2020, ജൂൺ 22, തിങ്കളാഴ്‌ച

വെളുപ്പ്


അച്ഛൻ രാജാവ്. ഞാൻ രാജകുമാരൻ. ഈ ദ്വീപ് രാജകൊട്ടാരം. തരുലതാദികൾ ഉറ്റ സുഹൃത്തുക്കൾ. ഈ ദ്വീപ് സർവ്വ തന്ത്ര സ്വതന്ത്രമാണ്. ഇതിനു ഭിത്തികളില്ല, വാതിലുകളില്ല, ജനാലകളില്ല. തുറസ്സായ ഒരു ഭൂപ്രദേശം.

ഒരു ദിവസം അയാൾ വന്നു. അലക്ഷ്യമായ വേഷം, വെറുപ്പു സ്ഫുരിക്കുന്ന മുഖഭാവം, കത്തുന്ന കണ്ണുകൾ, പാറിപ്പറന്ന മുടി. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചാടിക്കടിക്കുന്നതുപോലെ ഒരു ചോദ്യം, "എന്താണീ വാതിലുകളിലെല്ലാം കറുത്ത ചായം പൂശിയിരിക്കുന്നത്? വേറെ നിറങ്ങളൊന്നുമില്ലേ ദ്വീപിൽ?"

അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ടു നടന്നു പോയി, അച്ഛനെ കണ്ട് എന്തോ സങ്കടം ഉണർത്തിക്കാൻ. എൻറെ മറുപടി അയാൾ പ്രതീക്ഷിച്ചതു തന്നെ ഇല്ലെന്നു തോന്നി.

അയാൾ പോയി ഏറെ നേരം കഴിഞ്ഞാണു ഞാൻ ഞെട്ടലിൽ നിന്നും മുക്തനായത്. "വാതിൽ", "ചായം", "കറുപ്പ്", എനിക്കൊന്നും മനസ്സിലായില്ല. എന്താണയാൾ പറഞ്ഞത്? ആരാണയാൾ? ദ്വീപിൽ ഒരിടത്തും ഒരു വാതിലും ഞാൻ കണ്ടിട്ടില്ല. ദ്വീപിലേക്കു പ്രവേശിക്കാനും വാതിലുകൾ ഒന്നുമില്ലല്ലോ. പിന്നെ, ഏതു വാതിലിനെപ്പറ്റിയാണ്  അയാൾ പറഞ്ഞത്? എവിടെയാണ് കറുത്ത ചായമടിച്ച വാതിൽ?

കുറെ ദിവസങ്ങൾ കഴിഞ്ഞു. എല്ലാം സാധാരണ രീതിയിൽ തന്നെ ആയിരുന്നെങ്കിലും കറുത്ത വാതിലിൽ കൂടി വന്നയാളെ മറക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു യുവതി വന്നു, ശൃംഗാരത്തിൽ കുളിച്ച്, കൃത്രിമ സൗന്ദര്യത്തിൻറെ മൂർത്തി.

ഒരു ശൃംഗാര ചിരിയോടെ അവർ  പറഞ്ഞു, "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണു പച്ച. ആ നിറം തന്നെ ഇവിടുത്തെ വാതിലുകൾക്കൊക്കെ അടിച്ചിരിക്കുന്നു. അതു നന്നായി." അവർ ശൃംഗാര ചിരിയോടെ നടന്നു നീങ്ങി, അച്ഛനെ കാണാൻ.

അന്നും ഞാൻ അമ്പരന്നു കുറെ നേരം ഇരുന്നു പോയി. വീണ്ടും വാതിലുകളും നിറവും. ഇത്തവണ കറുപ്പല്ല, പച്ച.

പിന്നീട് വാതിലിൽ കൂടി സന്ദർശകർ വരുന്നതു പതിവായി. പല നിറത്തിലുള്ള വാതിലുകൾ - നീല, മഞ്ഞ, ചെമപ്പ്, അങ്ങനെ പലതും. എൻറെ അത്ഭുതം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഒരൊറ്റ വാതിൽ പോലും കാണാൻ എനിക്കു കഴിഞ്ഞില്ല.

നിറമുള്ള വാതിലിൽ കൂടി വന്ന ചിലർ നിറമുള്ള വാതിലിൽ കൂടി തന്നെ തിരിച്ചു പോകാനും തുടങ്ങി. ചിലർ വന്നതു കറുത്ത വാതിലിൽ കൂടി എങ്കിൽ പോയതു നീലയിൽ കൂടി. ചിലർ മറിച്ചും. കറുത്ത വാതിലിൽ കൂടി പല പ്രാവശ്യം കയറിയിറങ്ങിയ ചിലരുടെ നിറം തന്നെ കറുപ്പായി മാറി. കറുത്ത നിറമുള്ളവർ കുറെ നാൾ കഴിഞ്ഞപ്പോൾ അപ്രത്യക്ഷരായി തുടങ്ങി. അവരെ പിന്നീടു കണ്ടിട്ടില്ല.

പച്ച നിറമുള്ള വാതിലിൽ കൂടി ധാരാളം കയറിയിറങ്ങിയ ചിലരുടെ നിറം പച്ചയായി. പച്ചയല്ലാതെ മറ്റൊന്നും അവർക്കു കാണാതായി.

എനിക്ക് ദുരൂഹവും ദുഷ്പ്രാപ്യവുമായ വാതിലുകളിൽ കൂടി സന്ദർശകർ വരുന്നതും പോകുന്നതും പതിവായി. ഒരു ദിവസം എനിക്ക് തോന്നി, ഒരു പക്ഷെ വെളിയിൽ നിന്നു വരുന്നവർക്കു മാത്രമേ ഈ വാതിലുകൾ ദൃശ്യമാവുകയുള്ളൂ എന്നായിരിക്കും. വെളിയിൽ പോയാൽ ഒരു പക്ഷെ എനിക്കും ഈ വാതിലുകൾ ദൃശ്യമായേക്കാം. ഇക്കാര്യം വെളിയിൽ പോയി പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

എൻറെ ഭാവം മനസ്സിലാക്കിയിട്ട് വയോധികനായ ഒരു ഭടൻ എന്നെ ഉപദേശിച്ചു, "പുറത്തു പോകരുത്, പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല."

എൻറെ ചിന്താക്കുഴപ്പം മനസ്സിലാക്കി അയാൾ തുടർന്നു, "ഈ ദ്വീപിൽ ജനിക്കുന്നവർ ഒരിക്കൽ മാത്രമേ പുറത്തു പോകുകയുള്ളു, മരിക്കുമ്പോൾ. അതുപോലെ തന്നെ പുറത്തുള്ളവർക്ക് ഇവിടെ ഒരു ദിവസം പോലും താമസിക്കാനും പറ്റില്ല."

“അച്ഛൻ എത്രയോ തവണ പുറത്തു പോകുന്നതു ഞാൻ കണ്ടിരിക്കുന്നു," ഞാൻ പറഞ്ഞു.

അയാൾ പറഞ്ഞു, "അച്ഛൻറെ കാര്യം വേറെയാണ്. അദ്ദേഹം മഹാരാജാവാണ്, മരണത്തെ അതിജീവിച്ചവനാണ്."

എൻറെ സംശയം തീർത്തും മാറിയില്ലെങ്കിലും പുറത്തു പോകാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറി.

വിവിധ നിറത്തിലുള്ള വാതിലുകളിൽ കൂടി പിന്നീടും പലരും വരികയും പോകുകയും ചെയ്തു. എനിക്കൊരു കാര്യം അത്ഭുതമായി തോന്നി. ഒരാൾ പോലും വെളുത്ത നിറമുള്ള വാതിലിൽ കൂടി കടന്നില്ല. ആരും ആ നിറത്തിൻറെ കാര്യം സൂചിപ്പിക്കുക പോലും ചെയ്തില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമായിരുന്നു താനും വെളുപ്പ്.

ഒരാളെങ്കിലും വെളുത്ത വാതിലിൽ കൂടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. വരണമേയെന്നു മോഹിച്ചു. താൻ ഏതു വാതിലിൽ കൂടിയാണ് കടന്നതെന്നു സ്വയം പറയാത്ത ചിലരോട് ഞാൻ അങ്ങോട്ടു ചോദിക്കാൻ ആരംഭിച്ചു. കറുപ്പ്, ചെമപ്പ്, പച്ച, നീല, ... ഇങ്ങനെ അനേകം പ്രതികരണങ്ങൾ ലഭിച്ചു. വെളുപ്പ് എന്നു മാത്രം ആരും പറഞ്ഞില്ല.

എൻറെ കാത്തിരിപ്പ് ഒരു ലഹരി പോലെ ആയി. ആരെങ്കിലും ഒരിക്കലെങ്കിലും വെളുത്ത വാതിലിൽ കൂടി കടന്നു വരാൻ ഞാൻ അതിയായി ആഗ്രഹിച്ചു.

ഋതുക്കൾ മാറി മാറി വന്നു, അച്ഛൻറെ സന്ദർശകരും. പലർക്കും പ്രായമേറി, പുതിയ പരാതിക്കാർ വന്നു. എല്ലാവരും നിറമുള്ള വാതിലുകളിൽ കൂടി കടന്നു. പച്ച, ചെമപ്പ്, കറുപ്പ്, അങ്ങനെ പലതും. വെള്ള വാതിൽ മാത്രം ആരും കണ്ടില്ല. അതിനെപ്പറ്റി ആരും ഒന്നും പറഞ്ഞുമില്ല.

എൻറെ തപസ്യ തുടർന്നു, വെളുപ്പിനു വേണ്ടിയുള്ള തപസ്യ. എനിക്കു പ്രായമേറി. ദേഹം ക്ഷീണിച്ചു, പല്ലുകൾ കൊഴിഞ്ഞു, ജരാനരകൾ ബാധിച്ചു. പക്ഷെ ആരും വെളുത്ത വാതിൽ കണ്ടില്ല.

എനിക്കു വെളിയിൽ പോയി നോക്കാനുള്ള ധൈര്യം കൈ വരിക്കാൻ കഴിഞ്ഞില്ല. എനിക്കു മുന്നറിയിപ്പു തന്ന ഭടൻ മരിച്ചു മണ്ണടിഞ്ഞിരുന്നു, എങ്കിലും. അദ്ദേഹം പറഞ്ഞതു ശരിയാണെങ്കിലോ?

എനിക്കു പ്രായം കൂടിക്കൊണ്ടിരുന്നു. ചലനശക്തി ക്ഷയിച്ചു, സംസാരിക്കാൻ വയ്യാതെയായി, കണ്ണിൻറെ കാഴ്ച നശിച്ചു. ഒടുവിൽ ഒരു ദിവസം ദേഹിയും ദേഹവും വേർപിരിഞ്ഞു. എൻറെ തപസ്യ അവസാനിച്ചു. ആത്മാവ് വാനിലേക്കുയർന്നു.

എൻറെ ദേഹം ദ്വീപിനു പുറത്തേക്കു കൊണ്ടുപോകുന്നത് ആത്മാവ് അറിഞ്ഞു. ഞാൻ ആനന്ദം കൊണ്ടു തുള്ളിച്ചാടി. എൻറെ ദേഹം വെളിയിലേക്കു കൊണ്ടുപോയത് അതിമനോഹരമായ ഒരു കൂറ്റൻ വെളുത്ത വാതിലിൽ കൂടിയായിരുന്നു.

എൻറെ കാത്തിരിപ്പു സഫലമായതിൽ അതിയായ കൃതാർത്ഥത തോന്നി.

2020, ജൂൺ 13, ശനിയാഴ്‌ച

വിചിത്ര ജീവി

The English version of this story can be read here.

(ശാരീരിക വൈകല്യമുള്ള കുട്ടികളുടെ അമ്മമാർക്കു വേണ്ടി ഈ കഥ സമർപ്പിക്കുന്നു.)

ഞാൻ ജനിച്ചപ്പോൾ തന്നെ ഒരു വിചിത്ര ജീവി ആയിരുന്നു. 'ജന്തു' എന്നാണ് അച്ഛൻ എന്നെ വിളിച്ചിരുന്നത്. എൻറെ വളഞ്ഞു കുത്തിയ കാലുകൾക്ക് സ്വയം നിൽക്കാൻ പോലും ശക്തിയില്ലായിരുന്നു, അപ്പോൾ പിന്നെ എൻറെ ദേഹത്തിൻറെ ഭാരം ചുമക്കുന്ന കാര്യം പറയണോ? എൻറെ കയ്യുകളും വികൃത രൂപത്തിലായിരുന്നു. മനസ്സു പറയുന്ന കാര്യങ്ങൾ ചെയ്യാൻ അവയ്ക്ക് ആകുമായിരുന്നില്ല. എനിക്കു സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. വളരെ അവ്യക്തമായ ചില ശബ്ദങ്ങൾ മാത്രം പുറപ്പെടുവിച്ചിരുന്നു. അതെൻറെ അമ്മക്കു മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ. ചിലപ്പോൾ അമ്മയും ബുദ്ധിമുട്ടിയിരുന്നു എൻറെ ആശയം ഗ്രഹിക്കാൻ. ഞാൻ നേരെ നോക്കുമ്പോൾ കാണുന്നവർ വിചാരിക്കും വശത്തേക്കു നോക്കുന്നു എന്ന്. വശത്തേക്കു നോക്കിയാൽ നേരെ നോക്കുന്നു എന്നു വിചാരിക്കും. അപ്പോൾ പിന്നെ ഞാനൊരു വിചിത്ര ജീവി തന്നെയല്ലേ?

ആദ്യകാലത്തൊക്കെ എന്നെ നോക്കി പരിപാലിക്കാൻ അച്ഛനമ്മമാർ ഒരു ആയയെ നിയമിച്ചിരുന്നു. എന്നാൽ ചില വർഷങ്ങൾക്കു ശേഷം സ്വന്തം കൊച്ചുമക്കളെ നോക്കാൻ വേണ്ടി അവർ പോയി. എനിക്കപ്പോൾ അഞ്ചു വയസ്സായിരുന്നു. എൻറെ അഞ്ചാം പിറന്നാൾ ആഘോഷിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. അയൽപക്കത്തുള്ള എല്ലാ കുട്ടികളെയും ആഘോഷത്തിൽ പങ്കെടുക്കാൻ അമ്മ ക്ഷണിച്ചിരുന്നു. പക്ഷെ വന്നത് മൂന്നു കുട്ടികൾ മാത്രം. ഒരു വിചിത്ര ജന്തുവിന് 'സന്തോഷകരമായ പിറന്നാൾ' ആശംസിക്കാൻ ആരാണ് ഇഷ്ടപ്പെടുക? പിന്നീട് ഒരിക്കലും എൻറെ പിറന്നാളിന് അമ്മ ആരെയും ക്ഷണിച്ചിട്ടില്ല.

എന്നെ നോക്കിയിരുന്ന ആയ പോയതിനു ശേഷം മറ്റൊരു ആയയെ കിട്ടാൻ അമ്മ വളരെ ശ്രമിച്ചു. പക്ഷെ ആരും വരാൻ തയ്യാറായിരുന്നില്ല. ഇവിടെ കിട്ടുന്നത്ര ശമ്പളം ഇത്രയുമൊന്നും ജോലി ചെയ്യാതെ മറ്റു പലയിടത്തും കിട്ടുമെന്നുള്ളപ്പോൾ പിന്നെ എന്നെപ്പോലെയുള്ള ഒരു ജീവിയെ ശുശ്രൂഷിക്കാൻ അവരെന്തിനു വരണം? എൻറെ എല്ലാക്കാര്യങ്ങളും അവർ ചെയ്യേണ്ടിയിരുന്നു. കക്കൂസിലുൾപ്പെടെ എങ്ങോട്ടു പോകണമെങ്കിലും എടുത്തുകൊണ്ടു പോകണം, കുളിപ്പിക്കണം, വസ്ത്രം ധരിപ്പിക്കണം, ആഹാരം കഴിപ്പിക്കണം, അങ്ങനെ എല്ലാം. പിന്നെ, ഞാൻ വളരുകയുമായിരുന്നല്ലോ. അതുകൊണ്ട് ആരും വന്നില്ല. ആദ്യം കുറെ മാസങ്ങൾ അമ്മ അവധിയെടുത്തു. പിന്നെ എൻറെ കാര്യങ്ങൾ നോക്കാൻ വേണ്ടി ജോലി തന്നെ രാജി വച്ചു.

ആയിടക്കാണ് ആദ്യമായി അച്ഛനും അമ്മയും തമ്മിൽ എന്നെച്ചൊല്ലി ചില അസ്വാരസ്യങ്ങൾ ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയത്. ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഒരു ദിവസം ഞാൻ ഉണർന്നത്. അവർ എന്തോ കാര്യത്തിനു വേണ്ടി വഴക്കിടുകയായിരുന്നു.

അച്ഛൻ ചോദിച്ചു, "ഇതെത്ര നാൾ ഇങ്ങനെ തുടരാൻ പറ്റും?" അവർ കുറച്ചു സമയമായി സംസാരിക്കയായിരുന്നു എന്നു വ്യക്തം.

അമ്മ ചോദിച്ചു, "എത്ര നാളെന്നു വച്ചാൽ? നമുക്കു പറ്റുന്നിടത്തോളം കാലം."

"നിനക്ക് ഒരു ആയയെ വച്ചുകൂടേ? എന്നിട്ടു നീ വീണ്ടും ജോലിക്കു പോയി തുടങ്ങൂ. ഈ ജന്തുവിനു വേണ്ടി നിൻറെ ജീവിതം നശിപ്പിക്കണോ?”

"ജന്തുവോ?" അമ്മ ഉറഞ്ഞു തുള്ളി. "അവൻ നമ്മുടെ മോനാണ്. അവനെ എനിക്കു പറ്റുന്നിടത്തോളം കാലം ഞാൻ പരിചരിക്കും. ഒരു ആയയെ ഞാൻ അന്വേഷിച്ചില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? ആർക്കും താല്പര്യമില്ല."

"അതെ, ഇത്തരമൊരു സാധനത്തിനെ നോക്കാൻ ആർക്കാണു താൽപര്യം ഉണ്ടാവുക?" എന്നോടുള്ള വെറുപ്പു മുഴുവൻ ആ വാക്കുകളിൽ പ്രകടമായിരുന്നു.

കുറെ സമയത്തേക്ക് ഒച്ചയൊന്നും കേട്ടില്ല. പിന്നെ, അൽപ്പം പതിഞ്ഞ സ്വരത്തിൽ, ചിന്തിച്ചുറപ്പിച്ച പോലെയുള്ള ഒരു നിർദ്ദേശം ഞാൻ കേട്ടു. അച്ഛൻ പറഞ്ഞു, "ശരി. നമുക്ക് പ്രായോഗികമായി ചിന്തിക്കാം. കേൾക്കുമ്പോൾ ഉടനെ തൊള്ള തുറക്കരുത്."

"പറഞ്ഞോളൂ", അമ്മ.

"നമ്മൾ ഇവനെ കൊണ്ടുപോയി കാണിക്കാത്ത ഒരു ഡോക്ടറോ ആസ്പത്രിയോ ഇല്ല. എല്ലാവരും പറഞ്ഞത് ഒന്നു തന്നെ. അവൻറെ മരണം വരെ  അവന് ഇങ്ങനെ തന്നെ ജീവിക്കേണ്ടി വരും. ശരിയല്ലേ?"

"അതെ, അതുകൊണ്ട്?"

"ങും, ... നമ്മൾ ആ ദിവസം ഇങ്ങോട്ട് അടുപ്പിച്ചാലോ?"

"എന്താണ് നിങ്ങൾ പറയുന്നത്? എനിക്കു മനസ്സിലാകുന്നില്ല," അമ്മയുടെ ശബ് ദത്തിലെ ബീഭത്സത ഞാൻ തിരിച്ചറിഞ്ഞു. അമ്മയുടെ ശബ് ദം ഇത്ര കടുപ്പിച്ച് ഞാനൊരിക്കലും കേട്ടിട്ടില്ല.

"അവനെ ... അവനെ ... ശാന്തമായി മരിക്കാൻ അനുവദിച്ചാലോ?"

ലോകം കീഴ്മേൽ മറിഞ്ഞതായി എനിക്കു തോന്നി. ഞാൻ ഒരു വികൃത ജീവിയോ ജന്തുവോ എന്തുമാകട്ടെ, പക്ഷെ കാണാനും കേൾക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും ഉള്ള  എൻറെ കഴിവിൻറെ ആരോഗ്യത്തിന് ഒരു കുറവുമില്ല. അദ്ദേഹം എന്താണ് നിർദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ദൈവമേ, എന്നെ കൊല്ലാനാണ് അച്ഛൻ പറയുന്നത്! ഈശ്വരാ, ഞാൻ അത്ര വലിയ ഒരു ഭാരമാണോ? അങ്ങനെ ആണെങ്കിൽ തന്നെ അതെൻറെ കുറ്റമാണോ? എനിക്കെന്തു ചെയ്യാൻ കഴിയും?

പെട്ടെന്ന് ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങളുടെയും അലർച്ചയുടേയും ശബ് ദങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചു. അമ്മക്ക് അങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പല്ലും നഖവും ഉപയോഗിച്ച് അമ്മ അച്ഛനെ എതിർത്തു. എങ്കിൽ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാം എന്നായി അച്ഛൻ. അമ്മ ഒന്നിനും സമ്മതിച്ചില്ല. എങ്കിൽ പിന്നെ എന്നെപ്പോലെ വൈകല്യമുള്ള കുട്ടികളെ നോക്കുന്ന ഏതെങ്കിലും സ്ഥലത്തു കൊണ്ടുപോയി വിടാം എന്നായി  അച്ഛൻ. അതും അമ്മ സമ്മതിച്ചില്ല. തനിക്കു പറ്റുന്നിടത്തോളം കാലം അവനെ താൻ തന്നെ നോക്കുമെന്ന തീരുമാനത്തിൽ അമ്മ ഉറച്ചു തന്നെ നിന്നു.

പിന്നീടും മിക്ക ദിവസങ്ങളിലും വക്കാണങ്ങൾ കേൾക്കാറുണ്ടായിരുന്നു. വിവാഹ മോചനത്തെപ്പറ്റിയും ഇടയ്ക്കു സംസാരമുണ്ടായി. അതെന്താണെന്നു അന്നെനിക്ക് മനസ്സിലായില്ല. എൻറെ അഞ്ചാം പിറന്നാളിനു ശേഷം കുറെ ദിവസം കഴിഞ്ഞ് ഒരു ദിവസം അച്ഛൻ വീടു വിട്ടു പോയി. പിന്നെ വന്നിട്ടില്ല.

അമ്മ ആകെ തകർന്നു പോയി. എന്നെ നോക്കാൻ വേണ്ടി അമ്മ നേരത്തെ തന്നെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ അച്ഛൻറെ സാമീപ്യവും സാമ്പത്തിക സുരക്ഷിതത്വവും നഷ്ടപ്പെട്ടു. അമ്മക്കു സ്വന്തം കാര്യം മാത്രമല്ല, എൻറെ കാര്യവും കൂടി നോക്കണമായിരുന്നല്ലോ. എന്നെ കാണാനുള്ള ബുദ്ധിമുട്ടു കൊണ്ട് ബന്ധുക്കൾ ആരും തന്നെ വീട്ടിൽ വരാതായിട്ടു കുറെ നാളുകളായി. എൻറെ ജനനത്തിനു ശേഷം അമ്മയും അച്ഛനും ബന്ധുക്കളുടെ അടുത്തും പോയിട്ടില്ല. തീർത്തും ഒറ്റപ്പെട്ടുപോയി എന്ന് അമ്മയ്ക്കു തോന്നിയ നിമിഷങ്ങൾ. നിസ്സഹായത മൂലം വീർപ്പു മുട്ടിയ നിമിഷങ്ങൾ.

അമ്മക്ക് ചെയ്തിരുന്ന ജോലിയിൽ നിന്നു കിട്ടിയിരുന്ന പെൻഷൻ വളരെ തുച്ഛമായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അതു മതിയാകുമായിരുന്നില്ല. അമ്മ പിന്നെ കിട്ടുന്ന പണികളൊക്കെ ചെയ്യാൻ തുടങ്ങി, കുറച്ചെങ്കിലും പണമുണ്ടാക്കാൻ. വീടിൻറെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തു. അതിൻറെ വാടക അൽപ്പം ആശ്വാസം തരുമല്ലോ എന്ന് ചിന്തിച്ചു. 

വാടകക്കാർ താമസം തുടങ്ങിയതിനു ശേഷം ആദ്യമായി വീട്ടിൽ വന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു, അച്ഛനും അമ്മയും പിന്നെ എൻറെ അത്ര തന്നെ പ്രായമുള്ള മകനും. എന്നെ കാണാൻ എന്റെ മുറിയിലും അവർ വന്നിരുന്നു. എൻറെ നേരെ അവർ ഒന്നേ നോക്കിയുള്ളു, പെട്ടെന്നു തന്നെ മുഖം തിരിച്ചു. ഒരു വല്ലാത്ത ഭാവത്തോടെ അവർ ഇറങ്ങി പോകുകയും ചെയ്തു. എന്നെ കണ്ട് ആ കുട്ടി പേടിച്ചെന്നു തോന്നുന്നു. അതിനുശേഷം അവർ ഒരിക്കലും എൻറെ മുറിയിൽ വന്നിട്ടില്ല.

രണ്ട്

ഞാൻ വളർന്നു കൊണ്ടിരുന്നു. കാലുകളും കൈയ്യുകളും വികൃതമായിരുന്നെങ്കിലും ദേഹത്തിൻറെ വളർച്ചക്കോ ഭാരത്തിനോ ഒരു കുറവുമുണ്ടായിരുന്നില്ല. അമ്മക്ക് എന്നെ എടുത്തുകൊണ്ടു പോകുവാൻ ബുദ്ധിമുട്ടായി തുടങ്ങി. അതുകൊണ്ട് അമ്മ എനിക്കുവേണ്ടി ഒരു ചക്രകസേര വാങ്ങിച്ചു. ഏറെ നാളത്തെ പരിശ്രമവും നിരന്തര പരിശീലനവും കൊണ്ട് ഒടുവിൽ ഞാൻ കസേരയിൽ ഇരിക്കാൻ പഠിച്ചു. അന്നെനിക്ക് സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു. ഞാൻ ചക്ര കസേരയിൽ ഇരുന്നു!  ഇനി ജനാലക്കടുത്തു പോയിരിക്കാനും പുറത്തെ കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും.

ജനാലയിൽ കൂടി ചെടികളെയും പക്ഷികളെയും റോഡിൽ കൂടി പോകുന്ന മനുഷ്യരെയും വാഹനങ്ങളും മറ്റും നോക്കിക്കൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയുകയില്ല. മുമ്പ് കട്ടിൽ ജനാലയ്ക്ക് സമീപം ഇട്ടിരുന്നാൽ ആകാശവും മേഘങ്ങളും പറക്കുന്ന പക്ഷികളേയും മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു.  എൻറെ അമ്മ ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണെന്നതിൽ ഒരു സംശയവും ഇല്ല.

നിരന്തരമായ, കൃത്യമായ വ്യായാമം കൊണ്ടു മാത്രമേ എൻറെ തളർന്നിരിക്കുന്ന അവയവങ്ങൾക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുള്ളൂ എന്നറിയാമായിരുന്നു. അതുകൊണ്ട് അമ്മ എന്നെ പതിവായി വ്യായാമം ചെയ്യിക്കുമായിരുന്നു. കൈകൾക്കും കാലുകൾക്കും, കണ്ണുകൾക്കും കൂടാതെ സംസാരിക്കുന്നതിനുള്ള വ്യായാമവും ഉണ്ടായിരുന്നു. നിരന്തര പരിശ്രമത്തിനു ശേഷവും കാര്യമായ പ്രയോജനം കാണാത്തതുകൊണ്ട് ഞാൻ പലപ്പോഴും നിരാശനായിരുന്നു. എങ്കിലും വ്യായാമം ഒരിക്കലും നിർത്തിയില്ല, നിർത്താൻ അമ്മ സമ്മതിക്കുമായിരുന്നില്ല. ഒരു ദിവസം എൻറെ കൈകളും കാലുകളും തലച്ചോറിനെ അനുസരിക്കുമെന്നു തന്നെ അമ്മ ഉറച്ചു വിശ്വസിച്ചു. പല മാസങ്ങളിലെ തുടർച്ചയായ പരിശ്രമത്തിന് സാവധാനം ഫലം കണ്ടു തുടങ്ങി. കൈകാലുകളുടെ ചലനം അൽപ്പാപ്പം വ്യത്യാസപ്പെട്ടു തുടങ്ങി. ചുരുക്കം ചില വാക്കുകൾ സംസാരിക്കാനും തുടങ്ങി. ഓരോ ചെറിയ വ്യത്യാസവും എൻറെ ഉത്സാഹം ഏറെ വർദ്ധിപ്പിച്ചു.

കുറേക്കൂടി വളർന്നപ്പോൾ, കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ അമ്മയെ കൂടുതൽ കൂടുതൽ ആരാധിക്കാൻ തുടങ്ങി. അമ്മയെ സ്നേഹം കൊണ്ടു മൂടുവാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം അമ്മ എനിക്കു വേണ്ടി  ഒരു ചെറിയ ട്രാൻസിസ്റ്റർ വാങ്ങി. അമ്മയാണ് എപ്പോഴും റേഡിയോ പ്രവർത്തിപ്പിക്കുന്നത്. കയ്യുകളുടെ ഇപ്പോഴും നിയന്ത്രണാധീനമല്ലാത്ത, സാവധാനമുള്ള ചലനങ്ങൾ മൂലം വളരെ വിഷമിച്ച് ഞാൻ അതു പ്രവർത്തിപ്പിക്കാ ൻ ശ്രമിക്കാറുണ്ട്. ഒരു ദിവസം ഞാൻ അതു സ്വയം പ്രവർത്തിപ്പിച്ചപ്പോൾ എൻറെ സന്തോഷത്തിനും അഭിമാനത്തിനും അതിരില്ലായിരുന്നു. ചക്ര കസേരയിൽ ഇരുന്നു തുള്ളിച്ചാടി. ആവുന്നത്ര ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. അമ്മ പരിഭ്രമിച്ച് ഓടി വന്നു. എൻറെ സന്തോഷം കണ്ട് അമ്മ എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് ഞാൻ സ്വയം റേഡിയോ പ്രവർത്തിപ്പിക്കാനും സ്റ്റേഷനുകൾ മാറ്റാനും തുടങ്ങി.

പിന്നെയും കുറെ നാൾ കൂടി കഴിഞ്ഞാണ് ഒരു ടെലിവിഷൻ വാങ്ങാൻ അമ്മക്കു സാധിച്ചത്. സാവധാനം അതും പ്രവർത്തിപ്പിക്കാൻ ഞാൻ പരിശീലിച്ചു.  ജീവിതം കൂടുതൽ ആയാസരഹിതമായി തോന്നിത്തുടങ്ങി. എന്തൊക്കെയോ ചെയ്യണമെന്നുള്ള ആഗ്രഹവും ചെയ്യാൻ സാധിക്കുമെന്ന തോന്നലും ഉണ്ടായി. എൻറെ സന്തോഷത്തിനു വേണ്ടി അമ്മ കഴിവുള്ളതൊക്കെ ചെയ്യുമായിരുന്നു. എനിക്കു പാട്ടുകളും നൃത്തങ്ങളും ഇഷ്ടമായിരുന്നു.

എനിക്ക് ഇപ്പോൾ 22 വയസ്സായി. ഈ 22 വർഷവും എൻറെ സുഖവും സന്തോഷവും അല്ലാതെ മറ്റൊന്നിനെപ്പറ്റിയും അമ്മ ചിന്തിച്ചിട്ടില്ല. എൻറെ സുഖവും സന്തോഷവും തന്നെയായിരുന്നു അമ്മയുടെ സുഖവും സന്തോഷവും. എനിക്കു വേണ്ടി അമ്മ ജോലി ഉപേക്ഷിച്ചു, ബന്ധുക്കളുമായുള്ള ബന്ധങ്ങൾ മുറിഞ്ഞതിനു സമം, സുഹൃത്തുക്കളുമായുള്ള സംവാദങ്ങളും അമ്മ ഉപേക്ഷിച്ചു. ഒരു പിറന്നാളിനോ ഒരു വിവാഹത്തിനോ അമ്മ പോയിട്ട് 22 വർഷങ്ങളായി.  രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി രാപകൽ അദ്ധ്വാനിച്ചു. കഴിഞ്ഞ 17 വർഷങ്ങളായി ഇതെല്ലാം അമ്മ ഒറ്റക്കാണു ചെയ്യുന്നത്.

എന്നെപ്പോലെ മാനസിക വൈകല്യമുള്ളവർക്കു വേണ്ടി നടത്തുന്ന ഒരു സംഗീത പരിപാടിയിൽ പോകണമെന്ന ആഗ്രഹം ഞാൻ അമ്മയോടു പറഞ്ഞു. എൻറെ ആഗ്രഹങ്ങൾക്കൊന്നിനും അമ്മ ഇതുവരെ എതിരു നിന്നിട്ടില്ല. എൻറെ ആഗ്രഹങ്ങളും വളരെ ചെറിയവ മാത്രമായിരുന്നു. അങ്ങനെ ഞങ്ങൾ സംഗീത പരിപാടി കേൾക്കാൻ പോയി. മുമ്പിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി കുറെ നേരത്തെ തന്നെ എത്തി.

അധികം താമസിയാതെ ഒരു സ്ത്രീയും അവരുടെ മകളും ഞങ്ങളുടെ തൊട്ടടുത്ത കസേരകളിൽ സ്ഥാനം പിടിച്ചു. ഏകദേശം എൻറെ തന്നെ പ്രായമായിരിക്കണം അവൾക്കും. ആ കുട്ടിയുടെ കൈകളും കാലുകളും എന്റെതുപോലെ തന്നെ വികൃതവും വളഞ്ഞതും ആയിരുന്നു. എന്നെപ്പോലെ തന്നെ അവളും പരിപാടി തുടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഞാൻ അവളെ കൗതുകപൂർവ്വം നോക്കിക്കൊണ്ടിരുന്നപ്പോൾ, പെട്ടെന്ന് അവൾ തല തിരിച്ച് എന്നെ നോക്കി. അവളുടെ കണ്ണുകൾ എൻറെ കണ്ണുകളിൽ ഉടക്കിയപ്പോൾ എനിക്കെന്തു സംഭവിച്ചു എന്നറിയില്ല. ജീവിതത്തിൽ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം. അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു, കൊട്ടിയ ചുണ്ടുകൾ കൊണ്ട്. ഞാനും ആ ചിരി തിരിച്ചു നൽകി.

അപ്പോഴാണ് സംഗീത പരിപാടി ആരംഭിച്ചത്.

പരിപാടിയിൽ ശ്രദ്ധിക്കാൻ എനിക്കായില്ല. ഞാൻ ആ കുട്ടിയെ വീണ്ടും നോക്കി. അവൾ എന്നെയും. അവിചാരിതമായി ഞങ്ങളുടെ കയ്യുകൾ തമ്മിൽ സ്പർശിച്ചു കസേരയുടെ കൈപ്പിടിയിൽ. ആ നിമിഷത്തിൽ എനിക്കുണ്ടായ ഞെട്ടൽ വിവരണാതീതമായിരുന്നു. അവളുടെ കൈയിലെ ചൂട് എൻറെ ദേഹം മുഴുവൻ വ്യാപിക്കുന്നതുപോലെ തോന്നി. ദൈവമേ, ഇതെന്താണു സംഭവിക്കുന്നത്? ഇങ്ങനെയും ഒരു തോന്നലോ? ഇതെന്തു തോന്നലാണ്? എന്തു ചെയ്യണമെന്ന് അറിയാത്ത ഒരവസ്ഥ.

കൈയ്യു മാറ്റണമെന്നു വിചാരിച്ചെങ്കിലും, ചെയ്തില്ല. ഈ സ്വർഗ്ഗീയാനുഭൂതി അൽപ്പ സമയം കൂടി അനുഭവിക്കാം, അവൾ കൈ മാറ്റുന്നതു വരെ. എന്നാൽ അവളും കൈ മാറ്റാൻ ശ്രമിച്ചില്ല. വളഞ്ഞു പുളഞ്ഞ രണ്ടു കൈകൾ തമ്മിൽ കിന്നരിച്ചുകൊണ്ടിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കയ്യുകൾ  പരസ്പരം ചേർത്തു പിടിച്ചു. ഞങ്ങൾ ആകാശത്തിൽ പറന്നു നടക്കുന്ന പൂമ്പാറ്റകളായി മാറി. ആരും തടയാനില്ലാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, ഞങ്ങൾ വിശാലമായ ആകാശത്തും മരങ്ങളുടെ മുകളിലും മേഘങ്ങളിലും സമുദ്രത്തിനു മുകളിലൂടെയും പാറി പറന്നു നടന്നു.

ഇതു വരെ അനുഭവിക്കാത്ത സന്തോഷം, സുഗന്ധം, പ്രകാശം, എല്ലാം ഞങ്ങൾ അനുഭവിച്ചു. എല്ലാം ഞങ്ങൾക്കു സ്വന്തം. ചുറ്റുപാടും എന്തു നടക്കുന്നു എന്നു ഞങ്ങൾ മറന്നു. ഞങ്ങൾ എവിടെയാണെന്നോ ഇവിടെ എന്തിനു വന്നെന്നോ മറന്നു. സംഗീത പരിപാടി കേട്ടില്ല. പരിപാടി കഴിഞ്ഞതും സദസ്സു മുഴുവൻ പ്രകാശമാനമായതും ഒന്നും ഞങ്ങൾ അറിഞ്ഞില്ല. പരസ്പരം നോക്കി മന്ദഹസിച്ചുകൊണ്ട് മേഘങ്ങൾക്കിടയിൽ കൂടി ഞങ്ങൾ പാറി നടന്നു.

അമ്മമാർ രണ്ടുപേരും പോകാൻ എഴുനേറ്റു. ഞങ്ങൾ രണ്ടുപേരും അനങ്ങുന്നില്ലെന്ന് അപ്പോഴാണ് അവർ ശ്രദ്ധിച്ചത്. കൈകൾ കൂട്ടിപ്പിണച്ച്, ലോകത്തിൽ ഒരു ശക്തിക്കും വേർപിരിക്കാനാകാത്തതുപോലെ, ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ, സ്വർഗ്ഗാനുഭൂതിയിൽ ആറാടി ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു,

2020, ജൂൺ 12, വെള്ളിയാഴ്‌ച

മീൻ തൊട്ടു കൂട്ടിയ കഥ

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്. അതായത് 1960കളിൽ, സ്കൂളിൽ നിന്ന് എല്ലാ വർഷവും വിനോദയാത്രക്കു പോകും. കന്യാകുമാരി അല്ലെങ്കിൽ മലമ്പുഴ. ചാർജ്ജ് പത്തു രൂപ. അഞ്ചാം ക്ളാസ്സു മുതലുള്ള കുട്ടികളെ മാത്രമേ പരിഗണിക്കാറുള്ളൂ എന്നാണോർമ്മ. അതിൽ താഴെയുള്ളവർ കൊച്ചു കുട്ടികളല്ലേ. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ളാസ്സുകളിൽ പഠിച്ചിരുന്നപ്പോൾ വിനോദയാത്രക്കു പോകാൻ സാധിച്ചില്ല. അതൊരു അനാവശ്യമായ അധികച്ചെലവായി കണക്കാക്കിയിരുന്നു. ഏട്ടന് വായുസേനയിൽ ജോലി കിട്ടി സാമ്പത്തികമായി പതുക്കെ കര കയറാൻ തുടങ്ങിയ കാലമായിരുന്നു അത്. ഇന്ന് കുട്ടികൾ വാശി പിടിച്ചു നേടിയെടുക്കുന്നതു പോലെ ഒന്നും അക്കാലത്തു പതിവില്ല. മോഹം പറയുക, സമ്മതിച്ചാൽ അനുസരിക്കുക, അതേയുള്ളൂ. വേണ്ട എന്നാണു പറയുന്നതെങ്കിൽ വേണ്ട, അത്ര തന്നെ. പിന്നീട് അതിനെപ്പറ്റി ഒരു ചർച്ചയില്ല.

എങ്കിലും എട്ടാം ക്ളാസിൽ എത്തിയപ്പോൾ ആഗ്രഹം അടക്കാനായില്ല. അടുത്ത രണ്ടു വർഷങ്ങളിലും, ഒമ്പതും പത്തും ക്‌ളാസ്സുകളിൽ ആയതുകൊണ്ട് എന്തായാലും പോകാൻ സമ്മതിക്കുകയില്ല. അതുകൊണ്ട് എന്തു വന്നാലും വർഷം പോകണമെന്ന മോഹം കലശലായി. അമ്മയോടു പറഞ്ഞു. അമ്മ അച്ഛനു കത്തെഴുതി (അച്ഛൻ അക്കാലത്ത് തലയോലപ്പറമ്പിൽ അമ്പലത്തിൽ ശാന്തി കഴിക്കുകയായിരുന്നു, വല്ലപ്പോഴുമേ വരാറുള്ളൂ). അച്ഛൻ ഒരു പോസ്റ്റ് കാർഡിലാണ് മറുപടി എഴുതിയത്. സ്കൂളിൽ നിന്നു വരുന്ന വഴി പോസ്റ്റ് ഓഫീസിൽ കയറി കത്തുകളുണ്ടോ എന്നന്വേഷിക്കുന്നത് അന്നത്തെ പതിവായിരുന്നു. ഇല്ലത്തുവരെയൊന്നും പോസ്റ്റുമാൻ വരാറില്ല. അങ്ങനെ അച്ഛൻറെ മറുപടി എൻറെ കൈയ്യിൽ തന്നെ കിട്ടി. "ജയന്തൻ വിനോദയാത്രക്കു പൊയ്ക്കോട്ടെ." വേറെ ഒന്നുരണ്ടു കാര്യങ്ങൾ കൂടി എഴുതിയിരുന്നെന്നു തോന്നുന്നു. അതോർമ്മയില്ല.

അങ്ങനെ വിനോദയാത്രക്കു പോകാൻ തയ്യാറായി. ആവർഷം കന്യാകുമാരിക്കായിരുന്നു  പോകുന്നത്. പക്ഷെ തക്ക സമയത്ത് സുഖമില്ലാതായതു മൂലം പോകാൻ പറ്റിയില്ല. അങ്ങനെ ദീർഘനാളത്തെ സ്വപ്നം ദയനീയമായി പൊലിഞ്ഞു പോയി. അതുകൊണ്ടു തന്നെ അതിനടുത്ത വർഷത്തെ വിനോദയാത്രക്കു പോകാൻ അനുവാദം വാങ്ങാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നില്ല, ഒമ്പതാം ക്‌ളാസ്സിൽ ആയിരുന്നിട്ടു കൂടി. ആ വർഷം ഒന്ന് മാറ്റിപ്പിടിച്ചു. മൈസൂർക്കാണ് പോയത്. മുപ്പതു രൂപയായിരുന്നു ചാർജ്ജ്. തിരിച്ചെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഒരു രൂപ മുപ്പതു പൈസ തിരിച്ചും തന്നു.

ഒരു ദിവസം രാത്രിയിൽ ഏകദേശം പത്തു മണിയോടു കൂടി പുറപ്പെട്ടു. പിറ്റേന്നു രാവിലെ ഊട്ടിയിൽ ചെന്നാണ് പ്രഭാത ഭക്ഷണം കഴിച്ചത്. ഇടയ്ക്ക് ഒരു നദിക്കരയിൽ വണ്ടി നിർത്തി കുളി മുതലായ പ്രഭാത കർമ്മങ്ങളൊക്കെ  ചെയ്തിരുന്നു. മൈസൂരിൽ എത്തിയപ്പോഴേക്കും ഏകദേശം മൂന്നു മണിയോളം ആയി. വിശന്നു തളർന്നിരുന്നു എല്ലാവരും. കുറെ തേടിപ്പിടിച്ചു ഒരു ഹോട്ടലിൽ കയറി ഊണ് കഴിച്ചു. ചോറും ഒരു കൂട്ടാനും ഒരു തോരനും അത്രയും മാത്രം. സ്വാദൊന്നും നോക്കിയില്ല. കിട്ടിയതൊക്കെ അപ്പോൾ തന്നെ വലിച്ചു വാരി തിന്നു. വയറു കത്തുകയായിരുന്നല്ലോ. ഊണു കഴിഞ്ഞപ്പോൾ ആകപ്പാടെ ഒരു സമാധാനമായി.

സാധാരണ എല്ലായിടത്തും പതിവുള്ളതാണ്, മൂക്കു മുട്ടെ കഴിക്കും. എന്നിട്ട് കൂട്ടാന് ഉപ്പു കൂടുതലായിരുന്നു, പായസത്തിനു മധുരം കുറവായിരുന്നു, ചോറു ശരിക്കങ്ങോട്ടു വെന്തില്ല, തുടങ്ങി ഓരോരോ കുറ്റങ്ങൾ പറയും. ഉണ്ണുമ്പോൾ ഇതൊന്നും ആരും ഓർക്കുകയില്ല. പിന്നീടാണ് ഓരോന്ന് തോന്നുന്നത്. അതുപോലെ തന്നെ അവിടെയും സംഭവിച്ചു. ചില സഹപാഠികൾ ഊണിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങി. അവരുടെ പ്രധാന പ്രശ്നം കൂട്ടാനിൽ മീനിൻറെ മുള്ള് ഉണ്ടായിരുന്നു എന്നതായിരുന്നു. അത് മാറ്റാത്തതിലായിരുന്നു അവരുടെ പരിഭവം.

ഒന്നന്ധാളിച്ചു. ഈശ്വരാ, ഇതെന്താ ഇവർ പറയുന്നത്? കൂട്ടാനിൽ മീനിൻറെ മുള്ളോ? ശിവ! ശിവ! ഇതു പറ്റിക്കാൻ പറയുന്നതു തന്നെയാണ്. യാതൊരു സംശയവുമില്ല. എന്നാൽ എല്ലാവരും വളരെ കാര്യമായിട്ടാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ആരേയും കേൾപ്പിക്കാൻ വേണ്ടി അല്ല തന്നെ. തൊട്ടടുത്ത് ചർച്ചയിൽ പങ്കെടുത്തു കൊണ്ടു നിന്ന ജോസഫിനോട് ചോദിച്ചു, "അതു മീൻ കൂട്ടാൻ ആയിരുന്നോ?"

"അതെ, എന്തേ നമ്പൂരിക്കു മനസ്സിലായില്ലേ?" വളരെ ഗൗരവമായിത്തന്നെ ആയിരുന്നു പ്രതികരണം. പതുക്കെ ബസ്സിൻറെ പുറകിൽ പോയി നിന്നിട്ട് ഒളിഞ്ഞു നോക്കി. അവരാരെങ്കിലും ചിരിക്കുന്നുണ്ടോ, നമ്പൂരിയെ പറ്റിച്ചതിൽ ആഹ്ലാദിക്കുന്നുണ്ടോ എന്നറിയാൻ. ഒന്നുമുണ്ടായില്ല. അവിടെ നിന്നു മാറിയത് പോലും അവരാരും ശ്രദ്ധിച്ചില്ല.

എന്നിട്ടും വിശ്വാസം വന്നില്ല. ബാലചന്ദ്രൻ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. അൽപ്പം കാശുള്ള കുടുംബത്തിലെ പയ്യൻ. ബാലനെ വിളിച്ച് അൽപ്പം ദൂരെ കൊണ്ടുപോയി വളരെ കാര്യമായി ചോദിച്ചു, "നേരു പറയണം, ട്ടോ, പറ്റിക്കരുത്. അതു മീൻ കൂട്ടാൻ ആയിരുന്നോ?"

അയാളും വളരെ കാര്യമായി തന്നെ പറഞ്ഞു, "അതെ. അവർ മുള്ളൊന്നും ശരിയായി മാറ്റിയിരുന്നില്ല."

ഇനി സംശയിക്കാനൊന്നുമില്ല.

കുറെ നേരത്തേക്ക് തരിച്ചു നിന്നു പോയി. ബാലൻ നുണ പറഞ്ഞതായിരിക്കണേ എന്ന് മോഹിച്ചു പോയി, അങ്ങനെ അല്ലെന്ന് അറിയാമായിരുന്നിട്ടു കൂടി. എന്തു ചെയ്യണമെന്ന് യാതൊരു രൂപവുമില്ല. ഇതൊന്നും ദേഹത്തിനു ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. പിന്നെന്തേ ച്ഛർദ്ദിക്കാത്തത്? ഒന്ന് നല്ലവണ്ണം ച്ഛർദ്ദിച്ച് കഴിച്ചതെല്ലാം പോയിരുന്നെങ്കിൽ! കാലുകളും ദേഹവും തളരുന്നതുപോലെ തോന്നി. വേഗം പോയി ബസ്സിൽ കയറി ഇരുന്നു. ഒന്നു ഛർദ്ദിച്ചെങ്കിൽ എന്നു വീണ്ടും വീണ്ടും മോഹിച്ചു. ഒന്നുമുണ്ടായില്ല. ഏതായാലും അതോടെ ഉത്സാഹമെല്ലാം കെട്ടടങ്ങി.

ഒരു തരം ഭയം പിടി കൂടി. ഇനിയെന്ത്? ഇക്കാര്യം എങ്ങനെ അമ്മയോടും അച്ഛനോടും പറയും? എങ്ങനെ പറയാതിരിക്കും? എന്തായിരിക്കും അവരുടെ പ്രതികരണം? മനപ്പൂർവ്വം ചെയ്തതല്ലെന്ന് അറിയാവുന്നതുകൊണ്ട് ശിക്ഷിക്കയൊന്നുമില്ല. ചിലപ്പോൾ സങ്കടം സഹിക്ക വയ്യാതെ ഒന്നു ശാസിച്ചേക്കാം. പക്ഷെ ഈ അപമാനത്തിൽ നിന്ന്, ഈ മഹാ അപരാധത്തിൽ നിന്ന്, എങ്ങനെ രക്ഷപ്പെടും? ഒരു അൽപ്പം സമയം കിട്ടിയാൽ ഇതല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു.

പിറ്റേ ദിവസം ഉച്ചക്ക് ഊണു കഴിക്കാൻ ഹോട്ടലിലേക്ക് പോയി. ഹോട്ടലിൻറെ മുമ്പിലെത്തിയതും അവിടെ കുറ്റിയടിച്ചതു പോലെ നിന്നു. ആ ഹോട്ടലിൻറെ ബോർഡിൽ വ്യക്തമായി എഴുതിയിരുന്നു, 'നോൺ-വെജിറ്റേറിയൻ' എന്ന്. ഈശ്വരാ, ഇന്നലത്തെപ്പോലെ ഇന്നും ...? കുട്ടികളെല്ലാം കയറി പോയിരുന്നു. ചില അദ്ധ്യാപകരും. ചാക്കോ സാർ ചോദിച്ചു, "എന്താ, നമ്പൂരി, ഊണു കഴിക്കേണ്ടേ? വരൂ." സാറു മുമ്പോട്ടു നീങ്ങി. മൂന്നു നാലടി വച്ചിട്ടു തിരിഞ്ഞു നോക്കിയപ്പോഴും അവിടെത്തന്നെ നിൽക്കുന്നു. അപ്പോഴേക്കും ശബ്ദം പുറത്തു വരാതെയായി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. സാർ അൽപ്പം പരിഭ്രമിച്ചു. തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു, "എന്തു പറ്റി? എന്താ നമ്പൂരിക്ക് ഒരു വിഷമം?"

എന്തെങ്കിലും പറയാൻ വാക്കുകൾ പുറത്തേക്കു വന്നില്ല. വിതുമ്പിക്കൊണ്ട് ഹോട്ടലിൻറെ ബോർഡ് ചൂണ്ടിക്കാണിച്ചു. ബോർഡ് വായിച്ചപ്പോൾ സാറിനു കാര്യം പിടി കിട്ടി. സാർ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന വേറെ ഒരു ഹോട്ടലിലേക്കു കൊണ്ടുപോയി. അതൊരു ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു. വെജിറ്റേറിയൻ എന്ന് ബോർഡിൽ വ്യക്തമായി എഴുതിയിരുന്നു. അകത്തു കയറ്റി ഇരുത്തിയിട്ടു പറഞ്ഞു, "ഊണു കഴിഞ്ഞ് വെളിയിലിറങ്ങി നിന്നോളൂ. എല്ലാവരും വന്നിട്ട് ഒരുമിച്ചു പോകാം." മാനേജരോട് സംസാരിച്ച് പണവും അഡ്വാൻസ് ആയി കൊടുത്തിട്ടു സാറു പോയി.

അതിൽ പിന്നെ ഹോട്ടലിൽ കയറുന്നതിനു മുമ്പു ബോർഡു വായിക്കുക എന്നത് ഒരു സ്വഭാവമായി മാറി.

കുറ്റ ബോധം ഉള്ളിൽ കിടന്നു നീറുകയായിരുന്നു. എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. വളരെയേറെ ആലോചിച്ച് അവസാനം ഞാനൊരു തീരുമാനത്തിലെത്തി. അമ്മയോടും അച്ഛനോടും ഇക്കാര്യം പറയേണ്ട. എന്നല്ല, ആരോടും പറയേണ്ട. അങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല എന്നു സ്വയം മനസ്സിൽ ഉറപ്പിക്കുക. അതങ്ങു വിശ്വസിക്കുക, അതാണു നല്ലത്, എല്ലാവർക്കും. അസത്യം പറയുന്നതിൻറെ അത്രയും പാപം ഇല്ലായിരിക്കും സത്യം മറച്ചു വയ്ക്കുന്നതിൽ. അമ്മയോടു പറഞ്ഞാൽ അതൊരു കരടായി അമ്മയുടെ മനസ്സിൽ കിടക്കും. ചിലപ്പോൾ ദിവസങ്ങളോളം കരഞ്ഞു കൊണ്ടിരുന്നെന്നും വരാം. ആ വിഷമം, കൊടിയ പാപം ചെയ്തു എന്ന തോന്നൽ, അതൊരിക്കലും മായാതെ കിടക്കും. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല താനും.

അങ്ങനെ അന്നു മറച്ചു വച്ച കാര്യം ആദ്യം വെളിപ്പെടുത്തിയത് ഒരു ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റിലാണ്, 2013ൽ, സംഭവം നടന്ന് 45 വർഷത്തിനു ശേഷം, അച്ഛൻ മരിച്ച് 34 വർഷങ്ങൾക്കു ശേഷം, അമ്മ മരിച്ച് 18 വർഷത്തിനു  ശേഷം. (താൽപ്പര്യം ഉള്ളവർക്ക് അതിവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം.)

ഇപ്പോൾ ഇതാ വീണ്ടും ഇവിടെ.

2020, ജൂൺ 11, വ്യാഴാഴ്‌ച

ഒരു ബീഡി ചരിതം

ഇപ്പോൾ ആരെങ്കിലും ബീഡിയോ സിഗരറ്റോ തന്നാൽ, അതു സ്നേഹപൂർവ്വം നിരസിക്കും, പിന്നെ പറയും, "നന്ദി, ഞാൻ വലിക്കില്ല."

ചിലരൊക്കെ ചോദിച്ചിട്ടുണ്ട്, "തുവരെ വലിച്ചിട്ടേ ഇല്ലേ?"

"ഇല്ല" എന്നുത്തരം പറയും, എന്നിട്ട് ഉടൻ സ്വർഗ്ഗത്തിലിരിക്കുന്ന അമ്മയോടു മനസ്സു കൊണ്ടു മാപ്പു പറയും, കള്ളം പറഞ്ഞതിന്. കള്ളം ഒരു പ്രയോജനവുമില്ലാത്ത ഒരു നീണ്ട വിവരണം ഒഴിവാക്കാൻ വേണ്ടിയാണ്. അത് അമ്മ ക്ഷമിക്കും, എനിക്കറിയാം.

ഞാൻ ബീഡി വലിച്ചിട്ടുണ്ടോ? ഉണ്ട്.

പണ്ട് കുഞ്ഞപ്ഫൻ (അന്തരിച്ച പി.എസ്. ദാമോദരൻ നമ്പൂതിരി) മുവാറ്റുപുഴയിൽ കച്ചേരിത്താഴത്ത് ജോബ് വർക്ക് ചെയ്തിരുന്ന കാലം. (ജോബ് എന്നു പറഞ്ഞാലും വർക്ക് എന്ന് പറഞ്ഞാലും ജോലി എന്ന ഒരേ അർത്ഥം. പിന്നെ തൊഴിലിനു ഇങ്ങനെ ഒരു പേര് എങ്ങനെ വന്നു? അറിയില്ല. ഫ്രീലാൻസ് ആയി ടൈപ്പ് ചെയ്തു കൊടുക്കുക, അതാണ് ജോബ് വർക്ക്.)  ഇംഗ്ളീഷിലെ ‘L’ എന്ന അക്ഷരത്തിൻറെ ആകൃതിയിൽ ഒരു ചെറിയ മുറി. അതായിരുന്നു അന്നു കുഞ്ഞപ്ഫൻറെ ലോകം. മുവാറ്റുപുഴ-തൊടുപുഴ റോഡിൽ ഉള്ള ആവോലി എന്ന സ്ഥലത്ത് ഒരമ്പലത്തിൽ ശാന്തിയും ഉണ്ടായിരുന്നു. വൈകുന്നേരം ഓഫീസ് (അങ്ങനെയാണ് തൻറെ ജോലി സ്ഥലത്തെ പറ്റി  അപ്ഫൻ പറഞ്ഞിരുന്നത്)  അടച്ചിട്ടു നട തുറക്കാറാകുമ്പോഴേക്കും അമ്പലത്തിലെത്തും. രാത്രിയിൽ അമ്പലത്തിനോടു ചേർന്നുള്ള ഒരു ചെറിയ മുറിയിൽ ഉറങ്ങും. അങ്ങനെയാണു പതിവ്.

ഞാൻ ഇടക്കിടക്ക് അവിടെ മുട്ടുശാന്തിക്കു പോകാറുണ്ട്. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം, അപ്ഫൻ മടങ്ങി വരുന്നതുവരെ, അവിടെ താമസിക്കാറുമുണ്ട്. രാവിലെ അമ്പലം അടച്ചാൽ പ്രധാന റോഡിലുള്ള ചായക്കടയിൽ പോയി പുട്ടും കടലയും കഴിയ്ക്കും. അതു കുഞ്ഞപ്ഫൻ പറഞ്ഞ് ഏർപ്പാടാക്കിയതാണ്. പൈസ പിന്നീട് കുഞ്ഞപ്ഫൻ വരുമ്പോൾ കൊടുത്തോളും. (എന്തു വേണമെങ്കിലും കഴിച്ചോളൂ എന്നാണു പറഞ്ഞിരുന്നത്. പക്ഷെ എനിക്കു പുട്ടും കടലയുമായിരുന്നു ഇഷ്ടം, അതുകൊണ്ട് എന്നും അത് തന്നെ കഴിച്ചു.)

ഉച്ചക്ക് നിവേദ്യച്ചോറും തൈരും. കഴകക്കാരൻ കുറുപ്പിൻറെ വീട്ടിൽ നിന്ന് ഇടവിട്ട ദിവസങ്ങളിൽ നാഴി പാൽ വാങ്ങിക്കും, അത് ഉറച്ചു തൈരുണ്ടാക്കും. അത്താഴവും ഇതു തന്നെ – നിവേദ്യച്ചോറും തൈരും. ചില ദിവസങ്ങളിൽ വെളിച്ചെണ്ണ കൂട്ടി ഉണ്ണും. അത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.

 അങ്ങനെയുള്ള ഒരു ദിവസം ആദ്യമായി ബീഡി, അല്ല, മുറിബീഡി, വലിച്ചു. കുഞ്ഞപ്ഫൻ ധാരാളം ബീഡി വലിക്കുന്ന കൂട്ടത്തിലായിരുന്നു. വലിച്ചിട്ടു മുറിബീഡി മുറിയിൽ തന്നെ ഏറിയും. മുറിയിൽ നൂറുകണക്കിന് ഇത്തരം മുറിബീഡികൾ നിരന്നു കിടപ്പുണ്ടായിരുന്നു. ഇടക്കിടക്ക് അടിച്ചു വാരുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഇവയെല്ലാം അപ്രത്യക്ഷമായേനെ. എൻറെ ഭാഗ്യം കൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ല! അതുകൊണ്ട് മുറിബീഡികളുടെ ഒരു സദ്യ തന്നെയാണ് എന്നെ സ്വാഗതം ചെയ്തത്.

ഒന്നും ചെയ്യാനില്ലാതെ വെറുതെ അവയെ നോക്കിയിരുന്നപ്പോൾ ആലോചിച്ചു, ‘എന്തായിരിക്കും ബീഡി വലിക്കുന്നതു കൊണ്ടുള്ള സുഖം?’ അതിൽ നിന്നു താരതമ്യേന നീളം കൂടിയ ഒരെണ്ണം കയ്യിലെടുത്ത് കുറെ നേരം അതിൻറെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. വെട്ടുന്നതിനു മുമ്പ് മരത്തിനോട് അനുവാദം ചോദിക്കണമെന്ന് പെരുന്തച്ചൻ പറഞ്ഞിട്ടില്ലേ? അതുപോലെ ഒരു ദിവസം ഞാൻ അതിനോട് അനുവാദം ചോദിച്ചു, "ഞാൻ നിന്നെ കത്തിച്ചു വലിച്ചോട്ടെ?" അതു സമ്മതം മൂളിയെന്ന സങ്കൽപ്പത്തിൽ അതു കത്തിച്ചു വലിച്ചു. ഇതിൻറെ രസം എന്താണെന്ന് ഒന്നറിയണമല്ലോ.

ആദ്യത്തെ തവണ വലിയ രസമൊന്നുമില്ലായിരുന്നു, മൂക്കിലും വായിലും വല്ലാതെ എരിയുന്നതു പോലെ തോന്നി. കണ്ണിൽ കൂടി വെള്ളം വന്നു, സാമാന്യം നന്നായി ചുമക്കുകയും ചെയ്തു. എങ്കിലും ഒരു ആത്മസംതൃപ്തി. ഞാനും ബീഡി വലിച്ചു എന്ന തിരിച്ചറിവ് അതിനു മുമ്പ് അനുഭവിക്കാത്ത ഒരു പുതിയ അഭിമാനത്തിനു കാരണമായി. ഞാൻ 'വലുതായി' എന്ന തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു.

പതുക്കെ പതുക്കെ വിഷമങ്ങൾ കുറഞ്ഞു വന്നു. എങ്കിലും ദിവസത്തിൽ ഒന്നോ രണ്ടോ മുറിബീഡി, അത്രയും വലിക്കാനുള്ള ശക്തിയേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് വലിയന്മാരുടെ വിശാലമായ ലോകത്തേക്ക് ഞാൻ കാലെടുത്തു വച്ചത്. കാര്യങ്ങളൊന്നും അപ്ഫനോടു പറഞ്ഞില്ല. പറഞ്ഞാൽ മുറി അടിച്ചു വാരിയാലോ? അപ്ഫനോടെന്നല്ല, ആരോടും പറഞ്ഞില്ല. കട്ടു തിന്നുമ്പോൾ സ്വാദു കൂടും, ഇല്ലേ?

പക്ഷെ ഒരു ദിവസം എല്ലാം പൊളിഞ്ഞു. ഇല്ലത്ത് അടുത്തു തന്നെയാണ് മുത്തപ്ഫനും അപ്ഫൻമാരും താമസിച്ചിരുന്നത്. വെറുതെ ഇടക്കൊക്കെ അവിടെ പോകാറുണ്ട്. അങ്ങനെ അവിടെ ഒരു ദിവസം ചെന്നപ്പോൾ വിക്രമൻ അപ്ഫൻ ചില അയൽക്കാരുമായി സംസാരിച്ചിരിക്കയായിരുന്നു. ഇടക്ക് ബീഡി വലിക്കാൻ എടുത്തപ്പോൾ കൂടെയുണ്ടായിരുന്നവർക്കും കൊടുത്തു. ഞാൻ അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു എങ്കിലും എന്നെ അപ്ഫൻ ഗൗനിച്ചേ ഇല്ല. ഞാൻ വലിക്കില്ലെന്ന് അറിയാമായിരുന്നതു മൂലം (അല്ലെങ്കിൽ വലിക്കുമെന്ന് അറിയില്ലായിരുന്നതു മൂലം) എന്നെ ശ്രദ്ധിച്ചതേ ഇല്ല. ! ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാനും ബീഡി വലിക്കും എന്നു ലോകത്തോടു വിളിച്ചു പറയാനുള്ള സമയമായി എന്ന് തോന്നി. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ ധൈര്യം അവലംബിച്ചു പറഞ്ഞു, "എനിക്കും ഒരെണ്ണം വേണം". അപ്ഫൻ എൻറെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. പിന്നീട് ഒന്നും മിണ്ടാതെ ഒരു ബീഡി തന്നു.  ഹൌ, ഒരു മുഴു ബീഡി! മുമ്പൊക്കെ ഇതൊരു സ്വപ്നം പോലെയായിരുന്നു! ഒരിക്കലും അനുഭവിക്കാൻ പറ്റുമെന്നു വിചാരിക്കാത്ത ഒരു ആഡംബരം! മുഴുബീഡി വലിക്കുന്നതിൻറെ സുഖം ഇതു വരെ അറിഞ്ഞിട്ടില്ല. ഇനി ക്ഷമിച്ചിരിക്കാൻ പറ്റില്ല. അത് അപ്പോൾ തന്നെ കത്തിച്ചു വലിക്കുകയും ചെയ്തു. ഞാൻ സാവധാനം സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുകയാണെന്നു തോന്നി. അത്ര സു ഖം അനുഭവിച്ചു അതു വലിച്ചപ്പോൾ!

കുറെ സമയം കഴിഞ്ഞ് ഇല്ലത്തേക്കു മടങ്ങി. ബീഡി വലിച്ചാൽ പുകയുടെ ഗന്ധം കുറെയേറെ നേരത്തേക്ക് ഉണ്ടായിരിക്കും എന്നൊന്നും അറിഞ്ഞില്ല, അത്ര ചിന്തിച്ചുമില്ല. ഇല്ലത്തെത്തിയതും അമ്മ അൽപ്പം കർക്കശ സ്വരത്തിൽ ചോദിച്ചു, "നീ ബീഡി വലിച്ചോ?"

ആവൂ, ചതിച്ചല്ലോ, ഭഗവാനേ! ഇനിയെന്ത് ചെയ്യും? നുണ പറയുകയെന്നത് അധികം ശീലിച്ചിട്ടില്ല. അല്ലെങ്കിലും അമ്മയോട്? അതെന്തായാലും പറ്റില്ല. ഇനിയിപ്പോൾ മനസ്സിനെ കല്ലാക്കി അങ്ങനെ ചെയ്താലും പ്രയോജനം ഇല്ല താനും. അമ്മ കണ്ടു പിടിച്ചു കഴിഞ്ഞു.

"അത് ... വിക്രമൻ അപ്ഫൻ തന്നപ്പോൾ ... ഒരെണ്ണം ..."

പിന്നെ ഒരു താമസവും ഉണ്ടായില്ല, തലങ്ങും വിലങ്ങും പൊതിരെ തല്ലി. അതി ശക്തമായ തല്ല്. തല്ലു കൊണ്ട് മുറിവേറ്റു വേദനകൊണ്ടു പുളഞ്ഞു. വേദനയിൽ പുളഞ്ഞത്, പക്ഷെ, ദേഹമായിരുന്നില്ല, മനസ്സായിരുന്നു. കാരണം, അമ്മ തല്ലിയത് വടി കൊണ്ടോ കൈയ്യു കൊണ്ടോ ആയിരുന്നില്ല, വാക്കുകൾ കൊണ്ടായിരുന്നു, സ്നേഹം കൊണ്ടായിരുന്നു, സങ്കടം കൊണ്ടായിരുന്നു, വാത്സല്യം കൊണ്ടായിരുന്നു, ഞാൻ ചീത്തയാകരുത് എന്നുള്ള മോഹം കൊണ്ടായിരുന്നു, ഏറ്റവും ഒടുവിൽ നിലക്കാത്ത കണ്ണീർ പ്രവാഹം കൊണ്ടായിരുന്നു.

പിന്നെ ഒരിക്കലും പുക വലിച്ചിട്ടില്ല. സ്കൂളിലും കോളേജിലും വച്ച് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഒരിക്കൽ പോലും ബീഡിയോ സിഗരറ്റോ വലിക്കണമെന്നു തോന്നിയിട്ടില്ല. ഏറ്റവും അടുത്ത കൂട്ടുകാർ നിർബ്ബന്ധിച്ചപ്പോൾ പോലും “വേണ്ട” എന്നു ധൈര്യപൂർവ്വം പറഞ്ഞു.