2023, ജനുവരി 1, ഞായറാഴ്‌ച

വിട, ഡൽഹി!


പോകുന്നു, ഞങ്ങൾ പോകുന്നു,

നാട്ടിലേക്ക്,

അര നൂറ്റാണ്ടിനു ശേഷം.

 

പത്തൊമ്പതാമത്തെ വയസ്സിൽ

ആദ്യമായി ട്രെയിനിൽ കയറിയപ്പോൾ

മനസ്സു നിറയെ ഭയമായിരുന്നു, ആകാംക്ഷയായിരുന്നു,

പ്രതീക്ഷയായിരുന്നു, സ്വപ്നങ്ങളായിരുന്നു.

 

ഇന്ന്, അറുപത്തൊമ്പതാമത്തെ വയസ്സിൽ,

തിരിച്ചു പോകുമ്പോൾ

മനസ്സിൽ എന്താണെന്നറിയില്ല

 

സ്വപ്നങ്ങൾക്കു, പക്ഷേ, നിറം മാറിയിരിക്കുന്നു.

അന്നത്തെ സ്വപ്നങ്ങളല്ല ഇന്നത്തെ സ്വപ്നങ്ങൾ.

 

അമ്പതു വർഷങ്ങൾ!

 

ഡൽഹി എനിക്ക് ആരായിരുന്നു?

എന്തായിരുന്നു?

കൈ പിടിച്ചുയർത്തിയ പോറ്റമ്മയോ

അതോ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ച രണ്ടാനമ്മയോ?

പ്രതിദിനം ശുശ്രൂഷിച്ച സ്നേഹമയിയായ ഭാര്യയോ

അതോ സർപ്പസൗന്ദര്യത്താൽ വശീകരിച്ച വെപ്പാട്ടിയോ?

ദാഹവും വിശപ്പും മാറ്റിയ  പഴച്ചാറോ

അതോ ലഹരിയുടെ മാസ്മരികതയിൽ ആറാടിച്ച മദ്യമോ?

 

അറിയില്ല.

 

വിട പറയുമ്പോൾ എന്താണു മനസ്സിൽ?

ദുഃഖമോ?

തേങ്ങലോ?

ആശ്വാസമോ?

ഭയമോ?

നഷ്ടബോധമോ?

 

ആവോ, അതും അറിയില്ല.

 

എന്തായാലും ഇനിയുള്ള കാലം

ശാലീനസുന്ദരിയായ, സ്നേഹമയിയായ,

പോറ്റമ്മയുടെ മടിയിൽ.

ജനിച്ചു വളർന്ന, ഓടിച്ചാടിക്കളിച്ച, മണ്ണിൽ.

 

ഇപ്പോഴും കുറെയൊക്കെ ബാക്കി നിൽക്കുന്ന

പച്ചപ്പിൽ മയങ്ങാൻ,

 

മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന

കുളത്തിൽ മുങ്ങിക്കുളിക്കാൻ,

പറ്റുമെങ്കിൽ അൽപ്പസമയം നീന്താൻ,

പണ്ട് ഇതേ കുളത്തിലെ

ആഴമുള്ള വെള്ളത്തിലേക്കു

തലയും കുത്തി ചാടിയത് ഓർമ്മിക്കാൻ,

 

കുടുംബക്ഷേത്രത്തിൽ പോയി

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നും

എൻറെ അഹങ്കാരം നശിപ്പിക്കണേയെന്നും

പ്രാർത്ഥിക്കാൻ,

 

എന്നെ വിശ്വസിച്ച് എൻറെ കൈ പിടിച്ച,

നാല്പത്തി രണ്ടു വർഷമായി

എന്നെ സ്നേഹിച്ച, നയിച്ച, ക്ഷമിച്ച, ശാസിച്ച,

ഇണങ്ങിയ, പിണങ്ങിയ,

സഹധർമ്മിണിയോടൊപ്പം   

ഇനിയുള്ള കാലം പങ്കിടാൻ,

 

പഴയതും പുതിയതുമായ സുഹൃത്തുക്കളേയും പരിചയക്കാരേയും കാണുമ്പോൾ

ഒന്നു ചിരിക്കാൻ, കുശലം അന്വേഷിക്കാൻ,

ഒരല്പം സമയം പങ്കിടാൻ,

പഴയ കഥകൾ പറയാൻ,

ഓർത്തു ചിരിക്കാൻ,

മനസ്സിനെ ഒന്നു കുളിർപ്പിക്കാൻ,

 

മണ്ണിലേക്കിറങ്ങാൻ,

വിഷമില്ലാത്ത

പച്ചക്കറികളും പഴങ്ങളും പൂക്കളും നട്ടു വളർത്താൻ,

അവയെ മക്കളേപ്പോലെ സ്നേഹിക്കാൻ, പരിപാലിക്കാൻ,

തൊട്ടുതലോടി കുശലങ്ങൾ പറയാൻ,

കഥകൾ പറഞ്ഞു കേൾപ്പിക്കാൻ,

കവിതകൾ ചൊല്ലിക്കേൾപ്പിക്കാൻ,

 

അവയുടെ വളർച്ചയിൽ അത്ഭുതം കൂറാൻ,

സംതൃപ്തനാകാൻ, സന്തോഷിക്കാൻ, പുഞ്ചിരിക്കാൻ,

… …

ഒടുവിൽ അവിടെ തെക്കേ പറമ്പിൽ

ഞാൻ നട്ടുവളർത്തിയ, സ്നേഹിച്ച,

ചെടികളെ ആശ്ലേഷിച്ച്,

... ... .

 

സുല്ലിട്ടു.

 

ബാക്കി പറഞ്ഞാൽ പലരും ദേഷ്യപ്പെടും.

 

അപ്പോൾ ശരി, പറഞ്ഞപോലെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ