2022, ജൂലൈ 11, തിങ്കളാഴ്‌ച

അവിസ്മരണീയമായ ഒരു സുപ്രഭാതം
















2022 മാർച്ചിലെ അന്ത്യവാരം.

ഒരു സന്ദേശം അയച്ചു: "ഏപ്രിൽ ആദ്യവാരത്തിൽ തിരുവനന്തപുരത്തു വരുന്നുണ്ട്. അങ്ങയുടെ ബദ്ധപ്പെട്ട പരിപാടികൾ അനുവദിക്കുമെങ്കിൽ ഒന്നു കാണണമെന്നുണ്ട്."

"ഓ, അതിനെന്താ, തീർച്ചയായും. മൂന്നും നാലും തീയതികൾ ഒഴിച്ച് മറ്റേതെങ്കിലും ദിവസം വന്നോളൂ."

ഹാവൂ! അദ്ദേഹം സ്ഥലത്തുണ്ട്, എന്നെ കാണാൻ സമയവും. ഏറെ സന്തോഷം തോന്നി.

"ഒന്നാം തീയതി വൈകീട്ടു വിളിക്കാം."

"അങ്ങനെയാകട്ടെ."

സന്തോഷം, സംതൃപ്തി, ആവേശം.

ഒന്നാം തീയതി വൈകീട്ട്: "നാളെ വരട്ടെ?"

"ആകട്ടെ, രാവിലെ ഒമ്പതു മണിയോടു കൂടി വന്നോളൂ."

പിന്നാലെ അദ്ദേഹത്തിൻറെ 'എവിടെ താമസിക്കുന്നു, എങ്ങനെ വരും' തുടങ്ങിയ സ്നേഹാന്വേഷണങ്ങൾ!

"അദ്ദേഹം" എന്നാൽ കേരളത്തിൻറെ ചീഫ് സെക്രട്ടറി (ജോയ് വാഴയിൽ എന്നുകൂടി അറിയപ്പെടുന്ന) ഡോ. വി.പി. ജോയ്. ദില്ലിയിൽ വച്ച് അക്ഷരശ്ലോക സദസ്സുകളിൽ കൂടിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം ഈയുള്ളവൻ എഡിറ്റ് ചെയ്ത ഒരു പുസ്തകം അദ്ദേഹം സസന്തോഷം പ്രകാശനം ചെയ്യുകയും ഉണ്ടായി.

പറഞ്ഞ സമയത്തിന് ഏതാനും നിമിഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ എത്തി. അദ്ദേഹത്തിൻറെ സഹധർമ്മിണി ഷീജ ജോയ് കുറച്ചു സമയം സംസാരിച്ചു. കാപ്പിയോ ചായയോ വേണ്ടതെന്നു ചോദിച്ചു. ഒന്നും വേണ്ടെന്നു നന്ദിപൂർവ്വം പറഞ്ഞു. ഇതിനു മുമ്പു രണ്ടു തവണ ദില്ലിയിൽ വച്ചു നേരിൽ കണ്ടിട്ടുണ്ട് (സംസാരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും). അതുകൊണ്ട് കണ്ടപ്പോഴേ തിരിച്ചറിഞ്ഞു. ഡോ. ജോയ് തയ്യാറായി വരുന്നതു വരെ അവർ സംസാരിച്ചിരുന്നു.

ഡോ. ജോയിക്ക്, മുമ്പു കണ്ടിട്ടുള്ളതുപോലെ തന്നെ, യുവത്വവും സാമർത്ഥ്യവും വിനയവും സ്നേഹവും, സദാ പുഞ്ചിരിക്കുന്ന മുഖവും തന്നെ, ഒരു മാറ്റവുമില്ല. കുറേ  സമയം സംസാരിച്ചിരുന്നു. കുടുംബപുരാണം, ജോലി പുരാണം, എല്ലാം സംസാരവിഷയങ്ങളായി. ഡോ. ഐഡ സ്കഡ്ഡറിൻറെ ജീവചരിത്രം എഴുതാൻ ശ്രമിക്കുന്നെന്നു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അതിനെപ്പറ്റി ചോദിച്ചു. വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന് അദ്ദേഹം സദയം പറയുകയും ചെയ്തു. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ രണ്ടു കവിതാസമാഹാരങ്ങളുടെ പ്രതികൾ സമ്മാനിച്ചു.

യാത്ര പറയാൻ സമയമായെന്നു തോന്നി. ‘വേണമോ വേണ്ടയോ’, ‘വേണമോ വേണ്ടയോ’, എന്ന ചോദ്യം മനസ്സിൽ ഒന്നുരണ്ടു തവണ തത്തിക്കളിച്ചു. പിന്നെ എന്തും വരട്ടെയെന്നു കരുതി മൊബൈൽ ഫോൺ നീട്ടിക്കൊണ്ടു ശ്രീമതി ഷീജ ജോയിയോടു വിനയപൂർവ്വം ചോദിച്ചു, "ഇതിൽ ഒരു ഫോട്ടോ എടുക്കാമോ?"

അവർ അതു സസന്തോഷം സ്വീകരിച്ചു, ഒരു ചെറു ചിരിയോടെ (അതെപ്പോഴും ആ മുഖത്ത് ഉള്ളതാണ്, ട്ടോ!) ഫോട്ടോ എടുത്തു.

പിന്നെയായിരുന്നു അൽപ്പം കൂടി വിഷമം പിടിച്ച ചോദ്യം, "നമ്മൾ മൂന്നുപേരുടെയും കൂടി ഒരു സെൽഫി എടുക്കുന്നതിൽ വിരോധമുണ്ടോ?"

വീണ്ടും അതേ സന്നദ്ധത, അതേ പുഞ്ചിരി, അതേ സമ്മതം.

അങ്ങനെ ഒരു വിലപ്പെട്ട സുപ്രഭാതം ഈയുള്ളവനു സമ്മാനിച്ചതിനും, പകർന്നു നൽകിയ സ്നേഹത്തിനും ആദരവിനും വളരെയേറെ നന്ദി, ജോയ് സാർ, ഷീജ മാഡം!

മീറ്റ്ന ജാതവേദൻ ഏട്ടൻ

02-07-2022

അറിഞ്ഞില്ല. അസുഖമാണെന്നോ കൂടുതൽ ആണെന്നോ ഒന്നും. അറിഞ്ഞാലും ഒന്നു വന്നു കാണാൻ തരപ്പെടുമായിരുന്നില്ലല്ലോ, താൽക്കാലികമായി താമസം പൂണെയിലായതുമൂലം.

ചിലരൊക്കെ നമ്മെ വിട്ടു പിരിയുമെന്ന വസ്തുത ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുകയില്ല, അങ്ങനെയൊരു ദിവസം വന്നെത്തുന്നതുവരെ. യാഥാർത്ഥ്യം മുഖത്തു നോക്കി തൻറെ ഭീകരരൂപം കാണിക്കുമ്പോളുണ്ടാകുന്ന ഞെട്ടൽ അത്ര നിസ്സാരമായിരിക്കയില്ല. അങ്ങനെയൊരു സത്യത്തെ അംഗീകരിക്കാൻ മനസ്സിനു കൂടുതൽ സമയവും ക്ഷമയും വേണ്ടി വരും.

അത്തരത്തിലുള്ള ഒരാളായിരുന്നു മീറ്റ്ന ജാതവേദൻ ഏട്ടൻ. എപ്പോഴും ഹൃദയം നിറഞ്ഞ, ആത്മാർത്ഥമായ, പുഞ്ചിരി. പുഞ്ചിരിയിൽ സ്നേഹമുണ്ട്, വാത്സല്യമുണ്ട്, ആശംസകളുണ്ട്, അനുഗ്രഹങ്ങളുണ്ട്, പ്രാർത്ഥനയുണ്ട്. ഒരിക്കൽ കണ്ടാൽ, സംസാരിച്ചാൽ പിന്നീട് അത്ര എളുപ്പം അദ്ദേഹത്തെ മറക്കാൻ സാധിക്കില്ല.

എന്നാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്? ഓർമ്മയില്ല. പല ദശാബ്ധങ്ങൾക്കു മുമ്പാണെന്നറിയാം. ആനന്ദനുമായി പുത്രി സന്ധ്യയുടെ വിവാഹം നടക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ്! ഡൽഹിയിലെ യോഗക്ഷേമസഭയായ ഗായത്രിയിൽ അംഗമാക്കാൻ വേണ്ടി അദ്ദേഹത്തിൻറെ വസതിയിൽ പോയതാണ്. ഒരു പരിചയവുമില്ലാതിരുന്നിട്ടും, വന്നയാൾ ഒരു 'വെറും' പയ്യനായിരുന്നിട്ടും കുറെയേറെ സംസാരിച്ചു. ഇരുപതു വയസ്സോളം പ്രായത്തിൽ ഇളയ ആളോട് സമാന്തരരീതിയിൽ, അടുത്ത സുഹൃത്തിനോടെന്ന രീതിയിൽ, സംസാരിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല.  അദ്ദേഹത്തിന് അതു സാധിക്കുമായിരുന്നു.

പിന്നീട് എത്രയോ തവണ ഗായത്രിയുടെ പരിപാടികളിൽ കണ്ടിരിക്കുന്നു. ഹൃദയത്തിൽ നിന്നുതിരുന്ന ഒരു ചിരി, സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു നോട്ടം, കുശലാന്വേഷണങ്ങൾ, അതിനൊന്നും അദ്ദേഹം ഒരിക്കലും പിശുക്കു കാണിച്ചിരുന്നില്ല.

തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ ഓർമ്മകൾ അദ്ദേഹം പലപ്പോഴും അയവിറക്കുമായിരുന്നു. ഗായത്രിയിൽ അംഗത്വം എടുപ്പിക്കാൻ ഈയുള്ളവൻ ചെന്ന കാര്യം, കാണുമ്പോൾ ഇടയ്ക്കിടക്കു പറയാറുണ്ടായിരുന്നു.

ചില വർഷങ്ങൾക്കു മുമ്പ് ഏട്ടൻറെ എൺപതാം പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും ഒരു മംഗളപത്രം സമർപ്പിക്കാനും ഈയുള്ളവനു ഭാഗ്യം ലഭിക്കുകയുണ്ടായി.

ഏട്ടൻറെ ആത്മാവിനു മോക്ഷം ലഭിക്കാൻ പ്രാർത്ഥിക്കുന്നു!

ജ്ഞാനപ്പാന

 13-03-2022

[2022 മാർച്ച് 13-ന് ഡൽഹി വസുന്ധര എൻക്ലേവ് മലയാളി അസ്സോസിയേഷൻറെ അക്ഷരവേദി എന്ന പരിപാടിയിൽ 'ജ്ഞാനപ്പാന'യെപ്പറ്റി പറഞ്ഞ അഭിപ്രായത്തിൽ നിന്നും ചില ഭാഗങ്ങൾ]

 


ഹരി ഓം. ഹരി ഓം. ഹരി ഓം.

 

കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ

കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

അച്യുതാനന്ദ ഗോവിന്ദ മാധവാ

സച്ചിദാനന്ദ നാരായണാ ഹരേ.

 മഹാ ഭക്തകവിയായ പൂന്താനത്തിൻറെ പ്രചുരപ്രചാരമായ. അത്യധികം പ്രസിദ്ധമായ, ഓരോ ഹിന്ദു കുടുംബങ്ങളിലും ധാരാളമായി വായിക്കപ്പെടുന്ന, ജ്ഞാനപ്പാന നിസ്സാരനായ ഈയുള്ളവൻ എങ്ങനെ അവലോകനം ചെയ്യാൻ? അതിസാഹസത്തിനു മുതിരുന്നില്ല. കൃതിയെപ്പറ്റി എനിക്കു തോന്നിയ ചില അഭിപ്രായങ്ങൾ പറയാം.

 

പൂന്താനം ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിൻറെ മദ്ധ്യം മുതൽ പതിനേഴാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ (1547 മുതൽ 1640 വരെ) യിരുന്നു. മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ സമകാലീനനായിരുന്നു അദ്ദേഹം. പരമസാത്വികനായ ഒരു സാധു ബ്രാഹ്മണൻ. ഗുരുവായൂരപ്പൻറെ ഉത്തമ ഭക്തൻ. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് ഒരാൺകുട്ടിയുണ്ടായത്. കുട്ടിയുടെ ചോറൂണിനുള്ള തയ്യാറെടുപ്പിനിടയിൽ ഉറങ്ങിക്കിടന്ന ഉണ്ണിയുടെ മുകളിൽ ആരൊക്കെയോ അറിയാതെ തുണികൾ കൊണ്ടിടുകയും തന്മൂലം കുട്ടിക്ക്, വളരെ ദൗര്ഭാഗ്യമെന്നു പറയട്ടെ, ദുർമ്മരണം സംഭവിക്കുകയും ചെയ്തു. ദുഃഖം താങ്ങാനാവാതെ അദ്ദേഹം രചിച്ച കൃതിയാണത്രേ ജ്ഞാനപ്പാന. പുത്രൻറെ വിയോഗത്തിൽ നിന്നുണ്ടായ വിരക്തിയിൽ രൂപം കൊണ്ട ഒരു കാവ്യം എന്നു വേണമെങ്കിൽ പറയാമെന്നു തോന്നുന്നു.

 പതിനൊന്ന് അക്ഷരങ്ങൾ വീതമുള്ള 352 വരികളുള്ള വളരെ ചെറിയ ഒരു കൃതിയാണ് ജ്ഞാനപ്പാന. അര മണിക്കൂർ കൊണ്ടു വായിച്ചു തീർക്കാം. പക്ഷേ അതിൻറെ ഉള്ളടക്കം, അതിൽ അടങ്ങിയിരിക്കുന്ന അർത്ഥം മനസ്സിലാക്കാൻ, അതു മനനം ചെയ്യാൻ, അതയൊന്നും സമയം മതിയാവില്ല. അത്രമാത്രം ഗഹനമായ കാര്യങ്ങൾ എത്രയും ലളിതമായ ഭാഷയിൽ, ഒരു കൊച്ചു കുഞ്ഞിനുപോലും മനസ്സിലാകുന്ന രീതിയിൽ അദ്ദേഹം വിവരിച്ചിരിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും അതിലെ വരികളുടെ, അവയിലെ ആശയങ്ങളുടെ, മധുരം കൂടിക്കൂടി വരും. വീണ്ടും വീണ്ടും വായിക്കണമെന്നു തോന്നും.

 ഭഗവദ് ഗീതക്ക് എണ്ണമറ്റ വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ അതിലെ ഭാഷയും അർത്ഥതലങ്ങളും അതിഗഹനമാണ്, സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാൻ അത്ര എളുപ്പം സാധിച്ചെന്നു വരില്ല. എന്നാൽ ജ്ഞാനപ്പാനയെ സംബന്ധിച്ചിടത്തോളം അതിൻറെ ഓരോ വായനക്കാരനും അതിൻറെ വ്യാഖ്യാതാവാണ്‌. വളരെ ലളിതമായ ഭാഷയിൽ സർവ്വസാധാരണമായ വാക്കുകൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന കൃതി ഏതു പാമരനും വായിച്ചു മനസ്സിലാക്കാൻ യാതൊരു വിഷമവുമില്ല.

ഗുരുവായൂരപ്പനെ വന്ദിച്ചുകൊണ്ടാണ് അദ്ദേഹം തൻറെ കാവ്യം തുടങ്ങുന്നത്.

 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ

കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

അച്യുതാനന്ദ ഗോവിന്ദ മാധവാ

സച്ചിദാനന്ദ നാരായണാ ഹരേ.

 

പിന്നീട് ഗുരുവിനെ സ്മരിക്കുന്നു.

 

ഗുരുനാഥൻ തുണ ചെയ്ക സന്തതം

തിരുനാമങ്ങൾ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാൻ.

 അത്രയുമേയുള്ളൂ അദ്ദേഹത്തിൻറെ ആഗ്രഹം. എപ്പോഴും ഭഗവാൻറെ നാമങ്ങൾ മാത്രം നാക്കിൽ വരണം, ഭഗവാൻറെ നാമങ്ങൾ മാത്രം കേൾക്കണം, ഭഗവാനെപ്പറ്റി മാത്രം ചിന്തിക്കണം. എല്ലാം ഭഗവാൻ മയം. ഭക്തിയുടെ പാരമ്മ്യത്തിലെത്തുമ്പോൾ ഭഗവാനും ഭക്തനും ഒന്നാകുമെന്നാണു പറയുന്നത്. ഭഗവാൻറെ മുമ്പിൽ സമ്പൂർണ്ണ സമർപ്പണം ചെയ്യാൻ അപ്പോൾ ഭക്തന് സാധിക്കുന്നു. കണ്ണിലും കാതിലും നാക്കിലും ചിന്തയിലും എല്ലാം ഭഗവാൻ മാത്രം.

 നാരായണീയം നല്ല കടുകട്ടിയായ സംസ്കൃതത്തിൽ എഴുതിയ 1014 ശ്ലോകങ്ങളുള്ള ഒരു ബൃഹുദ്‌ കൃതിയാണ്. അതും ഭക്തിസാന്ദ്രമാണ്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ടവയായിരുന്നു നാരായണീയവും ജ്ഞാനപ്പാനയും. നാരായണീയത്തിൽ പക്ഷേ, ഓരോ ദശകത്തിന്റേയും അവസാനം "കൃഷ്ണാ, എൻറെ രോഗം ശമിപ്പിക്കണേ” എന്നു അപേക്ഷിക്കുന്നു, കവി. നൂറാമത്തെ ദശകത്തിൽ മാത്രം ഈ പ്രാർത്ഥന ഇല്ല. അപ്പോഴേക്കും രോഗം പൂർണ്ണമായും ഭേദമായിരുന്നു. തൻറെ വാതരോഗം മാറാൻ വേണ്ടിയാണ് അദ്ദേഹം ആ കാവ്യം രചിച്ചതു തന്നെ. ഒരു കണക്കിൽ പറഞ്ഞാൽ രോഗം മാറ്റിക്കൊടുക്കാൻ ഭഗവാനുള്ള കൈക്കൂലി!

 എന്നാൽ കഠിനമായ പുത്രദുഃഖത്താൽ നീറുമ്പോഴും പൂന്താനം ഭഗവാനോട് യാതൊന്നും ആവശ്യപ്പെടുന്നില്ല, യാതൊരു പരാതിയും പറയുന്നില്ല. എന്തിനാണ് ഈ ഭക്തനെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നുപോലും ചോദിക്കുന്നില്ല. ഉള്ളത് വിരക്തിയും ഭക്തിയും ഭഗവാനിലുള്ള ദൃഢമായ വിശ്വാസവും മാത്രം.

 ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

ഉണ്ണികൾ മറ്റു വേണമോ മക്കളായ്?

 എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉണ്ണികൃഷ്ണൻ മനസ്സിലുള്ളപ്പോൾ പിന്നെ മക്കൾക്കു വേണ്ടി കേഴുന്നതിൽ ഒരർത്ഥവുമില്ല. അതായത് ഉണ്ണികൃഷ്ണൻ തൻറെ പുത്രൻ തന്നെയാണെന്നാണ് വിവക്ഷ. ഭക്തിയുടെ പരമകാഷ്‌ഠയിൽ എത്തുമ്പോൾ മാത്രമേ ഒരാൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുകയുള്ളു. കുറൂരമ്മയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല എന്നുള്ള കാര്യം നമുക്കെല്ലാം അറിയാം. കുറൂരമ്മക്കും കൃഷ്ണൻ പുത്രൻ തന്നെയായിരുന്നു.

 ജ്ഞാനപ്പാന രചിക്കപ്പെട്ടത് ഏകദേശം നാലര ശതാബ്ധങ്ങൾക്കു മുമ്പാണെങ്കിലും അദ്ദേഹം അതിൽ പറഞ്ഞിരിക്കുന്ന ജീവിത തത്വശാസ്ത്രം അന്നത്തേതുപോലെ തന്നെയോ അതിൽ കൂടുതലായോ ഇന്നും പ്രസക്തമാണ്. നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചാൽ അദ്ദേഹം പറഞ്ഞിരിക്കുന്നതു മുഴുവൻ അതേപടി നമുക്ക് കാണാൻ കഴിയും.

 രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.

മാളികമുകളേറിയ മന്നൻറെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

 

കവി തുടർന്നു പറയുന്നു:

 

അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും

ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തിൽ പോലും കാണുന്നില്ല ചിലർ

 വൃദ്ധ സദനങ്ങൾ ധാരാളം പെരുകി വരുന്ന കാലമാണല്ലോ ഇത്. എൻറെയൊക്കെ തലമുറയിലുള്ളവരുടെ കുട്ടിക്കാലത്ത് വൃദ്ധസദനം എന്നൊന്നും കേട്ടിട്ടുപോലുമില്ല. ഇപ്പോൾ മാതാപിതാക്കളുടെ സ്വത്തു മുഴുവൻ എഴുതി വാങ്ങിച്ചിട്ട് അവരെ വൃദ്ധസദനങ്ങളിലാക്കുന്നത് ഒരു സാധാരണ സംഭവമായിക്കഴിഞ്ഞു. ഭാര്യയേയും കുട്ടികളേയും, അല്ലെങ്കിൽ ഭർത്താവിനേയും കുട്ടികളേയും മറന്നിട്ട് ഇറങ്ങിപ്പോകുന്ന കഥകൾ ഇപ്പോൾ ധാരാളമായി കേൾക്കാറുണ്ടല്ലോ. ഇതൊക്കെയാണ് പൂന്താനം നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിവച്ചത് - അന്നത്തേയും ഇന്നത്തേയും എന്നത്തേയും ജീവിതത്തിൻറെ ഒരു നേർക്കാഴ്ച്ച!

 മോഹലോഭാദികൾക്ക് നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു. മായയിൽ പെട്ട് ജീവിതത്തിൻറെ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുന്നതിനെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്.

 അർത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിനൊരുകാലം

പത്തു കിട്ടിയാൽ നൂറു മതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോൾ

ആയുതമാകിലാശ്ചര്യമെന്നതും

ആശയാലുള്ള പാശമതിങ്കേന്നു

വേർവിടാതെ കരേറുന്നു മേൽക്കുമേൽ

 ഇങ്ങനെയൊക്കെ പറയുമ്പോഴും അദ്ദേഹം ഒരിടത്തും നമ്മെ ഉപദേശിക്കുന്നില്ല. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറയുന്നില്ല.  ആ തീരുമാനം വായനക്കാർക്ക്, വിട്ടു കൊടുത്തിരിക്കുകയാണ് അദ്ദേഹം.

 ജീവിതത്തിൻറെ കാര്യം മാത്രമല്ല, ജീവിത ശേഷമുള്ള കാര്യവും അദ്ദേഹം വിവരിക്കുന്നു. സ്വർഗ്ഗം, നരകം, പുർജ്ജന്മം, ജന്മജന്മാന്തരങ്ങളിലെ യാത്രകൾ, എല്ലാമെല്ലാം അദ്ദേഹം തൻറെ ഈ ചെറു കാവ്യത്തിൽ വളരെ ലളിതമായി നമുക്ക് പറഞ്ഞു തരുന്നു.

 ദേശഭക്തി അദ്ദേഹത്തിൻറെ ചില വരികളിൽ തിളങ്ങി നിൽക്കുന്നതു കാണാം.

 ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിർണ്ണയം

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോർക്കണം.

 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ!

ബ്രാഹ്മണാൾ: ആദ്യ അനുഭവം

 20-03-2022

2022 മാർച്ച് 19 ശനിയാഴ്ച്ച. രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നാട്ടിൽ. 2020-ൽ കോവിഡിനു മുമ്പു തിരിച്ചുപോയി. ഇന്നു കോവിഡിനു ശേഷം (എന്നു പ്രതീക്ഷിക്കാം, ല്ലേ?) വീണ്ടും നാട്ടിൽ. എട്ടു മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി.

മുമ്പൊരിക്കൽ ബ്രാഹ്മണാൾ ഹോട്ടലിനെപ്പറ്റി നമ്പൂതിരി ഫേസ്ബുക്ക് ഗ്രൂപ്പിൽ ഒരാൾ വളരെ മോശമായി എഴുതിയിരുന്നു.  പിന്നീട് ആ പോസ്റ്റിനെപ്പറ്റി കുറെയേറെ ചർച്ചകളുമുണ്ടായി. ഞാനും അഭിപ്രായം പറഞ്ഞവരിൽ പെടും.  വിമർശനങ്ങൾ നല്ലതാണ്, പക്ഷേ അവ സൃഷ്ടിപരമായിരിക്കണം. മനുഷ്യരിലും സ്ഥാപനങ്ങളിലും നല്ലതു മാത്രം, അല്ലെങ്കിൽ മോശമായ കാര്യങ്ങൾ മാത്രം, അങ്ങനെയുണ്ടാവില്ലല്ലോ. സിനിമകളിൽ കാണുന്നതുപോലെ നായകന്മാർ വെളുവെളുത്തു പാൽ പോലെ സ്വഭാവമുള്ളവർ, വില്ലന്മാർ കറുകറുത്തു കരിക്കട്ട പോലുള്ളവർ, അങ്ങനെ ജീവിതത്തിൽ ഉണ്ടാവില്ലല്ലോ. നല്ല കാര്യങ്ങളും മോശമായ കാര്യങ്ങളും എല്ലാവരിലും, എല്ലാത്തിലും ഉണ്ടാകും. അതു മനസ്സിലാക്കി വേണം വിമർശനങ്ങൾ എന്നാണ് ഈയുള്ളവൻറെ എളിയ അഭിപ്രായം. അന്നു തീരുമാനിച്ചതാണ് ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും ബ്രാഹ്മണാളിൽ പോകണമെന്ന്.

വിമാനത്താവളത്തിൽ നിന്നു കാലടിക്കു പോകുന്ന വഴിക്കാണ് ബ്രാഹ്മണാൾ. അതു വളരെ സൗകര്യപ്രദമാണെന്നു പറയാതിരിക്കാൻ പറ്റില്ല. അന്വേഷിച്ചു നടക്കേണ്ടല്ലോ. എവിടെയാണെന്നു കൃത്യമായി അറിയില്ലാതിരുന്നതുകൊണ്ട് വശങ്ങളിൽ നോക്കിയിരുന്നു. കാണാതെ കടന്നു പോവരുതല്ലോ. അല്പം ചെന്നപ്പോൾ പെട്ടെന്ന് ചിരിക്കുന്ന സുന്ദരി മുത്തശ്ശി കണ്ണിൽ പെട്ടു. “അതാ ബ്രാഹ്മണാൾ."

ഹോട്ടലിൻറെ പിറകിൽ വണ്ടികൾ പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. വളരെ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം.

ചെമ്പുഗ്ളാസ്സിൽ കുടിക്കാനുള്ള വെള്ളം തന്നത് ഒരു പുതുമയായി തോന്നി. ചെമ്പു പാത്രത്തിൽ വച്ചിരിക്കുന്ന വെള്ളം ആരോഗ്യത്തിന് വളരെ ഗുണകരമാണെന്നു കേട്ടിട്ടുണ്ട്.

അഞ്ചു നെയ് റോസ്റ്റും രണ്ടു മസാല ദോശയും ഓർഡർ ചെയ്തു. മൂന്നു നെയ്‌റോസ്റ്റും മസാല ദോശയും കൊണ്ട് വന്നു. ബാക്കിയുള്ള രണ്ടെണ്ണം ഉടൻ കൊണ്ടുവരുമെന്നു കരുതി കിട്ടിയവർ കഴിച്ചു തുടങ്ങി. എന്നാൽ ഏകദേശം കഴിച്ചു കഴിയാറായപ്പോഴാണ് ബാക്കിയുള്ള രണ്ടെണ്ണം വന്നത്. മറന്നുപോയോ, വീണ്ടും വിളിച്ച് ഓർമ്മിപ്പിക്കണമോയെന്നൊക്കെ സംശയിച്ചു. ഇടക്കുള്ള താമസം അല്പം അരോചകമായി തോന്നാതിരുന്നില്ല. താമസിച്ചതിനു ക്ഷമയും അരിമാവിൻറെ എന്തോ പ്രശ്നവും പറഞ്ഞു. ഭക്ഷണം സ്വാദിഷ്‌ഠമായിരുന്നു. വയറും മനസ്സും നിറഞ്ഞു. മനസ്സിൽ പറഞ്ഞു, " ഇനി വിമാനത്താവളത്തിൽ നിന്നു വരുമ്പോൾ ഇതൊരു പതിവാക്കണം."

പിന്നീട് കാപ്പിയും ചായയും പാലും കൊണ്ടുവന്നപ്പോൾ ഒരു കാപ്പി കൂടുതൽ! ഒരു ചായയിൽ പഞ്ചസാര വേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഒരു കാപ്പിയാണ് പച്ചസാരയില്ലാതെ കിട്ടിയത്! ഓർഡർ എടുക്കുമ്പോൾ വെറുതെ കേട്ടിട്ടു പോകാതെ ഒരു ബുക്കിൽ കുറിച്ചെടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നു തോന്നി. കാര്യമായി തിരക്കില്ലായിരുന്ന സമയത്താണ് ഇത്. അപ്പോൾ തിരക്കുള്ള സമയത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇക്കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചെങ്കിൽ നന്നായിരിക്കുമെന്നു തോന്നുന്നു.

കുട്ടികൾക്കു കൈ കഴുകാൻ പാകത്തിന് പൊക്കം കുറഞ്ഞ വാഷ് ബേസിൻ (അങ്ങനെയാണോ അതിനു പറയുക? ആവോ!) കൗതുകം ഉളവാക്കി. കുഞ്ഞുങ്ങളെ മറക്കാതിരുന്നതിന് അഭിനന്ദനങ്ങൾ!

ഹരിയെ അന്വേഷിച്ചു. "ഹരിസാർ എന്നുമൊന്നും വരാറില്ല, വല്ലപ്പോഴുമൊക്കെയേ വരാറുള്ളൂ" എന്നു മറുപടി കിട്ടി. അതെന്തായാലും തീരെ മോശമല്ലാത്ത, എന്നാൽ ഇനിയും കൂടുതൽ നന്നാക്കാൻ സാദ്ധ്യതകൾ ഉള്ള, ഒരു അനുഭവമായിരുന്നു ബ്രാഹ്മണാളിൽ ആദ്യത്തേത്. ഇനി ഹരിയെ കാണുമ്പോൾ പറയണം.

സദ്യാലയത്തിൽ പോയില്ല. അടുത്ത തവണ ആകാം.

അടിക്കുറിപ്പ്: ബ്രാഹ്മണാളിനെപ്പറ്റി നമ്പൂതിരി മുഖപുസ്തക ഗ്രൂപ്പിൽ മോശമായ ഒരു പോസ്റ്റ് കണ്ടപ്പോൾ അത് ശ്രീധരീയം ഗ്രൂപ്പിന്റേതാണെന്നോ ഹരിയുടെ ചുമതലയിലുള്ളതാണെന്നോ അറിയില്ലായിരുന്നു. പിന്നീടാണ് ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. ശ്രീധരീയത്തിൽ പലരേയും അറിയാം, ഹരിയേയും. ബന്ധുക്കളുമാണ്.

കട്ടൻകാപ്പിയും കവിതയും: കവിയരങ്ങ് (18-06-2022)

 19-06-2022 

 "Coffee and Poetry കട്ടൻകാപ്പിയും കവിതയും" എന്ന ഗ്രൂപ്പിൽ അംഗമായിട്ട് കുറെ നാളായി. ചില കവിതകളൊക്കെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ 'ആക്റ്റീവ്' എന്നൊന്നും പറയാനാവില്ല. കഴിഞ്ഞ ഏപ്രിലിൽ ശ്രീ പ്രിയവ്രതൻറെ (പ്രിയൻറെ) സന്ദേശം - "ഒരു ഓൺലൈൻ കവിസംഗമം, ചേരാൻ താല്പര്യമുണ്ടോ?" 

ഇതെന്താ സംഗതി? അറിയണമല്ലോ. 

"ചേരാം." ചേർന്നു.

 വളരെ നല്ല പരിപാടി, സ്വന്തം കവിതകളോ മറ്റുള്ളവരുടെ കവിതകളോ അവതരിപ്പിക്കാം. പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും അഭിപ്രായം പറയാം. അല്ല പറയണം, അതാണ് ഒരു രീതി. കവിതകൾ മാത്രമല്ല കഥകളും അവതരിപ്പിക്കാം എന്ന് ഇന്നലെ മനസ്സിലായി. സ്വന്തം സൃഷ്ടികൾ മറ്റുള്ളവർ വിലയിരുത്തുന്നതു കേൾക്കാൻ ഒരു സുഖം ഉണ്ടാവുമല്ലോ. മിക്കവാറും എല്ലാവരും തന്നെ കലാസൃഷ്ടികൾ നടത്തുന്നവരാണ്. കലാസൃഷ്ടികൾ നടത്താത്തവർ ആരെങ്കിലും ഉണ്ടെങ്കിൽതന്നെ അവർ ഗൗരവമായി ഇത്തരം സൃഷ്ടികൾ കേൾക്കാനും ആസ്വദിക്കാനും താല്പര്യമുള്ളവരാണ്.അതുകൊണ്ട് എല്ലാവരും പരസ്പര ബഹുമാനത്തോടെയും വിനയത്തോടെയും മാത്രമേ അഭിപ്രായം പറയാറുള്ളൂ. 

ഇന്നലെ നടത്തിയത് 135-മത് കവിയരങ്ങായിരുന്നു. എല്ലാ മാസത്തിലും മൂന്നാമത്തെ ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴര മുതൽ ഒമ്പതര വരെയാണ് പരിപാടി നടത്തുന്നത്. എന്താണ് പോസ്റ്റെന്നു വായിക്കുക പോലും ചെയ്യാതെ നൂറു പേർ ലൈക് അടിക്കുകയോ സ്മൈലി കമൻറ് ചെയ്യുകയോ ചെയ്യുന്നതിനേക്കാൾ എത്ര നല്ലതാണ് പത്തോ പതിനഞ്ചോ പേർ ശ്രദ്ധിച്ചു കേട്ടിട്ട് അഭിപ്രായം പറയുന്നത്. എണ്ണത്തിലല്ലല്ലോ വണ്ണത്തിലല്ലേ കാര്യം?

എന്തായാലും ഒരു കാര്യം തീരുമാനിച്ചു: എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഈ അരങ്ങിൽ പങ്കെടുക്കുന്നത് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. ഇതിൻറെ സാരഥികൾക്ക്, പ്രത്യേകിച്ചും പ്രിയന്, ഏറെ നന്ദിയും ആശംസകളും.

വാലറ്റം: ഇന്നലെ കർട്ടൻ വീഴുന്നതിനു മുമ്പേ അറിയാതെ വെളിയിലായിപ്പോയി. എങ്ങനെയെന്നു  മനസ്സിലായില്ല. വീണ്ടും ഒന്നു രണ്ടു തവണ വാതിലിൽ മുട്ടി വിളിച്ചു. അകത്തുനിന്ന് മറുപടി കിട്ടി, "നിങ്ങടെ ആൾക്കാരൊക്കെ പോയി. ഞങ്ങ ബേറെ കൂട്ടർ."

ങാ, സാരമില്ല, ഇനി അടുത്ത മാസം!