2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

*അവദിപ്പിറ്റേന്ന്

08 03 23

 

താമസിച്ചു, എഴുന്നേൽക്കാൻ.

ഇന്നലെ അവദി (അന്താരാഷ്ട്രവനിതാദിനം) ആയിരുന്നല്ലോ.

കൂട്ടുകാർക്ക്,

കൂട്ടുകാരല്ലാത്തവർക്ക്,

അറിയുന്നവർക്ക്,

അറിയാത്തവർക്ക്,

എല്ലാ സമൂഹമാദ്ധ്യമങ്ങളിലും,

എല്ലാ ഗ്രൂപ്പുകളിലും,

അവദി ആശംസകൾ അയച്ചു.

വരുന്ന ആശംസകൾക്കൊക്കെ മറുപടിയും കൊടുത്തു.

കിടന്നപ്പോൾ ഏറെ വൈകി.

 

ജയശ്രി നേരത്തെ എണീറ്റെന്നു തോന്നുന്നു.

ചായയ്ക്കെന്താ ഒരു താമസം??

വനിതാദിനത്തിൻറെ അഹങ്കാരത്തിൽ ചായയിടേണ്ടെന്നു വച്ചോ?

ഹേയ്, അതാവില്ല.

അങ്ങനെ അഹങ്കരിക്കുന്ന കൂട്ടത്തിലൊന്നും അല്ല.

 

അടുക്കളയിലുണ്ടാകും.

അവിടെ ഇല്ലല്ലോ!

കുളിമുറിയിലും ഇല്ല.

ബാല്കണികളിലെങ്ങുമില്ല.

ങേ, ഇതെവിടെപ്പോയി ഇത്ര രാവിലെ?

അതും പറയാതെ?

ഇനി പാലു വാങ്ങാനോ മറ്റോ … ?

 

പുറത്തേക്കുള്ള വാതിൽ തുറന്നിട്ടില്ല.

അകത്തുനിന്നു കുറ്റിയിട്ടതു തൊട്ടിട്ടുപോലുമില്ല.

ആകപ്പാടെ ഒരു വെപ്രാളം.

ഒന്നും മനസ്സിലാകുന്നില്ല.

മൊബൈലിൽ വിളിച്ചുനോക്കി.

ബെല്ലടിച്ചപ്പോൾ സമാധാനമായി.

ഇപ്പോളെടുക്കും.

പക്ഷേ ഫോൺ അടിച്ചത് മുറിയിൽ നിന്ന്.

ആ സമാധാനവും പോയിക്കിട്ടി.

 

എല്ലായിടത്തും വീണ്ടും നോക്കി.

ഇല്ല. ഒരിടത്തുമില്ല.

എന്തു വേണമെന്നൊരു രൂപവുമില്ല.

ഒന്നു വെളിയിലിറങ്ങി നോക്കാം.

ഏഴാം നിലയിലാണു ഫ്ലാറ്റ്.

വെളിയിലെ ഇടനാഴിയിലേക്കിറങ്ങി.

തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരനും മകനും വരാന്തയിലുണ്ട്.

അവരും പരിഭ്രമിച്ചിരിക്കുന്നു.

 

"എന്തു പറ്റി, ശർമ്മാജി?"

"അത് ... അത് ... ബീബിജിയെ (ഭാര്യയെ) കാണുന്നില്ല."

"ങേ, എൻറെ ഭാര്യയേയും കാണുന്നില്ലല്ലോ."

അപ്പോഴാണു ശ്രദ്ധിച്ചത്, മറ്റു ഫ്ളാറ്റുകളിലും പുരുഷന്മാരെല്ലാം വെളിയിലിറങ്ങി നിൽക്കുന്നു.

ഇടനാഴികളിലും താഴെ ഗ്രൗണ്ടിലും കൂട്ടം കൂടി നിൽക്കുന്നു.

എല്ലാവരുടേയും മുഖങ്ങളിൽ പരിഭ്രമം തെളിഞ്ഞു കാണാം.

 

ആരോ താഴെ നിന്നു വിളിച്ചു ചോദിച്ചു, "ജയന്തൻജീ, അങ്ങയുടെ ഭാര്യ വീട്ടിലുണ്ടോ?"

വേവലാതിയോടെ പറഞ്ഞു,"ഇല്ല."

അയാൾ പറഞ്ഞു, "സൊസൈറ്റിയിലെ ഒരു ഫ്ലാറ്റിലും ഒരു സ്ത്രീ പോലും ഇല്ല".

ആരോ പറഞ്ഞു, ലോകത്തിൽ ഒരിടത്തും ഒരു സ്ത്രീ പോലുമില്ലെന്ന് വാർത്തയിലുണ്ടത്രേ!

ഈശ്വരാ ഇതെന്തു മറിമായം?

എല്ലാവരും പരസ്പരം നോക്കി.

ആർക്കും ഒന്നും പറയാനില്ല, പറയാനറിയില്ല.

 

പെട്ടെന്ന് ആകാശത്ത് അതിശക്തമായ പ്രകാശം,

സ്ത്രീശബ്ധത്തിൽ ഒരു അശരീരിയും.

"ഹേ, വിഡ്ഢികളായ പുരുഷന്മാരേ,

മാർച്ച് എട്ടു മാത്രം ഞങ്ങളുടെ ദിവസം.

മറ്റു ദിവസങ്ങളിലൊന്നും ഞങ്ങളെ വേണ്ടല്ലോ.

അതുകൊണ്ട് ഞങ്ങൾ പോകുന്നു.

ഇനി അടുത്ത മാർച്ച് എട്ടിനു കാണാം."

 

അശരീരി നിലച്ചു.

പ്രകാശം മറഞ്ഞു.

അതോടെ ഭൂമി ഭയങ്കരമായി കുലുങ്ങി.

ഏഴാം നിലയുടെ ഇടനാഴിയിൽ നിന്നു താഴേക്ക്.

താഴെ വീണതും ബോധം മറഞ്ഞു.

കൂടി നിന്നിരുന്നവർ കുലുക്കി വിളിച്ചു.

 

കണ്ണു തുറന്നപ്പോൾ ജയശ്രി എന്നെ പിടിച്ചു കുലുക്കുന്നു.

"എന്താ കിടന്നു പിച്ചും പേയും പറയുന്നത്?

പാതിരാത്രി വരെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും.

എന്നിട്ട് ബാക്കിയുള്ളവരെ ഉറങ്ങാനും സമ്മതിക്കില്ല."

 

-------------

*അവദി: അന്താരാഷ്ട്രവനിതാദിനം

പറയാത്ത 'കഥ'

13 ഏപ്രിൽ 2021

 ഞാൻ കുറച്ചു ദിവസങ്ങളായി മുഖപുസ്തകത്തിൽ കാര്യമായി ഒന്നും പോസ്റ്റ് ചെയ്യാറില്ല. ചില പ്രതികരണങ്ങൾ മാത്രം ഇട്ടിരുന്നു. അവിചാരിതമായി ഇന്നലെ വൈകീട്ട് ചിലരൊക്കെ എൻറെ 'കഥ' 'ഇഷ്ട’പ്പെടാൻ തുടങ്ങി! സാധാരണയായി ഞാൻ മുഖപുസ്തകത്തിലെ കഥയിൽ ('story' in facebook) ഒന്നും ഇടാറില്ല. അതുകൊണ്ടു തന്നെ സുഹൃത്തുക്കൾ ഇഷ്ടപ്പെട്ടകഥ’ എന്താണെന്നറിയാൻ തിടുക്കമായി.  'കഥ' കണ്ടു പിടിച്ചു. എന്താണു സംഭവിച്ചതെന്നു മനസ്സിലായപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല!

 രണ്ടാഴ്ചയായി പൂനെയിൽ മൂത്ത മകന്റേയും കുടുംബത്തിന്റേയും കൂടെയാണ് താമസം. ചിലർക്കൊക്കെ തോന്നിയേക്കാം, 'ആഹാ, പഷ്ട്! മഹാരാഷ്ട്രയിൽ പോയി താമസിക്കാൻ പറ്റിയ സമയം!' അപ്പോൾ ഉയരാവുന്ന ചോദ്യം:എങ്കിൽ ഏതാണ് പോയി താമസിക്കാൻ ഏറ്റവും പറ്റിയ, അല്ലെങ്കിൽ മഹാരാഷ്ട്രയേക്കാൾ നല്ല, സ്ഥലം?’ ഭാരതം മുഴുവനും ഗൗരവതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമയമല്ലേ? അതുകൊണ്ട് ഏറ്റവും നല്ലത് നാലു വയസ്സുകാരൻ കൊച്ചുമകനുള്ള സ്ഥലം തന്നെ. അവനും ജോലിക്കാരായ മാതാപിതാക്കൾക്കും നോയിഡയിൽ ഞങ്ങളുടെ കൂടെ വന്നു താമസിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ ഇതാ ഇവിടെ.

 ഇന്നലെ എൻറെ മൊബൈൽ എടുത്ത് കാണുന്ന ചിഹ്നങ്ങളിലെല്ലാം കുത്തി കളിക്കാൻ തുടങ്ങി. അതിനിടയിൽ എൻറെ വാട്ട്സാപ്പ് സന്ദേശങ്ങളിലെ ചില ഫോട്ടോകൾ കണ്ടു. അതിൽ കണ്ട കൃഷ്ണൻറെ ഒരു ഫോട്ടോയിൽ വേറൊരു ചിഹ്നം ഉപയോഗിച്ചു നിറം കൊടുത്ത് അലങ്കരിക്കാൻ തുടങ്ങി. അതിൻറെ മുകളിൽ രണ്ടു സ്റ്റിക്കറും ഒട്ടിച്ചു. പിന്നെയും ഏതൊക്കെയോ ചിഹ്നങ്ങൾ അമർത്തുന്നതിനിടയിൽ ഫോട്ടോ പെട്ടെന്ന് അപ്രത്യക്ഷമായി. അത് അവനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു, "മുത്തശ്ശൻ, മുത്തശ്ശൻ, വോ കൃഷ്ണ കാ ഫോട്ടോ കഹാം ഹേ?" (മുത്തശ്ശാ, മുത്തശ്ശാ, കൃഷ്ണൻറെ ഫോട്ടോ എവിടെയാ?) മലയാളം അറിയില്ലെങ്കിലും എന്നെ മുത്തശ്ശൻ എന്നു വിളിക്കാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാനും കുറെ ശ്രമിച്ചെങ്കിലും ഫോട്ടോ കണ്ടുപിടിക്കാൻ സാധിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ, എല്ലാ കുട്ടികളേയും പോലെ അവനതു മറന്നു. എല്ലാ വയസ്സന്മാരേയും പോലെ ഞാനും.

 വൈകുന്നേരമായപ്പോഴേക്കും ഞാൻ ഇടാത്ത കഥക്കു ലൈക്കുകൾ! അവൻ അമർത്തിയ ഏതോ ഒരു ചിഹ്നത്തിൽക്കൂടി പടം എൻറെ 'കഥ'യായിത്തീർന്നു! അറുപതിലേറെ പേർ കാണുകയും ചെയ്തു!

 ചക്കരേ (അങ്ങനെയാണു ഞാൻ അവനെ വിളിക്കുന്നത്), 'കഥ'ക്ക് വളരെ വളരെ നന്ദി, കുട്ടാ!

അവസാനിക്കാത്ത കാത്തുനിൽപ്പ്

 



മഠയൻ, കഥയില്ലാത്തവൻ, മനോരോഗി, ഭ്രാന്തൻ,

ഈയുള്ളവൻ.

കാത്തു നിൽക്കുന്നു, കവാടത്തിനു വെളിയിൽ,

വർഷങ്ങളായുള്ള കാത്തുനിൽപ്പ്,

വഴിപോക്കർ നോക്കി ചിരിക്കുന്നു.

 

“ഭ്രാന്തൻ…”

 

എപ്പോൾ തുറക്കും കവാടം?

എപ്പോൾ ലഭിക്കും പ്രവേശനം?

സ്വന്തം വീടാണ്,

പക്ഷെ പ്രവേശനം ഇല്ല!

 

ഭ്രാന്തന്മാർക്ക് പ്രവേശനം ഇല്ലത്രേ!

 

കള്ളന്മാരുടെ വിഹാരകേന്ദ്രം,

കൊള്ളക്കാരുടെ നിത്യസന്ദർശന സ്ഥലം,

മദ്യ സേവ നടത്തുന്നു,

മത്സ്യവും മാംസവും വിളമ്പുന്നു,

വ്യഭിചാരം നടത്തുന്നു,

എൻറെ സ്വന്തം വീട്ടിൽ.

 

പക്ഷെ എനിക്കു മാത്രം പ്രവേശനമില്ല.

ഭ്രാന്തനാണത്രേ, ഭ്രാന്തൻ!

 

എല്ലാവരും മുഖത്തു നോക്കി പല്ലിളിക്കുന്നു,

കൂക്കി വിളിക്കുന്നു,

വെല്ലു വിളിക്കുന്നു,

പരിഹസിക്കുന്നു,

കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കുന്നു.

 

“ഭ്രാന്തൻ…”

 

അവർ

വാതിലുകൾ ചവിട്ടിപ്പൊളിക്കുന്നു

പാത്രങ്ങൾ തല്ലിയുടക്കുന്നു.

 

വീട്ടിലാകെ മൂത്രവും അമേദ്ധ്യവും ഛർദ്ദിയും

അതിൽ അവർ ഉരുണ്ടു കളിക്കുന്നു

മദിച്ചു രസിക്കുന്നു

 

വാതായനം ഒന്നു തുറന്നെങ്കിൽ!

അകത്തു കയറാൻ സാധിച്ചെങ്കിൽ!

എങ്കിൽ ...

 

ഇവരെല്ലാം ഓടിയൊളിച്ചേനെ

വീടു വൃത്തിയായേനെ

മോഷണം നിലച്ചേനെ

തേങ്ങയുടെ, അടക്കയുടെ

വാഴക്കുലയുടെ, മുരിങ്ങക്കായുടെ ...

മോഷണം നിലച്ചേനെ

 

വാതായനം ഒന്നു തുറന്നെങ്കിൽ!

അകത്തു കയറാൻ സാധിച്ചെങ്കിൽ!

എങ്കിൽ ...

 

തെങ്ങുകളേയും കവുങ്ങുകളേയും വാഴകളേയും സ്നേഹിക്കാമായിരുന്നു,

ഓമനിക്കാമായിരുന്നു,

അവയ്ക്കു വെള്ളം ഒഴിക്കാമായിരുന്നു

ആഹാരം കൊടുക്കാമായിരുന്നു

 

ചീനിയും ചീരയും ചേനയും

പാവലും പടവലും പയറും

വാഴയും വെണ്ടയും വഴുതനയും

നട്ടു വളർത്താമായിരുന്നു

 

വിഷമില്ലാത്ത പച്ചക്കറികൾ, പഴങ്ങൾ

 

അവയെ നോക്കി പുഞ്ചിരിക്കാമായിരുന്നു

അവക്കു വേണ്ടി പാടാമായിരുന്നു

അപ്പോൾ അവയും ചിരിക്കും, തലയാട്ടും

ഇളംകാറ്റിൽ നൃത്തം ചെയ്യും

 

സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കുന്നവർ 

 

വാതായനം ഒന്നു തുറന്നെങ്കിൽ!

അകത്തു കയറാൻ സാധിച്ചെങ്കിൽ!

എങ്കിൽ ...

 

പ്രഭാതത്തിൽ കുളത്തിൽ പോയി കുളിക്കാമായിരുന്നു

പൂജാമുറിയിൽ വിളക്കു തെളിയിക്കാമായിരുന്നു

പ്രാർത്ഥിക്കാമായിരുന്നു

കീർത്തനങ്ങൾ ചൊല്ലാമായിരുന്നു

നാരായണീയവും ഭാഗവതവും വായിക്കാമായിരുന്നു

 

ക്ഷേത്രങ്ങളിൽ പോകാമായിരുന്നു

വിഷ്ണുവിന്റേനും ശിവൻറെയും അമ്പലങ്ങളിൽ

 

എല്ലാറ്റിനുമുപരി ഈ കൊച്ചു കെട്ടിടം

ഒരു വീടാകുമായിരുന്നു!

 

ഈ ഭ്രാന്തൻ ഇവിടെക്കിടന്നു മരിച്ചാൽ

ഹേ വഴിപോക്കരേ

കൊച്ചുവീടിൻറെ തെക്കുഭാഗത്ത്

എന്നെ സംസ്കരിക്കുമോ?

 

മരണത്തിനു ശേഷം ഭ്രാന്തില്ല

വിഭ്രാന്തിയില്ല, രോഗമില്ല

അപ്പോൾ കവാടം താനേ തുറക്കും

ദേഹി ഉപേക്ഷിച്ച ദേഹത്തിനു മുന്നിൽ

 

വീട്ടിൽ പാർക്കാനുള്ള ആഗ്രഹം

സഫലമാകാതെ ജീവൻ വെടിഞ്ഞാൽ

അടുത്ത ജന്മത്തിൽ

വീടില്ലാത്ത പുഴുവോ, അട്ടയോ, പാമ്പോ

പാറ്റയോ, കൊതുകോ, ഈയലോ

ആയി ജനിച്ചേക്കാം

 

ജന്മത്തിലെ കാത്തിരിപ്പ്

അടുത്ത ജന്മത്തിലും തുടരുമോ?

ശ്ലോകപരിചയം

മിക്കവാറും എല്ലാവരും തന്നെ കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു ശ്ലോകമാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഭവഭൂതി എന്ന അതിപ്രശസ്തനായ സംസ്കൃത കവി രചിച്ച് ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാഡിയാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഉത്തരരാമചരിതം എന്ന നാടകത്തിലെ ഒരു ശ്ലോകമാണ് ഇത്. മാലിനി വൃത്തത്തിൽ ദ്വിതീയാക്ഷര പ്രാസത്തോടുകൂടി രചിച്ചിരിക്കുന്ന ആ ശ്ലോകം ആദ്യം ഒന്ന് ചൊല്ലാം:

കരകൾ കവിയുമാറായ്  വെള്ളമേന്തും കുളത്തി-

ന്നൊരു വഴി പരിരക്ഷക്കോവു വയ്ക്കുന്നതല്ലോ.

തെരുതെരെയഴൽ തിങ്ങും മാനസത്തിന്നുറക്കെ-

ക്കരയുകിലതു തന്നേ തെല്ലൊരാശ്വാസഹേതു!

ഭവഭൂതി ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ, അതായത്, AD 655നും AD 725നും ഇടക്കാണ് ജീവിച്ചിരുന്നത്. വിദർഭയിൽ, അതായത്, ഇന്നത്തെ മഹാരാഷ്ട്രയിൽ, പത്മപുരി എന്ന ഗ്രാമത്തിൽ ജനിച്ചു. ഇദ്ദേഹത്തിൻറെ ശരിയായ പേര് ശ്രീകണ്ഠനീലകണ്ഠൻ എന്നായിരുന്നു. അച്ഛൻ നീലകണ്ഠൻ, അമ്മ ജാതികർണി. ഗ്വാളിയറിൽ പരമഹംസദയാനിധി എന്ന ഗുരുവിൻറെ കീഴിലായിരുന്നു വിദ്യാഭ്യാസം.

ഭവഭൂതിയുടെ കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടവ മഹാവീരചരിതം, ഉത്തരരാമചരിതം, മലതീമാധവം എന്നിവയാണ്. സംസ്കൃത കാവ്യ-നാടക രംഗത്ത് ഭവഭൂതിക്ക് കാളിദാസനുശേഷം രണ്ടാമത്തെ സ്ഥാനമാണുള്ളത്.  അതുപോലെ തന്നെ യശസ്സിൽ ഭവഭൂതിയുടെ ഉത്തരരാമചരിതം കാളിദാസരചിതമായ അഭിജ്ഞാനശാകുന്തളത്തിൻറെ തൊട്ടു പിന്നിലും.

ഇവയിൽ മാലതീമാധവം അന്നത്തെ കാലത്തിൻറെ കഥ പറയുന്ന ഒരു സാമൂഹ്യ നാടകമാണ്.

മഹാവീരചരിതം രാമായണത്തിൻറെ പൂർവ്വഭാഗം, അതായത് രാവണനിഗ്രഹവും പട്ടാഭിഷേകവും വരെയുള്ള ഭാഗങ്ങൾ വിവരിക്കുന്നു. ഉത്തരരാമചരിതമാകട്ടെ, അതിനു ശേഷമുള്ള കാര്യങ്ങൾ, അതായത് സീതാപരിത്യാഗം മുതലുള്ള കാര്യങ്ങൾ, വിവരിക്കുന്നു. മഹാവീരചരിതത്തിൽ രാമനെ വീരശൂരപരാക്രമിയായി ചിത്രീകരിച്ച കവി, ഉത്തരരാമചരിതത്തിൽ സീതാപരിത്യാഗത്തിനുശേഷമുള്ള, അതീവ ദുഃഖിതനും നിസ്സഹായനുമായ  രാമനെയാണ് വായനക്കാർക്കു മുമ്പിൽ പരിചയപ്പെടുത്തുന്നത്. ആദ്യത്തേത് വീരരസപ്രധാനമെങ്കിൽ രണ്ടാമത്തേത് കരുണരസപ്രധാനമാണ്. രാമൻറെ തീർത്തും വ്യത്യസ്തമായ രണ്ടു ഭാവങ്ങളാണ് ഈ രണ്ട്‌ നാടകങ്ങളിലും കൂടി കവി വെളിവാക്കി തരുന്നത്.

ആദ്യം പറഞ്ഞപോലെ, ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാഡിയാർ ആണ് ഭവഭൂതിയുടെ ഉത്തരാമചരിതം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ചാത്തുക്കുട്ടി മന്നാഡിയാർ 1857-ൽ ചിറ്റൂർതാലൂക്കിൽ ചമ്പത്തിൽ കുടുംബത്തിൽ ജനിച്ചു. പിതാവ് പാലക്കാട്ട് കേനാത്തുവീട്ടിൽ ചാമുമേനോൻ. മാതാവ് അമ്മു മന്നാടിശ്ശ്യാർ. സംസ്കൃത പണ്ഡിതനായ അപ്പു എഴുത്തശ്ശനു കീഴിൽ കാവ്യപരിചയം അഭ്യസിച്ചു. പിനീട് തൃശ്ശിവപേരൂരിൽ വെങ്കിടാദ്രിശാസ്ത്രികളുടെ ശിഷ്യനായി. തിരുവിതാംകൂറിൽ നിന്ന് വക്കീൽ പരീക്ഷ ജയിച്ച് 1880 മുതൽ രണ്ടു വർഷക്കാലം മൂവാറ്റുപുഴ മുൻസിഫ്‌ കോടതിയിൽ വക്കീലായി ജോലിനോക്കി. പിന്നീട് കൊച്ചിയിലെ വക്കീൽ പരീക്ഷ ജയിച്ചു. തൃശ്ശിവപേരുർ അപ്പീൽകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിന്‌ അവിടെ താമസമുറപ്പിച്ചു. അക്കാലത്താണ് ഇദ്ദേഹത്തിൻറെ സാഹിത്യപ്രവർത്തനം പൂത്തു വിടർന്നത്. കുറേക്കാലം കേരളനന്ദിനി മാസികയുടെ പത്രാധിപരായിരുന്നു.

മന്നാടിയാരുടെ സാഹിത്യ കൃതികളിൽ ശ്രദ്ധേയമായത് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിന്റെ വിവർത്തനമാണ്‌. ഇതു കൂടാതെ ജാനകീപരിണയം നാടകവും ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. സംഗീതനാടകവേദികളിലെ ജനപ്രിയ നാടകങ്ങളായിരുന്നു ഉത്തര രാമചരിതവും ജാനകീപരിണയവും. ഇവ കൂടാതെ പുഷ്പഗിരീശ സ്തോത്രം എന്ന ഒരു സംസ്കൃത കൃതിയും അദ്ദേഹം  രചിച്ചിട്ടുണ്ട്. പൂങ്കുന്നിലെ ദേവനെ സ്തുതിച്ചുകൊണ്ട് എഴുതിയതാണിത്. ഗീതി വൃത്തത്തിൽ നൂറ്റിഇരുപതു ശ്ലോകങ്ങളിൽ ഉള്ള രാമായണകഥാ സംഗ്രഹമാണ് ഈ സ്തുതി. അതിന്ആര്യാശതകം എന്നും പേരുണ്ട്.

സാഹിത്യം പോലെ തന്നെ സംഗീതത്തിലും അദ്ദേഹത്തിന്‌ അഭിരുചി ഉണ്ടായിരുന്നു. സമുദായ പരിഷ്കരണ ശ്രമങ്ങളിലും മന്നാടിയാർ പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി, എ.ആർ. മേനോൻ അദ്ദേഹത്തിന്റെ പുത്രനാണ്‌. 1905-ൽ, 73-) മത്തെ വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ഏഴ് അങ്കങ്ങളുള്ള ഉത്തരരാമചരിതം നാടകത്തിൽ കവി, രാമായണം ഉത്തരകാണ്ഡത്തിലെ സീതാപരിത്യാഗവും അനന്തര സംഭവങ്ങളും ശുഭ പര്യവസായി ആക്കി മാറ്റിയിരിക്കുന്നു. വാല്മീകി രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ സീത ഭൂമി ദേവിയിൽ വിലയം പ്രാപിക്കുന്നു എന്ന പ്രചുര പ്രചാരമായ അന്ത്യത്തിന് പകരം, ഭവഭൂതിയുടെ ഉത്തര രാമചരിതത്തിൽ, സീതയുടെ നിരപാരധിത്വം ജനങ്ങൾ മനസ്സിലാക്കിയതിനെ തുടർന്ന് രാമനും സീതയും ഒന്നിക്കുന്നതായിയാണ് വിവരിച്ചിരിക്കുന്നത്. കരുണരസത്തിന്റെ ഇത്ര ഹൃദയസ്പർശിയായ പ്രയോഗത്തിനു സാഹിത്യത്തിൽ വേറെ ഉദാഹരണമില്ല എന്നു തന്നെ കരുതുന്നവരുണ്ട്.

സംസ്കൃതനാടകങ്ങളിൽ യശ്ശസുകൊണ്ട് ഉത്തരരാമചരിതത്തെ വെല്ലുന്നതായി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മാത്രമേയുള്ളു എന്നു പറഞ്ഞല്ലോ. അതേസമയം അമിതവൈകാരികതയുടെ പേരിൽ ഈ കൃതി ആധുനിക കാലത്ത് വിമർശിക്കപ്പെട്ടിട്ടുമുണ്ട്. വാല്മീകിയുടെ ഇതിഹാസനായകനെ ഭവഭൂതി ഒരു വെറും വികാരജീവിയായി തരംതാഴ്ത്തി എന്നാണ് ഈ വിമർശകന്മാരുടെ പരാതി.

ആദ്യം ഉദ്ധരിച്ച ശ്ലോകം നാടകത്തിൻറെ മൂന്നാം അങ്കത്തിൽ ആണു വരുന്നത്. അതീവ ദുഖിതനും നിസ്സഹായനായി രോദനം പൊഴിച്ചുകൊണ്ട് രാമൻ സീതയെ അന്വേഷിച്ച് അലയുന്നതാണ് സന്ദർഭം. വാല്മീകി ആശ്രമത്തിൽ എത്തിയ രാമനെ വാല്മീകിയുടെ ശിഷ്യകൾ ശുശ്രൂഷിക്കുന്നു. സീത അവിടെത്തന്നെയുണ്ടെങ്കിലും രാമന് സീതയെ കാണാൻ സാധിക്കുന്നില്ല. വനദേവതമാരുടെ അനുഗ്രഹത്താൽ സീത അദൃശ്യയായി തുടരുന്നു. കുറ്റബോധത്താലും ദുഖത്താലും വിലപിക്കുന്ന രാമനെ, ഒരു പക്ഷെ കാട്ടിലെ പുലികൾ ആ സാധ്വിയെ കൊന്നു ഭക്ഷിച്ചിട്ടുണ്ടാകും എന്നും മറ്റും പറഞ്ഞു വാവിട്ടു വിലപിക്കുന്ന രാമനെ, കാൺകെ സീതയുടെ ഹൃദയം ദുഃഖത്താൽ കൊടുമ്പിരി കൊള്ളുന്നു. അങ്ങനെ ദുഃഖപരവശയായി വിലപിക്കുന്ന സീതയോട് സഖി വാസന്തി പറയുന്നതാണ് മേല്പറഞ്ഞ ശ്ലോകത്തിൽ വിവരിച്ചിരിക്കുന്നത്.

ശ്ലോകം ഒരിക്കൽ കൂടി കേൾക്കാം:

കരകൾ കവിയുമാറായ്  വെള്ളമേന്തും കുളത്തി-

ന്നൊരു വഴി പരിരക്ഷക്കോവു വയ്ക്കുന്നതല്ലോ.

തെരുതെരെയഴൽ തിങ്ങും മനസത്തിന്നുറക്കെ-

ക്കരയുകിലതു തന്നേ തെല്ലൊരാശ്വാസഹേതു!

 

രാമൻ കരയുന്നത് അദ്ദേഹത്തിന് ആശ്വാസം നൽകുമെന്നും അതിനാൽ ദുഖിക്കേണ്ട കാര്യമില്ലെന്നും സഖി സീതയോടു പറയുന്നു. വിലപിക്കുന്നത് മനസ്സിലെ ദുഃഖം കുറയാൻ കാരണമാകും. വെള്ളം നിറഞ്ഞ ഒരു കുളത്തിൻറെ സുരക്ഷക്കു വേണ്ടി അതിൽ ഒരു ചെറിയ ഓവ് ഉണ്ടാക്കിയാൽ വെള്ളം അൽപാപ്പമായി ഒലിച്ചു പോകുകയും അതിനാൽ കുളത്തിൻറെ ഭിത്തികൾ സുരക്ഷിതമായി തുടരുകയും ചെയ്യും. അതുപോലെ തന്നെ ദുഃഖത്താൽ വീർപ്പുമുട്ടുന്ന ഒരാൾക്ക് കരയുകയോ അല്ലെങ്കിൽ ദുഃഖം മറ്റാരെങ്കിലുമായി പങ്കു വയ്ക്കുകയോ ചെയ്യുകയാണെങ്കിൽ ഏറെ ആശ്വാസം ലഭിക്കും. അല്ലെങ്കിൽ ഒരു പക്ഷെ അയാൾ മാനസിക വിഭ്രാന്തിക്കു തന്നെ അടിമപ്പെട്ടെന്നു വരും.

ഇന്ന് ആധുനിക മനശ്ശാസ്ത്രം പറയുന്നത് എട്ടാം നൂറ്റാണ്ടിൽ ഭവഭൂതി പറഞ്ഞു വച്ചു.