2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

എന്റെ ഉറക്കം കെടുത്തിയ സുന്ദരിക്കുട്ടി

(2014 ജനുവരി 11-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 


1973-ലാണ് ധന്വന്തരി വൈദ്യശാലയുടെ ഡെല്‍ഹി ശാഖയുടെ മാനേജരായി ഞാന്‍ ഡെല്‍ഹിയിലെത്തിയത്. കരോള്‍ബാഗിലുള്ള പദം സിങ് റോഡില്‍ സ്ഥിതി ചെയ്തിരുന്ന ഒരു വലിയ ബംഗ്ലാവിന്റെ വിശാലമായ ഗരാജിലായിരുന്നു അന്നു വൈദ്യശാല പ്രവര്‍ത്തിച്ചിരുന്നത്. ഞാന്‍ താമസിച്ചിരുന്നതാകട്ടെ ഏട്ടന്‍‌മാരുടെ കൂടെ ഗ്രേറ്റര്‍ കൈലാഷിലും. 5-ബി നമ്പര്‍ ബസ് പിടിച്ച് ഒരു പത്തു-പത്തര ആകുമ്പോഴേക്കും വൈദ്യശാലയിലെത്തും, അതായിരുന്നു പതിവ്. 


വൈദ്യശാലയില്‍ കാര്യമായ പണിയൊന്നുമുണ്ടായിരുന്നില്ല. ആരെങ്കിലും മരുന്നിനു വന്നാല്‍ എടുത്തു കൊടുക്കുക, പണം കണക്കു പറഞ്ഞു വാങ്ങുക, അത്ര തന്നെ.

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ധാരാളം വായിക്കാറുണ്ടായിരുന്നെങ്കിലും ഇവിടെ വന്നപ്പോള്‍ പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പരിജ്ഞാനം ആണെങ്കില്‍ തീരെ മോശവുമായിരുന്നു. പുസ്തകം വായിച്ച് ആസ്വദിക്കാന്‍ മാത്രമുള്ള അറിവൊന്നുമുണ്ടായിരുന്നില്ല. പിന്നെ ആകപ്പാടെ ചെയ്യാനുണ്ടായിരുന്നത് മുമ്പിലുള്ള റോഡില്‍ക്കൂടി പോകുന്നവരെ, പ്രത്യേകിച്ച് കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ, നോക്കിക്കൊണ്ടിരിക്കുക, അത്ര തന്നെ. 

അക്കാര്യത്തിലും എനിക്കത്ര പരിചയമൊന്നുമില്ലായിരുന്നു. സ്വതേ പെണ്‍കുട്ടികളുടെ മുഖത്തു നോക്കാന്‍ വളരെ മടിയുള്ള കൂട്ടത്തിലാണു ഞാനെന്നാണു സ്വയം വിശ്വസിച്ചിരുന്നത്. മുഖത്തു മാത്രമല്ല, ഒരിടത്തും നോക്കാറില്ല. അതില്‍ നിന്നു കുറച്ചു വ്യത്യാസം വന്നത് ഈ സമയത്താണ്. വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഞാനൊരു എം.എല്‍.ഏ. ആയെന്നു പറയാം. (എം.എല്‍.ഏ. എന്നാല്‍ ഇംഗ്ലീഷില്‍ മൗത് ലുകിങ്ങ് ഏജന്റ്,  പച്ചമലയാളത്തില്‍ വായില്‍നോക്കി - ഈ പ്രയോഗം എന്റേതല്ല കേട്ടോ, കടമെടുത്തതാണ്.) 

ഇപ്രകാരം റോഡില്‍ക്കൂടി പോകുന്ന എല്ലാത്തിനേയും എല്ലാവരേയും നോക്കി നോക്കി ഇരിക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു ദിവസം വൈകുന്നേരം നമ്മുടെ കഥാനായികയുടെ രംഗപ്രവേശം. വൈദ്യശാല നടത്തിയിരുന്ന ഗരാജ് ഏതു വീട്ടിലെയാണോ, ആ വീട്ടിലെ തന്നെയായിരുന്നു ആ കുട്ടി. വൈദ്യശാലയിലെത്തിയതിനുശേഷം ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞാണ് ഞാനാ കുട്ടിയെ കാണുന്നത്, അല്ലെങ്കില്‍ ശ്രദ്ധിച്ചത്. 

ആദ്യം കണ്ടപ്പോള്‍ അന്തം വിട്ടു പോയി. ഈശ്വരാ, എവിടെപ്പോയിരുന്നു ഈ സൗന്ദര്യത്തിടമ്പ് ഇതുവരെ? ആദ്യദര്‍ശനത്തില്‍ത്തന്നെ വീണുപോകുന്ന, ആരേയും (പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത എം.എല്‍.ഏ.മാരെ) പിടിച്ചുലക്കാന്‍ പോന്ന സൗന്ദര്യത്തിന്റെ ഉടമയായിരുന്നു അവള്‍. കാല്‍പ്പാദം വരെ നീളുന്ന പാവാടയും ഇറക്കമുള്ള ബ്ലൗസുമായിരുന്നു അവളുടെ വേഷം. ഇടത്തു കൈയില്‍ മാറോടടുക്കിപ്പിടിച്ച കുറച്ചു പുസ്തകങ്ങള്‍. അലസമായി ആടിക്കൊണ്ടിരുന്ന വലതു കൈ. കെട്ടുകയോ പിന്നുകയോ ചെയ്യാതെ വലത്തെ തോളില്‍ക്കൂടി മുന്നിലേക്ക് അലസമായി ഇട്ടിരുന്ന നീണ്ട, ഇടതൂര്‍ന്ന മുടി. വലതു കൈ കൊണ്ട് മുടിയെ ഇടക്കിടക്ക് അവള്‍ താലോലിച്ചിരുന്നു.

ഈ രംഭയുടെ വരവു കണ്ട് ഞാനൊന്നു തരിച്ചു നിന്നുപോയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല തന്നെ. 

എന്നാല്‍ ഇങ്ങനെയൊരു സുന്ദരനായ ചെറുപ്പക്കാരന്‍ തന്നെ നോക്കി വായും പൊളിച്ച് കണ്ണും തുറിച്ച് നില്‍ക്കുന്നുണ്ടെന്നുള്ള ഒരു ഭാവവുമില്ലാതെ, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെയാണവള്‍ അകത്തേക്കു കയറിപ്പോയത്! അമ്പടി കേമി! 

പിറ്റേന്നു മുതല്‍ റോഡില്‍ക്കൂടി പോകുന്നവരുടെ കൂട്ടത്തില്‍ ഈ പെണ്‍കുട്ടിയേയും പ്രതീക്ഷിക്കാന്‍ തുടങ്ങി. അവളുടെ പേരറിയില്ലാത്തതുകൊണ്ടും, എന്തെങ്കിലും പേരു വിളിക്കണമല്ലോ എന്നുള്ളതുകൊണ്ടും നമുക്കവളെ സുന്ദരിക്കുട്ടി എന്നു വിളിക്കാം, അല്ലേ?

സുന്ദരിയെ കണ്ടതിനുശേഷം ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായെന്നു തോന്നി. പിന്നീട് അവളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായിരുന്നു എന്നും. എന്റെ ശ്രമങ്ങളെല്ലാം, പക്ഷെ, ജലരേഖകളായി. ഇങ്ങനെ ഒരുത്തനോ ഒരു വൈദ്യശാലയോ സ്വന്തം വീടിന്റെ ഗരാജു പോലുമോ അവിടെയുണ്ടെന്ന് അവള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നു തോന്നി.

എന്നെ അവള്‍ ഇത്ര നിരാശനാക്കാന്‍ എന്താണു കാരണമെന്നുള്ള അന്വേഷണമായിരുന്നു പിന്നീട്. ആ അന്വേഷണത്തിന്റെ ഭാഗമായി ഒരു ദിവസം ഞാന്‍ എന്നെത്തന്നെ ഒന്നു വിലയിരുത്തി. അപ്പോഴാണ് എനിക്ക് എന്നോടു തന്നെ പുഛം തോന്നിയത്. ഒരു പാന്റ്സു പൊലും ഇല്ലാത്ത, മുണ്ടു മാത്രം നിരന്തരം ഉടുക്കുന്ന ഒരു വെറും തെക്കേ ഇന്ത്യക്കാരന്‍ കണ്ട്രി! 

ങ്ഹും, വെറുതെയല്ല സുന്ദരിക്കുട്ടി എന്നെ ഒന്നു നോക്കുകപോലും ചെയ്യാത്തത്. അല്ല, ഇനിയിപ്പോള്‍ അവളൊന്നു സംസാരിച്ചിരുന്നെങ്കിലോ? ആകെ ഗുലുമാല്‍ പിടിച്ചേനെ. ഹിന്ദിയിലാണെങ്കില്‍ ആകപ്പാടെ 'പതാ നഹി' ('അറിയില്ല') എന്ന രണ്ടു വാക്കുകള്‍ മാത്രമേ അറിയാമായിരുന്നുള്ളു അന്നെനിക്ക്. 

വടക്കെ ഇന്ത്യയില്‍ വരുന്ന ഏതൊരു മലയാളിയും ആദ്യം പഠിക്കുന്ന വാക്കുകളാണിവ, 'പതാ നഹി', അല്ലെങ്കില്‍ 'ഹിന്ദി മാലും നഹി' (ഹിന്ദി അറിയില്ല).

അവളെന്നോട് (ഹിന്ദിയില്‍) "പേരെന്താ", അല്ലെങ്കില്‍ "ഇവിടെയെന്തു ചെയ്യുന്നു?", അതുമല്ലെങ്കില്‍ "എവിടെ താമസിക്കുന്നു?" എന്നു തുടങ്ങി "എന്നെ ഇഷ്ടമായോ?" എന്നു വരെ ചോദിച്ചിരുന്നെങ്കിലും ഞാന്‍ "പതാ നഹി" എന്നു പറഞ്ഞേനെ! അതോടെ എല്ലം പൊട്ടക്കുളമായേനെ! (കുളത്തിനേക്കാല്‍ മോശമല്ലെ പൊട്ടക്കുളം?)ഏതായാലും ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ സംസാരിക്കുക പോയിട്ട് എന്നെ ഒന്നു നോക്കുകപോലും ചെയ്തില്ല, അവള്‍. 

അങ്ങനെയിരിക്കെ, ശ്രീബുദ്ധനു ബോധോദയമുണ്ടായതുപോലെ, എനിക്കുമുണ്ടായി അങ്ങനെ എന്തോ ഒന്ന്. ഒരു വ്യത്യാസം മാത്രം.  ശ്രീബുദ്ധനു ബോധോദയമുണ്ടായത് ബോധി വൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനിച്ചിരിക്കുമ്പോഴാണെങ്കില്‍ എനിക്ക് വൈദ്യശാലയിലിരുന്ന് പുറത്തേക്കു നോക്കി വരുന്നവരുടേയും പോകുന്നവരുടേയും വായില്‍ നോക്കി ഇരുന്നപ്പോഴാണെന്നു മാത്രം. 

എന്താണു ബോധത്തില്‍ ഉദിച്ചതെന്നല്ലേ? 

പാന്റ്സ് വാങ്ങണം. 

ഒരു മുണ്ടുമുടുത്തു വെറും മൂന്നാം ക്ലാസ്സ് മദ്രാസിയായിരിക്കുന്ന എന്നെ എന്റെ സുന്ദരിക്കുട്ടി നോക്കിയെങ്കിലല്ലെ അത്ഭുതപ്പെടേണ്ടത്? കഷ്ടം, ഇതെന്തേ നേരത്തെ തോന്നാത്തത്? 

ങ്ഹാ, എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ. അങ്ങനെ സമാധാനിച്ചു.

പാന്റ്സ് വാങ്ങണമെന്നു തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ഇരിക്കപ്പൊറുതിയില്ലാതെയായി. പാന്റ്സ് വാങ്ങാതെ ഉറക്കം വരാത്ത നിലയായി. എന്നാല്‍ തന്നത്താന്‍ പോയി വാങ്ങാനുള്ള ധൈര്യമൊട്ടില്ലായിരുന്നു താനും. അങ്ങനെ ശ്വാസം മുട്ടിയിരിക്കുമ്പോഴാണ് കൃഷ്ണന്റെ വരവ്. ഗ്രേറ്റര്‍ കൈലാഷില്‍ സെ. ജോര്‍ജ്ജ് സ്കൂളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. വല്ലപ്പോഴുമൊക്കെ വൈദ്യശാലയില്‍ വരാറുണ്ട്. ധാരാളം സംസാരിക്കുന്ന പ്രകൃതം.

കൃഷ്ണന്‍  വന്നപ്പോള്‍ വിഷയം അവതരിപ്പിച്ചു. സുന്ദരിക്കുട്ടിയുടെ കാര്യമല്ല, പാന്റ്സ് വാങ്ങുന്ന കാര്യം. സഹായിക്കാന്‍ അദ്ദേഹം ഉടന്‍ തയാറായി. തൊട്ടടുത്താണ് ആര്യസമാജ് റോഡ്. ഇന്നത്തെ ആര്യസമാജ് റോഡായിരുന്നില്ല അന്നത്തെ ആര്യസമാജ് റോഡ്. തുണിക്കടകള്‍ ധാരാളമുണ്ടായിരുന്നെങ്കിലും റോഡിന്റെ രണ്ടു വശത്തും വഴിയോരക്കച്ചവടക്കാര്‍ തമ്പടിച്ചിരുന്നു. 

അക്കാലത്തും വൈകുന്നേരങ്ങളില്‍ നല്ല തിരക്കു പതിവുണ്ടായിരുന്നു. ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് രണ്ടു പാന്റ്സ് വാങ്ങിച്ചു - ഒന്നിനു പത്തു രൂപ വച്ചു കൊടുത്തു. ഒന്നു ബ്രൗണ്‍, ഒന്ന് ഇളം നീല. 

അവ വാങ്ങിച്ചു തിരിച്ചു വൈദ്യശാലയിലെത്തിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച രാജാവിന്റെ സംതൃപ്തിയും അഭിമാനവും തോന്നി. അപ്പോള്‍ തന്നെ അതില്‍ ഒന്ന് ഇട്ടു നോക്കണമെന്നു തോന്നിയെങ്കിലും "ധൃതി പിടിക്കല്ലെ"യെന്നു മനസ്സിനെ ശാസിച്ചു. വൈദ്യശാല അടക്കാന്‍ സമയമായിരുന്നു എന്നതിനേക്കാളേറെ "ഇന്നിനി സുന്ദരിക്കുട്ടി വെളിയിലേക്കു വരാന്‍ സാദ്ധ്യതയില്ലെ"ന്ന അറിവായിരുന്നു മനസ്സിനെ ശാസിക്കാന്‍ കാരണം.  

അന്നു രാത്രി ഞാനുറങ്ങിയില്ല. പാന്റ്സുമിട്ട് സുന്ദരക്കുട്ടപ്പനായി ഞാന്‍ ചെല്ലുന്നതും സുന്ദരി അതു കണ്ട് എന്നെ നോക്കി ചിരിക്കുന്നതും "ഇപ്പോള്‍ മിടുക്കനായിട്ടുണ്ട്ട്ടോ"യെന്നു പറഞ്ഞ് അഭിനന്ദിക്കുന്നതും മറ്റും സ്വപ്നം കണ്ടു കിടന്നു. 

പിറ്റേന്നു വളരെ നേരത്തെ തന്നെ തയ്യാറായി ഇറങ്ങി. പുതിയ പാന്റ്സിട്ടപ്പോള്‍, തന്നെ ഇങ്ങനെ കാണുമ്പോള്‍ സുന്ദരിയുടെ മുഖഭാവം എന്തായിരിക്കുമെന്നാലോചിച്ചപ്പോള്‍, ഞാന്‍ ലോകത്തിന്റെ നിറുകം തലയില്‍ ചവിട്ടി നില്‍ക്കുന്നതുപോലെ തോന്നി. 

രാവിലെ അവളെ കാണാന്‍ പറ്റിയില്ല. വൈകുന്നേരം അവള്‍ വരാറുള്ള നേരമായപ്പോഴേക്കും ഹൃദയം പടപടാന്നടിക്കാന്‍ തുടങ്ങി. ഈശ്വരാ, അവളൊന്നിങ്ങു വേഗം വന്നെങ്കില്‍! 

എന്നെക്കാണുമ്പോള്‍ എന്തായിരിക്കും അവളുടെ പ്രതികരണം? മുഖത്തു നോക്കി പുഞ്ചിരിക്കുമോ? അതോ നാണം കൊണ്ടു മുഖം കുനിക്കുമോ? മുഖം കുനിച്ച് കാല്‍നഖം കൊണ്ടു കോണ്‍ക്രീറ്റിട്ട നിലത്ത് വട്ടം വരക്കുമോ? അതോ ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷിലോ "നന്നായിട്ടുണ്ടെ"ന്നു പറയുമോ? അവളെന്തെങ്കിലും പറഞ്ഞാല്‍ അതെന്താണെന്നു ഞാനെങ്ങനെയാണു മനസ്സിലാക്കുക? അവളുടെ ശബ്ദം കേള്‍ക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നതിനുള്ള ഭാഗ്യമുണ്ടാകുമോ? അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ മനസ്സിലേക്കു തള്ളിക്കേറി വന്നു. 

ഒരു ചെറിയ കണ്ണാടിയുണ്ടായിരുന്നതില്‍ വീണ്ടും വീണ്ടും നോക്കി പാന്റ്സിട്ട എനിക്ക് സൗന്ദര്യം പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. 

ഈശ്വരാ, സമയം നീങ്ങുന്നതേയില്ലല്ലോ. 

അന്നുച്ച കഴിഞ്ഞ് ഞാന്‍ കസേരയില്‍ ഇരുന്നതേയില്ല. ഇരിക്കുമ്പോഴാണവള്‍ വരുന്നതെങ്കില്‍ അവളെങ്ങനെ എന്റെ പാന്റ്സ് കാണും? പന്റ്സിട്ടതുമൂലം വര്‍ദ്ധിച്ച എന്റെ സൗന്ദര്യം അവളെങ്ങനെ മനസ്സിലാക്കും? അങ്ങോട്ടും ഇങ്ങോട്ടും നടന്നു തന്നെ വൈകുന്നേരമാക്കി. ഒരു നിമിഷം പോലും എന്റെ കണ്ണുകള്‍ ഗേറ്റില്‍ നിന്നു മാറിയില്ല. 

ഒടുവില്‍, നീണ്ട കാത്തിരിപ്പിന്റെ അവസാനം, നാലു മണി കഴിഞ്ഞപ്പോഴേക്കും അവള്‍ ദൂരെ നിന്നു വരുന്നതു കണ്ടു. പതിവുപോലെ മുഖം താഴ്ത്തി, വലത്തേ തോളിലൂടെ മുന്നിലേക്കിട്ട അഴിച്ചിട്ട മുടി വലതു കൈകൊണ്ട് ഇടക്കിടെ താലോലിച്ചു കൊണ്ടുള്ള അവളുടെ വരവു കണ്ടപ്പോള്‍ എന്റെ ഹൃദയമിടിപ്പിന്റെ ശക്തിയും വേഗതയും നൂറു മടങ്ങു വര്‍ദ്ധിച്ചു. മോഹാലസ്യപ്പെടുമോയെന്നു പോലും ഭയന്നു. 

ഒരു തരത്തിലും അവളെന്നെ കാണാതിരിക്കരുതെന്നു തീര്‍ച്ചപ്പെടുത്തിക്കൊണ്ട് ഞാന്‍ പുറത്തിറങ്ങി നിന്നു. ഒരു വശം തിരിഞ്ഞ് എന്തോ നോക്കുന്നതുപോലെ നിന്നു. അവള്‍ ഗേറ്റു കടന്നതും, ഒന്നുമറിയാത്തതുപോലെ പെട്ടെന്നു തിരിഞ്ഞ് അവളുടെ മുഖത്തേക്കു നോക്കി. 

അവളിപ്പോള്‍ എന്നെ നോക്കും, കാണും, ചിരിക്കും, സംസാരിക്കും, അഭിനന്ദിക്കും ... 

ഒന്നും സംഭവിച്ചില്ല. 

അവള്‍ പതിവുപോലെ എന്നെ തീര്‍ത്തും അവഗണിച്ച് അകത്തേക്കു കടന്നു പോയി. 

ഞാന്‍ തരിച്ചു നിന്നു പോയി. കുറെ നേരത്തേക്ക് എനിക്ക് അനങ്ങാന്‍ പോലും സാധിച്ചില്ല. സീതാദേവിയെ ഭൂമി സ്വീകരിച്ചതുപോലെ ഭൂമി പിളര്‍ന്ന് ഞാന്‍ താണു പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. 

ഈശ്വരാ, എന്റെ മോഹങ്ങള്‍, എന്റെ പ്രതീക്ഷകള്‍, എന്റെ സ്വപ്നങ്ങള്‍, എല്ലാം ഒരു നിമിഷം കൊണ്ടു പൊട്ടിത്തകര്‍ന്നല്ലോ! ഇനിയും ജീവിക്കുന്നതില്‍ തന്നെ എന്തര്‍ഥം?

പിന്നീടു കുറെ ദിവസത്തേക്ക് എനിക്ക് ഒരുത്സാഹവുമില്ലായിരുന്നു. എന്റെ അവസാന ശ്രമവും പരാജയപ്പെട്ട നിലക്ക് ഇനി ഒന്നും ചെയ്യാനില്ലായിരുന്നു. ജീവിതം തന്നെ അര്‍ഥശൂന്യമായി തോന്നിയ ദിവസങ്ങള്‍. 

എന്തിനേറെപ്പറയുന്നു, ഞാന്‍ എട്ടു മാസത്തിനു ശേഷം വൈദ്യശാലയില്‍ നിന്നു പോരുന്നതു വരെ സുന്ദരിക്കുട്ടി എന്നെ ഒന്നു നോക്കുകപോലുമുണ്ടായില്ല! 

പക്ഷെ, അവളുടെ ഇടത്തു കൈയില്‍ മാറോടടുക്കിപ്പിടിച്ച പുസ്തകങ്ങളും കുനിഞ്ഞ മുഖവും വലത്തെ തോളിലൂടെ അലസമായി മുമ്പോട്ടിട്ട നീണ്ട് ഇടതൂര്‍ന്ന മുടിയും ആ മുടിയെ ഇടക്കിടെ തലോടിയിരുന്ന അവളുടെ വലതു കൈയും ഇപ്പോഴും മനസ്സില്‍ ഇടക്കിടെ കടന്നു വരാറുണ്ട്.



12 അഭിപ്രായങ്ങൾ:

  1. ;) :) അടിപൊളിയായിട്ടുണ്ട്
    മറുപടിഇല്ലാതാക്കൂ
  2. ഈ-മെയിലില്‍ കിട്ടിയത്:

    Nannayittundu etta , keep posting , ennile urangi kidanna vayana shelathe veendum unarthan ettsnte post sahayikkunnu

    Thanks a lot
    K.S. Siju
    മറുപടിഇല്ലാതാക്കൂ
    മറുപടികൾ



    1. വളരെ സന്തോഷം, സിജൂ. ഇനിയും വായിക്കുമെന്നും അഭിപ്രായങ്ങള്‍ എഴുതുമെന്നും പ്രതീക്ഷിക്കുന്നു.
      ഇല്ലാതാക്കൂ
  3. aa sundarikutty ippol evideyanu??? pnneede enthu sambhavichu?? :)
    മറുപടിഇല്ലാതാക്കൂ
    മറുപടികൾ



    1. ആവോ, അറിയില്ല. ഇപ്പോള്‍ ഒരു മുത്തശ്ശിയായിട്ടുണ്ടാവും, തീറ്ച്ച. ഒരു പക്ഷേ കൊച്ചുമക്കളോട് പണ്ട് പദം സിങ് റോഡിലെ ആ വീടിനെപ്പറ്റിയും അവിടുത്തെ ഗരാജിനെപ്പറ്റിയും അതിലുണ്ടായിരുന്ന വൈദ്യശാലയെപ്പറ്റിയും അതു കുറച്ചുനാള്‍ നോക്കി നടത്തിയിരുന്ന ഒരു മണ്ടന്‍ മദ്രാസ്സിയെപ്പറ്റിയും പറഞ്ഞു ചിരിക്കുണ്ടാവും. അതോ ഇനി അവരും സ്വന്തം ബ്ലോഗില്‍ ആ അനുഭവം പോസ്റ്റ് ചെയ്തിട്ടുണ്ടാവുമോ?
      ഇല്ലാതാക്കൂ
  4. ഈ-മെയിലില്‍ കിട്ടിയത്:

    കൊച്ചു സുന്ദരി ചമഞ്ഞുവന്ന നീ
    നൃത്തമാടി നടകൊണ്ടതെൻ മനേ
    ചിത്തമങ്ങനെ മതീമയങ്ങി മന-
    മെങ്ങനെന്റെയിളകാതിരിപ്പതു

    ഇത്തരത്തിലൊരുപാടു സുന്ദര
    സ്വപ്നമങ്ങിനെ നിറഞ്ഞ നിൻ മനം
    ഇത്തരത്തിലിതുപോലെ തൂലികാ
    തത്വമാക്കിയതുമെന്റെ വിസ്മയം

    omy
    മറുപടിഇല്ലാതാക്കൂ
    മറുപടികൾ



    1. ഇത്തരത്തിലൊരു പാട്ടു നീ കുറി-
      ച്ചിങ്ങയച്ചതിലെനിക്കു കൗതുകം
      ഒട്ടുമേ മടിക്കാതെ ഞാന്‍ കുറി-
      ക്കുന്നതൊക്കെയിനിയും പഠിക്കണം

      നന്മകള്‍ മാത്രമല്ലിതിന്നുള്ളി-
      ലുള്ള മോശമായോരു കാര്യവും
      കാര്യമായി വിവരിച്ചിടുന്നഭി-
      പ്രായമിങ്ങു പറയാന്‍ മടിക്കൊലാ.
      ഇല്ലാതാക്കൂ

31 അഭിപ്രായങ്ങൾ:

  1. Sreekumar Varathra
    പ്രചോദനപരവും പ്രകോപനപരവുമായ എഴുത്താണ് ഇത്. മറ്റുള്ളവരുടെ മനസ്സിൽ ഇതേപോലുള്ള അനുഭവങ്ങളുടെ ഓർമ്മയെ പ്രചോദിപ്പിക്കും, പിന്നെ അതെങ്ങാനും ഉറക്കെ പറഞ്ഞാൽ ഭാര്യയെ പ്രകോപിപ്പിക്കും!
    ന്നാലും, ഷ്ടായീ ട്ടോ! 😍

    മറുപടിഇല്ലാതാക്കൂ
  2. Omy Malliyoor
    കൊച്ചുസുന്ദരി ചമഞ്ഞു വന്ന നീ
    നൃത്തമാടിനടകൊണ്ടതെൻ മനേ
    ചിത്തമങ്ങനെ മതീമയങ്ങിമന-
    മെങ്ങനെന്റെയിളകാതിരിപ്പതും
    ഇത്തരത്തിലൊരൂപാടു സുന്ദര
    സ്വപ്നമങ്ങനെ നിറഞ്ഞ നിൻമനം
    ഇത്തരത്തിലിതുപോലേ
    തൂലികാതത്വമാക്കി
    യതുമെന്റെ വിസ്മയം
    മള്ളിയൂർ ഓമി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തരത്തിലൊരു പാട്ടു നീ കുറി-
      ച്ചിങ്ങയച്ചതിലെനിക്കു കൗതുകം
      ഒട്ടുമേ മടിക്കാതെ ഞാന്‍ കുറി-
      ക്കുന്നതൊക്കെയിനിയും പഠിക്കണം
      നന്മ മാത്രമല്ലീ കുറിപ്പുകൾക്കു-
      ള്ളിലുള്ള പൊളിയായ കാര്യവും
      കാര്യമായി വിവരിച്ചിടുന്നഭി-
      പ്രായമിങ്ങു പറയാന്‍ മടിക്കൊലാ

      ഇല്ലാതാക്കൂ
    2. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ചിറ്റയുടെ മകനും

      ഇല്ലാതാക്കൂ
    3. സർട്ടിഫിക്കറ്റിൽ ഓമനക്കുട്ടൻ. ശരിക്കുള്ള പേര് പരമേശ്വരൻ. ഭഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ അനുജന്റെ മകൻ.

      ഇല്ലാതാക്കൂ

  3. Meetna Jathavedan
    റൊമാന്റിക് കാലത്തെ ഓർമ്മകൾ തുടരുക. അങ്ങിനെ ഒരു വൈദ്യശാല ഉണ്ടെന്നറിഞ്ഞിരുന്നില്ല . ഞാൻ കൈലാസ കോളണിയിലും ഈ ബ്ലോക്ക്‌ ജികെ 2 വിലും കുറേകാലം താമസിച്ചട്ടുണ്ട്.
    ഓർമയുണ്ട് ജയന്തനെ കാണുന്നതുതന്നെ അരപ്പനാട് കൃഷ്ണന്റെ കൂടെ saranshile ente flatil ഗായത്രിയിലേക്ക് മെമ്പർ ആക്കാൻ വന്നപ്പോളാണ്. ഒരുപാട് വർഷമായി.
    ഇഷ്ടമായി താങ്കളുടെ വിവരണങ്ങൾ
    ഞാൻ എന്റെ കാര്യം ഓർമിച്ചു അത്രമാത്രം
    Wish you health and happiness

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി, ഏട്ടാ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ആ വൈദ്യശാല ഇപ്പോൾ ഇല്ല. ഞാൻ വിട്ടു കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിഞ്ഞപ്പോൾ അതു നിർത്തി. പിന്നെ ഇതൊന്നും റൊമാൻറിക് ഓർമ്മകളൊന്നും അല്ല. ഞാൻ വൈദ്യശാലയിൽ ജോലി ചെയ്തതും അവിടെ അങ്ങനെ ഒരു കുട്ടി ഉണ്ടായിരുന്നു എന്നതും പാൻറ്സ് വാങ്ങിച്ചതും മാത്രം വസ്തുതകൾ. ബാക്കിയെല്ലാം ഭാവന!

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. നന്ദി, ജിതിൻ. 🙏🙏 ഓർമ്മകൾ 10 ശതമാനമേയുള്ളൂ, ബാക്കിയെല്ലാം വെറും പുക!😃😃

      ഇല്ലാതാക്കൂ
  5. Suresh Pazhoor
    യൗവ്വനത്തിന്റെ പ്രസരിപ്പും ഓർമ്മകളും ഇപ്പോഴും വരികളിൽ നിറയുന്നു.

    മറുപടിഇല്ലാതാക്കൂ
  6. Paruthipra Sankaranarayanan
    അവൾ മുഖത്തു നോക്കി സംസാരിച്ചിരുന്നെങ്കിൽ പിന്നീട് ജയശ്രീയെ കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വരുമായിരുന്നില്ല അല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ഇതിൽ ഞാൻ അവിടെ ജോലി ചെയ്തിരുന്നതും, അങ്ങനെ ഒരു പെൺകുട്ടി ഉണ്ടായിരുന്നതും പാൻറ്സ് വാങ്ങിച്ചതും വസ്തുതകൾ. ബാക്കിയെല്ലാം ഇതെല്ലാം കൂട്ടിക്കുഴച്ച ഭാവന!😀😀

      ഇല്ലാതാക്കൂ
    2. ഇതിൽ ഞാൻ അവിടെ ജോലി ചെയ്തിരുന്നതും, അങ്ങനെ ഒരു പെൺകുട്ടി ഉണ്ടായിരുന്നതും പാൻറ്സ് വാങ്ങിച്ചതും വസ്തുതകൾ. ബാക്കിയെല്ലാം ഇതെല്ലാം കൂട്ടിക്കുഴച്ച ഭാവന!😀😀

      ഇല്ലാതാക്കൂ

  7. Narayanan KP
    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായ മനസ്സിന്റെ ഭാവങ്ങൾ - സൃഷ്ടിയുടെ ചേഷ്ടകൾ! ഭംഗിയായി വരച്ചു കാണിച്ചിട്ടിണ്ട്. പ്രായം അതല്ലേ! സാധാരണം മാത്രം. ഇന്റെറെസ്റ്റിംഗ് റീഡിങ്.

    മറുപടിഇല്ലാതാക്കൂ
  8. Thulasi Madhavan
    രസകരമായി എഴുതിയിരിക്കുന്നു ..... അഭിനന്ദനങ്ങൾ..... ML stories കീ ജെയ്

    മറുപടിഇല്ലാതാക്കൂ
  9. PK Krishnan Aniyan Namboodiri
    വളരെ നന്നായിട്ടുണ്ട്, ജയന്തനേട്ട. ലളിതമായ ശൈലിയിൽ കാലത്തെ പുറകോട്ടു നയിക്കുന്നു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  10. Padmanabhan Namboodiri
    മുഖത്തു മാത്രമല്ല....
    കുളത്തേക്കാൾ പൊട്ടക്കുളം...
    അവളെപ്പറ്റിയല്ല, പാൻറിെനെപ്പറ്റി...
    എം.എൽ.എ പദവി....
    വാക്കു കൊണ്ട് സൃഷ്ടിച്ച സുന്ദരി ....
    എല്ലാം നന്നായി ബോധിച്ചു.
    സൂരി നമ്പൂരിയാവാനും തോഴിയെയെങ്കിലും തരപ്പെടുത്താനും തോന്നി.

    മറുപടിഇല്ലാതാക്കൂ