങ്ങളായി മുഖപുസ്തകത്തിൽ കാര്യമായി ഒന്നും പോസ്റ്റ് ചെയ്യാറില്ല. ചില പ്രതികരണങ്ങൾ മാത്രം ഇട്ടിരുന്നു. അവിചാരിതമായി ഇന്നലെ വൈകീട്ട് ചിലരൊക്കെ എൻറെ 'കഥ' 'ഇഷ്ട’പ്പെടാൻ തുടങ്ങി! സാധാരണയായി ഞാൻ മുഖപുസ്തകത്തിലെ കഥയിൽ ('story' in facebook) ഒന്നും ഇടാറില്ല. അതുകൊണ്ടു തന്നെ സുഹൃത്തുക്കൾ ഇഷ്ടപ്പെട്ട ‘കഥ’ എന്താണെന്നറിയാൻ തിടുക്കമായി. 'കഥ' കണ്ടു പിടിച്ചു. എന്താണു സംഭവിച്ചതെന്നു മനസ്സിലായപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല!
രണ്ടാഴ്ചയായി പൂനെയിൽ മൂത്ത മകന്റേയും കുടുംബത്തിന്റേയും കൂടെയാണ് താമസം. ചിലർക്കൊക്കെ തോന്നിയേക്കാം, 'ആഹാ, പഷ്ട്! മഹാരാഷ്ട്രയിൽ പോയി താമസിക്കാൻ പറ്റിയ സമയം!' അപ്പോൾ ഉയരാവുന്ന ചോദ്യം: ‘എങ്കിൽ ഏതാണ് പോയി താമസിക്കാൻ ഏറ്റവും പറ്റിയ, അല്ലെങ്കിൽ മഹാരാഷ്ട്രയേക്കാൾ നല്ല, സ്ഥലം?’ ഭാരതം മുഴുവനും ഗൗരവതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമയമല്ലേ? അതുകൊണ്ട് ഏറ്റവും നല്ലത് നാലു വയസ്സുകാരൻ കൊച്ചുമകനുള്ള സ്ഥലം തന്നെ. അവനും ജോലിക്കാരായ മാതാപിതാക്കൾക്കും നോയിഡയിൽ ഞങ്ങളുടെ കൂടെ വന്നു താമസിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ ഇതാ ഇവിടെ.
ഇന്നലെ എൻറെ മൊബൈൽ എടുത്ത് കാണുന്ന ചിഹ്നങ്ങളിലെല്ലാം കുത്തി കളിക്കാൻ തുടങ്ങി. അതിനിടയിൽ എൻറെ വാട്ട്സാപ്പ് സന്ദേശങ്ങളിലെ ചില ഫോട്ടോകൾ കണ്ടു. അതിൽ കണ്ട കൃഷ്ണൻറെ ഒരു ഫോട്ടോയിൽ വേറൊരു ചിഹ്നം ഉപയോഗിച്ചു നിറം കൊടുത്ത് അലങ്കരിക്കാൻ തുടങ്ങി. അതിൻറെ മുകളിൽ രണ്ടു സ്റ്റിക്കറും ഒട്ടിച്ചു. പിന്നെയും ഏതൊക്കെയോ ചിഹ്നങ്ങൾ അമർത്തുന്നതിനിടയിൽ ആ ഫോട്ടോ പെട്ടെന്ന് അപ്രത്യക്ഷമായി. അത് അവനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു, "മുത്തശ്ശൻ, മുത്തശ്ശൻ, വോ കൃഷ്ണ കാ ഫോട്ടോ കഹാം ഹേ?" (മുത്തശ്ശാ, മുത്തശ്ശാ, ആ കൃഷ്ണൻറെ ഫോട്ടോ എവിടെയാ?) മലയാളം അറിയില്ലെങ്കിലും എന്നെ മുത്തശ്ശൻ എന്നു വിളിക്കാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാനും കുറെ ശ്രമിച്ചെങ്കിലും ആ ഫോട്ടോ കണ്ടുപിടിക്കാൻ സാധിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ, എല്ലാ കുട്ടികളേയും പോലെ അവനതു മറന്നു. എല്ലാ വയസ്സന്മാരേയും പോലെ ഞാനും.
വൈകുന്നേരമായപ്പോഴേക്കും ഞാൻ ഇടാത്ത ആ കഥക്കു ലൈക്കുകൾ! അവൻ അമർത്തിയ ഏതോ ഒരു ചിഹ്നത്തിൽക്കൂടി ആ പടം എൻറെ 'കഥ'യായിത്തീർന്നു! അറുപതിലേറെ പേർ കാണുകയും ചെയ്തു!
ചക്കരേ (അങ്ങനെയാണു ഞാൻ അവനെ വിളിക്കുന്നത്), ഈ 'കഥ'ക്ക് വളരെ വളരെ നന്ദി, കുട്ടാ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ