20-03-2022
2022 മാർച്ച് 19 ശനിയാഴ്ച്ച. രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നാട്ടിൽ. 2020-ൽ കോവിഡിനു മുമ്പു തിരിച്ചുപോയി. ഇന്നു കോവിഡിനു ശേഷം (എന്നു പ്രതീക്ഷിക്കാം, ല്ലേ?) വീണ്ടും നാട്ടിൽ. എട്ടു മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി.
മുമ്പൊരിക്കൽ ബ്രാഹ്മണാൾ ഹോട്ടലിനെപ്പറ്റി നമ്പൂതിരി ഫേസ്ബുക്ക് ഗ്രൂപ്പിൽ
ഒരാൾ വളരെ മോശമായി എഴുതിയിരുന്നു. പിന്നീട്
ആ പോസ്റ്റിനെപ്പറ്റി കുറെയേറെ ചർച്ചകളുമുണ്ടായി. ഞാനും അഭിപ്രായം പറഞ്ഞവരിൽ പെടും.
വിമർശനങ്ങൾ നല്ലതാണ്, പക്ഷേ അവ സൃഷ്ടിപരമായിരിക്കണം.
മനുഷ്യരിലും സ്ഥാപനങ്ങളിലും നല്ലതു മാത്രം, അല്ലെങ്കിൽ മോശമായ കാര്യങ്ങൾ മാത്രം, അങ്ങനെയുണ്ടാവില്ലല്ലോ.
സിനിമകളിൽ കാണുന്നതുപോലെ നായകന്മാർ വെളുവെളുത്തു പാൽ പോലെ സ്വഭാവമുള്ളവർ, വില്ലന്മാർ
കറുകറുത്തു കരിക്കട്ട പോലുള്ളവർ, അങ്ങനെ ജീവിതത്തിൽ ഉണ്ടാവില്ലല്ലോ. നല്ല കാര്യങ്ങളും
മോശമായ കാര്യങ്ങളും എല്ലാവരിലും, എല്ലാത്തിലും ഉണ്ടാകും. അതു മനസ്സിലാക്കി വേണം വിമർശനങ്ങൾ
എന്നാണ് ഈയുള്ളവൻറെ എളിയ അഭിപ്രായം. അന്നു തീരുമാനിച്ചതാണ് ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും
ബ്രാഹ്മണാളിൽ പോകണമെന്ന്.
വിമാനത്താവളത്തിൽ നിന്നു കാലടിക്കു പോകുന്ന വഴിക്കാണ് ബ്രാഹ്മണാൾ. അതു
വളരെ സൗകര്യപ്രദമാണെന്നു പറയാതിരിക്കാൻ പറ്റില്ല. അന്വേഷിച്ചു നടക്കേണ്ടല്ലോ. എവിടെയാണെന്നു
കൃത്യമായി അറിയില്ലാതിരുന്നതുകൊണ്ട് വശങ്ങളിൽ നോക്കിയിരുന്നു. കാണാതെ കടന്നു പോവരുതല്ലോ.
അല്പം ചെന്നപ്പോൾ പെട്ടെന്ന് ചിരിക്കുന്ന സുന്ദരി മുത്തശ്ശി കണ്ണിൽ പെട്ടു. “അതാ ബ്രാഹ്മണാൾ."
ഹോട്ടലിൻറെ പിറകിൽ വണ്ടികൾ പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. വളരെ വൃത്തിയും
വെടിപ്പുമുള്ള അന്തരീക്ഷം.
ചെമ്പുഗ്ളാസ്സിൽ കുടിക്കാനുള്ള വെള്ളം തന്നത് ഒരു പുതുമയായി തോന്നി.
ചെമ്പു പാത്രത്തിൽ വച്ചിരിക്കുന്ന വെള്ളം ആരോഗ്യത്തിന് വളരെ ഗുണകരമാണെന്നു കേട്ടിട്ടുണ്ട്.
അഞ്ചു നെയ് റോസ്റ്റും രണ്ടു മസാല ദോശയും ഓർഡർ ചെയ്തു. മൂന്നു നെയ്‌റോസ്റ്റും
മസാല ദോശയും കൊണ്ട് വന്നു. ബാക്കിയുള്ള രണ്ടെണ്ണം ഉടൻ കൊണ്ടുവരുമെന്നു കരുതി കിട്ടിയവർ
കഴിച്ചു തുടങ്ങി. എന്നാൽ ഏകദേശം കഴിച്ചു കഴിയാറായപ്പോഴാണ് ബാക്കിയുള്ള രണ്ടെണ്ണം വന്നത്.
മറന്നുപോയോ, വീണ്ടും വിളിച്ച് ഓർമ്മിപ്പിക്കണമോയെന്നൊക്കെ സംശയിച്ചു. ഇടക്കുള്ള താമസം
അല്പം അരോചകമായി തോന്നാതിരുന്നില്ല. താമസിച്ചതിനു ക്ഷമയും അരിമാവിൻറെ എന്തോ പ്രശ്നവും
പറഞ്ഞു. ഭക്ഷണം സ്വാദിഷ്‌ഠമായിരുന്നു. വയറും മനസ്സും നിറഞ്ഞു. മനസ്സിൽ പറഞ്ഞു,
" ഇനി വിമാനത്താവളത്തിൽ നിന്നു വരുമ്പോൾ ഇതൊരു പതിവാക്കണം."
പിന്നീട് കാപ്പിയും ചായയും പാലും കൊണ്ടുവന്നപ്പോൾ ഒരു കാപ്പി കൂടുതൽ!
ഒരു ചായയിൽ പഞ്ചസാര വേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഒരു കാപ്പിയാണ് പച്ചസാരയില്ലാതെ
കിട്ടിയത്! ഓർഡർ എടുക്കുമ്പോൾ വെറുതെ കേട്ടിട്ടു പോകാതെ ഒരു ബുക്കിൽ കുറിച്ചെടുത്തിരുന്നെങ്കിൽ
ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നു തോന്നി. കാര്യമായി തിരക്കില്ലായിരുന്ന സമയത്താണ്
ഇത്. അപ്പോൾ തിരക്കുള്ള സമയത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ഇക്കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചെങ്കിൽ നന്നായിരിക്കുമെന്നു തോന്നുന്നു.
കുട്ടികൾക്കു കൈ കഴുകാൻ പാകത്തിന് പൊക്കം കുറഞ്ഞ വാഷ് ബേസിൻ (അങ്ങനെയാണോ
അതിനു പറയുക? ആവോ!) കൗതുകം ഉളവാക്കി. കുഞ്ഞുങ്ങളെ മറക്കാതിരുന്നതിന് അഭിനന്ദനങ്ങൾ!
ഹരിയെ അന്വേഷിച്ചു. "ഹരിസാർ എന്നുമൊന്നും വരാറില്ല, വല്ലപ്പോഴുമൊക്കെയേ
വരാറുള്ളൂ" എന്നു മറുപടി കിട്ടി. അതെന്തായാലും തീരെ മോശമല്ലാത്ത, എന്നാൽ ഇനിയും
കൂടുതൽ നന്നാക്കാൻ സാദ്ധ്യതകൾ ഉള്ള, ഒരു അനുഭവമായിരുന്നു ബ്രാഹ്മണാളിൽ ആദ്യത്തേത്.
ഇനി ഹരിയെ കാണുമ്പോൾ പറയണം.
സദ്യാലയത്തിൽ പോയില്ല. അടുത്ത തവണ ആകാം.
അടിക്കുറിപ്പ്: ബ്രാഹ്മണാളിനെപ്പറ്റി നമ്പൂതിരി മുഖപുസ്തക ഗ്രൂപ്പിൽ
മോശമായ ഒരു പോസ്റ്റ് കണ്ടപ്പോൾ അത് ശ്രീധരീയം ഗ്രൂപ്പിന്റേതാണെന്നോ ഹരിയുടെ ചുമതലയിലുള്ളതാണെന്നോ
അറിയില്ലായിരുന്നു. പിന്നീടാണ് ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. ശ്രീധരീയത്തിൽ പലരേയും
അറിയാം, ഹരിയേയും. ബന്ധുക്കളുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ