2023, മാർച്ച് 5, ഞായറാഴ്‌ച

ഒരു സംവാദം

ഡും, ഡും ...

“വന്നോളൂ.”

...

“ഇരിക്ക്യാ. പറയ്യാ.”

“ജ്യോത്സ്യൻ ... ?”

“അതെ ഞാൻ തന്നെ. പറഞ്ഞോളൂ. ന്തു വേണം?”

“സമയം കുറിക്കണം.”

“ആവാല്ലോ. ന്തിനുള്ള സമയാ?”

“അത് ... അത് ... ... ...”

“പറയൂ, ന്തിനാ മടിക്കണേ? വിവാഹം? ഗൃഹപ്രവേശം? ...”

“അതൊന്നുമല്ല.”

“പിന്നെ?”

“ഒരു മുഖപുസ്തകസുഹൃത്തിനെ സൗഹൃദവലയത്തീന്നു മാറ്റണം.”

“ങേ? തെന്താപ്പാ? അതിനിപ്പോ, നല്ല സമയോക്കെ നോക്കണോ? അങ്ങ്ട് നീക്ക്വാ, അത്രന്നെ.”

“അതല്ല, നേരിട്ടു പരിചയമില്ലെങ്കിലും ഏറെ ബഹുമാനിക്കുന്ന ഒരാളാണ് ഇദ്ദ്യം.”

“ങാ, അതുവ്വോ, ന്നാ പിന്നെ എന്തിനാ മാറ്റണേ?”

“അത് ... ഈയുള്ളോൻറെ ഒരു പോസ്റ്റിന് അദ്ദ്യം ഒരു കമന്റ് ഇട്ടു. ...”

“ദാ പ്പം നന്നായെ. അതിനിപ്പോ അദ്ദ്യത്തെ മാറ്റണോ? കമന്റൊക്കെ എല്ലാരും ഇടുന്നതല്ലേ? ഞാനും ഇടാറ്ണ്ടല്ലോ ഇടയ്ക്കൊക്കെ.”

“അതല്ല. അദ്ദ്യം കമൻറ് ഇട്ടപ്പോൾ ഈയുള്ളോൻറെ പേരും അതിൽ വന്നു.”

“വരൂല്ലോ. അപ്പാല്ലേ ങ്ങക്കു അറീപ്പ് കിട്ടണേ?”

“അതെ. അതിനൊന്നും കുഴപ്പമില്ല.”

“പിന്നെന്തിനാ കുഴപ്പം?”

“സ്വന്തം കമന്റിൽ അദ്ദ്യം അസാരം രാഷ്ട്രീയം കലർത്തി.”

“അതിനെന്താ. അദ്ദ്യത്തിൻറെ അഭിപ്രായം പിന്നെ വേറെ ആരെങ്കിലും പറയ്വോ?”

“അതല്ല, ആ കമന്റിൽ ഈയുള്ളോൻറെ രാഷ്ട്രീയ നിലപാട് അദ്ദേഹം വിളംബരം ചെയ്തിരിക്കുന്നു.”

“ങ്ഹേ, അതെങ്ങനെ? തമ്മിൽ അറീല്ലാന്നല്ലേ ങ്ങ മുമ്പു പറഞ്ഞെ?”

“അതെ, തമ്മിൽ അറീല്ല. അദ്ദ്യം ഊഹിച്ചെടുത്തിട്ട് അതങ്ങട് കാച്ചി! അത്രന്നെ.”

“ങും, ങ്ങടെ നിലപാടിന് എതിരായിട്ടുള്ള നിലപാട് അദ്ദ്യം എടുത്തു, അത് ങ്ങക്ക് പിടിച്ചില്ല. അപ്പ അതാണു കാര്യം.”

“അതല്ല കാര്യം.”

“ഹ, പിന്നെന്താച്ചാൽ പറഞ്ഞു തൊലയ്ക്കൂ, ഹേ. നിക്കു വേറേം പണീണ്ടേ.”

“നിക്കങ്ങനെ ഒരു പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് അദ്ദ്യത്തോടു പറഞ്ഞു.”

“പറഞ്ഞൂച്ചാ, കമന്റായി?”

“തന്നെ. ഇക്കാര്യം പറഞ്ഞിട്ടുള്ള ഒരു ബ്ലോഗ് പോസ്റ്റിൻറെ ചങ്ങലക്കണ്ണീം അയച്ചുകൊടുത്തു.”

“ന്നിട്ട്?”

“ന്നിട്ടെന്താ, ആദ്യത്തെ ആ കമൻറ് അദ്ദ്യം അതേപടി പകർത്തീട്ട് സ്വന്തം ഭിത്തിയിൽ ഒട്ടിച്ചു.”

“ന്നിട്ട്?”

“അതിൽ ഈയുള്ളോൻറെ പേരും ണ്ടേ.”

“ഹ, അതിനിപ്പോ ന്താ? അതത്ര വല്ല്യ തെറ്റാ? അതങ്ങട് മായ്ക്കാൻ പറഞ്ഞാ പോരേ? അതിന് അദ്ദ്യത്തെ ഒഴിവാക്കണോ?”

“പറഞ്ഞൂ, അതന്യാ ആദ്യം ചെയ്തെ.”

“ന്നിട്ട്?”

“അദ്ദ്യം അതു കണ്ടൂന്നു നടിക്കൂം കൂടി ണ്ടായില്ല.”

“അതിപ്പോ, അദ്ദ്യം വല്ല കടയിലോ, അമ്പലത്തിലോ ഒക്കെ പോയിരിക്കും. ത്തിരി സമയം കൊടുക്ക്വാ, അദ്ദ്യം മായ്ക്കും. ത്ര ക്ഷമീല്ലാണ്ടായാലോ?”

“സമയം കൊടുത്തു.”

“എത്ര? ഒരു മണിക്കൂർ? രണ്ടു മണിക്കൂർ?”

“രണ്ടീസം മുഴുവൻ കൊടുത്തു.”

“രണ്ടീസോ?”

“ങാ, മിനിഞ്ഞാന്നു വൈകീട്ടത്തെ കാര്യാണേ.”

“ങും. ന്നിട്ട് ഇതുവരെ മായ്ച്ചില്ലേ?”

“ഇല്ലാന്നേ. മാത്രല്ല, ഒരു മറുപടീം കൂടി തന്നിട്ടില്ല.”

“ങാ, പ്പ പ്പിന്നെ ... ങ്ങളു പറഞ്ഞപോലെ ചെയ്യാ, ല്ലേ?”

“അതെ, അതിനാ പ്പ വന്നെ.”

“അതിനിപ്പ നല്ല സമയം നോക്കാനുണ്ടോ?”

“അതല്ല. അദ്ദ്യത്തിന് ത്തിരി സമയം കൂടി കൊടുക്കാന്നു നിരീച്ചു.”

“ങും, ഒരവസാന ശ്രമം, ല്ലേ?”

“ങാ.”

“ആട്ടെ, ങ്ങള് അദ്ദ്യത്തെ മാറ്റിയാ അദ്ദ്യത്തിനെന്താ നഷ്ടം?”

“അദ്ദ്യത്തിന് ഒരു നഷ്ടോം ല്ല്യ.”

“ങ്ങക്കോ?”

“അദ്ദ്യത്തിൻറെ കവിതകൾ വായിക്കണത് ഇഷ്ടാ. അതു പറ്റില്ലല്ലോ. അങ്ങനെ ഒരൂട്ടം സങ്കടം ണ്ട്.”

“ആട്ടെ, ങ്ങള് മുമ്പ് എത്ര പേരെ ഇതുപോലെ ങ്ങടെ വലയത്തീന്നു നീക്കീട്ട്ണ്ട്?”

“ഒരാളെ ... ഒരൊറ്റയാളെ.”

“അയിന് സമയം നോക്കീർന്നോ?”

“ല്ല്യ. അത്, അദ്ദ്യം അസഭ്യമായ ചില പോസ്റ്റുകൾ ഇട്ടേ. അപ്പ നല്ല ദേഷ്യം വന്നു. അങ്ങട് നീക്കി, ത്ര ന്നെ.”

“ങും. ശരി, ന്നാ കവടി നിരത്താം. ന്താ?”

“ഓ.”

“ദാ നോക്കൂ. കവടി പറേണു, ഇന്നു വൈകീട്ടു വരെ സമയം കൊടുക്കാൻ. അപ്പഴല്ലേ രണ്ടീസം പൂർത്തിയാകുള്ളൂ?”

“ങാ, അഞ്ചരക്ക്.”

“അതന്നെ. അഞ്ചരക്ക്. അഞ്ചരക്ക് നീക്കിക്കോളൂ. എല്ലാം നന്നായി വരും.” 

“ശരി, ജ്യോത്സരേ, അങ്ങനേന്നെ ചെയ്യാം. വൈകീട്ട് അഞ്ചരക്ക്.”

“ആയിക്കോളൂ.”

“ജ്യോത്സ്യരേ ദാ, ദക്ഷിണ.”

“ഹേയ്, ഇതിനു ദക്ഷിണേ? ന്നും വേണ്ട. ങ്ങള് ൻറെ ഫ്രണ്ട് ആയാ മതി.”

“ശരി, അപ്പോ കാണാം.”

“ഓ, ആയ്ക്കോട്ടെ.”

നീ അടുത്തുണ്ടായിരുന്നെങ്കിൽ!

21 09 22

ഏകദേശം മൂന്നുവർഷത്തിലേറെയായി തുടരുന്ന അണുബാധ പൂർണ്ണമായും മാറണമെങ്കിൽ ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണ് മാർഗ്ഗമെന്നു ഡോക്ടർ പറഞ്ഞപ്പോൾ,

എങ്കിലതു തന്നെയാണു നല്ലതെന്നു കണ്ണനും പറഞ്ഞപ്പോൾ,

ഫോണിൽക്കൂടി നീയും ആ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൾ,

എങ്കിൽ പിറ്റേന്നു തന്നെ ആ കൃത്യം നടത്താമെന്നു തീരുമാനിച്ചപ്പോൾ,

പിറ്റേന്നു രാവിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ,

പത്തേമുക്കാലിന് ശസ്ത്രക്രിയാ അണിയറയിൽ പ്രവേശിപ്പിച്ചപ്പോൾ,

ഒന്നേമുക്കാലായപ്പോൾ സഹികെട്ട് എന്തേ ഇത്ര താമസമെന്ന് ഒരു ഡോക്ടറോടു ചോദിക്കേണ്ടി വന്നപ്പോൾ,

ഒരു ഉപകരണം കമ്പനിയിൽ നിന്നു വരുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ,

പിന്നെ മൂന്നു മണിയോടെ ശസ്ത്രക്രിയാ മേശമേൽ കിടത്തിയപ്പോൾ,

പ്രാദേശികമായി മരവിപ്പിച്ചിട്ട് ശത്രക്രിയ ചെയ്തപ്പോൾ,

20 ഡിഗ്രി ചൂടിൽ തണുത്തു വിറച്ചപ്പോൾ,

ഏറെ അസ്വസഥത അനുഭവപ്പെട്ടപ്പോൾ,

മരവിപ്പിച്ചെങ്കിലും സാമാന്യം വേദന അനുഭവിച്ചപ്പോൾ,

ശ്വാസോച്ഛാസം ക്രമാതീതമായി വേഗത്തിലായപ്പോൾ,

ഹൃദയമിടിപ്പു പതിന്മടങ്ങു കൂടിയപ്പോൾ,

എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ,

കൈകൾ സ്വതന്ത്രമല്ലാതിരുന്നതുമൂലം കണ്ണുകൾ തുടയ്ക്കാൻ പോലും കഴിയാതെ വിമ്മിഷ്ടപ്പെട്ടപ്പോൾ,

പിന്നെ എല്ലാം കഴിഞ്ഞ് ചക്രക്കസേരയിലിരുത്തി മുറിയിൽ എത്തിച്ചപ്പോൾ,

അസാധാരണമായ ക്ഷീണവും പരവേശവും മൂലം വീർപ്പുമുട്ടിയപ്പോൾ,

വിഷമം വല്ലതും തോന്നുന്നുണ്ടോയെന്നു കണ്ണൻ ചോദിച്ചപ്പോൾ,

ശബ്ധം ശരിയായി പുറത്തു വരാൻ വിസമ്മതിച്ചപ്പോൾ,

"ക്ഷീണമുണ്ട്, സാരമില്ല" എന്നൊരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ,

ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും ഇടക്കിടെ കൂടിയും കുറഞ്ഞുമിരുന്നപ്പോൾ,

കണ്ണുനീർ ഇടയ്ക്കിടെ ഒഴുകിയപ്പോൾ,

തണുപ്പു സഹിക്കാൻ വയ്യാതെ കമ്പിളി കൊണ്ടു പുതച്ചപ്പോൾ,

എന്നിട്ടും തണുപ്പു മാറാത്തപ്പോൾ,

കണ്ണൻ കാല്പാദങ്ങളിൽ അമർത്തി തിരുമ്മിയപ്പോൾ ഏറെ ആശ്വാസം ലഭിച്ചപ്പോൾ,

വേദന കൂടുതലായി അനുഭവപ്പെട്ടപ്പോൾ,

ഒടുവിൽ എല്ലാം ശാന്തമായപ്പോൾ,

പതിന്നാലു മണിക്കൂറിനു ശേഷം ആശുപത്രിയിൽ നിന്നു പോന്നപ്പോൾ,

വെറുതെ മോഹിച്ചു പോയി,

നീ അടുത്തുണ്ടായിരുന്നെങ്കിൽ!


അഭിവന്ദ്യനായ ഓംചേരി സാറിന് ഹൃദയം നിറഞ്ഞ നൂറാം ജന്മദിനാശംസകൾ!

05 ഫെബ്രുവരി 2023

നാടകകൃത്ത്, നോവലെഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ, പത്രാധിപർ, അദ്ധ്യാപകൻ,

ഭരണാധിപൻ –
അങ്ങു കടന്നെത്താത്ത മേഖലകളില്ല
പയറ്റാത്ത അടവുകളില്ല
വെട്ടിപ്പിടിക്കാത്ത ലക്ഷ്യങ്ങളില്ല.
 
ജീവിതയാത്രയിൽ ശതവർഷത്തിലെത്തിനിൽക്കുന്ന
ഓംചേരി സാറിനു ഹൃദയം നിറഞ്ഞ ആശംസകൾ!
 
ഇനി മുമ്പോട്ടും
ആയുരാരോഗ്യസമ്പത്സമൃദ്ധിയോടുകൂടി ലീലാസമേതനായി
അനേകവർഷം സസുഖം ജീവിക്കുവാൻ
ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ!
 
അങ്ങയുടെ കൃതികളുടെ നാമങ്ങൾ കൊണ്ടു തീർത്ത
ഒരു മുക്തഹാരം സമർപ്പിക്കുന്നു.
ദയവായി സ്വീകരിക്കണമെന്ന് അപേക്ഷ.
 
"ഈ വെളിച്ചം നിങ്ങളുടേതാകുന്നു"
പറഞ്ഞതാരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ
"തേവരുടെ ആന" പറഞ്ഞു
"സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്", എന്തെന്നാൽ
"ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു".
 
"കള്ളൻ കയറിയ വീ"ട്ടിൽ
"ഉലകുട പെരുമാ"ളും
"മിണ്ടാപ്പൂച്ചക"ളും
"നല്ലവനായ ഗോഡ്സെ"യും
"നോക്കുകുത്തി തെയ്യ"ങ്ങളാകുന്നു.
 
"യേശുവും ഞാനും"
"ഒപ്പത്തിനൊപ്പം"
"പ്രളയ"ത്തിൽ അകപ്പെട്ടപ്പോൾ,
കേരള സാഹിത്യ അക്കാദമി പുരസ്കാരം
"ലക്ഷ്യവും മാർഗ്ഗവും" അറിയാതെ നീന്തിക്കുഴഞ്ഞപ്പോൾ,
"വികാരങ്ങൾ വിചാരങ്ങൾ" എന്നിവ നഷ്ടപ്പെട്ടപ്പോൾ,
"കാഴ്ചകൾ കാഴ്ചപ്പാടുകൾ" എന്നിവ മങ്ങിത്തുടങ്ങിയപ്പോൾ,
"ആകസ്മിക"മായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 
പാദസ്പർശം ചെയ്തപ്പോൾ, പറഞ്ഞുപോയി,
"ഇതു നമ്മുടെ നാടാകുന്നു",
ഇവിടെയാരേയും "ചെരിപ്പു കടിക്കില്ല",
എന്തെന്നാൽ ഇവിടെയുണ്ട് സമഗ്രസംഭാവനാപുരസ്കാരവും
കേരളപ്രഭയും കലാരത്ന പുരസ്കാരവും
സാഹിത്യപ്രവർത്തകസഹകരണസംഘപുരസ്കാരവും.
 
"ആകാശത്തോളമെത്തിയ കുറെ മനുഷ്യരും അനുഭവങ്ങളും", അവരോടൊപ്പം
"നാടകവും അരങ്ങും – ഇന്നലെ, ഇന്ന്, നാളെ"യും കൂടി
"അധിനിവേശ"ത്തിൻറെ
"വികാസ രേഖക"ളിൽ പരതി നടന്നപ്പോൾ "ഓംചേരിയുടെ സമ്പൂർണ്ണ കൃതികൾ"
പറഞ്ഞു, "നന്ദി ഒരു വെറുംവാക്കല്ല".
 
"ആകസ്മികങ്ങളുടെ ഓർമ്മച്ചെപ്പ്"
തുറന്നപ്പോൾ അതിലുണ്ടായിരുന്ന
"മൈക്രോ നാടകങ്ങളും മിനിക്കവിതകളും" വിളിച്ചുകൂവി,
"ജനശബ്ധം ദൈവശബ്ധം".
 

"അവനോടു പറയണ്ട!"

10-07-22

[എല്ലാ ജോലിക്കാർക്കും വേണ്ടി സമർപ്പിക്കുന്നു]

നാലു മണി. ചായയ്‌ക്കു സമയമായി. അയാൾ എഴുന്നേറ്റു. ഫോൺ മണിയടിച്ചു. പരിചയമില്ലാത്ത നമ്പർ. ഏതെങ്കിലും കോൾ സെന്ററിൽ നിന്നാകാം. "കാർ ലോൺ? വീടു ലോൺ? ക്രെഡിറ്റ് കാർഡ്? ..."

"ഹലോ"

"ഹലോ, മോനേ ഇത് ഓ.പി. ശർമ്മയാണ്, നിങ്ങളുടെ അയൽക്കാരൻ."

ശർമ്മാജി! കണ്ടിട്ടുണ്ട്. ചിലപ്പോൾ ഒരു പുഞ്ചിരി, അപൂർവ്വമായി ഒരു "സുപ്രഭാത ആശംസകൾ". അത്രയേയുള്ളൂ. തിരക്കു പിടിച്ച നഗരജീവിതത്തിൽ അതങ്ങനെയാണല്ലോ. തൊട്ടടുത്ത വീട്ടിലുള്ളവരെപ്പോലും അറിയില്ല. പക്ഷേ അദ്ദേഹം ഇപ്പോൾ എന്തിനാണ് വിളിക്കുന്നത്?

"എന്താ ശർമ്മാജി, എന്തു പറ്റി?"

"മോനൊന്നു വേഗം വരൂ."

"എന്തു പറ്റി, ശർമ്മാജി?"

"മോനേ, നിൻറെ അമ്മക്കു നല്ല സുഖമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്."

നെഞ്ചിൽ ഒരാളൽ! ഈശ്വരാ! എന്തു പറ്റിയോ ആവോ. അമ്മയ്ക്കു പറയത്തക്ക അസുഖങ്ങളൊമൊന്നുമില്ല. രാവിലെ പോരുമ്പോഴും പൂർണ്ണ ആരോഗ്യവതിയായിരുന്നു.

"ശർമ്മാജി, എന്തു പറ്റിയെന്നു പറയൂ. അമ്മക്കെന്തു സംഭവിച്ചു?"

"ഞങ്ങൾ വയസ്സായവരെല്ലാവരും കൂടി ഉച്ച കഴിഞ്ഞു പാർക്കിലിരുന്നു വെയിൽ കൊള്ളാറുണ്ടെന്നു നിനക്കറിയാമല്ലോ" 

അറിയാം. ഇതവരുടെ തണുപ്പുകാലത്തെ പതിവാണ്. സൊസൈറ്റിയിലെ പെൻഷൻ പറ്റിയ, വയസ്സായ ആൾക്കാരെല്ലാവരും കൂടി ചെറു സംഘങ്ങളായി പാർക്കിലിരുന്നു വെയിൽ കാഞ്ഞും സൊറ പറഞ്ഞും ചീട്ടു കളിച്ചും കുറെ സമയം ഉത്സാഹപൂർവ്വം ചെലവഴിക്കും.

"ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് നിൻറെ വീട്ടിൽ നിന്നു പാത്രങ്ങൾ താഴെ വീഴുന്ന ശബ്ധം കേട്ടത്. എൻറെ ഭാര്യ ഓടിപ്പോയി നിൻറെ അമ്മയെ വിളിച്ചു. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അകത്തു കയറി നോക്കി. അമ്മ അടുക്കളയിൽ ബോധമില്ലാതെ വീണു കിടക്കുകയായിരുന്നു. ഞങ്ങളാൽ ആവും വിധമൊക്കെ നോക്കിയിട്ടും ബോധം വീഴാത്തപ്പോൾ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോന്നു."

"ഈശ്വരാ! ഏതാശുപത്രിയിലാണ്?"

"ഫാസ്റ്റ് ക്യൂർ ആശുപത്രിയിൽ. വേഗം വരൂ."

"ശരി, ശർമ്മാജി, ദാ ഇപ്പോൾ എത്താം."

അയാൾ ഭാര്യ മോളുവിനെ വിളിച്ചു കാര്യം പറഞ്ഞു, ഉടനെ ആശുപത്രിയിലേക്കു വരാനും.

വേണ്ടാത്ത ചിന്തകൾ മാത്രം മനസ്സിൽ. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം? സ്ട്രോക്ക്? അതോ ഒരു വീഴ്ചയോ? അമ്മയ്ക്ക് ഹൃദയത്തിന് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. ഈശ്വരാ! അയാൾ പ്രാർത്ഥിച്ചു ... വീണ്ടും വീണ്ടും പ്രാർത്ഥിച്ചു, "അമ്മയ്‌ക്കൊന്നും വരുത്തല്ലേ!"

***********

ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ.

"ശർമ്മാജി, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഡോക്ടർ എന്തു പറഞ്ഞു?"

അപ്പോഴാണ് ഡോക്ടർ പുറത്തു വന്നത്.

"പേടിക്കാനൊന്നുമില്ല. കുഴപ്പമൊന്നുമില്ല. വീണപ്പോഴുണ്ടായ ഒരു ചെറിയ മുറിവുണ്ടു തലയിൽ. അത് കഴുകിക്കെട്ടി. ഇപ്പോൾ ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. നിങ്ങൾക്കു പോയി കാണാം."

അയാൾ പോകാൻ തുടങ്ങിയതും പിന്നിൽ നിന്നു മോളുവിൻറെ ചോദ്യം മുഴങ്ങി, "അമ്മയ്ക്കെന്തു പറ്റി?"

അവൾ അപ്പോൾ പരിഭ്രമിച്ച് ഓടിക്കിതച്ചു വരുന്നതേയുണ്ടായിരുന്നുള്ളു.

"അമ്മയ്ക്കു കുഴപ്പമൊന്നുമില്ല. വരൂ നമുക്കു പോയി കാണാം."

***********

"അമ്മേ ... അമ്മേ ..."

അമ്മ സാവധാനം കണ്ണുകൾ തുറന്നു പുഞ്ചിരിച്ചു. ക്ഷീണിച്ച ചിരി.

"അമ്മേ എന്താണു പറ്റിയത്? അമ്മയ്ക്കെന്തു സംഭവിച്ചു?

അമ്മ രണ്ടുപേരേയും മാറി മാറി നോക്കി. പിന്നെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു, "എനിക്കു ശരിക്കറിയില്ല. പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു തല ചുറ്റൽ വന്നു വീണു."

പത്തു മിനിട്ടിനു ശേഷം.

"മോനേ, നീ കാന്റീനിൽ പോയി അമ്മയ്ക്കൊരു കപ്പു ചായ വാങ്ങിച്ചുകൊണ്ടുവരാമോ?"

"ശരി, അമ്മേ. ദാ ഇപ്പോൾ കൊണ്ടുവരാം."

അയാൾ മുറിയിൽ നിന്നു പോയി.

"മോളൂ ..."

"എന്താ അമ്മേ?"

"ഞാൻ അവനോടും മറ്റുള്ളവരോടും പറഞ്ഞത് തല ചുറ്റി ബോധം മറഞ്ഞു എന്നാണ്."

"അതെ. അതാണല്ലോ അമ്മ അൽപ്പം മുമ്പും പറഞ്ഞത്."

"ശരിയാണ്. എങ്കിലും എനിക്കു ബോധക്കേടു വരാനുള്ള ശരിയായ കാരണം നീ അറിയണം."

"അതെന്താണു ശരിയായ കാരണം?" മോളു ആകെ ചിന്താക്കുഴപ്പത്തിലായി.

"അതേ ..." ചുറ്റും നോക്കി അടുത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.

"ഇന്നു ബുധനാഴ്ചയാണല്ലോ. പണിക്കാരി വന്നിരുന്നില്ല."

"അതു ശരിയാണ്. ഒന്നിടവിട്ട ബുധനാഴ്ചകളിൽ അവൾ വരാറില്ല."

"അതെ. അതുകൊണ്ട് ഞാൻ പാത്രങ്ങൾ കഴുകി വച്ചേക്കാമെന്നു വിചാരിച്ചു. നീ നിൻറെ ചോറ്റുപാത്രം ഇന്നലെ സിങ്കിൽ ഇട്ടിരുന്നില്ലേ അടപ്പു തുറക്കാതെ?"

"ഉം. അതാണല്ലോ ഞാൻ എന്നും ചെയ്യാറ്."

ഇനിയും പറയാനുള്ള ശക്തി സംഭരിക്കാനെന്നോണം അമ്മ ഒന്നു രണ്ടു നിമിഷം നിശ്ശബ്ധത പാലിച്ചു.

അവർ മോളുവിൻറെ കണ്ണുകളിൽ നോക്കി ഒരു ദീർഘനിശ്വാസം ഉതിർത്തിട്ടു സാവധാനം പറഞ്ഞു, "ഞാൻ ആ പാത്രം തുറന്നപ്പോൾ ഒരു നിമിഷാർത്ഥം കൊണ്ട് അതിലെ അസഹനീയമായ ദുർഗ്ഗന്ധം എന്നെ ഏറ്റവും വൃത്തികെട്ട മലിനജല ഓടയിലേയ്ക്ക് എടുത്തെറിഞ്ഞു, എൻറെ ബോധവും പോയി. ... ഇത്രയും ചൂടുള്ള സമയത്ത് വായു പോലും കേറാതെ രണ്ടു ദിവസത്തോളം അടച്ചു വച്ചിരുന്ന ചോറ്റുപാത്രം ...  അതാണു സംഭവിച്ചത്."

മോളു ഒരക്ഷരം മിണ്ടിയില്ല. അടിയുടെ ശക്തി അത്ര നിസ്സാരമായിരുന്നില്ല. അവൾ താഴെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക് അമ്മയുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലായിരുന്നു. അമ്മ ജോലിക്കു പോയിരുന്നപ്പോൾ ഉച്ചഭക്ഷണത്തിനു ശേഷം പാത്രം കഴുകാറുണ്ടായിരുന്നെന്നു പറഞ്ഞത് അവൾ ഓർത്തു. ഒരിക്കൽ അവർ പറഞ്ഞിരുന്നു, "നിനക്കതു ശരിയായി കഴുകാൻ സാധിക്കില്ലെങ്കിൽ പാത്രത്തിൽ കുറെ വെള്ളം ഒഴിക്കുകയെങ്കിലും ചെയ്യൂ. കുറെയെങ്കിലും വൃത്തിയാകുമല്ലോ. അതും പറ്റുന്നില്ലെങ്കിൽ ചുരുങ്ങിയത് സിങ്കിൽ വയ്ക്കുമ്പോൾ അതിൻറെ അടപ്പു മാറ്റിയിട്ടെങ്കിലും വയ്ക്കൂ. എങ്കിൽ പിറ്റേന്ന് പണിക്കാരി തേയ്ക്കാൻ തുറക്കുമ്പോൾ വലിയ ദുർഗന്ധം വരാതിരിക്കുമല്ലോ."

ഒന്നു രണ്ടു ദിവസം അമ്മ പറഞ്ഞപോലെയൊക്കെ ചെയ്തു. പക്ഷേ പിന്നീട് വീണ്ടും പഴയതുപോലെയായി. അമ്മ പിന്നെ ഒന്നും പറഞ്ഞുമില്ല.

ഇപ്പോൾ ദാ ഇങ്ങനെയും. ...

മോളു തകർന്നുപോയി. അവൾ സാവധാനം എഴുന്നേറ്റു. അമ്മയുടെ കാൽ ഭാഗത്തെത്തി, മുട്ടുകുത്തി നിന്നു. അമ്മയുടെ പാദങ്ങൾ രണ്ടും മുറുക്കെപ്പിടിച്ചു.  അവൾ ഏങ്ങിയേങ്ങി കരഞ്ഞു.

"എന്നോടു ക്ഷമിക്കൂ, അമ്മേ. ഞാനാണ് ഇതിനു കാരണക്കാരി. എന്നോടു ക്ഷമിക്കൂ. ഇനി ഒരിക്കലും ഇതാവർത്തിക്കില്ല. തീർച്ച." അവൾക്കു കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

"മോളൂ, വരൂ, ദാ ഇവിടെ, എൻറെയടുത്തിരിക്കൂ."

********

"കണ്ണു തുടയ്ക്കൂ. മണ്ടിപ്പെണ്ണ്. നീ അത് മനപ്പൂർവ്വം ചെയ്തതല്ലെന്നെനിക്കറിയാം. മറന്നുപോയി, അത്രേയുള്ളൂ. ചെയ്തതു തെറ്റാണെന്നു മനസ്സിലാക്കിയല്ലോ. അതു മതി."

മോളു കണ്ണുകൾ തുടച്ചു. ഒന്ന് ചിരിക്കാൻ ശ്രമിച്ചു, അതും  വികൃതമായിപ്പോയി. 

അമ്മ മോളുവിൻറെ കൈകൾ തൻറെ കൈകളിലെടുത്ത് സാവധാനം തലോടി.

"മോളൂ, നീയെനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ?"

"തീർച്ചയായും, അമ്മേ. പറയൂ." തൻറെ അശ്രദ്ധ മൂലമുണ്ടായ ഈ ദുരന്തത്തിനു പകരമായി എന്തു ചെയ്യാനും അവൾ തയ്യാറായിരുന്നു.

"നിൻറെ കൂട്ടുകാരികളോടും സഹപ്രവർത്തകരോടും പറയണം ഇനി മുതൽ ആഹാരം കഴിച്ച പാത്രം കഴുകാതെ അടച്ച് സിങ്കിൽ വയ്ക്കരുതെന്ന്. ഇനി മറ്റൊരമ്മയും ഞാനനുഭവിച്ചതുപോലെ അനുഭവിക്കാതിരിക്കട്ടെ."

ഒരു നിമിഷത്തെ നിശ്ശബ്ധത.

അവർ പരസ്പരം നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. ഹൃദയത്തിൽ തട്ടിയ ചിരി.

അല്പസമയത്തിനു ശേഷം മോളു ഗൗരവമായി പറഞ്ഞു, "ശരിയാണ് അമ്മേ, ഞാൻ ഈ സന്ദേശം എൻറെ എല്ലാ സുഹൃത്തുക്കൾക്കും കൊടുക്കും: ദയവായി നിങ്ങൾ മുറുക്കി അടച്ച ചോറ്റു പാത്രങ്ങൾ സിങ്കിൽ ഇടരുത്. പറ്റുമെങ്കിൽ ഉച്ചഭക്ഷണം കഴിഞ്ഞ് കൈയും വായും കഴുകുമ്പോൾ ആഹാരം കഴിച്ച പ്ളേറ്റുകളും പാത്രങ്ങളും കൂടി കഴുകണം."

പുറത്തു കാൽപ്പെരുമാറ്റം ... അവ അടുത്തടുത്തു വന്നു.

അമ്മ അവളോടു പറഞ്ഞു, "അവനോടു പറയണ്ട."

ചക്കക്കുരു-മാങ്ങ പുളിങ്കറി

01 03 23
 
"അതേയ് ..."
"ഉം?"
'ചേട്ടാ' എന്നു വിളിക്കാൻ മടിയാണ്.
പേരു വിളിക്കാനും മടി. അല്ലെങ്കിലും അതു നാട്ടുനടപ്പല്ലല്ലോ.
 
എല്ലാവരും ഒരുമിച്ച് ഉണ്ണാനിരിക്കുമ്പോൾ ചിലപ്പോൾ ചോദിക്കും, "ശ്രീജിക്കു ചോറു വേണോ?"
അതു മൂത്ത മോനോടാണ്.
അല്ലെങ്കിൽ, "കണ്ണനു ചോറു വേണോ?"
ഇളയ മകനോട്.
അതുപോലെ തന്നെ മരുമക്കളുടേയും പേരെടുത്തു ചോദിക്കും.
പിന്നീട് അന്തരീക്ഷത്തിലേക്ക് ഒരൊറ്റ ഏറ്, "ചോറു വേണോ?"
അതെന്നോടാണ്. നാഥനില്ലാത്ത ചോദ്യം!
 
"ആ മാവേന്നു മൂന്നാലു മാങ്ങ പറിച്ചു തരൂ."
"മാങ്ങാ നുറുക്കുണ്ടാക്കാനാ?" അതെനിക്കു ഇഷ്ടമാണ്.
"അല്ല. ചക്കക്കുരൂം മാങ്ങായും കൂടി പുളിങ്കറി വയ്ക്കാൻ."
"അപ്പോൾ ഉപ്പേരിയോ?"
"ചക്കക്കുരു കൊണ്ട് ഉപ്പേരിയുണ്ടാക്കാം."
നന്നായി.
സ്വന്തം പുരയിടത്തിൽ ഉണ്ടാകുന്നവ കൊണ്ടു കൂട്ടാനും ഉപ്പേരിയും ഉണ്ടാക്കുന്ന കാര്യത്തിൽ രണ്ടുപേർക്കും സന്തോഷവും സംതൃപ്തിയും ആണ്.
വയറു മാത്രമല്ല, മനസ്സും നിറയും.
 
മരത്തിൽ കയറാൻ കുട്ടിക്കാലത്തു തന്നെ പേടിയായിരുന്നു.
ഇപ്പോൾ എഴുപതിനോടടുത്തു.
ഇനിയേതായാലും വേണ്ട.
താഴെ നിന്നു മാങ്ങ പൊട്ടിക്കാൻ പറ്റുന്നില്ല, തോട്ടിക്കു നീളം കുറവ്.
ടെറസ്സിൽ കയറിയപ്പോൾ അക്കാര്യം പരിഹരിച്ചു.
 
മൂന്നാലെണ്ണം കൂടുതൽ പൊട്ടിച്ചു.
"മാങ്ങ കുറച്ചു കൂടുതലുണ്ട്, ട്ടോ."
"എന്താ, മാങ്ങാനുറുക്കുണ്ടാക്കണോ?" മാങ്ങാനുറുക്ക് അവൾക്കും ഇഷ്ടമാണ്.
"അല്ല. മാങ്ങാച്ചമ്മന്തി കൂട്ടാൻ ഒരു മോഹം."
"ആഹാ, അതു വല്ലാത്തൊരു മോഹമാണല്ലോ. ശരി, ന്നാ മാങ്ങാച്ചമ്മന്തി."
 
ചക്കക്കുരു-മാങ്ങ പുളിങ്കറി, ചക്കക്കുരു ഉപ്പേരി, മാങ്ങാച്ചമ്മന്തി.
ആഹാ, ഇന്നത്തെ ഊണ് കുശാൽ! 
 
വന്നോളൂ ട്ടോ, ഊണു തയ്യാർ!
 ---------
 മുറ്റത്തെച്ചെറുമാവിലന്നു കുലയായ് മാങ്ങാകൾ കണ്ടീടവേ
ചെറ്റെന്നാശ മുഴുത്തൊരൽപ്പമധികം ശൃംഗാരമോടോതിനാൾ,
“തെറ്റെന്നാകുലതന്നിൽ നിന്നര ഡസൻ നൽക്കായ്കൾ പൊട്ടിക്കണം
ഇന്നുച്ചയ്ക്കു പുളിങ്കറിക്കു വകയായ്, ചക്കക്കുരൂം കൂട്ടിയാൽ”.
 
മട്ടുപ്പാവിലതേറിയിട്ടു വടിയാൽ പൊട്ടിച്ചൊരെട്ടെണ്ണവും
ചൊന്നാൻ ശ്രീമതിയോ, "ടരച്ചിടുക നീ ചമ്മന്തിയും മാങ്ങയാൽ"
ഇന്നുച്ചയ്ക്കൊരു സദ്യ തന്നെയണയും, ചക്കക്കുരൂ മാങ്ങ തൻ
കൂട്ടാ, നുപ്പെരി ചക്കതൻ കുരുവതാൽ, ചമ്മന്തിയോ മാങ്ങയാൽ!