2022 മാർച്ചിലെ അന്ത്യവാരം.
ഒരു സന്ദേശം അയച്ചു: "ഏപ്രിൽ ആദ്യവാരത്തിൽ തിരുവനന്തപുരത്തു വരുന്നുണ്ട്.
അങ്ങയുടെ ബദ്ധപ്പെട്ട പരിപാടികൾ അനുവദിക്കുമെങ്കിൽ ഒന്നു കാണണമെന്നുണ്ട്."
"ഓ, അതിനെന്താ, തീർച്ചയായും. മൂന്നും നാലും തീയതികൾ ഒഴിച്ച് മറ്റേതെങ്കിലും
ദിവസം വന്നോളൂ."
ഹാവൂ! അദ്ദേഹം സ്ഥലത്തുണ്ട്, എന്നെ കാണാൻ സമയവും. ഏറെ സന്തോഷം തോന്നി.
"ഒന്നാം തീയതി വൈകീട്ടു വിളിക്കാം."
"അങ്ങനെയാകട്ടെ."
സന്തോഷം, സംതൃപ്തി, ആവേശം.
ഒന്നാം തീയതി വൈകീട്ട്: "നാളെ വരട്ടെ?"
"ആകട്ടെ, രാവിലെ ഒമ്പതു മണിയോടു കൂടി വന്നോളൂ."
പിന്നാലെ അദ്ദേഹത്തിൻറെ 'എവിടെ താമസിക്കുന്നു, എങ്ങനെ വരും' തുടങ്ങിയ
സ്നേഹാന്വേഷണങ്ങൾ!
"അദ്ദേഹം" എന്നാൽ കേരളത്തിൻറെ ചീഫ് സെക്രട്ടറി (ജോയ് വാഴയിൽ
എന്നുകൂടി അറിയപ്പെടുന്ന) ഡോ. വി.പി. ജോയ്. ദില്ലിയിൽ വച്ച് അക്ഷരശ്ലോക സദസ്സുകളിൽ
കൂടിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം ഈയുള്ളവൻ എഡിറ്റ് ചെയ്ത ഒരു പുസ്തകം
അദ്ദേഹം സസന്തോഷം പ്രകാശനം ചെയ്യുകയും ഉണ്ടായി.
പറഞ്ഞ സമയത്തിന് ഏതാനും നിമിഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻറെ ഔദ്യോഗിക
വസതിയിൽ എത്തി. അദ്ദേഹത്തിൻറെ സഹധർമ്മിണി ഷീജ ജോയ് കുറച്ചു സമയം സംസാരിച്ചു. കാപ്പിയോ
ചായയോ വേണ്ടതെന്നു ചോദിച്ചു. ഒന്നും വേണ്ടെന്നു നന്ദിപൂർവ്വം പറഞ്ഞു. ഇതിനു മുമ്പു
രണ്ടു തവണ ദില്ലിയിൽ വച്ചു നേരിൽ കണ്ടിട്ടുണ്ട് (സംസാരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും).
അതുകൊണ്ട് കണ്ടപ്പോഴേ തിരിച്ചറിഞ്ഞു. ഡോ. ജോയ് തയ്യാറായി വരുന്നതു വരെ അവർ സംസാരിച്ചിരുന്നു.
ഡോ. ജോയിക്ക്, മുമ്പു കണ്ടിട്ടുള്ളതുപോലെ തന്നെ, യുവത്വവും സാമർത്ഥ്യവും
വിനയവും സ്നേഹവും, സദാ പുഞ്ചിരിക്കുന്ന മുഖവും തന്നെ, ഒരു മാറ്റവുമില്ല. കുറേ സമയം സംസാരിച്ചിരുന്നു. കുടുംബപുരാണം, ജോലി പുരാണം,
എല്ലാം സംസാരവിഷയങ്ങളായി. ഡോ. ഐഡ സ്കഡ്ഡറിൻറെ ജീവചരിത്രം എഴുതാൻ ശ്രമിക്കുന്നെന്നു
മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അതിനെപ്പറ്റി ചോദിച്ചു. വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന്
അദ്ദേഹം സദയം പറയുകയും ചെയ്തു. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ രണ്ടു കവിതാസമാഹാരങ്ങളുടെ
പ്രതികൾ സമ്മാനിച്ചു.
യാത്ര പറയാൻ സമയമായെന്നു തോന്നി. ‘വേണമോ വേണ്ടയോ’, ‘വേണമോ വേണ്ടയോ’,
എന്ന ചോദ്യം മനസ്സിൽ ഒന്നുരണ്ടു തവണ തത്തിക്കളിച്ചു. പിന്നെ എന്തും വരട്ടെയെന്നു കരുതി
മൊബൈൽ ഫോൺ നീട്ടിക്കൊണ്ടു ശ്രീമതി ഷീജ ജോയിയോടു വിനയപൂർവ്വം ചോദിച്ചു, "ഇതിൽ ഒരു
ഫോട്ടോ എടുക്കാമോ?"
അവർ അതു സസന്തോഷം സ്വീകരിച്ചു, ഒരു ചെറു ചിരിയോടെ (അതെപ്പോഴും ആ മുഖത്ത്
ഉള്ളതാണ്, ട്ടോ!) ഫോട്ടോ എടുത്തു.
പിന്നെയായിരുന്നു അൽപ്പം കൂടി വിഷമം പിടിച്ച ചോദ്യം, "നമ്മൾ മൂന്നുപേരുടെയും
കൂടി ഒരു സെൽഫി എടുക്കുന്നതിൽ വിരോധമുണ്ടോ?"
വീണ്ടും അതേ സന്നദ്ധത, അതേ പുഞ്ചിരി, അതേ സമ്മതം.
അങ്ങനെ ഒരു വിലപ്പെട്ട സുപ്രഭാതം ഈയുള്ളവനു സമ്മാനിച്ചതിനും, പകർന്നു
നൽകിയ സ്നേഹത്തിനും ആദരവിനും വളരെയേറെ നന്ദി, ജോയ് സാർ, ഷീജ മാഡം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ