[ഈ കുറിപ്പിൻറെ എഡിറ്റ് ചെയ്ത പതിപ്പ് യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാസഭ പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ 2023 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.]
10 06 2023
നമ്പൂതിരി ഫേസ്‌ബുക്ക് ഗ്രൂപ്പ് – 20,000ലേറെ അംഗങ്ങൾ ഉള്ള ഗ്രൂപ്പ്.
ഒരു സുപ്രഭാതത്തിൽ ശ്രീജിത്ത് കൃഷ്ണൻ കാപ്ര ഗ്രൂപ്പിൽ ഒരു ചെറിയ തീപ്പൊരിയിട്ടു, ‘നമുക്കൊന്നു കൂടണ്ടേ’?
ആറേഴു വർഷമായി വർഷത്തിൽ ഒരിക്കൽ ഒരു കൂടിച്ചേരൽ പതിവുള്ളതാണ്. കൊറോണ മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. പരസ്പരം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവർ, ഗ്രൂപ്പിൽ ഇടുന്ന സന്ദേശങ്ങളിൽ കൂടി, കമന്റുകളിൽ കൂടി, സ്മൈലികളിൽ കൂടി, സർവ്വോപരി ഫോട്ടോകളിൽ കൂടി, മാത്രം കണ്ടിട്ടുള്ളവർ, കേട്ടിട്ടുള്ളവർ, വായിച്ചിട്ടുള്ളവർ. അങ്ങനെയുള്ളവർ ഒരുമിച്ചു കൂടുക, പരസ്പരം പരിചയപ്പെടുക, വിശേഷങ്ങൾ കൈമാറുക, കൂട്ടത്തിൽ ചെറിയ പരിപാടികൾ, പാട്ടോ നൃത്തമോ, കൈകൊട്ടിക്കളിയോ, ഒക്കെ അവതരിപ്പിക്കുക, രണ്ടു ദിവസത്തിനു ശേഷം, ഇനി അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു പോകുക, അതായിരുന്നു പതിവ്. ഏകദേശം 150–200 പേർ ഒത്തുകൂടിയാൽ ഗംഭീരമായി എന്നു കരുതും. അത്രയുമേ പതിവുള്ളൂ താനും.
കാപ്ര ഊതിവിട്ട തീപ്പൊരി പടർന്നു പിടിക്കാൻ ഒട്ടും താമസമുണ്ടായില്ല. എല്ലാവർക്കും അത്യുത്സാഹം. “വേണം, വേണം." കോവിഡ് മൂലം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇത്തരത്തിലുള്ള കൂടിച്ചേരൽ മുടങ്ങിക്കിടക്കുകയായിരുന്നു. അതിനാൽ അംഗങ്ങളുടെ ഉത്സാഹത്തിന് അതിരുണ്ടായിരുന്നില്ല.
വേദി എവിടെ എന്ന തകൃതിയായ ചർച്ചകൾ നടക്കുന്നതിനിടയ്ക്ക് ശ്രീധരീയത്തിലെ ഹരി നമ്പൂതിരി ഒരു പടക്കം പൊട്ടിച്ചു, 'ശ്രീധരീയത്തിൽ നടത്താം കൂടിച്ചേരൽ, എല്ലാ സൗകര്യങ്ങളും ഒരുക്കാം.'
കാപ്രയുടെ തീപ്പൊരി പോലെ തന്നെ ഈ പ്രസ്താവനയും മാലപ്പടക്കം പോലെ പൊട്ടി. ഹരിയുടെ നിർദ്ദേശത്തെ എല്ലാവരും സഹർഷം സ്വീകരിച്ചു, പിന്തുണച്ചു. പിന്നെ കാര്യങ്ങൾ അതിവേഗത്തിലായിരുന്നു.
ശ്രമദാനത്തിനു സന്നദ്ധരായി മുമ്പോട്ടു വന്നവരെ ഉൾപ്പെടുത്തി മഹാസംഗമത്തിൻറെ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യുവാൻ വേണ്ടി ഉചിതമായ കമ്മറ്റികൾ രൂപീകരിച്ചു. ഹരി എൻ നമ്പൂതിരി (ചെയർമാൻ), സന്തോഷ് താന്നിക്കാട് (ജനറൽ കൺവീനർ), നിധിൻ കൃഷ്ണ (മഹാസംഗമം കോ ഓർഡിനേറ്റർ), രാജൻ നമ്പൂതിരി (ഇവന്റ് കോ ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന ഒരു ഓർഗനൈസിങ് കമ്മിറ്റിയോടൊപ്പം, പ്രോഗ്രാം (ചെയർ-ജ്യോതിഷ് സി കൃഷ്ണ); ഫിനാൻസ് (ചെയർ-ബ്രിജേഷ് നീലകണ്ഠൻ); റിസപ്‌ഷൻ (ചെയർ-നിഷാന്ത് വാസുദേവൻ); അക്കോമഡേഷൻ (ചെയർ-സോമൻ പുനം); പ്രൊമോഷൻ (ചെയർ-രേഷ്മ നകുൽ); ഫുഡ് (ചെയർ-കൃഷ്ണൻ ഈ കെ); ബിസിനസ്സ് പ്രൊമോഷൻ (ചെയർ-നിമൽ നമ്പൂതിരിപ്പാട്); വൈവാഹികമേള (ചെയർ-പ്രശാന്ത് പെരിയമന) തുടങ്ങിയ വിവിധ കമ്മറ്റികൾ നാം 23 ൻറെ വിജയത്തിനു പിന്നിൽ അഹോരാത്രം പ്രയത്നിച്ചു.
ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പ് പരോക്ഷമായി മാത്രം അസ്തിത്വം ഉള്ള ഒന്നായതുകൊണ്ട് ഇത്തരത്തിലൊരു മഹാസംഗമം നടത്തുമ്പോൾ വരുന്ന ഭീമമായ പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനു നിയമപരമായ പരിമിതികളുണ്ടായിരുന്നു. ഇതിനു മുമ്പു നടത്തിയ കൂടിച്ചേരലുകളുടെ ചിലവുകൾ ഏതെങ്കിലും ഒരു അംഗത്തിൻറെ ചുമതലയിൽ, അദ്ദേഹത്തിൻറെ അക്കൗണ്ട് വഴി നടത്തുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ അത് സാദ്ധ്യമാകില്ലായിരുന്നു. ആയിരങ്ങളിലല്ല, ലക്ഷങ്ങളിലാണ് ഇത്തവണത്തെ കണക്കുകൾ. അങ്ങനെയാണ് മുമ്പു പലപ്പോഴായി ഗ്രൂപ്പിൽ പൊന്തിവന്നിരുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളെ സഹായിക്കാൻ ഒരു സ്ഥിരസംവിധാനം വേണം എന്ന, ഒരാശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്. അതിൻറെ ഫലമായി നമ്പൂതിരി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ജന്മമെടുത്തു. മഹാസംഗമത്തെ സംബന്ധിച്ച പണമിടപാടുകളെല്ലാം ഈ ട്രസ്‌റ്റിൻറെ പേരിലാണു നടത്തിയത്.
യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് ശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരി സംഗമം ഉദ്ഘാടനം ചെയ്തു. ഉൽഘാടനച്ചടങ്ങിൽ ചലച്ചിത്ര നടൻ ശ്രീ ബാബു നമ്പൂതിരി, ശ്രീ മനയത്താറ്റ് ബ്രിജേഷ് നമ്പൂതിരി, നമ്പൂതിരി ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പ്രധാന അഡ്മിൻ ശ്രീ സന്തോഷ് താന്നിക്കാട്, തുടങ്ങിയവർ സംസാരിച്ചു. ശ്രീ ഹരി എൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീ നിധിൻ കൃഷ്ണ നമ്പൂതിരി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിനെപ്പറ്റിയും ഉദ്ദേശിക്കുന്ന ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.
തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സമുദായത്തിനു വേണ്ടി ഒന്നിക്കേണ്ടതിൻറെ ആവശ്യകത ഓരോ പ്രാസംഗികനും ഊന്നിപ്പറഞ്ഞു. നാം 23 അതിൻറെ ഒരു തുടക്കമാകട്ടെ എന്ന് എല്ലാവരും ആശംസിച്ചു, അങ്ങനെയാകണമെന്ന് ആഗ്രഹിച്ചു. താൻ ഇതുവരെ നമ്പൂതിരി ഫേസ്ബുക്ക് ഗ്രൂപ്പിൽ ചേരാൻ മടിച്ചിരിക്കുകയായിരുന്നെന്നും ഇനി എന്തായാലും ചേരുമെന്നും ശ്രീ ബാബു നമ്പൂതിരി പ്രഖ്യാപിച്ചു. ഇന്നത്തെ നമ്പൂതിരി യുവതലമുറയെ നമ്മുടെ വൈദിക സംസ്കാരത്തിലേക്കു ആകർഷിക്കേണ്ടതിന്റേയും ആ സംസ്കാരം നിലനിർത്തേണ്ടതിന്റേയും ആവശ്യകത എല്ലാവരും അടിവരയിട്ടു പറഞ്ഞു.
നാലു മാസം മുമ്പേ തുടങ്ങിയ ഓൺലൈൻ മത്സരങ്ങളുടെ പരിസമാപ്തിയും അരങ്ങത്തു നടന്നു. പാട്ട്, നൃത്തം, കൈകൊട്ടിക്കളി, കുട്ടികളുടെ ഫോട്ടോ, പ്രസംഗം, അക്ഷരശ്ലോകം, കവിതാപാരായണം, പ്രഭാഷണം, തുടങ്ങി ചീട്ടുകളി വരെ ഒട്ടേറെ മൽസരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ സമാപനസമ്മേളനത്തിൽ വിതരണം ചെയ്തു.
രണ്ടാമത്തെ ദിവസം അന്തർജ്ജനങ്ങളും നമ്പൂതിരിമാരും തമ്മിൽ നടത്തിയ വടംവലി മത്സരം വളരെ കൗതുകകരമായ സംഭവമായിരുന്നു. അന്തർജ്ജനങ്ങൾ നമ്പൂതിരിമാരെ തോല്പിച്ചപ്പോൾ ഉയർന്ന ആരവത്തിലും ആഹ്ളാദത്തിലും അന്തർജ്ജനങ്ങൾ മാത്രമല്ല, നമ്പൂതിരിമാരും കുട്ടികളും ഒത്തുചേർന്നു! എന്നാൽ മത്സരത്തിൽ ജയിച്ച അന്തർജ്ജനങ്ങൾക്കു സമ്മാനം കൊടുക്കാത്തത് അത്ര മോശമല്ലാത്ത പ്രതിഷേധങ്ങൾക്കു വഴി തെളിച്ചു. ആ പ്രതിഷേധത്തിൽ മൗനമായി കാണികളും ചേർന്നു. അതെന്തേ അങ്ങനെ സംഭവിച്ചത് എന്നുള്ളത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.
നമ്പൂതിരിമാരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെപ്പറ്റി ശ്രീ ടി.പി.ആർ. നമ്പൂതിരി നയിച്ച വളരെ സജീവമായ ചർച്ചയിൽ, പല ആചാരങ്ങൾക്കും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതാണെന്നും പലരും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഭാവിയിൽ വളരെ കൂലങ്കുഷമായ ചർച്ചകൾ ആവശ്യമാണെന്നും നമ്പൂതിരി ഫേസ്‌ബുക്ക് കൂട്ടായ്മ അതിനു മുൻകൈയെടുക്കണമെന്നുള്ള നിർദ്ദേശങ്ങളും പൊന്തി വന്നു.
പാചകകലയെപ്പറ്റിയുള്ള ‘രുചികരമായ’ ചർച്ചയിൽ ശ്രീ ടി.പി.ആർ. നമ്പൂതിരി, ശ്രീ പഴയിടം മോഹനൻ, ശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആനുകാലികപ്രസക്തിയുള്ള, നമ്പൂതിരിമാർക്കു മാത്രമല്ല എല്ലാവർക്കും ഗുണകരമായ ഏറെക്കാര്യങ്ങൾ ചർച്ചയിൽ പൊന്തിവന്നു.
നമ്പൂതിരിമാർ വ്യാപാരരംഗത്തും ഒട്ടും പിന്നിലല്ല എന്ന് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നതായിരുന്നു ബിസിനസ്സ് പ്രൊമോഷനു വേണ്ടിയുള്ള സമ്മേളനത്തിൻറെ ഗംഭീര വിജയം. സമുദായാംഗങ്ങൾ നടത്തുന്ന സംരംഭങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന അഭിപ്രായം എല്ലാവരും ഊന്നിപ്പറഞ്ഞു.
നമ്പൂതിരിമാർക്ക് വ്യാപാരം പറഞ്ഞിട്ടില്ലെന്നും അതിൽ വിജയിച്ചവർ വളരെ വിരളമാണെന്നുമുള്ള ധാരണയും പൊതു അഭിപ്രായവും നാം-23 മാറ്റിയെഴുതി എന്നു പറയാമെന്നു തോന്നുന്നു. സമുദായത്തിലെ സംരംഭകർക്കു വേണ്ടി സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്നു പരസ്യപ്പെടുത്തിയപ്പോൾ പത്തോ പന്ത്രണ്ടോ സ്റ്റാളുകൾ ബുക്ക് ചെയ്യപ്പെടുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ഈ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് ഇരുപത്തഞ്ചിലേറെ സ്റ്റാളുകൾ ബുക്ക് ചെയ്യപ്പെട്ടു. ഒടുവിൽ സ്റ്റാളുകൾ തികയാതെ വന്നപ്പോൾ തുറന്ന സ്ഥലത്തും കൂടി സൗകര്യം ഒരുക്കേണ്ടി വരികയുണ്ടായി.
സ്വസ്തിയും സ്റ്റാൾ ബുക്ക് ചെയ്തിരുന്നെങ്കിലും ചില ബുദ്ധിമുട്ടുകൾ മൂലം സ്വസ്തിയിൽ നിന്ന് ആർക്കും പങ്കെടുക്കാൻ സാധിക്കാതെ വന്നത് അൽപ്പം നിരാശയ്ക്കു വഴി തെളിച്ചുവെന്നു പറയാം.
സാധാരണഗതിയിൽ, പ്രായപൂർത്തിയായവരുടെ ഇത്തരം കൂടിച്ചേരലുകളിൽ കുട്ടികളെ കഴിവതും തീർത്തും ഒഴിവാക്കുകയാണു പതിവ്. എന്നാൽ മഹാസംഗമം 'കുട്ടികൾക്കെന്തു സമ്മേളനത്തിൽ കാര്യം?' എന്ന ചിന്താഗതിയെ തിരുത്തിക്കുറിച്ചു. കുട്ടികളെ നിർബ്ബന്ധമായും കൊണ്ടുവരണമെന്ന് ഹരി ആവർത്തിച്ചു പറയുകയുണ്ടായി. പലരും ഇത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചുകൊണ്ട് കുട്ടികളെ കൂടെ കൂട്ടി. വിവിധ വേദികളിൽ കലാമത്സരങ്ങളും പ്രഭാഷങ്ങളും മത്സരങ്ങളും നടക്കുമ്പോൾ ഇതിൽ താല്പര്യമില്ലാത്ത കുട്ടികൾക്ക് വിവിധയിനം ക്രീഡാസൗകര്യങ്ങളും ഉപകരണങ്ങളും തയ്യാറാക്കി നെല്ല്യക്കാട്ടു മനയിലുള്ളവർ. അവർക്കു കളികളെപ്പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും മേൽനോട്ടം വഹിക്കാനും പരിചയസമ്പന്നരായ പരിശീലകരെ ചുമതലപ്പെടുത്തി. ഒപ്പം തന്നെ മനയുടെ കോമ്പൗണ്ടിൽ നിർമ്മിച്ച നീന്തൽക്കുളവും കുട്ടികൾക്കായി തുറന്നുകൊടുത്തു. ഏതു സമയത്തു നോക്കിയാലും പത്തോ പന്ത്രണ്ടോ കുട്ടികൾ നീന്തൽക്കുളത്തിൽ നീന്തിക്കളിക്കുന്നതു കാണാമായിരുന്നു. ഒരു പക്ഷെ പല കുട്ടികൾക്കും ഇതൊരു പുതിയ അനുഭവമായിരുന്നിരിക്കാം. മാതാപിതാക്കളെപ്പോലും ശ്രദ്ധിക്കാതെ കൂട്ടുകാരുടെ കൂടെ കളിച്ചു തിമർത്ത രണ്ടു ദിവസങ്ങൾ കുട്ടികൾ ഏറെക്കാലം ഓർമ്മയിൽ സൂക്ഷിക്കുമെന്നു തീർച്ച. കുട്ടികൾ സുരക്ഷിതരാണെന്ന ആശ്വാസത്തിൽ രക്ഷകർത്താക്കൾക്ക് തങ്ങളുടെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കാനും സാധിച്ചു.
നമ്മുടെ വേദസംസ്കാരം നിലനിർത്തുന്നതിൻറെ ആവശ്യകത ത്രിശ്ശൂർ ബ്രഹ്മസ്വം മഠം പ്രസിഡണ്ട് അഡ്വക്കേറ്റ് പാഴൂർ പരമേശ്വരൻ ഊന്നിപ്പറഞ്ഞു. പഴയ തറവാടുകളിൽ കണ്ടേക്കാവുന്ന താളിയോലഗ്രന്ഥങ്ങൾ സംരക്ഷിക്കുന്നതിന് ബ്രഹ്മസ്വം മഠം ചെയ്യുന്ന പ്രയത്നങ്ങൾ വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹായസഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു.
സമാപനസമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ശ്രീ കുഞ്ഞികൃഷ്ണൻ, ചലച്ചിത്രതാരം ശ്രീ ശ്രീകാന്ത് മുരളി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഒരു കാര്യം കൂടി പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് അപൂർണ്ണമാകും. മഹാസംഗമത്തെപ്പറ്റിയുള്ള മധുരസ്മരണകൾക്കൊപ്പം പങ്കെടുത്ത എല്ലാവരേയും ഏറ്റവും ആകർഷിച്ച കാര്യം നെല്ല്യക്കാട്ടു മനയിൽ ഉള്ളവരുടെ സ്നേഹവും സഹകരണവും സംഗമത്തിനു വേണ്ടി എന്തും ചെയ്യാനുള്ള വ്യഗ്രതയുമായിരുന്നു. അവിടെയുള്ള ഓരോരുത്തരും, കുട്ടികൾ ഉൾപ്പെടെ, സംഗമത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ ലയിക്കുകയായിരുന്നു. മന മുഴുവൻ സംഗമത്തിനു വേണ്ടിയും പങ്കെടുക്കുന്നവർക്കു വേണ്ടിയും തുറന്നിട്ടു. ശ്രീധരീയത്തിലും മനയിലും ഉള്ള മുറികൾ, ഓഡിറ്റോറിയങ്ങൾ, പാർക്കിംഗ്, ആനപ്പുര, സുരക്ഷാവ്യവസ്ഥ, അങ്ങനെയെല്ലാമെല്ലാം സംഗമത്തിനു വേണ്ടി സമർപ്പിച്ചു.
മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് സൗജന്യമായി നേത്രപരിശോധനയ്ക്കുള്ള സൗകര്യവും ശ്രീധരീയത്തിൽ ചെയ്തിരുന്നു. പലരും ഈ അവസരം ഉപയോഗപ്പെടുത്തുകയുണ്ടായി.
യൂ ട്യൂബിൽ കൂടിയുള്ള തത്സമയസംപ്രേഷണം അനേകം പേർ വീക്ഷിച്ചു. പങ്കെടുക്കാൻ പറ്റാത്ത, എന്നാൽ തത്സമയസംപ്രേഷണം വീക്ഷിച്ച പലരും ഉദാരമായി സംഭാവന ചെയ്യാനും മടി കാണിച്ചില്ല.
ഒരു പക്ഷേ നമ്പൂതിരിമാരുടെ ആധുനിക ചരിത്രത്തിൽ ഇത്രയും ബൃഹത്തായ ഒരു കൂടിച്ചേരൽ, അക്ഷരാർത്ഥത്തിൽ തന്നെ മഹാസംഗമം, ആദ്യമാണെന്നു തോന്നുന്നു. ഏകദേശം മൂവായിരത്തോളം പേർ പങ്കെടുത്തെന്നാണ് വിശ്വസിക്കുന്നത്. നമ്പൂതിരി ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത വളരെയേറെപ്പേർ പങ്കെടുത്തു.
ഇനി നാം-24നു വേണ്ടിയുള്ള കാത്തിരിപ്പ്!