മിക്കവാറും എല്ലാവരും തന്നെ കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു ശ്ലോകമാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഭവഭൂതി എന്ന അതിപ്രശസ്തനായ സംസ്കൃത കവി രചിച്ച് ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാഡിയാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഉത്തരരാമചരിതം എന്ന നാടകത്തിലെ ഒരു ശ്ലോകമാണ് ഇത്. മാലിനി വൃത്തത്തിൽ ദ്വിതീയാക്ഷര പ്രാസത്തോടുകൂടി രചിച്ചിരിക്കുന്ന ആ ശ്ലോകം ആദ്യം ഒന്ന് ചൊല്ലാം:
കരകൾ കവിയുമാറായ് വെള്ളമേന്തും കുളത്തി-
ന്നൊരു വഴി പരിരക്ഷക്കോവു
വയ്ക്കുന്നതല്ലോ.
തെരുതെരെയഴൽ തിങ്ങും മാനസത്തിന്നുറക്കെ-
ക്കരയുകിലതു തന്നേ തെല്ലൊരാശ്വാസഹേതു!
ഭവഭൂതി ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ, അതായത്, AD 655നും
AD 725നും ഇടക്കാണ് ജീവിച്ചിരുന്നത്. വിദർഭയിൽ, അതായത്, ഇന്നത്തെ മഹാരാഷ്ട്രയിൽ, പത്മപുരി
എന്ന ഗ്രാമത്തിൽ ജനിച്ചു. ഇദ്ദേഹത്തിൻറെ ശരിയായ പേര് ശ്രീകണ്ഠനീലകണ്ഠൻ എന്നായിരുന്നു.
അച്ഛൻ നീലകണ്ഠൻ, അമ്മ ജാതികർണി. ഗ്വാളിയറിൽ പരമഹംസദയാനിധി എന്ന ഗുരുവിൻറെ കീഴിലായിരുന്നു
വിദ്യാഭ്യാസം.
ഭവഭൂതിയുടെ കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടവ മഹാവീരചരിതം,
ഉത്തരരാമചരിതം, മലതീമാധവം എന്നിവയാണ്. സംസ്കൃത കാവ്യ-നാടക രംഗത്ത് ഭവഭൂതിക്ക് കാളിദാസനുശേഷം
രണ്ടാമത്തെ സ്ഥാനമാണുള്ളത്. അതുപോലെ തന്നെ
യശസ്സിൽ ഭവഭൂതിയുടെ ഉത്തരരാമചരിതം കാളിദാസരചിതമായ അഭിജ്ഞാനശാകുന്തളത്തിൻറെ തൊട്ടു പിന്നിലും.
ഇവയിൽ മാലതീമാധവം അന്നത്തെ കാലത്തിൻറെ കഥ പറയുന്ന ഒരു
സാമൂഹ്യ നാടകമാണ്.
മഹാവീരചരിതം രാമായണത്തിൻറെ പൂർവ്വഭാഗം, അതായത് രാവണനിഗ്രഹവും
പട്ടാഭിഷേകവും വരെയുള്ള ഭാഗങ്ങൾ വിവരിക്കുന്നു. ഉത്തരരാമചരിതമാകട്ടെ, അതിനു ശേഷമുള്ള
കാര്യങ്ങൾ, അതായത് സീതാപരിത്യാഗം മുതലുള്ള കാര്യങ്ങൾ, വിവരിക്കുന്നു. മഹാവീരചരിതത്തിൽ
രാമനെ വീരശൂരപരാക്രമിയായി ചിത്രീകരിച്ച കവി, ഉത്തരരാമചരിതത്തിൽ സീതാപരിത്യാഗത്തിനുശേഷമുള്ള,
അതീവ ദുഃഖിതനും നിസ്സഹായനുമായ രാമനെയാണ് വായനക്കാർക്കു
മുമ്പിൽ പരിചയപ്പെടുത്തുന്നത്. ആദ്യത്തേത് വീരരസപ്രധാനമെങ്കിൽ രണ്ടാമത്തേത് കരുണരസപ്രധാനമാണ്.
രാമൻറെ തീർത്തും വ്യത്യസ്തമായ രണ്ടു ഭാവങ്ങളാണ് ഈ രണ്ട് നാടകങ്ങളിലും കൂടി കവി വെളിവാക്കി
തരുന്നത്.
ആദ്യം പറഞ്ഞപോലെ, ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാഡിയാർ
ആണ് ഭവഭൂതിയുടെ ഉത്തരാമചരിതം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ചാത്തുക്കുട്ടി മന്നാഡിയാർ 1857-ൽ ചിറ്റൂർതാലൂക്കിൽ ചമ്പത്തിൽ
കുടുംബത്തിൽ ജനിച്ചു. പിതാവ് പാലക്കാട്ട് കേനാത്തുവീട്ടിൽ ചാമുമേനോൻ. മാതാവ് അമ്മു
മന്നാടിശ്ശ്യാർ. സംസ്കൃത പണ്ഡിതനായ അപ്പു എഴുത്തശ്ശനു കീഴിൽ കാവ്യപരിചയം
അഭ്യസിച്ചു. പിനീട് തൃശ്ശിവപേരൂരിൽ വെങ്കിടാദ്രിശാസ്ത്രികളുടെ ശിഷ്യനായി. തിരുവിതാംകൂറിൽ നിന്ന്
വക്കീൽ പരീക്ഷ ജയിച്ച് 1880 മുതൽ രണ്ടു വർഷക്കാലം മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ വക്കീലായി ജോലിനോക്കി. പിന്നീട് കൊച്ചിയിലെ വക്കീൽ പരീക്ഷ ജയിച്ചു. തൃശ്ശിവപേരുർ അപ്പീൽകോടതിയിൽ പ്രാക്ടീസ്
ചെയ്യുന്നതിന് അവിടെ താമസമുറപ്പിച്ചു. അക്കാലത്താണ് ഇദ്ദേഹത്തിൻറെ സാഹിത്യപ്രവർത്തനം
പൂത്തു വിടർന്നത്. കുറേക്കാലം കേരളനന്ദിനി മാസികയുടെ പത്രാധിപരായിരുന്നു.
മന്നാടിയാരുടെ സാഹിത്യ കൃതികളിൽ ശ്രദ്ധേയമായത് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിന്റെ വിവർത്തനമാണ്. ഇതു കൂടാതെ
ജാനകീപരിണയം നാടകവും ഹാലാസ്യമാഹാത്മ്യം
കിളിപ്പാട്ടും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. സംഗീതനാടകവേദികളിലെ ജനപ്രിയ നാടകങ്ങളായിരുന്നു ഉത്തര രാമചരിതവും ജാനകീപരിണയവും. ഇവ കൂടാതെ പുഷ്പഗിരീശ സ്തോത്രം എന്ന ഒരു സംസ്കൃത കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. പൂങ്കുന്നിലെ ദേവനെ സ്തുതിച്ചുകൊണ്ട്
എഴുതിയതാണിത്. ഗീതി വൃത്തത്തിൽ നൂറ്റിഇരുപതു ശ്ലോകങ്ങളിൽ ഉള്ള രാമായണകഥാ സംഗ്രഹമാണ്
ഈ സ്തുതി. അതിന്ആര്യാശതകം എന്നും പേരുണ്ട്.
സാഹിത്യം പോലെ തന്നെ സംഗീതത്തിലും അദ്ദേഹത്തിന് അഭിരുചി ഉണ്ടായിരുന്നു. സമുദായ പരിഷ്കരണ ശ്രമങ്ങളിലും മന്നാടിയാർ
പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി,
എ.ആർ. മേനോൻ അദ്ദേഹത്തിന്റെ പുത്രനാണ്. 1905-ൽ, 73-) മത്തെ വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
ഏഴ് അങ്കങ്ങളുള്ള ഉത്തരരാമചരിതം നാടകത്തിൽ
കവി, രാമായണം ഉത്തരകാണ്ഡത്തിലെ സീതാപരിത്യാഗവും അനന്തര സംഭവങ്ങളും ശുഭ
പര്യവസായി ആക്കി മാറ്റിയിരിക്കുന്നു. വാല്മീകി രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ
സീത ഭൂമി ദേവിയിൽ വിലയം പ്രാപിക്കുന്നു എന്ന പ്രചുര പ്രചാരമായ അന്ത്യത്തിന് പകരം, ഭവഭൂതിയുടെ
ഉത്തര രാമചരിതത്തിൽ, സീതയുടെ നിരപാരധിത്വം ജനങ്ങൾ മനസ്സിലാക്കിയതിനെ തുടർന്ന് രാമനും
സീതയും ഒന്നിക്കുന്നതായിയാണ് വിവരിച്ചിരിക്കുന്നത്. കരുണരസത്തിന്റെ ഇത്ര ഹൃദയസ്പർശിയായ
പ്രയോഗത്തിനു സാഹിത്യത്തിൽ വേറെ ഉദാഹരണമില്ല എന്നു തന്നെ കരുതുന്നവരുണ്ട്.
സംസ്കൃതനാടകങ്ങളിൽ യശ്ശസുകൊണ്ട് ഉത്തരരാമചരിതത്തെ വെല്ലുന്നതായി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മാത്രമേയുള്ളു
എന്നു പറഞ്ഞല്ലോ. അതേസമയം അമിതവൈകാരികതയുടെ പേരിൽ ഈ കൃതി ആധുനിക കാലത്ത് വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
വാല്മീകിയുടെ ഇതിഹാസനായകനെ ഭവഭൂതി ഒരു വെറും വികാരജീവിയായി തരംതാഴ്ത്തി എന്നാണ് ഈ വിമർശകന്മാരുടെ
പരാതി.
ആദ്യം ഉദ്ധരിച്ച ശ്ലോകം നാടകത്തിൻറെ മൂന്നാം അങ്കത്തിൽ ആണു വരുന്നത്.
അതീവ ദുഖിതനും നിസ്സഹായനായി രോദനം പൊഴിച്ചുകൊണ്ട് രാമൻ സീതയെ അന്വേഷിച്ച് അലയുന്നതാണ്
സന്ദർഭം. വാല്മീകി ആശ്രമത്തിൽ എത്തിയ രാമനെ വാല്മീകിയുടെ ശിഷ്യകൾ ശുശ്രൂഷിക്കുന്നു.
സീത അവിടെത്തന്നെയുണ്ടെങ്കിലും രാമന് സീതയെ കാണാൻ സാധിക്കുന്നില്ല. വനദേവതമാരുടെ അനുഗ്രഹത്താൽ
സീത അദൃശ്യയായി തുടരുന്നു. കുറ്റബോധത്താലും ദുഖത്താലും വിലപിക്കുന്ന രാമനെ, ഒരു പക്ഷെ
കാട്ടിലെ പുലികൾ ആ സാധ്വിയെ കൊന്നു ഭക്ഷിച്ചിട്ടുണ്ടാകും എന്നും മറ്റും പറഞ്ഞു വാവിട്ടു
വിലപിക്കുന്ന രാമനെ, കാൺകെ സീതയുടെ ഹൃദയം ദുഃഖത്താൽ കൊടുമ്പിരി കൊള്ളുന്നു. അങ്ങനെ
ദുഃഖപരവശയായി വിലപിക്കുന്ന സീതയോട് സഖി വാസന്തി പറയുന്നതാണ് മേല്പറഞ്ഞ ശ്ലോകത്തിൽ വിവരിച്ചിരിക്കുന്നത്.
ശ്ലോകം ഒരിക്കൽ കൂടി കേൾക്കാം:
കരകൾ കവിയുമാറായ് വെള്ളമേന്തും കുളത്തി-
ന്നൊരു വഴി പരിരക്ഷക്കോവു
വയ്ക്കുന്നതല്ലോ.
തെരുതെരെയഴൽ തിങ്ങും മനസത്തിന്നുറക്കെ-
ക്കരയുകിലതു തന്നേ തെല്ലൊരാശ്വാസഹേതു!
രാമൻ കരയുന്നത് അദ്ദേഹത്തിന് ആശ്വാസം നൽകുമെന്നും അതിനാൽ ദുഖിക്കേണ്ട
കാര്യമില്ലെന്നും സഖി സീതയോടു പറയുന്നു. വിലപിക്കുന്നത് മനസ്സിലെ ദുഃഖം കുറയാൻ കാരണമാകും.
വെള്ളം നിറഞ്ഞ ഒരു കുളത്തിൻറെ സുരക്ഷക്കു വേണ്ടി അതിൽ ഒരു ചെറിയ ഓവ് ഉണ്ടാക്കിയാൽ വെള്ളം
അൽപാപ്പമായി ഒലിച്ചു പോകുകയും അതിനാൽ കുളത്തിൻറെ ഭിത്തികൾ സുരക്ഷിതമായി തുടരുകയും ചെയ്യും.
അതുപോലെ തന്നെ ദുഃഖത്താൽ വീർപ്പുമുട്ടുന്ന ഒരാൾക്ക് കരയുകയോ അല്ലെങ്കിൽ ദുഃഖം മറ്റാരെങ്കിലുമായി
പങ്കു വയ്ക്കുകയോ ചെയ്യുകയാണെങ്കിൽ ഏറെ ആശ്വാസം ലഭിക്കും. അല്ലെങ്കിൽ ഒരു പക്ഷെ അയാൾ
മാനസിക വിഭ്രാന്തിക്കു തന്നെ അടിമപ്പെട്ടെന്നു വരും.
ഇന്ന് ആധുനിക മനശ്ശാസ്ത്രം പറയുന്നത് എട്ടാം നൂറ്റാണ്ടിൽ ഭവഭൂതി പറഞ്ഞു
വച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ