2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

അവസാനിക്കാത്ത കാത്തുനിൽപ്പ്

 



മഠയൻ, കഥയില്ലാത്തവൻ, മനോരോഗി, ഭ്രാന്തൻ,

ഈയുള്ളവൻ.

കാത്തു നിൽക്കുന്നു, കവാടത്തിനു വെളിയിൽ,

വർഷങ്ങളായുള്ള കാത്തുനിൽപ്പ്,

വഴിപോക്കർ നോക്കി ചിരിക്കുന്നു.

 

“ഭ്രാന്തൻ…”

 

എപ്പോൾ തുറക്കും കവാടം?

എപ്പോൾ ലഭിക്കും പ്രവേശനം?

സ്വന്തം വീടാണ്,

പക്ഷെ പ്രവേശനം ഇല്ല!

 

ഭ്രാന്തന്മാർക്ക് പ്രവേശനം ഇല്ലത്രേ!

 

കള്ളന്മാരുടെ വിഹാരകേന്ദ്രം,

കൊള്ളക്കാരുടെ നിത്യസന്ദർശന സ്ഥലം,

മദ്യ സേവ നടത്തുന്നു,

മത്സ്യവും മാംസവും വിളമ്പുന്നു,

വ്യഭിചാരം നടത്തുന്നു,

എൻറെ സ്വന്തം വീട്ടിൽ.

 

പക്ഷെ എനിക്കു മാത്രം പ്രവേശനമില്ല.

ഭ്രാന്തനാണത്രേ, ഭ്രാന്തൻ!

 

എല്ലാവരും മുഖത്തു നോക്കി പല്ലിളിക്കുന്നു,

കൂക്കി വിളിക്കുന്നു,

വെല്ലു വിളിക്കുന്നു,

പരിഹസിക്കുന്നു,

കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കുന്നു.

 

“ഭ്രാന്തൻ…”

 

അവർ

വാതിലുകൾ ചവിട്ടിപ്പൊളിക്കുന്നു

പാത്രങ്ങൾ തല്ലിയുടക്കുന്നു.

 

വീട്ടിലാകെ മൂത്രവും അമേദ്ധ്യവും ഛർദ്ദിയും

അതിൽ അവർ ഉരുണ്ടു കളിക്കുന്നു

മദിച്ചു രസിക്കുന്നു

 

വാതായനം ഒന്നു തുറന്നെങ്കിൽ!

അകത്തു കയറാൻ സാധിച്ചെങ്കിൽ!

എങ്കിൽ ...

 

ഇവരെല്ലാം ഓടിയൊളിച്ചേനെ

വീടു വൃത്തിയായേനെ

മോഷണം നിലച്ചേനെ

തേങ്ങയുടെ, അടക്കയുടെ

വാഴക്കുലയുടെ, മുരിങ്ങക്കായുടെ ...

മോഷണം നിലച്ചേനെ

 

വാതായനം ഒന്നു തുറന്നെങ്കിൽ!

അകത്തു കയറാൻ സാധിച്ചെങ്കിൽ!

എങ്കിൽ ...

 

തെങ്ങുകളേയും കവുങ്ങുകളേയും വാഴകളേയും സ്നേഹിക്കാമായിരുന്നു,

ഓമനിക്കാമായിരുന്നു,

അവയ്ക്കു വെള്ളം ഒഴിക്കാമായിരുന്നു

ആഹാരം കൊടുക്കാമായിരുന്നു

 

ചീനിയും ചീരയും ചേനയും

പാവലും പടവലും പയറും

വാഴയും വെണ്ടയും വഴുതനയും

നട്ടു വളർത്താമായിരുന്നു

 

വിഷമില്ലാത്ത പച്ചക്കറികൾ, പഴങ്ങൾ

 

അവയെ നോക്കി പുഞ്ചിരിക്കാമായിരുന്നു

അവക്കു വേണ്ടി പാടാമായിരുന്നു

അപ്പോൾ അവയും ചിരിക്കും, തലയാട്ടും

ഇളംകാറ്റിൽ നൃത്തം ചെയ്യും

 

സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കുന്നവർ 

 

വാതായനം ഒന്നു തുറന്നെങ്കിൽ!

അകത്തു കയറാൻ സാധിച്ചെങ്കിൽ!

എങ്കിൽ ...

 

പ്രഭാതത്തിൽ കുളത്തിൽ പോയി കുളിക്കാമായിരുന്നു

പൂജാമുറിയിൽ വിളക്കു തെളിയിക്കാമായിരുന്നു

പ്രാർത്ഥിക്കാമായിരുന്നു

കീർത്തനങ്ങൾ ചൊല്ലാമായിരുന്നു

നാരായണീയവും ഭാഗവതവും വായിക്കാമായിരുന്നു

 

ക്ഷേത്രങ്ങളിൽ പോകാമായിരുന്നു

വിഷ്ണുവിന്റേനും ശിവൻറെയും അമ്പലങ്ങളിൽ

 

എല്ലാറ്റിനുമുപരി ഈ കൊച്ചു കെട്ടിടം

ഒരു വീടാകുമായിരുന്നു!

 

ഈ ഭ്രാന്തൻ ഇവിടെക്കിടന്നു മരിച്ചാൽ

ഹേ വഴിപോക്കരേ

കൊച്ചുവീടിൻറെ തെക്കുഭാഗത്ത്

എന്നെ സംസ്കരിക്കുമോ?

 

മരണത്തിനു ശേഷം ഭ്രാന്തില്ല

വിഭ്രാന്തിയില്ല, രോഗമില്ല

അപ്പോൾ കവാടം താനേ തുറക്കും

ദേഹി ഉപേക്ഷിച്ച ദേഹത്തിനു മുന്നിൽ

 

വീട്ടിൽ പാർക്കാനുള്ള ആഗ്രഹം

സഫലമാകാതെ ജീവൻ വെടിഞ്ഞാൽ

അടുത്ത ജന്മത്തിൽ

വീടില്ലാത്ത പുഴുവോ, അട്ടയോ, പാമ്പോ

പാറ്റയോ, കൊതുകോ, ഈയലോ

ആയി ജനിച്ചേക്കാം

 

ജന്മത്തിലെ കാത്തിരിപ്പ്

അടുത്ത ജന്മത്തിലും തുടരുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ