02-07-2022
അറിഞ്ഞില്ല. അസുഖമാണെന്നോ കൂടുതൽ ആണെന്നോ ഒന്നും. അറിഞ്ഞാലും ഒന്നു വന്നു കാണാൻ തരപ്പെടുമായിരുന്നില്ലല്ലോ, താൽക്കാലികമായി താമസം പൂണെയിലായതുമൂലം.
ചിലരൊക്കെ നമ്മെ വിട്ടു പിരിയുമെന്ന വസ്തുത ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുകയില്ല, അങ്ങനെയൊരു ദിവസം വന്നെത്തുന്നതുവരെ. ആ യാഥാർത്ഥ്യം മുഖത്തു നോക്കി തൻറെ ഭീകരരൂപം കാണിക്കുമ്പോളുണ്ടാകുന്ന ഞെട്ടൽ അത്ര നിസ്സാരമായിരിക്കയില്ല. അങ്ങനെയൊരു സത്യത്തെ അംഗീകരിക്കാൻ മനസ്സിനു കൂടുതൽ സമയവും ക്ഷമയും വേണ്ടി വരും.
അത്തരത്തിലുള്ള ഒരാളായിരുന്നു മീറ്റ്ന ജാതവേദൻ ഏട്ടൻ. എപ്പോഴും ഹൃദയം നിറഞ്ഞ, ആത്മാർത്ഥമായ, പുഞ്ചിരി. ആ പുഞ്ചിരിയിൽ സ്നേഹമുണ്ട്, വാത്സല്യമുണ്ട്, ആശംസകളുണ്ട്, അനുഗ്രഹങ്ങളുണ്ട്, പ്രാർത്ഥനയുണ്ട്. ഒരിക്കൽ കണ്ടാൽ, സംസാരിച്ചാൽ പിന്നീട് അത്ര എളുപ്പം അദ്ദേഹത്തെ മറക്കാൻ സാധിക്കില്ല.
എന്നാണ് അദ്ദേഹത്തെ ആദ്യമായി
കണ്ടത്? ഓർമ്മയില്ല. പല ദശാബ്ധങ്ങൾക്കു മുമ്പാണെന്നറിയാം. ആനന്ദനുമായി പുത്രി സന്ധ്യയുടെ വിവാഹം നടക്കുന്നതിനും
എത്രയോ വർഷങ്ങൾക്കു മുമ്പ്! ഡൽഹിയിലെ യോഗക്ഷേമസഭയായ ഗായത്രിയിൽ അംഗമാക്കാൻ
വേണ്ടി അദ്ദേഹത്തിൻറെ വസതിയിൽ പോയതാണ്. ഒരു പരിചയവുമില്ലാതിരുന്നിട്ടും, വന്നയാൾ ഒരു 'വെറും' പയ്യനായിരുന്നിട്ടും കുറെയേറെ സംസാരിച്ചു. ഇരുപതു വയസ്സോളം പ്രായത്തിൽ ഇളയ ആളോട് സമാന്തരരീതിയിൽ, അടുത്ത സുഹൃത്തിനോടെന്ന രീതിയിൽ, സംസാരിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അദ്ദേഹത്തിന് അതു സാധിക്കുമായിരുന്നു.
പിന്നീട് എത്രയോ തവണ ഗായത്രിയുടെ പരിപാടികളിൽ കണ്ടിരിക്കുന്നു. ഹൃദയത്തിൽ നിന്നുതിരുന്ന ഒരു ചിരി, സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു നോട്ടം, കുശലാന്വേഷണങ്ങൾ, അതിനൊന്നും അദ്ദേഹം ഒരിക്കലും പിശുക്കു കാണിച്ചിരുന്നില്ല.
തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ ഓർമ്മകൾ അദ്ദേഹം പലപ്പോഴും അയവിറക്കുമായിരുന്നു. ഗായത്രിയിൽ അംഗത്വം എടുപ്പിക്കാൻ ഈയുള്ളവൻ ചെന്ന കാര്യം, കാണുമ്പോൾ ഇടയ്ക്കിടക്കു പറയാറുണ്ടായിരുന്നു.
ചില വർഷങ്ങൾക്കു മുമ്പ് ഏട്ടൻറെ എൺപതാം പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും ഒരു മംഗളപത്രം സമർപ്പിക്കാനും ഈയുള്ളവനു ഭാഗ്യം ലഭിക്കുകയുണ്ടായി.
ഏട്ടൻറെ ആത്മാവിനു മോക്ഷം ലഭിക്കാൻ പ്രാർത്ഥിക്കുന്നു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ