2020, ജൂൺ 10, ബുധനാഴ്‌ച

ഇന്നെന്താണാഴ്ച്ച?

"ഇന്നെന്താണാഴ്ച്ച?" ജയശ്രിയാണ്, അടുക്കളയിൽ നിന്ന്.

“ഇന്ന്...”, ഞാനൊന്നു പരുങ്ങി.

"തീയതിയോ?"

“തീയതി ...”

"ഇപ്പോഴെന്തിനാ ആഴ്ച്ചയും തീയതിയും മറ്റും അറിയുന്നത്?" ഞാനൊരു മറുചോദ്യം ഉന്നയിച്ചു. അറിയില്ലെന്ന്, അല്ലെങ്കിൽ ഓർമ്മയില്ലെന്ന്, പറയാനുള്ള ജാള്യത മറയ്ക്കാനുള്ള സൂത്രം.

", ഒന്നിനുമല്ല, വെറുതെ, അറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളൂ."

ഒടുവിൽ തീയതിയും ആഴ്ച്ചയും അറിയാൻ മൊബൈൽ ഫോൺ നോക്കേണ്ടി വന്നു.

ഈയിടെയായി അങ്ങനെയാണ്. എല്ലാ ആഴ്ച്ചകളും എല്ലാ തീയതികളും ഒരുപോലെ. ആകപ്പാടെ ഒരു വ്യത്യാസം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ടൈംസ് ഓഫ് ഇന്ത്യയുടെ പ്രാദേശിക പതിപ്പായ നോയിഡ ടൈംസിൽ പതിവായി വരുന്ന സുഡോക്കുവിനോടൊപ്പം കക്കൂരോ എന്ന കളി കൂടി ഉണ്ടാകും. അതു കാണുമ്പോൾ ഓർക്കും, 'ഇന്നു ശനിയാഴ്ച്ച' അല്ലെങ്കിൽ, 'ഞാറാഴ്ച്ച'. ഞാനിവ രണ്ടും പതിവായി ചെയ്യാറുണ്ട്.

മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ആഴ്ച്ചയോ തീയതിയോ ഒന്നും ആരോടും ഒരിക്കലും ചോദിക്കേണ്ടി വന്നിട്ടില്ല. ഓഫീസിൽ പോകാറുള്ള സമയത്ത് സന്ദേശങ്ങൾ വായിക്കുമ്പോൾ, എഴുതുമ്പോൾ, ഓരോ മീറ്റിങ്ങുകളും ജോലികളും അവയുടെ സമയപരിധികളും തീരുമാനിക്കുമ്പോൾ, ആരോടെങ്കിലും ഫോണിലോ നേരിട്ടോ സംസാരിക്കുമ്പോൾ, ഒക്കെ ആഴ്ച്ചകളും തീയതികളും ഒരു ചിത്രം പോലെ, ഒരു ശീലം പോലെ, മനസ്സിൽ ഉണ്ടാകും.

ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും രാവിലെ എഴുന്നേൽക്കാൻ അത്ര ധൃതിയില്ല, പതുക്കെ മതി. വെള്ളിയാഴ്ച്ചകളിലും ശനിയാഴ്ച്ചകളിലും ചിലപ്പോൾ 9-11 സമയത്തുള്ള ഏതെങ്കിലും ഹോളിവുഡ് സിനിമയും കാണാറുണ്ട്. പിറ്റേന്ന് എഴുന്നേൽക്കാൻ അൽപ്പം താമസിച്ചാലും കുഴപ്പമില്ലല്ലോ. (ഒരു രഹസ്യം പറയട്ടെ? അവയിലെ സംസാരങ്ങളൊന്നും എനിക്കു മനസ്സിലാവാറില്ല. പിന്നെ, സബ്-ടൈറ്റിൽ ഉള്ളതുകൊണ്ട് കഥ മനസ്സിലാകും.)

പിന്നീട് ഞാൻ ഇല്ലത്തിരുന്നു ഫ്രീലാൻസ് ജോലി ആരംഭിച്ചപ്പോഴും തീയതിയും ആഴ്ച്ചകളും എന്നും ഓർമ്മയുണ്ടായിരുന്നു. പത്നി ജയശ്രിയും മകൻ ശ്രീകാന്തും മരുമകൾ അർച്ചനയും ഓഫീസിൽ പോകാറുണ്ട്, എല്ലാവർക്കും ശനി ഞായർ ദിവസങ്ങളിൽ അവധി. മകനാണെങ്കിൽ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ച്ചയും ഇല്ലത്തിലിരുന്നാണ് ജോലി ചെയ്തിരുന്നത്. പിന്നെപ്പിന്നെ മൂന്നു ദിവസം ഇല്ലത്തിരുന്നു ജോലി ചെയ്യാൻ തുടങ്ങി. അതെന്തായാലും അന്നും ആഴ്ച്ചകളും തീയതികളും കൃത്യമായി ഓർമ്മയുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ?

എല്ലാവരും എല്ലാ ദിവസവും ഇല്ലത്തു തന്നെ. എല്ലാ ദിവസവും ഒരു പോലെ. കുട്ടികൾ ഇരുവരും രാവിലെ മുതൽ വൈകീട്ടു വരെ മടിപ്പുറത്ത് (മനസ്സിലായില്ലേ? ലാപ് ടോപ്പിൽ!) ഇരുവരും ഓഫീസിലെ ജോലി ഇല്ലത്തിരുന്നു ചെയ്യുന്നു. ശനി, ഞായർ ദിവസങ്ങളിൽ അർച്ചന ഇടക്കൊക്കെ മടിപ്പുറം അടച്ചു വയ്ക്കും. അടുക്കളയിൽ അമ്മയെ സഹായിക്കും, മുറികൾ വൃത്തിയാക്കി വയ്ക്കും, ഊണുമേശ ഒതുക്കി വയ്ക്കും. അതാണ് ഇപ്പോൾ ദൃശ്യമാകുന്ന ഏക വ്യത്യാസം.

അപ്പോൾ, ഇന്നത്തെ ആഴ്ച്ച? തീയതി?

മൊബൈൽ നോക്കട്ടെ.

24 അഭിപ്രായങ്ങൾ:

  1. Surendran Neelakantan
    ഇവിടെയും ഏകദേശം ഇത് തന്നെ അവസ്ഥ.

    മറുപടിഇല്ലാതാക്കൂ
  2. Saraswathi Pm
    സത്യം. ഞാനിന്നലെ മോനോടു പറഞ്ഞതേ ഉള്ളൂ. ആഴ്ച അറിയാൻ മൊബൈൽ നോക്കുന്ന കാര്യം.അവൻ പഞ്ഞു അറിഞ്ഞിട്ടും വല്യ പ്യോജനം ഒന്നും ഇല്ലല്ലോഎന്ന്.സുഡോകു അസുഖം എനിയ്ക്കും ഉണ്ട്.😀

    മറുപടിഇല്ലാതാക്കൂ
  3. കൃഷ്ണകുമാർ പട്ടേരില്ലം

    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. Paruthipra Sankaranarayanan
    വളരെ നന്നാവുന്നുണ്ട് ഇന്നാ അനുമോദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  5. Narayanan Karippath UnniMythra
    രാവും പകലും തിരിയാതായി
    പുലരികൾ വരവില്ലാതായ്
    കളകൂജനങ്ങൾ മറവിലായി

    മറുപടിഇല്ലാതാക്കൂ