2023, ജനുവരി 30, തിങ്കളാഴ്‌ച

വാഴക്കുലയും മാമ്പഴവും

29 01 23

(തിരശ്ശീല ഉയരുമ്പോൾ അരങ്ങത്ത് ആരുമില്ല. അല്പസമയത്തിനു ശേഷം അരങ്ങിൻറെ മൂലയിൽ നിൽക്കുന്ന മാവിൽ നിന്ന് ഒരു മാമ്പഴം താഴെ വീഴുന്നു. മാമ്പഴം ഏങ്ങിയേങ്ങി കരയുന്നതു കേൾക്കാം. അൽപ്പസമയം കഴിഞ്ഞപ്പോൾ വാഴക്കുല ഓടിത്തളർന്ന് വിയർത്തൊലിച്ച് പ്രവേശിക്കുന്നു. മാമ്പഴത്തെ ശ്രദ്ധിക്കാതെ മാവിൻറെ ചുവട്ടിൽ ഇരിക്കുന്നു. സാവധാനം മയക്കത്തിലേക്കു വഴുതി വീഴുന്നു.)

(കുറെ സമയം കഴിഞ്ഞ് മാമ്പഴം വാഴക്കുലയെ തോണ്ടിയുണർത്തുന്നു.)

വാഴക്കുല (ക്ഷീണിച്ച സ്വരത്തിൽ): ങും?

(മാമ്പഴം ഏങ്ങിക്കരയുന്നു.)

വാ: നീ എന്തിനാ കരയുന്നത്? കാര്യം പറ.

മാ: ചേട്ടനെന്തിനാ ഓടിയേ?

വാ: അതിനാണോ നീ കരയുന്നെ?

മാ: അല്ല, ന്നാലും ചേട്ടൻ പറ.

വാ: (ചുറ്റും നോക്കിയിട്ട്): ഇപ്പോൾ എന്നെ പിടിക്കാൻ നാട്ടുകാരു മുഴുവൻ പാഞ്ഞു നടക്കുകാ. അതോണ്ടാ ഓടിയെ.

മാ: നാട്ടുകാരു മുഴുവൻ ന്നു പറഞ്ഞാ?

വാ: ഭരിക്കുന്നോരും ഭരിക്കാത്തോരും എഴുതുന്നോരും എഴുതാത്തോരും നാടകക്കാരും അല്ലാത്തോരും കവികളും അല്ലാത്തോരും സമൂഹമാദ്ധ്യമത്തിൽ എന്തെങ്കിലും ആണെന്നോ ആകണമെന്നോ വിചാരിക്കണ എല്ലാരും.

മാ: യ്യോ, അതെന്തിനാ?

വാ: ഞാൻ കുറെ പറഞ്ഞില്ലേ. ഇനി നീ പറ. നീയെന്തിനാ കരഞ്ഞേ?

മാ: ചേട്ടൻറെ വിഷമത്തിൻറെ മറുവശമാ എൻറെ വിഷമം.

വാ: എന്നു വച്ചാൽ?

മാ: ദേ എന്നെയൊന്നു നോക്കിയേ. ഞാൻ സുന്ദരിയല്ലേ?

വാ: ങാ, അതൊക്കെയാണ്. നീ കാര്യം പറ.

മാ: എന്നെ ആർക്കും വേണ്ട.

വാ: നീ അങ്ങോട്ടു തെളിച്ചു പറയടീ.

മാ: മുമ്പൊക്കെ എല്ലാർക്കും എന്നോടെന്തിഷ്ടമായിരുന്നു! എന്നെ എഴുന്നള്ളിച്ചു, സ്റ്റേജിൽ കേറ്റി, പാടിയുറക്കി, അഭിനയിപ്പിച്ചു. അന്നൊക്കെ ഞാനങ്ങു സ്വർഗ്ഗത്തിൽ ആയിരുന്നു. കുറെ നാളായിട്ട് ഒന്നുമില്ല.

വാ: ങാ, അതൊക്കെ അങ്ങനെയാടീ, നമ്മടെയൊക്കെ കാര്യം അങ്ങനെ തന്നെയാ. കുറെ നാൾ എടുത്തു തലയിൽ വച്ചോണ്ടു നടക്കും. പിന്നെ വലിച്ചെറിയും.

മാ: അതെനിക്കറിയാം. അതല്ല കാര്യം.

വാ: പിന്നെന്താ?

മാ: ആരോ പറഞ്ഞോണ്ടു പോണതു കേട്ടതാ. ഏതോ ഒരുത്തൻ എൻറെ സ്ഥാനത്തു കേറിയിരുന്നെന്നോ അവനെ ഇപ്പോൾ നാടു മുഴുവൻ എഴുന്നള്ളിച്ചോണ്ടു നടക്കുവാന്നോ ഒക്കെ പറയുന്നു. അങ്ങനെ ചെയ്യാൻ പാടുണ്ടോ ചേട്ടാ? എനിക്കു കിട്ടണ്ട സ്ഥാനമല്ലേ ആ കശ്മലൻ അടിച്ചോണ്ടു പോണത്?

വാ: എടീ, നീ പറഞ്ഞ ആ കശ്മലനാ ഈ ഞാൻ. എന്നിട്ടെൻറെ സ്ഥിതി കണ്ടില്ലേ? നിനക്കു വേണോ ഈ സ്ഥിതി?

മാ: അയ്യോ, അതു ചേട്ടനാരുന്നോ?

വാ: ങാ, അതെ.

മാ: എന്നിട്ട് ചേട്ടനെ എന്തിനാ അവരിങ്ങനെ ഓടിക്കുന്നെ?

വാ: ഏതോ ഒരുത്തി ഒരു ചിന്തയുമില്ലാതെ എന്നെ നിൻറെ സ്ഥാനത്തു കേറ്റിയിരുത്തി. അതേതോ ഒരാൾ കണ്ടു. അയാൾ വിളിച്ചുകൂവി, 'അയ്യേ മാമ്പഴത്തിനു പകരം വാഴക്കുല കേറ്റിയേ'ന്നു പറഞ്ഞ്. കേക്കണ്ട താമസം ഭൂമി കുലുങ്ങി. പിന്നെ ഒരാക്രമണമായിരുന്നു, ഞാൻ മുമ്പ് പറഞ്ഞില്ലേ, അവരെല്ലാം കൂടി. ഒരു വിധത്തിലാ ഓടി രക്ഷപ്പെട്ട് ഇവിടം വരെയെത്തിയത്.

മാ: അപ്പോൾ നമ്മൾ രണ്ടു പേരും തുല്യദുഃഖിതരാ ല്ലേ, ചേട്ടാ?

വാ: ങാ. അതെ.

(മാമ്പഴവും വാഴക്കുലയും വേദനകൾക്കിടയിലും പരസ്പരം നോക്കി മന്ദഹസിക്കുന്നു. മാമ്പഴം സാവധാനം വാഴക്കുലയുടെ മേൽ ചാരിയിരിക്കുന്നു. വാഴക്കുല അവളെ ചേർത്തു പിടിക്കുന്നു.)


(തിരശ്ശീല)  

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ