2022, ജൂലൈ 11, തിങ്കളാഴ്‌ച

ജ്ഞാനപ്പാന

 13-03-2022

[2022 മാർച്ച് 13-ന് ഡൽഹി വസുന്ധര എൻക്ലേവ് മലയാളി അസ്സോസിയേഷൻറെ അക്ഷരവേദി എന്ന പരിപാടിയിൽ 'ജ്ഞാനപ്പാന'യെപ്പറ്റി പറഞ്ഞ അഭിപ്രായത്തിൽ നിന്നും ചില ഭാഗങ്ങൾ]

 


ഹരി ഓം. ഹരി ഓം. ഹരി ഓം.

 

കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ

കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

അച്യുതാനന്ദ ഗോവിന്ദ മാധവാ

സച്ചിദാനന്ദ നാരായണാ ഹരേ.

 മഹാ ഭക്തകവിയായ പൂന്താനത്തിൻറെ പ്രചുരപ്രചാരമായ. അത്യധികം പ്രസിദ്ധമായ, ഓരോ ഹിന്ദു കുടുംബങ്ങളിലും ധാരാളമായി വായിക്കപ്പെടുന്ന, ജ്ഞാനപ്പാന നിസ്സാരനായ ഈയുള്ളവൻ എങ്ങനെ അവലോകനം ചെയ്യാൻ? അതിസാഹസത്തിനു മുതിരുന്നില്ല. കൃതിയെപ്പറ്റി എനിക്കു തോന്നിയ ചില അഭിപ്രായങ്ങൾ പറയാം.

 

പൂന്താനം ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിൻറെ മദ്ധ്യം മുതൽ പതിനേഴാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ (1547 മുതൽ 1640 വരെ) യിരുന്നു. മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ സമകാലീനനായിരുന്നു അദ്ദേഹം. പരമസാത്വികനായ ഒരു സാധു ബ്രാഹ്മണൻ. ഗുരുവായൂരപ്പൻറെ ഉത്തമ ഭക്തൻ. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് ഒരാൺകുട്ടിയുണ്ടായത്. കുട്ടിയുടെ ചോറൂണിനുള്ള തയ്യാറെടുപ്പിനിടയിൽ ഉറങ്ങിക്കിടന്ന ഉണ്ണിയുടെ മുകളിൽ ആരൊക്കെയോ അറിയാതെ തുണികൾ കൊണ്ടിടുകയും തന്മൂലം കുട്ടിക്ക്, വളരെ ദൗര്ഭാഗ്യമെന്നു പറയട്ടെ, ദുർമ്മരണം സംഭവിക്കുകയും ചെയ്തു. ദുഃഖം താങ്ങാനാവാതെ അദ്ദേഹം രചിച്ച കൃതിയാണത്രേ ജ്ഞാനപ്പാന. പുത്രൻറെ വിയോഗത്തിൽ നിന്നുണ്ടായ വിരക്തിയിൽ രൂപം കൊണ്ട ഒരു കാവ്യം എന്നു വേണമെങ്കിൽ പറയാമെന്നു തോന്നുന്നു.

 പതിനൊന്ന് അക്ഷരങ്ങൾ വീതമുള്ള 352 വരികളുള്ള വളരെ ചെറിയ ഒരു കൃതിയാണ് ജ്ഞാനപ്പാന. അര മണിക്കൂർ കൊണ്ടു വായിച്ചു തീർക്കാം. പക്ഷേ അതിൻറെ ഉള്ളടക്കം, അതിൽ അടങ്ങിയിരിക്കുന്ന അർത്ഥം മനസ്സിലാക്കാൻ, അതു മനനം ചെയ്യാൻ, അതയൊന്നും സമയം മതിയാവില്ല. അത്രമാത്രം ഗഹനമായ കാര്യങ്ങൾ എത്രയും ലളിതമായ ഭാഷയിൽ, ഒരു കൊച്ചു കുഞ്ഞിനുപോലും മനസ്സിലാകുന്ന രീതിയിൽ അദ്ദേഹം വിവരിച്ചിരിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും അതിലെ വരികളുടെ, അവയിലെ ആശയങ്ങളുടെ, മധുരം കൂടിക്കൂടി വരും. വീണ്ടും വീണ്ടും വായിക്കണമെന്നു തോന്നും.

 ഭഗവദ് ഗീതക്ക് എണ്ണമറ്റ വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ അതിലെ ഭാഷയും അർത്ഥതലങ്ങളും അതിഗഹനമാണ്, സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാൻ അത്ര എളുപ്പം സാധിച്ചെന്നു വരില്ല. എന്നാൽ ജ്ഞാനപ്പാനയെ സംബന്ധിച്ചിടത്തോളം അതിൻറെ ഓരോ വായനക്കാരനും അതിൻറെ വ്യാഖ്യാതാവാണ്‌. വളരെ ലളിതമായ ഭാഷയിൽ സർവ്വസാധാരണമായ വാക്കുകൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന കൃതി ഏതു പാമരനും വായിച്ചു മനസ്സിലാക്കാൻ യാതൊരു വിഷമവുമില്ല.

ഗുരുവായൂരപ്പനെ വന്ദിച്ചുകൊണ്ടാണ് അദ്ദേഹം തൻറെ കാവ്യം തുടങ്ങുന്നത്.

 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ

കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

അച്യുതാനന്ദ ഗോവിന്ദ മാധവാ

സച്ചിദാനന്ദ നാരായണാ ഹരേ.

 

പിന്നീട് ഗുരുവിനെ സ്മരിക്കുന്നു.

 

ഗുരുനാഥൻ തുണ ചെയ്ക സന്തതം

തിരുനാമങ്ങൾ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാൻ.

 അത്രയുമേയുള്ളൂ അദ്ദേഹത്തിൻറെ ആഗ്രഹം. എപ്പോഴും ഭഗവാൻറെ നാമങ്ങൾ മാത്രം നാക്കിൽ വരണം, ഭഗവാൻറെ നാമങ്ങൾ മാത്രം കേൾക്കണം, ഭഗവാനെപ്പറ്റി മാത്രം ചിന്തിക്കണം. എല്ലാം ഭഗവാൻ മയം. ഭക്തിയുടെ പാരമ്മ്യത്തിലെത്തുമ്പോൾ ഭഗവാനും ഭക്തനും ഒന്നാകുമെന്നാണു പറയുന്നത്. ഭഗവാൻറെ മുമ്പിൽ സമ്പൂർണ്ണ സമർപ്പണം ചെയ്യാൻ അപ്പോൾ ഭക്തന് സാധിക്കുന്നു. കണ്ണിലും കാതിലും നാക്കിലും ചിന്തയിലും എല്ലാം ഭഗവാൻ മാത്രം.

 നാരായണീയം നല്ല കടുകട്ടിയായ സംസ്കൃതത്തിൽ എഴുതിയ 1014 ശ്ലോകങ്ങളുള്ള ഒരു ബൃഹുദ്‌ കൃതിയാണ്. അതും ഭക്തിസാന്ദ്രമാണ്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ടവയായിരുന്നു നാരായണീയവും ജ്ഞാനപ്പാനയും. നാരായണീയത്തിൽ പക്ഷേ, ഓരോ ദശകത്തിന്റേയും അവസാനം "കൃഷ്ണാ, എൻറെ രോഗം ശമിപ്പിക്കണേ” എന്നു അപേക്ഷിക്കുന്നു, കവി. നൂറാമത്തെ ദശകത്തിൽ മാത്രം ഈ പ്രാർത്ഥന ഇല്ല. അപ്പോഴേക്കും രോഗം പൂർണ്ണമായും ഭേദമായിരുന്നു. തൻറെ വാതരോഗം മാറാൻ വേണ്ടിയാണ് അദ്ദേഹം ആ കാവ്യം രചിച്ചതു തന്നെ. ഒരു കണക്കിൽ പറഞ്ഞാൽ രോഗം മാറ്റിക്കൊടുക്കാൻ ഭഗവാനുള്ള കൈക്കൂലി!

 എന്നാൽ കഠിനമായ പുത്രദുഃഖത്താൽ നീറുമ്പോഴും പൂന്താനം ഭഗവാനോട് യാതൊന്നും ആവശ്യപ്പെടുന്നില്ല, യാതൊരു പരാതിയും പറയുന്നില്ല. എന്തിനാണ് ഈ ഭക്തനെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നുപോലും ചോദിക്കുന്നില്ല. ഉള്ളത് വിരക്തിയും ഭക്തിയും ഭഗവാനിലുള്ള ദൃഢമായ വിശ്വാസവും മാത്രം.

 ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

ഉണ്ണികൾ മറ്റു വേണമോ മക്കളായ്?

 എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉണ്ണികൃഷ്ണൻ മനസ്സിലുള്ളപ്പോൾ പിന്നെ മക്കൾക്കു വേണ്ടി കേഴുന്നതിൽ ഒരർത്ഥവുമില്ല. അതായത് ഉണ്ണികൃഷ്ണൻ തൻറെ പുത്രൻ തന്നെയാണെന്നാണ് വിവക്ഷ. ഭക്തിയുടെ പരമകാഷ്‌ഠയിൽ എത്തുമ്പോൾ മാത്രമേ ഒരാൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുകയുള്ളു. കുറൂരമ്മയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല എന്നുള്ള കാര്യം നമുക്കെല്ലാം അറിയാം. കുറൂരമ്മക്കും കൃഷ്ണൻ പുത്രൻ തന്നെയായിരുന്നു.

 ജ്ഞാനപ്പാന രചിക്കപ്പെട്ടത് ഏകദേശം നാലര ശതാബ്ധങ്ങൾക്കു മുമ്പാണെങ്കിലും അദ്ദേഹം അതിൽ പറഞ്ഞിരിക്കുന്ന ജീവിത തത്വശാസ്ത്രം അന്നത്തേതുപോലെ തന്നെയോ അതിൽ കൂടുതലായോ ഇന്നും പ്രസക്തമാണ്. നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചാൽ അദ്ദേഹം പറഞ്ഞിരിക്കുന്നതു മുഴുവൻ അതേപടി നമുക്ക് കാണാൻ കഴിയും.

 രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.

മാളികമുകളേറിയ മന്നൻറെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

 

കവി തുടർന്നു പറയുന്നു:

 

അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും

ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തിൽ പോലും കാണുന്നില്ല ചിലർ

 വൃദ്ധ സദനങ്ങൾ ധാരാളം പെരുകി വരുന്ന കാലമാണല്ലോ ഇത്. എൻറെയൊക്കെ തലമുറയിലുള്ളവരുടെ കുട്ടിക്കാലത്ത് വൃദ്ധസദനം എന്നൊന്നും കേട്ടിട്ടുപോലുമില്ല. ഇപ്പോൾ മാതാപിതാക്കളുടെ സ്വത്തു മുഴുവൻ എഴുതി വാങ്ങിച്ചിട്ട് അവരെ വൃദ്ധസദനങ്ങളിലാക്കുന്നത് ഒരു സാധാരണ സംഭവമായിക്കഴിഞ്ഞു. ഭാര്യയേയും കുട്ടികളേയും, അല്ലെങ്കിൽ ഭർത്താവിനേയും കുട്ടികളേയും മറന്നിട്ട് ഇറങ്ങിപ്പോകുന്ന കഥകൾ ഇപ്പോൾ ധാരാളമായി കേൾക്കാറുണ്ടല്ലോ. ഇതൊക്കെയാണ് പൂന്താനം നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിവച്ചത് - അന്നത്തേയും ഇന്നത്തേയും എന്നത്തേയും ജീവിതത്തിൻറെ ഒരു നേർക്കാഴ്ച്ച!

 മോഹലോഭാദികൾക്ക് നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു. മായയിൽ പെട്ട് ജീവിതത്തിൻറെ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുന്നതിനെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്.

 അർത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിനൊരുകാലം

പത്തു കിട്ടിയാൽ നൂറു മതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോൾ

ആയുതമാകിലാശ്ചര്യമെന്നതും

ആശയാലുള്ള പാശമതിങ്കേന്നു

വേർവിടാതെ കരേറുന്നു മേൽക്കുമേൽ

 ഇങ്ങനെയൊക്കെ പറയുമ്പോഴും അദ്ദേഹം ഒരിടത്തും നമ്മെ ഉപദേശിക്കുന്നില്ല. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറയുന്നില്ല.  ആ തീരുമാനം വായനക്കാർക്ക്, വിട്ടു കൊടുത്തിരിക്കുകയാണ് അദ്ദേഹം.

 ജീവിതത്തിൻറെ കാര്യം മാത്രമല്ല, ജീവിത ശേഷമുള്ള കാര്യവും അദ്ദേഹം വിവരിക്കുന്നു. സ്വർഗ്ഗം, നരകം, പുർജ്ജന്മം, ജന്മജന്മാന്തരങ്ങളിലെ യാത്രകൾ, എല്ലാമെല്ലാം അദ്ദേഹം തൻറെ ഈ ചെറു കാവ്യത്തിൽ വളരെ ലളിതമായി നമുക്ക് പറഞ്ഞു തരുന്നു.

 ദേശഭക്തി അദ്ദേഹത്തിൻറെ ചില വരികളിൽ തിളങ്ങി നിൽക്കുന്നതു കാണാം.

 ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിർണ്ണയം

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോർക്കണം.

 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ