2023, ജനുവരി 30, തിങ്കളാഴ്‌ച

വാഴക്കുല

28 01 23

പ്രമേഹമുണ്ട്.

ഒരു മണിക്കൂറെങ്കിലും നടക്കണം.

മിക്ക ദിവസങ്ങളിലും നടക്കാറുണ്ട്.


ഇന്നു തിരിച്ചു വന്നത് കവലയിൽ കൂടി.

കുഞ്ഞൻറെ ചായക്കട.

ഒരു ചായ കുടിക്കാം.

പത്രവും നോക്കാം.


"കുഞ്ഞാ, എത്തീ, ട്ടോ!"

'കടുപ്പത്തിൽ ഒരു വിത്തൗട്ട് ചായ' എന്നു പറയണ്ട. അതയാൾക്കറിയാം.

"ഓ!"


മേശപ്പുറത്ത് പത്രം.

വെറുതെ മറിച്ചു നോക്കി.


ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ കണ്ടു,

വാഴക്കുല.


വാഴക്കുല കണ്ടതും ചിന്തകളുടെ ഒരു വേലിയേറ്റം.  

ഉച്ചക്ക് ഊണു കഴിഞ്ഞാൽ ഒരു പഴം.

വൈകീട്ട് ചായയ്ക്കൊപ്പം രണ്ടു പഴം.

അത്താഴത്തിനു ശേഷം ഒരു പഴം.


പിന്നെ മടിച്ചില്ല.

"ഈ കുലയ്ക്കെന്താ വില?"

"കുല മുഴുവനും?" കുഞ്ഞനു വിശ്വാസം വന്നില്ല.

"ഉം."

"......"


പൈസ കൊടുത്തു.

കുലയുമായി പോന്നു.


വഴിക്ക് ചില പരിചയക്കാരെ കണ്ടു.

കുല മുഴുവനായും വാങ്ങിച്ചതിൽ അത്ഭുതം.


ഉച്ചയൂണു കഴിഞ്ഞ് ഒരു മയക്കം പതിവുണ്ട്.

ഇടക്കെന്തോ ശബ്ധം കേട്ടുണർന്നു.

സ്വപ്നമായിരുന്നോ?

അല്ല, ശരിക്കും എന്തോ ശബ്ധം കേൾക്കുന്നുണ്ട്.

ആരോ വിളിച്ചു കൂവുന്നതുപോലെ.


എന്താണെന്നറിയാൻ വെളിയിലിറങ്ങി നോക്കി.

ഒരു പത്തമ്പതു പേർ.

കാറിക്കൂവിക്കൊണ്ടു വരുന്നു.

ഈശ്വരാ, അവർ നേരെ ഇങ്ങോട്ടാണല്ലോ വരുന്നത്!


ചിലർ വിളിച്ചു പറയുന്നു:

"വൈലോപ്പിള്ളീടെ വാഴക്കുലയെ 

കവർന്നെടുത്തൊരു നമ്പൂരീ

ബ്രാഹ്മിൻസ് ഹെജിമണി ഞങ്ങൾ തകർക്കും

നിന്നെപ്പിന്നെ കണ്ടോളാം."


ഉടൻ മറ്റു ചിലർ:

"ചങ്ങമ്പുഴയുടെ വാഴക്കുലയെ

മോഷ്ടിച്ചില്ലേ വൈലോപ്പിള്ളീ

തിരിച്ചു പൊക്കോ മിണ്ടാതുടനെ,

അല്ലേ കാര്യം വഷളാകും."


കണ്ണു തള്ളി.

ചെവി ചുവന്നു.

മൂക്കു വിറച്ചു.

മുട്ടുകൾ കൂട്ടിയിടിച്ചു.

മുണ്ടു നനഞ്ഞോ?


മുറ്റത്തെത്തി അവർ രണ്ടായി പിരിഞ്ഞു.

ഇടതുവശത്തു വൈലോപ്പിള്ളി,

വലതുവശത്തു ചങ്ങമ്പുഴ.


തളർന്നു താഴെയിരുന്നു.

വിറച്ചു വിറച്ചു ചോദിച്ചു?

"ആരാ? എന്താ? എന്തിനാ?"


വൈലോപ്പിള്ളി: "എൻറെ വാഴക്കുല താൻ മോഷ്ടിച്ചില്ലേ?"


ചങ്ങമ്പുഴ: "എൻറെ വാഴക്കുല നിങ്ങളല്ലേ മോഷ്ടിച്ചത്?"


വീണ്ടും മുദ്രാവാക്യം തുടങ്ങി:


"വൈലോപ്പിള്ളീടെ ..."


"ചങ്ങമ്പുഴയുടെ ..."


കാര്യം പറഞ്ഞു മനസ്സിലാക്കാൻ ആവോളം ശ്രമിച്ചു.

ഒക്കെ വെറുതെ.

ആർക്കും കേൾക്കേണ്ട.

പിരിഞ്ഞു പോകാൻ തയ്യാറുമല്ല.


വൈലോപ്പിള്ളിക്ക് വാഴക്കുല വേണം.

ചങ്ങമ്പുഴയ്ക്കും വാഴക്കുല വേണം.


സഹി കെട്ടു.

മോഹിച്ചു വാങ്ങിയ വാഴക്കുല.

അവരുടെ നടുവിലേക്ക് എറിഞ്ഞു.


ശർക്കരയിൽ ഉറുമ്പെന്നതുപോലെ

എല്ലാവരും കുലയുടെ മുകളിൽ.


ഒരു മൂന്നു മിനിറ്റ് യുദ്ധം.

പിന്നെ എല്ലാം ശാന്തം.


മുറ്റത്ത് ഒറ്റയാളില്ല.


ചവിട്ടിയരച്ച പഴത്തൊലികൾ.

ഒരു പാവം വാഴക്കുലയുടെ അസ്ഥിപഞ്ജരവും.


ഇനി ഉച്ചമയക്കം പൂർത്തിയാക്കാം.

വാഴക്കുലയും മാമ്പഴവും

29 01 23

(തിരശ്ശീല ഉയരുമ്പോൾ അരങ്ങത്ത് ആരുമില്ല. അല്പസമയത്തിനു ശേഷം അരങ്ങിൻറെ മൂലയിൽ നിൽക്കുന്ന മാവിൽ നിന്ന് ഒരു മാമ്പഴം താഴെ വീഴുന്നു. മാമ്പഴം ഏങ്ങിയേങ്ങി കരയുന്നതു കേൾക്കാം. അൽപ്പസമയം കഴിഞ്ഞപ്പോൾ വാഴക്കുല ഓടിത്തളർന്ന് വിയർത്തൊലിച്ച് പ്രവേശിക്കുന്നു. മാമ്പഴത്തെ ശ്രദ്ധിക്കാതെ മാവിൻറെ ചുവട്ടിൽ ഇരിക്കുന്നു. സാവധാനം മയക്കത്തിലേക്കു വഴുതി വീഴുന്നു.)

(കുറെ സമയം കഴിഞ്ഞ് മാമ്പഴം വാഴക്കുലയെ തോണ്ടിയുണർത്തുന്നു.)

വാഴക്കുല (ക്ഷീണിച്ച സ്വരത്തിൽ): ങും?

(മാമ്പഴം ഏങ്ങിക്കരയുന്നു.)

വാ: നീ എന്തിനാ കരയുന്നത്? കാര്യം പറ.

മാ: ചേട്ടനെന്തിനാ ഓടിയേ?

വാ: അതിനാണോ നീ കരയുന്നെ?

മാ: അല്ല, ന്നാലും ചേട്ടൻ പറ.

വാ: (ചുറ്റും നോക്കിയിട്ട്): ഇപ്പോൾ എന്നെ പിടിക്കാൻ നാട്ടുകാരു മുഴുവൻ പാഞ്ഞു നടക്കുകാ. അതോണ്ടാ ഓടിയെ.

മാ: നാട്ടുകാരു മുഴുവൻ ന്നു പറഞ്ഞാ?

വാ: ഭരിക്കുന്നോരും ഭരിക്കാത്തോരും എഴുതുന്നോരും എഴുതാത്തോരും നാടകക്കാരും അല്ലാത്തോരും കവികളും അല്ലാത്തോരും സമൂഹമാദ്ധ്യമത്തിൽ എന്തെങ്കിലും ആണെന്നോ ആകണമെന്നോ വിചാരിക്കണ എല്ലാരും.

മാ: യ്യോ, അതെന്തിനാ?

വാ: ഞാൻ കുറെ പറഞ്ഞില്ലേ. ഇനി നീ പറ. നീയെന്തിനാ കരഞ്ഞേ?

മാ: ചേട്ടൻറെ വിഷമത്തിൻറെ മറുവശമാ എൻറെ വിഷമം.

വാ: എന്നു വച്ചാൽ?

മാ: ദേ എന്നെയൊന്നു നോക്കിയേ. ഞാൻ സുന്ദരിയല്ലേ?

വാ: ങാ, അതൊക്കെയാണ്. നീ കാര്യം പറ.

മാ: എന്നെ ആർക്കും വേണ്ട.

വാ: നീ അങ്ങോട്ടു തെളിച്ചു പറയടീ.

മാ: മുമ്പൊക്കെ എല്ലാർക്കും എന്നോടെന്തിഷ്ടമായിരുന്നു! എന്നെ എഴുന്നള്ളിച്ചു, സ്റ്റേജിൽ കേറ്റി, പാടിയുറക്കി, അഭിനയിപ്പിച്ചു. അന്നൊക്കെ ഞാനങ്ങു സ്വർഗ്ഗത്തിൽ ആയിരുന്നു. കുറെ നാളായിട്ട് ഒന്നുമില്ല.

വാ: ങാ, അതൊക്കെ അങ്ങനെയാടീ, നമ്മടെയൊക്കെ കാര്യം അങ്ങനെ തന്നെയാ. കുറെ നാൾ എടുത്തു തലയിൽ വച്ചോണ്ടു നടക്കും. പിന്നെ വലിച്ചെറിയും.

മാ: അതെനിക്കറിയാം. അതല്ല കാര്യം.

വാ: പിന്നെന്താ?

മാ: ആരോ പറഞ്ഞോണ്ടു പോണതു കേട്ടതാ. ഏതോ ഒരുത്തൻ എൻറെ സ്ഥാനത്തു കേറിയിരുന്നെന്നോ അവനെ ഇപ്പോൾ നാടു മുഴുവൻ എഴുന്നള്ളിച്ചോണ്ടു നടക്കുവാന്നോ ഒക്കെ പറയുന്നു. അങ്ങനെ ചെയ്യാൻ പാടുണ്ടോ ചേട്ടാ? എനിക്കു കിട്ടണ്ട സ്ഥാനമല്ലേ ആ കശ്മലൻ അടിച്ചോണ്ടു പോണത്?

വാ: എടീ, നീ പറഞ്ഞ ആ കശ്മലനാ ഈ ഞാൻ. എന്നിട്ടെൻറെ സ്ഥിതി കണ്ടില്ലേ? നിനക്കു വേണോ ഈ സ്ഥിതി?

മാ: അയ്യോ, അതു ചേട്ടനാരുന്നോ?

വാ: ങാ, അതെ.

മാ: എന്നിട്ട് ചേട്ടനെ എന്തിനാ അവരിങ്ങനെ ഓടിക്കുന്നെ?

വാ: ഏതോ ഒരുത്തി ഒരു ചിന്തയുമില്ലാതെ എന്നെ നിൻറെ സ്ഥാനത്തു കേറ്റിയിരുത്തി. അതേതോ ഒരാൾ കണ്ടു. അയാൾ വിളിച്ചുകൂവി, 'അയ്യേ മാമ്പഴത്തിനു പകരം വാഴക്കുല കേറ്റിയേ'ന്നു പറഞ്ഞ്. കേക്കണ്ട താമസം ഭൂമി കുലുങ്ങി. പിന്നെ ഒരാക്രമണമായിരുന്നു, ഞാൻ മുമ്പ് പറഞ്ഞില്ലേ, അവരെല്ലാം കൂടി. ഒരു വിധത്തിലാ ഓടി രക്ഷപ്പെട്ട് ഇവിടം വരെയെത്തിയത്.

മാ: അപ്പോൾ നമ്മൾ രണ്ടു പേരും തുല്യദുഃഖിതരാ ല്ലേ, ചേട്ടാ?

വാ: ങാ. അതെ.

(മാമ്പഴവും വാഴക്കുലയും വേദനകൾക്കിടയിലും പരസ്പരം നോക്കി മന്ദഹസിക്കുന്നു. മാമ്പഴം സാവധാനം വാഴക്കുലയുടെ മേൽ ചാരിയിരിക്കുന്നു. വാഴക്കുല അവളെ ചേർത്തു പിടിക്കുന്നു.)


(തിരശ്ശീല)  

 

2023, ജനുവരി 25, ബുധനാഴ്‌ച

മസാലദോശ

24 01 23

നല്ല വിശപ്പ്.

ഒരു മസാലദോശ കഴിച്ചാലോ?

നഗരം മുഴുവൻ നിരനിരയായി പ്യൂർ വെജിറ്റേറിയൻ ഹോട്ടൽ.

അത്ഭുതം തോന്നി.

ഈ മറിമായം എങ്ങനെ സംഭവിച്ചു?

മുമ്പൊരിക്കൽ ഇവിടെ ഒരു വെജിറ്റേറിയൻ ഹോട്ടലിനു വേണ്ടി എത്രയാ അലഞ്ഞത്!

 

നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു ഹോട്ടലിൽ കയറി.

വെയിറ്റർ വന്നപ്പോൾ അൽപ്പം ഗമയിൽ: "ങും, എന്തൊക്കെയാ ഉള്ളത്?"

"മസാലദോശ, പ്ലെയിൻ ദോശ, ഊത്തപ്പം, നെയ് റോസ്റ്റ് ... " ഒരഞ്ചു മിനിറ്റ് ഒഴുകിക്കൊണ്ടിരുന്നു.

ഇതെന്താ വയറിളക്കമോ? മനസ്സിൽ ചോദിച്ചു.

"ഒരു മസാല ദോശ."

"ഒരു മസാലേയ്", അയാൾ അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

 

ഒരഞ്ചു മിനിറ്റ്, അത്രയേയെടുത്തുള്ളൂ, മസാലദോശ മേശപ്പുറത്ത്.

സാമ്പാറും ചട്ട്ണിയും കൂടി കണ്ടപ്പോഴേ വിശപ്പു കൂടിയപോലെ.

സാധാരണ ഗതിയിൽ പത്തോ പതിനഞ്ചോ മിനിറ്റുകൾ എടുക്കാറുണ്ട്.

ഹോട്ടലുകൾ എല്ലാം കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്നു തോന്നുന്നു.

അതേതായാലും നന്നായി.

 

മസാലദോശ മലർക്കെ തുറന്നു വയ്ക്കും, പിന്നീട് ചട്ട്ണിയും സാമ്പാറും മസാലയും കൂട്ടി കഴിക്കും, അങ്ങനെയാണു പതിവ്.

 

ങേ? ഈ മസാല എന്താ ഇങ്ങനെ?

സ്പൂണുകൊണ്ട് ഉരുളക്കിഴങ്ങ് ഒന്നു മറിച്ചിട്ടു.

പുതിയ നിറം, പുതിയ ആകൃതി.

ഇതെന്താ ഉരുളക്കിഴങ്ങ് മുഴുവനായി വേവിച്ചതോ?

 

വെയിറ്ററെ വിളിച്ചു.

ഇതെന്താ ഈ ഉരുളക്കിഴങ്ങ് ഇങ്ങനെ?

അയാളെന്നെ അടിമുടി ഒന്നു നോക്കി.

"അപ്പോ സാറൊന്നുമറിഞ്ഞില്ലേ?"

"എന്ത്?"

"ഇന്നത്തെ പത്രം കണ്ടില്ലേ?"

"ഇല്ല."

യാത്രക്കിടയിൽ അതിനുള്ള സമയം കിട്ടിയിരുന്നില്ല.

പക്ഷേ മസാലദോശയും പത്രവുമായി എന്തു ബന്ധം?

 

അയാൾ പത്രം കൊണ്ടു വച്ചിട്ടു പോയി.

പത്രം നിവർത്തി.

ആദ്യ പേജിൽ വഴുതനങ്ങാ അക്ഷരത്തിൽ അച്ചു നിരത്തിയിരിക്കുന്നു.

ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടി ഇന്നു മുതൽ എല്ലാ പ്യൂർ വെജിറ്റേറിയൻ ഹോട്ടലുകളും മസാല ദോശയിൽ ഉരുളക്കിഴക്കിഴങ്ങിനു പകരം ചിക്കൻ കൊടുക്കേണ്ടതാണ്: ഭക്ഷ്യമന്ത്രി.

തീരുമാനം ക്യാബിനറ്റ് മന്ത്രിയുടെ പദവിയിൽ സർക്കാർ നിയമിച്ച പുതിയ ഉപദേശകൻറെ നിർദ്ദേശപ്രകാരം.

 

2023, ജനുവരി 24, ചൊവ്വാഴ്ച

ഇനി ഭ്രാന്തൻറെ വഴി

23 01 2023    

നാറാണത്തു ഭ്രാന്തൻ ഒരിക്കൽ ജ്യേഷ്ഠനായ മേഴത്തോൾ അഗ്നിഹോത്രിയെ കാണാൻ പോയി.

ഭൃത്യൻ: “അദ്ദേഹം ആദിത്യപൂജ ചെയ്യുന്നു.”

കുറച്ചു കഴിഞ്ഞപ്പോൾ,ദേവീപൂജ ചെയ്യുന്നു.”

പിന്നെ,ശിവപൂജ.”

ഓരോ പൂജക്കും നാറാണത്തു ഭ്രാന്തൻ മുറ്റത്ത് ഓരോ കുഴി കുഴിക്കും.

 

അഗ്നിഹോത്രി പൂജ കഴിഞ്ഞു വന്നപ്പോൾ മുറ്റം നിറയെ കുഴികൾ.

"ഇതെന്താ ഇത്രമാത്രം കുഴികൾ?"

നാറാണത്തു ഭ്രാന്തൻ ചിരിച്ചു.

"ഇത്രയും കുഴികൾ കുഴിച്ച സമയത്ത് ഒരു കുഴി ആഴത്തിൽ കുഴിച്ചിരുന്നെങ്കിൽ ഒരു പക്ഷെ വെള്ളം കണ്ടേനെ."

 

അനേകം ഈശ്വരന്മാരെ ഭജിക്കുന്നതിനു പകരം ഒരു ഈശ്വരനെ മനസ്സിരുത്തി ഭജിച്ചിരുന്നെങ്കിൽ ഫലം കാണുമായിരുന്നു എന്നു വ്യംഗരൂപേണ പറയുകയായിരുന്നു അദ്ദേഹം.

 

ഇതെന്താ ഇപ്പോൾ ഇങ്ങനെയൊരു കഥ?

 

പറയാം.

മലയാളത്തിൽ ശ്ലോകങ്ങൾ, കവിതകൾ, ഗദ്യകവിതകൾ,

കഥകൾ, ഓർമ്മക്കുറിപ്പുകൾ, മറ്റു കുറിപ്പുകൾ.

ഇംഗ്ളീഷിൽ കവിതകൾ, കഥകൾ, ഓർമ്മക്കുറിപ്പുകൾ, കുറിപ്പുകൾ.

ഒരു ലക്കും ലഗാനുമില്ലാത്ത പ്രയാണം.

എന്നാൽ വല്ല പ്രയോജനവുമുണ്ടോ?

അതൊട്ടില്ലതാനും.

ചുരുക്കത്തിൽ ഒരു മേഴത്തോൾ അഗ്നിഹോത്രി!

 

വെളിപാടിൻറെ പുസ്തകം തുറന്നു.

നാറാണത്തു ഭ്രാന്തനാകാൻ തീരുമാനിച്ചു.

ഇനി ഒരു കുഴി മാത്രം കുഴിയ്ക്കുക, വെള്ളം കിട്ടുന്നതു വരെ.

 

ശ്ലോകങ്ങൾക്കും കവിതകൾക്കും തൽക്കാലം വിട.

എഴുതിയാൽ പലപ്പോഴും തൃപ്തി വരാറില്ല.

 

ഇനി കുറെ നാളത്തേക്ക് ഗദ്യം മാത്രം.

കുറിക്കാൻ കവിതയെക്കാൾ എളുപ്പം.

മാത്രമല്ല, ഇംഗ്ളീഷിലേക്കു പരിഭാഷ ചെയ്യാം.

മലയാളം അറിയാത്ത കുറെ സുഹൃത്തുക്കളുണ്ട്.

അവരേയും ഇടക്കൊക്കെ ശല്യപ്പെടുത്താം.

 

എങ്ങനെ വരുമെന്നു നോക്കാമല്ലോ.


 ------------------


നൂലിൽക്കെട്ടിയ കങ്കണം

വൃത്തത്തിൽ ചുറ്റിയെങ്കിലോ

നിശ്ചയം ജലമുണ്ടെന്ന-

തല്ലോ ജ്ഞാനികൾ ചൊൽവതും.

 

ഞാനുണ്ടാക്കിയ ഗർത്തങ്ങൾ

ചൊന്നതെല്ലാമെയൊന്നുതാൻ

"നിസ്സംശയം കുഴിച്ചോളൂ

തോയലഭ്യത നിശ്ചയം."

 

എങ്കിലെന്താദ്യഗർത്തത്തിൽ

വെള്ളം കാണട്ടെ കൂട്ടരേ

ജീവിതം പിന്നെയുണ്ടെങ്കിൽ

അപ്പൊളെല്ലാം കുഴിച്ചിടാം.

 

 

2023, ജനുവരി 1, ഞായറാഴ്‌ച

വിട, ഡൽഹി!


പോകുന്നു, ഞങ്ങൾ പോകുന്നു,

നാട്ടിലേക്ക്,

അര നൂറ്റാണ്ടിനു ശേഷം.

 

പത്തൊമ്പതാമത്തെ വയസ്സിൽ

ആദ്യമായി ട്രെയിനിൽ കയറിയപ്പോൾ

മനസ്സു നിറയെ ഭയമായിരുന്നു, ആകാംക്ഷയായിരുന്നു,

പ്രതീക്ഷയായിരുന്നു, സ്വപ്നങ്ങളായിരുന്നു.

 

ഇന്ന്, അറുപത്തൊമ്പതാമത്തെ വയസ്സിൽ,

തിരിച്ചു പോകുമ്പോൾ

മനസ്സിൽ എന്താണെന്നറിയില്ല

 

സ്വപ്നങ്ങൾക്കു, പക്ഷേ, നിറം മാറിയിരിക്കുന്നു.

അന്നത്തെ സ്വപ്നങ്ങളല്ല ഇന്നത്തെ സ്വപ്നങ്ങൾ.

 

അമ്പതു വർഷങ്ങൾ!

 

ഡൽഹി എനിക്ക് ആരായിരുന്നു?

എന്തായിരുന്നു?

കൈ പിടിച്ചുയർത്തിയ പോറ്റമ്മയോ

അതോ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ച രണ്ടാനമ്മയോ?

പ്രതിദിനം ശുശ്രൂഷിച്ച സ്നേഹമയിയായ ഭാര്യയോ

അതോ സർപ്പസൗന്ദര്യത്താൽ വശീകരിച്ച വെപ്പാട്ടിയോ?

ദാഹവും വിശപ്പും മാറ്റിയ  പഴച്ചാറോ

അതോ ലഹരിയുടെ മാസ്മരികതയിൽ ആറാടിച്ച മദ്യമോ?

 

അറിയില്ല.

 

വിട പറയുമ്പോൾ എന്താണു മനസ്സിൽ?

ദുഃഖമോ?

തേങ്ങലോ?

ആശ്വാസമോ?

ഭയമോ?

നഷ്ടബോധമോ?

 

ആവോ, അതും അറിയില്ല.

 

എന്തായാലും ഇനിയുള്ള കാലം

ശാലീനസുന്ദരിയായ, സ്നേഹമയിയായ,

പോറ്റമ്മയുടെ മടിയിൽ.

ജനിച്ചു വളർന്ന, ഓടിച്ചാടിക്കളിച്ച, മണ്ണിൽ.

 

ഇപ്പോഴും കുറെയൊക്കെ ബാക്കി നിൽക്കുന്ന

പച്ചപ്പിൽ മയങ്ങാൻ,

 

മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന

കുളത്തിൽ മുങ്ങിക്കുളിക്കാൻ,

പറ്റുമെങ്കിൽ അൽപ്പസമയം നീന്താൻ,

പണ്ട് ഇതേ കുളത്തിലെ

ആഴമുള്ള വെള്ളത്തിലേക്കു

തലയും കുത്തി ചാടിയത് ഓർമ്മിക്കാൻ,

 

കുടുംബക്ഷേത്രത്തിൽ പോയി

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നും

എൻറെ അഹങ്കാരം നശിപ്പിക്കണേയെന്നും

പ്രാർത്ഥിക്കാൻ,

 

എന്നെ വിശ്വസിച്ച് എൻറെ കൈ പിടിച്ച,

നാല്പത്തി രണ്ടു വർഷമായി

എന്നെ സ്നേഹിച്ച, നയിച്ച, ക്ഷമിച്ച, ശാസിച്ച,

ഇണങ്ങിയ, പിണങ്ങിയ,

സഹധർമ്മിണിയോടൊപ്പം   

ഇനിയുള്ള കാലം പങ്കിടാൻ,

 

പഴയതും പുതിയതുമായ സുഹൃത്തുക്കളേയും പരിചയക്കാരേയും കാണുമ്പോൾ

ഒന്നു ചിരിക്കാൻ, കുശലം അന്വേഷിക്കാൻ,

ഒരല്പം സമയം പങ്കിടാൻ,

പഴയ കഥകൾ പറയാൻ,

ഓർത്തു ചിരിക്കാൻ,

മനസ്സിനെ ഒന്നു കുളിർപ്പിക്കാൻ,

 

മണ്ണിലേക്കിറങ്ങാൻ,

വിഷമില്ലാത്ത

പച്ചക്കറികളും പഴങ്ങളും പൂക്കളും നട്ടു വളർത്താൻ,

അവയെ മക്കളേപ്പോലെ സ്നേഹിക്കാൻ, പരിപാലിക്കാൻ,

തൊട്ടുതലോടി കുശലങ്ങൾ പറയാൻ,

കഥകൾ പറഞ്ഞു കേൾപ്പിക്കാൻ,

കവിതകൾ ചൊല്ലിക്കേൾപ്പിക്കാൻ,

 

അവയുടെ വളർച്ചയിൽ അത്ഭുതം കൂറാൻ,

സംതൃപ്തനാകാൻ, സന്തോഷിക്കാൻ, പുഞ്ചിരിക്കാൻ,

… …

ഒടുവിൽ അവിടെ തെക്കേ പറമ്പിൽ

ഞാൻ നട്ടുവളർത്തിയ, സ്നേഹിച്ച,

ചെടികളെ ആശ്ലേഷിച്ച്,

... ... .

 

സുല്ലിട്ടു.

 

ബാക്കി പറഞ്ഞാൽ പലരും ദേഷ്യപ്പെടും.

 

അപ്പോൾ ശരി, പറഞ്ഞപോലെ.